ജലചൂഷണത്തിനെതിരെ സാധാരണക്കാരുടെ ചെറുത്തുനില്‍പ്പുകൊണ്ട് ഐതിഹാസികമായി മാറിയ സ്ഥലമാണ് പ്ലാച്ചിമട. കൊക്കക്കോള എന്ന ആഗോള കുത്തകയുടെ ജലചൂഷണത്തിനെതിരെ നടത്തിയ സമരം ലോകശ്രദ്ധനേടിയിരുന്നു. സമരത്തെ തുടര്‍ന്ന് 2004ലാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയത്. പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ഇനിമുതല്‍ സിനിമാ ലൊക്കേഷനാകും. തുടക്കമെന്ന നിലയില്‍ രണ്ട് മാസത്തേക്കാണ് സ്ഥലം സിനിമ ചിത്രീകരണത്തിന് റവന്യൂവകുപ്പ് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. സെന്റിന് പ്രതിദിനം 75 രൂപനിരക്കില്‍ ഫ്രൈഡേ ഫിലിം ഹൗസാണ് സ്ഥലം പാട്ടത്തിന് എടുത്തിരിക്കുന്നത്. നിബന്ധകള്‍ക്ക് വിധേയമായിട്ടാണ് പാട്ടക്കരാര്‍. ഇതിലൂടെ സര്‍ക്കാരിന് ഒമ്പത് ലക്ഷത്തോളം രൂപ വരുമാനം ലഭിക്കും.

ജയസൂര്യയെ നായകനാക്കി മിഥുന്‍മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട്-3 എന്ന സിനിമയാണ് ഇവിടെ ഷൂട്ട് ചെയ്യുക. 2015ല്‍ പുറത്തിറങ്ങിയ ആട് ഒരുഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണിത്. ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററില്‍ വിജയിച്ചിരുന്നില്ല, എന്നാല്‍ പിന്നീട് ടെലിവിഷനില്‍ ജനപ്രീതി നേടി, ഇതോടെയാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങിയത്. ആട്-2 റെക്കോര്‍ഡ് വിജയമായതിന് പിന്നാലെ തന്നെ ആട്-3 ഉം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ജയസൂര്യ ഷാജി പാപ്പന്‍ എന്ന കഥാപാത്രമായെത്തിയ ആട് സീരിസിന് കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും ഫാന്‍സ് ഏറെയാണ്. മൂന്നാം വട്ടം ബിഗ് ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഐതിഹാസിക സമരം..

2000 ത്തില്‍ ആരംഭിച്ച കൊക്കക്കോള എന്ന ബഹുരാഷ്ട്ര കമ്പനി 2004 മാര്‍ച്ച് 9 ന് പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുമ്പോഴേക്കും പ്ലാച്ചിമട എന്ന പാലക്കാട്ടെ കൊച്ചുഗ്രാമത്തിലെ മനുഷ്യര്‍ നടത്തിയ സമരം ലോകശ്രദ്ധ നേടിയിരുന്നു. കുടിവെള്ളം മുട്ടിയ ഗ്രാമീണര്‍ ആഗോള കമ്പനിക്കെതിരെ നടത്തിയ പോരാട്ടം ചരിത്രത്തില്‍ അടയാളപ്പെടുത്തി.

കേരള-തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള കാര്‍ഷിക ഗ്രാമമായി പ്ലാച്ചിമടയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് 1999 ലാണ് പെരുമാട്ടി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. 2000 ത്തില്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കി. പ്ലാന്റ് പ്രവര്‍ത്തമാരംഭിച്ചതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും മലിനീകരണവും രൂക്ഷമായി. ആറുമാസത്തിനുള്ളില്‍ തന്നെ തങ്ങളുടെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് കുറയുകയാണെന്ന് അവര്‍ മനസ്സിലാക്കി. ചില കിണറുകളില്‍ രാസമാലിന്യം കലര്‍ന്നതോടെ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ വന്നുതുടങ്ങി. വളം എന്ന പേരില്‍ കോള കമ്പനി വിതരണം ചെയ്ത രാസമാലിന്യം ഉപയോഗിച്ചവര്‍ച്ച് കൃഷി മുഴുവന്‍ നശിച്ചു. അവസാനം സഹിക്കെട്ട് ജനം 2002 ഏപ്രില്‍ 22 ഭൗമദിനത്തില്‍ കൊക്കക്കോള വിരുദ്ധസമരം ആരംഭിച്ചും. 2004 ല്‍ പ്ലാച്ചിമടയില്‍ സംഘടിപ്പിച്ച ലോക ജലസമ്മേളനത്തിലൂടെ സമരം കൂടുതല്‍ ചര്‍ച്ചയായി. സമരത്തിന്റെ തീവ്രത വര്‍ധിച്ചതോടെ 2004 ല്‍ ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു.