'ഒന്നും കഴിക്കാനാവാത്ത അവസ്ഥ വന്നു; പല ഭക്ഷണവും കുടലിനെ അസ്വസ്ഥതപ്പെടുത്തി'

സമാന്ത | Instagram
സമാന്ത | Instagram

ഒരുകാലത്ത് ഏറെ പ്രശ്‌നങ്ങളിലൂടെയായിരുന്നു നടി സമാന്ത പോയിക്കൊണ്ടിരുന്നത്. ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസിറ്റിസ് ബാധിച്ചതോടെ സിനിമയിൽനിന്നെല്ലാം അകലാനും ഒരുകാലത്ത് അവർ ശ്രമിച്ചിരുന്നു. തന്നെ സമീപിച്ചവരോടെല്ലാം, വേറെ നായികയെ നോക്കാനാണ് സമാന്ത പറഞ്ഞത്. രണ്ടുവർഷത്തോളം അവർ സിനിമയിൽനിന്ന് മാറിനിൽക്കുകയും ചെയ്തു.

ദിനംപ്രതി അവരുടെ ആരോഗ്യവും മോശമായിക്കൊണ്ടിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ സമാന്തയെ കണ്ട് പലരും ചോദിച്ചു, 'എന്തിനാ ഇങ്ങനെ ശരീരഭാരം കുറയ്കുന്നത്? എന്ത് വർക്കൗട്ടാണ് ചെയ്യുന്നത്' എന്നൊക്കെ. ഇപ്പോഴിതാ അതിനെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് താരം. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് സമാന്ത കാര്യങ്ങൾ തുറന്നുപറഞ്ഞത്.

തന്റെ അസുഖകാലവും തന്റെ പൂച്ചയ്ക്ക് പേരിട്ടതും തമ്മിൽ ബന്ധമുണ്ടെന്നും അവർ പറയുന്നു. ''ഞാൻ സിനിമയിൽനിന്നെല്ലാം ബ്രേക്കെടുത്ത രണ്ടുവർഷം, ഭക്ഷണം വളരെ മോശമായിരുന്നു. കാരണം, കുടലിന് പറ്റാത്തത് കഴിച്ചാൽ അസുഖം കൂടും. എന്റെ കുടലിനെ അസ്വസ്ഥമാക്കുന്ന എന്തെങ്കിലും ഞാൻ കഴിച്ചാൽ, അത് ഓട്ടോഇമ്മ്യൂൺ അവസ്ഥയ്ക്ക് കാരണമാകും. അങ്ങനെ, എന്റെ ഭക്ഷണം വളരെ നിയന്ത്രിതവും വളരെ കുറച്ചുമായി മാറി. രണ്ടുവർഷത്തേക്ക് പലപ്പോഴും ഒരേ ഭക്ഷണം തന്നെ കഴിച്ചു. ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഡിന്നറുമെല്ലാം ഒരു ഭക്ഷണം തന്നെ. അതുമാത്രമേ കഴിക്കാൻ പറ്റിയിരുന്നുള്ളൂ. പിന്നീട് ജെലാറ്റോ (ഒരുതരം ഐസ്‌ക്രീം) കഴിക്കാൻ ഡോക്ടർമാർ സമ്മതിച്ചു. പഞ്ചസാരയോ പാലുത്പന്നങ്ങളോ ഒന്നുമില്ലാതെ പ്ലെയിൻ ജെലാറ്റോ. അന്ന് അത് കഴിക്കാനായി ഞാൻ കാത്തിരിക്കുമായിരുന്നു. ഞാനൊരു വളർത്തുപൂച്ചയെ വാങ്ങിയപ്പോൾ, അവൾക്കിട്ട പേരും ജെലാറ്റോ എന്നുതന്നെയായിരുന്നു'', സമാന്ത പറയുന്നു.

ഇപ്പോൾ തനിക്ക് സുഖമായി ഭക്ഷണം കഴിക്കാമെന്നും അവർ പറയുന്നു. എന്നാൽ അമിതമായി കഴിക്കാനാവില്ലെന്നും താരം വെളിപ്പെടുത്തുന്നു. ''ഇപ്പോൾ എനിക്ക് സുഖമായി ഭക്ഷണം കഴിക്കാൻ കഴിയുന്ന അവസ്ഥയിലാണ് ഞാൻ. എന്നാൽ അമിതമായി വേണ്ട. എന്നോട് എപ്പോഴും ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയധികം ഭാരം കുറച്ചത്? ഒരാൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾക്ക് ശരിക്കും അറിയില്ല. എനിക്ക് കഴിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടല്ലായിരുന്നു, കഴിക്കാനാവാത്തതുകൊണ്ടായിരുന്നു കഴിക്കാതിരുന്നത്''. 2022-ലാണ് സമാന്തയ്ക്ക് മയോസിറ്റിസ് സ്ഥിരീകരിക്കുന്നത്.

സമാന്ത മുഖ്യകഥാപാത്രമായ 'മാ ഇന്റി ബംഗാരം' ജൂൺ 19-ന് റിലീസായി. ബി.വി.നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് സമാന്തയും ഭർത്താവും സംവിധായകനുമായ രാജ് നിദിമൊരുവും ചേർന്നാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Samantha battled Myositis, an autoimmune condition diagnosed in 2022. The illness caused severe gut issues, forcing a highly restricted diet for two years.