27-ാം വയസ്സിൽ യാതൊരു ലക്ഷണങ്ങളുമില്ലാതെ ബ്രെയ്ൻ ട്യൂമർ വന്നു; ജീവിതം നിശ്ചലമായിപ്പോയി

സബ പട്ടൗഡി സെയ്ഫ് അലി ഖാനൊപ്പം
സബ പട്ടൗഡി സെയ്ഫ് അലി ഖാനൊപ്പം

നടൻ സെയ്ഫ് അലി ഖാന്റെ സഹോദരി സബ പട്ടൗഡി താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്നത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ. 27-ാം വയസ്സിൽ ബ്രെയ്ൻ ട്യൂമർ സ്ഥിരീകരിച്ചതും തുടർന്ന് നേരിടേണ്ടി വന്ന മാനസിക-ശാരീരിക പ്രയാസങ്ങളുമാണ് അവർ പങ്കുവെച്ചത്. സഹോദരി സോഹ അലി ഖാന്റെ 'All About Her' എന്ന പോഡ്കാസ്റ്റിലാണ് സബ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവിനെക്കുറിച്ച് സംസാരിച്ചത്.

യാതൊരുവിധ ലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാതെയാണ് രോഗം തിരിച്ചറിഞ്ഞതെന്ന് സബ ഓർത്തെടുക്കുന്നു. ഒരു ദിവസം പുറത്തുപോയപ്പോൾ പെട്ടെന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സാധാരണയായി വയറിന് അസ്വസ്ഥത വരാറുള്ളതുകൊണ്ട് എന്തെങ്കിലും കഴിച്ചതിന്റെ കുഴപ്പമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പെട്ടെന്ന് കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അസ്വസ്ഥതയാണെന്നും വീട്ടിലേക്ക് മടങ്ങാമെന്നും പറയുന്നതിനിടെ കൺമുന്നിൽ ഇരുട്ട് കയറുകയും കെട്ടിടത്തിന് പുറത്തെ റോഡിൽ ബോധരഹിതയായി വീഴുകയും ചെയ്തു. പൂർണ്ണ ബോധത്തിലേക്ക് തിരിച്ചെത്താൻ ഏകദേശം 20 - 25 മിനിറ്റോളം സമയമെടുത്തത്രെ.

സംഭവത്തിന് പിന്നാലെ നടത്തിയ എം.ആർ.ഐ പരിശോധനയിലാണ് തലച്ചോറിലെ മൂന്നാമത്തെ വെൻട്രിക്കിളിൽ ഫ്ലൂയിഡ് നിറഞ്ഞ് തടസ്സം (Colloid cyst) കണ്ടെത്തിയത്. തുടർന്ന് 2006-ൽ സബ ശസ്ത്രക്രിയയ്ക്ക് വിധേയയായി. വിശദമായ പരിശോധനയിൽ ഇത് 'പൈലോസൈറ്റിക് ആസ്ട്രോസൈറ്റോമ' (Pilocytic astrocytoma) എന്ന ഇനം ബ്രെയിൻ ട്യൂമറാണെന്ന് സ്ഥിരീകരിച്ചു.

27-ാം വയസ്സിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കേട്ട രോഗവിവരം തന്നെ ആകെ തകർത്തുകളഞ്ഞതായി സബ പറയുന്നു. അപ്പെൻഡിക്സ് മാറ്റുന്നതുപോലെ ലളിതമായ ഒന്നല്ല ബ്രെയിൻ സർജറി എന്ന തിരിച്ചറിവ് ജീവിതത്തെ പെട്ടെന്ന് മരവിപ്പിച്ചു കളഞ്ഞു. കേട്ട വാർത്ത ഉൾക്കൊള്ളാൻ കഴിയാതെ കാരണമൊന്നുമില്ലാതെ പെട്ടെന്ന് കരഞ്ഞുപോകുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ തകർച്ചയിൽ നിന്ന് പതറാതെ മുന്നോട്ടുപോയത് പിന്നീട് ജീവിതത്തിൽ വലിയ കരുത്തും ആത്മവിശ്വാസവും നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Saba Pataudi shared her brain tumor survival journey on Soha Ali Khan's podcast 'All About Her'., Diagnosed at age 27 with zero prior symptoms after fainting unexpectedly., Found to have a colloid cyst and a low-grade pilocytic astrocytoma., Underwent successful brain surgery in 2006, transforming her life with newfound resilience.