പാറ്റയെ കണ്ടാല്‍ മേശപ്പുറത്തു കയറുകയും പൂമ്പാറ്റയെ കണ്ടാല്‍ നിലവിളിക്കുകയും ചെയ്യുന്നവര്‍

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പ്രേതം, യക്ഷി, കള്ളന്‍ മുതല്‍ പൂച്ച, പാറ്റ, തവള, പല്ലി എന്നിങ്ങനെ ...പേടികള്‍ പലതാണ്. കുട്ടിക്കാലത്ത് ഇത്തരം പേടികള്‍ സ്വാഭാവികം. വലുതാകുന്നതോടെ അതൊക്കെ തനിയെ മാറും. എന്നാല്‍ മാറുന്നില്ലെങ്കിലോ.. ദൈനംദിന കാര്യങ്ങളെ ബാധിക്കുന്ന രീതിയിലേയ്ക്ക് ഈ പേടികളെത്താം.  പതിനൊന്നു വയസ്സുകാരന്‍. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവ്. മിടുക്കനെന്ന് പറയാത്തവരില്ല. പക്ഷേ, രാത്രിയായാല്‍ മാതാപിതാക്കളുടെ അരികില്‍ നിന്ന് മാറില്ല. തനിയെ ബാത്ത്‌റൂമില്‍ പോകാന്‍ വരെ പേടി. ഇരുട്ടിനോടാണ് കുട്ടിക്ക് ഭയം. ഇനി ഐടി  പ്രൊഫഷണലായ മുപ്പതുകാരന്റെ അനുഭവം. ഇന്റര്‍വ്യൂ മൂന്നാം നിലയിലാണെന്ന് കേട്ടപ്പോള്‍ ജോലി തന്നെ വേണ്ടെന്ന് വച്ചു ഇയാള്‍. പടികള്‍ കയറി മുകളിലെത്തുന്നത് ആലോചിക്കാനെ പറ്റില്ല. താഴേയ്ക്ക് വീണുപോകുമെന്നാണ് ഭയം. ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോകുമോ എന്ന പേടി വേറെയും. പേടി അധികമായതോടെ ജീവിതത്തിലെ പല അവസരങ്ങള്‍ക്കും ഇയാള്‍ ഫുള്‍സ്റ്റോപ്പിട്ടു. 

കൊല്ലം സ്വദേശിനിയായ യുവതി ചികിത്സ തേടിയെത്തിയത് ഇടയ്ക്കിടെ ഉണ്ടാകുന്ന തലകറക്കത്തിനായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടാല്‍ ഇവര്‍ക്ക് പേടിയാണ്. തലകറങ്ങുക, വിയര്‍ക്കുക, കൈ വിറയ്ക്കുക...അതോടെ അടുത്ത ബന്ധുക്കളുടെ വിവാഹം പോലുള്ള ചടങ്ങുകള്‍ വരെ ഒഴിവാക്കിത്തുടങ്ങി. 

എന്താണ് ഫോബിയ
അല്‍പ്പം പോലും അപകടമുണ്ടാക്കാത്ത സംഗതികളോടു തോന്നുന്ന അകാരണവും കീഴടക്കുന്നതുമായ ഭയമാണ് ഫോബിയ. ലോകത്തില്‍ 25 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ഫോബിയ ഉള്ളവരാണ്. മാനസിക രോഗങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നമാണിത്. ഒപ്പം വരുന്ന പാനിക്ക് അറ്റാക്കാണ് വില്ലന്‍. വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, തലകറങ്ങുക, ഡയറിയ, ഛര്‍ദ്ദി...സോഷ്യല്‍ ഫോബിയ ഉള്ളവരിലാണ് ഇത് കൂടുതല്‍. സ്റ്റേജില്‍ കയറുമ്പോള്‍ വിറയ്ക്കുന്നവരും നാലാളുടെ മുന്‍പില്‍ ശബ്ദം പുറത്തുവരാതെ നില്‍ക്കുന്നവരുമൊക്കെ ഈ പാനിക്ക് അറ്റാക്കിന്റെ പണി വാങ്ങിയവരാണ്.  

പേടിയുടെ കാരണങ്ങള്‍
ചിലര്‍ക്ക് ഫോബിയ ഉണ്ടാകുന്നത് പേടിയുണ്ടാക്കുന്ന അനുഭവങ്ങളില്‍ നിന്നാണ്. ഉദാഹരണത്തിന്, ഒരു പാലത്തില്‍ വെച്ച് എന്തെങ്കിലും അപകടം പറ്റിയ  ഒരാള്‍. അയാള്‍ക്ക് പാലങ്ങളോടു പേടിയാവുന്നു. പിന്നീട് പാലങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴോ അതേപ്പറ്റി ആലോചിക്കുമ്പോള്‍പോലുമോ അതിയായ ഭീതി അനുഭവപ്പെടും. ഈ ഭയം ഒഴിവാക്കാനായി അവര്‍ പാലങ്ങളിലൂടെ ഇനി യാത്രയേ വേണ്ട എന്നുവരെ തീരുമാനിക്കാം. അത് ഫോബിയയെ കൂടുതല്‍ ഗുരുതരമാക്കും.

ചിലര്‍ക്ക് ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കണം എന്നില്ല, മറ്റാരെങ്കിലും പറയുന്നതു കേട്ടു പേടിച്ചും ഫോബിയ പിടിപെടാം.

പേടി അനുഭവപ്പെടുന്നത് തലച്ചോറിലെ അമിഗ്ഡല എന്ന ഭാഗം ഉത്തേജിതമാകുമ്പോഴാണ്. അമിഗ്ഡലയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും വരുന്ന വ്യതിയാനങ്ങള്‍ ഫോബിയയ്ക്കു കാരണമാകും. ഫോബിയ ബാധിതരില്‍, നേരിയ പ്രകോപനങ്ങളാല്‍പോലും അമിഗ്ഡല വല്ലാതെ ഉത്തേജിതമാവുകയും തിരിച്ചു പൂര്‍വസ്ഥിതി പ്രാപിക്കാന്‍ പതിവിലേറെ സമയമെടുക്കുകയും ചെയ്യുന്നുണ്ട്.

പാരമ്പര്യവും ഒരു ഘടകമാണ്. ഫോബിയ ഉള്ളവരുടെ അടുത്ത ബന്ധുക്കളില്‍ മൂന്നിലൊന്നോളം പേര്‍ക്ക് ഫോബിയ കാണപ്പെടുന്നു.

പലപല പേടികള്‍

സ്‌പെസിഫിക് ഫോബിയ: ചില പ്രത്യേക വസ്തുക്കളോടോ സ്ഥലത്തോടോ സാഹചര്യങ്ങളോടോ ഉള്ള ഭയമാണ് ഇത്. വെള്ളം, മൃഗങ്ങള്‍, ഉയരം, എട്ടുകാലി,  ഇഴജന്തുക്കള്‍, ഇടിമിന്നല്‍, ഇരുട്ട് എന്ന് തുടങ്ങി നിസാരമെന്നു തോന്നുന്ന പലതിനോടും.
സോഷ്യല്‍ ഫോബിയ: വെറും നാണമല്ല. സാമൂഹ്യസാഹചര്യത്തില്‍ എങ്ങനെ പെരുമാറും എന്നാലോചിച്ചുള്ള പേടിയാണ്. ചെയ്യുന്നതൊക്കെ ശരിയാവുമോ, മറ്റുള്ളവര്‍ പേടിയുണ്ടെന്ന് മനസ്സിലാക്കുമോ, സംസാരിക്കുമ്പോള്‍ തെറ്റ് വരുമോ...ചിന്തകള്‍ കാടുകയറും. ഇത്തരക്കാര്‍ സാമൂഹ്യബന്ധങ്ങള്‍ വരെ ഒഴിവാക്കും. ജോലിയെപ്പോലും ബാധിക്കുന്ന തരത്തിലാവും അത്. 
ക്‌ളോസ്‌ട്രോഫോബിയ: ഇടുങ്ങിയതോ അടഞ്ഞതോ ആയ സ്ഥലങ്ങളില്‍ അകപ്പെടുമ്പോള്‍ പരിഭ്രാന്തരാവുന്നവരുണ്ട്. ലിഫ്റ്റിലും ഇടനാഴിയിലും നില്‍ക്കുമ്പോള്‍  അകപ്പെട്ടതായോ ശ്വാസം മുട്ടുന്നതായോ ഒക്കെയാവും ഇവര്‍ക്ക് തോന്നുക. അതോടെ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാവും ശ്രമം. 
അഗോറഫോബിയ: പുരാതന ഗ്രീസിലെ  സമ്മേളനസ്ഥലമായിരുന്ന അഗോറയില്‍ നിന്നാണ് ഈ പേര് വന്നത്. ബസ് സ്റ്റാന്‍ഡ്, മാളുകള്‍, ബാങ്ക് അങ്ങനെ ഏതെങ്കിലും പൊതുസ്ഥലത്ത് എത്തിപ്പെടുമ്പോള്‍ അതിനുള്ളില്‍ കുടുങ്ങി, രക്ഷപ്പെടാനാവില്ല എന്ന തോന്നലാണിത്. സ്ത്രീകളിലാണ് അഗോറഫോബിയ കൂടുതല്‍. വീടിന് പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് ഭയമായിരിക്കും. 
സൂഫോബിയ: മൃഗങ്ങളോടുള്ള അമിത ഭയമാണ് ഇത്. ഇതില്‍ നിരവധി ഫോബിയകളുണ്ട്. 

  • ചിലന്തിയോടുള്ള ഭയം: അരക്ക്‌നോഫോബിയ, 
  • പാമ്പുകളെ പേടി: ഒഫിഡിയോ ഫോബിയ, 
  • പക്ഷികളെ പേടി : ഓര്‍ണിത്തോഫോബിയ, 
  • തേനീച്ചയെ പേടി :  അപിഫോബിയ, 
  • നായകളോടുള്ള ഭയം : സൈനോഫോബിയ, 
  • പൂച്ചകളോടുള്ള ഭയം : ഗാറ്റോഫോബിയ 

ബ്രോണ്ടോ ഫോബിയ: ഇടിവെട്ടിനോടുള്ള അമിത ഭയമാണിത്. ചിലര്‍ ഇടിവെട്ടുമ്പോള്‍ കട്ടിലിനടിയിലോ ബാത്ത്‌റൂമിലോ ഒക്കെ ഒളിച്ചിരിക്കും. ഇടിയും മിന്നലും ഒരു പോലെ ഭയപ്പെടുന്ന താണ് അസ്ട്രാഫോബിയ. മൃഗങ്ങളിലും ഇത് കാണാറുണ്ട്.  
അക്രോഫോബിയ: ഉയര്‍ന്ന പ്രദേശങ്ങളോടോ ഉയരമുള്ള കെട്ടിടങ്ങളോടോ പേടിയുള്ള ധാരാളം ആളുകളുണ്ട്. സ്റ്റെയര്‍ കെയ്‌സിലൂടെയോ കോണിയിലൂടെയോ കയറാന്‍ ഇവര്‍ക്ക് പേടിയായിരിക്കും. എന്നാല്‍ മുന്നോട്ടോ പിന്നോട്ടോ നീങ്ങാന്‍ പോലും ആവാത്ത അവസ്ഥയിലെത്തുന്നതാണ് അക്രോഫോബിയ. 
എയറോഫോബിയ: വിമാനത്തില്‍ കയറാനുള്ള പേടിയാണിത്. വിമാന യാത്രയില്‍ മുമ്പുണ്ടായിട്ടുള്ള ദുരനുഭവങ്ങളാവാം ഇത്തരം പേടി രൂപപ്പെടാനുള്ള കാരണം. ആ സംഭവം മറന്നുപോയിട്ടുണ്ടെങ്കിലും ഉപബോധമനസ്സില്‍ ഭയം നിലനില്‍ക്കും. 
വേദന പേടിക്കുന്നവര്‍:  രക്തം, കുത്തിവെപ്പ്, പരിക്കുകള്‍ എന്നിവയെല്ലാം അമിതമായി പേടിക്കുന്ന അവസ്ഥയാണിത്. രക്തത്തിനോടുള്ള പേടിയാണ് ഹീമോഫോബിയ. കുത്തിവെപ്പിനോടുള്ള പേടി ട്രിപ്പനോഫോബിയ എന്നാണറിയപ്പെടുന്നത്. വേദനയെ ഭയക്കുന്നവരും ഉണ്ട്. അല്‍ഗാ ഫോബിയ എന്ന് പറയും ഇത്. 
പാരനോര്‍മല്‍ ഫിയേഴ്‌സ്: പ്രേത, പിശാച് പേടികളാണ് പാരനോര്‍മല്‍ ഫിയര്‍. 13 എന്ന നമ്പറുമായി ബന്ധപ്പെട്ടവയോടുള്ള ഫോബിയയാണ് ട്രിസ്‌കെയ്‌ഡേകാ ഫോബിയ. യഥാര്‍ത്ഥത്തില്‍ യക്ഷിയോ രക്തരക്ഷസ്സോ ചോരകുടിക്കുന്ന വവ്വാലോ ഇല്ലെന്ന് അറിയാമെങ്കിലും ഇവയെ ഭയക്കുന്നവരുണ്ട്. ഇതിനെ ചിറോപ്‌റ്റോ ഫോബിയ എന്നാണ് വിളിക്കുന്നത്. 
കാര്‍സിനോ ഫോബിയ: കാന്‍സര്‍ വരുമോ എന്ന പേടിയാണിത്. ശരീരത്തിലുണ്ടാകുന്ന ഏത്  അസ്വസ്ഥതയും കാന്‍സര്‍ ആണോ എന്ന പേടി ഇവരില്‍ ഉണ്ടാക്കും. കാന്‍സര്‍ രോഗികളുമായുള്ള സമ്പര്‍ക്കം  ഇവര്‍ ഒഴിവാക്കും. പകരുമെന്ന ഭയമാണ് കാരണം. 
പുതിയതിനെയും പഴയതിനെയും ഭയം: പുതിയതെന്തിനെയും ഭയപ്പെടുന്ന അവസ്ഥയാണ് നിയോ ഫോബിയ. അതേസമയം പ്രായമാകുന്നതിനെയും പ്രായമായവരെയും ഭയപ്പെടുന്ന അവസ്ഥയാണ് ജെറെന്റോ ഫോബിയ. 

സ്‌കൂളില്‍ പോകാന്‍ പേടിയാ
അല്ലെങ്കിലും ആര്‍ക്കാണ് സ്‌കൂളില്‍ പോകാനിഷ്ടം... ഈ ഇഷ്ടക്കേട് പേടി ആയി മാറിയാലോ.  തലകറക്കം, പനി, ഛര്‍ദ്ദി ഇങ്ങനെ പാനിക്ക് അറ്റാക്ക്  വരെയായി ഈ പേടി മാറാറുണ്ട്.  കുട്ടികളുടെ സ്‌കൂള്‍ പേടിക്ക് പിന്നില്‍ എന്തെങ്കിലും മോശമായ അനുഭവങ്ങളാവാം, അധ്യാപകരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ. ചിലപ്പോള്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളാവാം. നാല് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളിലാണ് ഈ ഫോബിയ കൂടുതല്‍.
 
കുട്ടികളില്‍ എപ്പോഴും ഫോബിയ തുടങ്ങുന്നത് ഏതെങ്കിലും സംഭവത്തില്‍ നിന്നാണ്. വലിയ ശബ്ദം കേള്‍ക്കുക, ജീവികളുടെയോ വ്യക്തികളുടെയോ ആക്രമണം... അങ്ങനെ. കുട്ടികളില്‍ ഒരു ഫോബിയ ഉണ്ടെങ്കില്‍ അത് പിന്നീട് പല വസ്തുക്കളോടുള്ള പേടി ആയി മാറാന്‍ സാധ്യത ഏറെയാണ്. പൂച്ചയെ പേടിയാണെങ്കില്‍  പൂച്ചയുടെ രോമം പോലെ തോന്നുന്നവ, വരകളോ പുള്ളികളോ ഉള്ള സാധനങ്ങള്‍, പാവകള്‍.. ഇങ്ങനെ പൂച്ചയെ ഓര്‍മ്മിപ്പിക്കുന്ന എല്ലാത്തിനെയും അവര്‍ ഒഴിവാക്കും.
ചില കുട്ടികള്‍ അന്യരുടെ സാമീപ്യത്തിലോ മുന്‍പരിചയമില്ലാത്ത തരം സാഹചര്യങ്ങളിലോ ഒക്കെ അസ്വസ്ഥതയും ഒഴിഞ്ഞുമാറാനുള്ള പ്രവണതയും കാണിക്കാറുണ്ട്. ഇത്തരം കുട്ടികള്‍ക്ക് ഫോബിയ പിടിപെടാന്‍ സാധ്യത കൂടുതലുണ്ട്. കുട്ടികളിലെ ഫോബിയകള്‍ക്ക് മരുന്നുകള്‍ ആവശ്യമില്ല. കൗണ്‍സിലിങ്, ബിഹേവിയറല്‍ തെറാപ്പി...ചികിത്സ ലളിതമാണ്. 

കുടുംബബന്ധങ്ങള്‍ തകരാം
ഏത് തരം ഫോബിയ ഉള്ള വ്യക്തിയും അതൊഴിവാക്കാനായി ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കും. അതോടൊപ്പം മറ്റുള്ളവരില്‍ നിന്ന് തന്റെ ഭയം മറച്ചുവെക്കാനും. ഫോബിയ വ്യക്തിയുടെ സൗഹൃദം, കുടുംബബന്ധം, പഠനനിലവാരം, ജോലിയിലെ കാര്യക്ഷത എന്നിവയെ എല്ലാം പ്രതികൂലമായി ബാധിക്കും. 

മദ്യപാനികളില്‍  ഫോബിയ ഉണ്ടാകാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ പത്തിരട്ടി കൂടുതലാണ്. ഏതെങ്കിലും ഫോബിയയുള്ള വ്യക്തി മദ്യപാനി ആകാനുള്ള സാധ്യത ഫോബിയ ഇല്ലാത്തവരേക്കാള്‍ രണ്ടിരട്ടിയും കൂടുതലാണ്. 

എല്ലാം ചികിത്സിക്കേണ്ട
എല്ലാ ഫോബിയകള്‍ക്കും ചികിത്സ ആവശ്യമില്ല.  ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ മാത്രം ചികിത്സയെ കുറിച്ച് ചിന്തിച്ചാല്‍ മതി. ശരിയായ ചികിത്സയിലൂടെ ഏത് പ്രായത്തിലെയും ഫോബിയ മാറ്റാം. മനശ്ശാസ്ത്ര ചികിത്സകളാണ് ഏറ്റവും ഫലപ്രദം. എക്‌സ്‌പോഷര്‍ തെറാപ്പി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ചികിത്സകളിലൊന്നാണ്. ഭയക്കുന്നത് എന്തിനെയാണോ അതിനെ പടിപടിയായി അഭിമുഖീകരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ചിലന്തികളെ ഭയമുള്ള ഒരാളാണെങ്കില്‍, ആദ്യം ചിലന്തിയുടെ ചിത്രവും പിന്നീട് ചിലന്തികളുടെ രൂപങ്ങളും ഒടുവില്‍ ജീവനുള്ള ചിലന്തികളെയും കാണിച്ചുകൊടുക്കുന്നു. ആ ഭയം നേരിടാന്‍ വിവിധ റിലാക്‌സേഷന്‍ വിദ്യകളില്‍ പരിശീലനം നല്‍കുന്നതാണ് ആദ്യ പടി. മരുന്നുകള്‍ കൊണ്ടുള്ള ചികിത്സയും ഫലപ്രദമാണ്. ഭൂരിഭാഗം ഫോബിയകളും മരുന്നില്ലാതെ തന്നെ മാറുന്നവയാണ്. ഫോബിയ ഉണ്ടെന്ന് മനസിലായാല്‍ ശരിയായ ചികിത്സ തേടുകയാണ് വേണ്ടത്. പലരും അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ തേടുകയും പ്രശ്‌നം കൂടുതല്‍ വഷളാവുകയും ചെയ്യും.

പ്രശസ്തരായ ചില പേടിക്കാര്‍

ഡൊണാള്‍ഡ് ട്രംപിന് പേടിയുണ്ടെന്ന് പറഞ്ഞാല്‍ ലോകം മൊത്തം ചിരിക്കും. പക്ഷെ സംഗതി ശരിയാണ്. ചെരിവുള്ള സ്ഥലങ്ങളും സ്റ്റെയര്‍കെയ്‌സുമൊക്കെയാണ് ട്രംപിനെ പേടിപ്പിക്കുന്നത്. ലോകം മൊത്തം വിറപ്പിച്ച നേതാക്കന്‍മാരാണ് നെപ്പോളിയനും മുസോളിനിയുമൊക്കെ. പക്ഷെ പൂച്ചകളെ കണ്ടാല്‍ രണ്ടാളും ഓടി രക്ഷപ്പെടുമായിരുന്നു എന്ന് ചരിത്രം. നേതാക്കന്‍മാര്‍ക്ക് മാത്രമല്ല വിദ്യാ ബാലനും പേടി പൂച്ചകളോടാണ്. നടി സോനം കപൂറിന് ലിഫ്റ്റില്‍ കയറാനാണ് പേടി. രണ്‍ബീര്‍ കപൂര്‍ പാറ്റയെ കണ്ടാല്‍ പിന്നെ ആ വഴി വരില്ല. ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന് ഭയം പ്രാണികളെയാണ്. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന് മുട്ടകളോടായിരുന്നു പേടി. മിക്കി മൗസിനെ ലോകത്തിന് സമ്മാനിച്ച വാള്‍ട്ട് ഡിസ്‌നിയുടെ പേടി ചുണ്ടെലിയോടു തന്നെ. മനശ്ശാസ്ത്രത്തിന്റെ തലതൊട്ടപ്പനായ സിഗ്മണ്ട് ഫ്രോയിഡിനും ഫോബിയ ഉണ്ടായിരുന്നു. ആയുധങ്ങളോടും പന്നല്‍ച്ചെടികളോടുമായിരുന്നു അദ്ദേഹത്തിന് പേടി.

വിചിത്രമായ 'പേടികള്‍'

  • ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപ്പഡാലിയോ ഫോബിയ : നീളം കൂടിയ വാക്കുകളോടുള്ള ഭയം
  • അമാക്‌സോ ഫോബിയ : മോട്ടോര്‍ വാഹനങ്ങളെ ഭയം     
  • ഹിപ്‌നോ ഫോബിയ : ഉറക്കത്തോടുള്ള ഭയം 
  • ക്രോമെറ്റോഫോബിയ : പണം കൈകാര്യം ചെയ്യാനുള്ള ഭയം     
  • ഡിയപ്‌നോഫോബിയ : അത്താഴ വിരുന്നുകളോടുള്ള ഭയം    
  • ചീറ്റോഫോബിയ : മുടിയോടുള്ള  ഭയം     
  • ഗൈനോഫോബിയ : സ്ത്രീകളോടുള്ള ഭയം    
  • എര്‍ഗോഫോബിയ : ജോലിയോടുള്ള പേടി
  • ടെലിഫോണോഫോബിയ : ഫോണില്‍ സംസാരിക്കാനുള്ള ഭയം

കടപ്പാട്: ഡോ. ഷാഹുല്‍ അമീന്‍
സൈക്യാട്രിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി

Content Highlights: phobia causes and symptoms