ജീവിച്ചിരുന്നെങ്കില്‍ അവരിന്ന് ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ട് യുവാക്കളായിരുന്നേനെ. ഭാവിയെപ്പറ്റി സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങുന്ന പ്രായം. പക്ഷേ, വിവേകിനും വ്യാസിനും വിധി സമ്മാനിച്ചത് അപൂര്‍ണമായ ജീവിതാന്ത്യമാണ്. അച്ഛന്‍ ശശീന്ദ്രനും അമ്മ ടീനയ്ക്കുമൊപ്പം അവര്‍ സന്തോഷം അറിഞ്ഞുവളര്‍ന്ന വീട് അവരുടെ ഓര്‍മകളുടെ മൂടലണിഞ്ഞ് ഇപ്പോഴും അവിടെയുണ്ട്. ഏഴുവര്‍ഷത്തിന്റെ ഇടവേളകളില്‍ മരണം ഈ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത് അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെട്ട കുടുംബത്തെ ഒന്നാകെയാണ്. 2011 ജനുവരി 24ന് കുരുടിക്കാട് ജവഹര്‍ നഗറിലെ വീട്ടില്‍ മൂന്ന് കയറുകളിലായി അച്ഛനും മക്കളും ഒടുങ്ങി. ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തിന്റെ വിറങ്ങലില്‍ ഒരു സ്ത്രീ തനിച്ചായി. മക്കളെ കൊന്ന് ആ അച്ഛന്‍ സ്വയം മരണത്തിലേക്ക് മടങ്ങിയതായി പോലീസും സി.ബി.ഐയും ആവര്‍ത്തിച്ചുറപ്പിച്ചപ്പോള്‍ അവര്‍ പതറാതെ മുന്നോട്ടുനടന്നു. ''ഇത് കൊലപാതകംതന്നെയാണ്...'' അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 2018 ജൂലായില്‍ ആ പോരാട്ടവും അവസാനിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയ ടീനയുടെ മരണം കോയമ്പത്തൂരിലെ ആസ്പത്രിയില്‍ സ്ഥിരീകരിക്കുകയായിരുന്നു. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം നടന്നിട്ട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു. ആ മരണങ്ങള്‍ ഓര്‍മിക്കപ്പെടുന്നു... സത്യം എന്താണെന്ന് മലയാളികളുടെ മനസ്സാക്ഷി ചോദ്യമുയര്‍ത്തുന്നു...
 
ആ ദിവസം

2006-2007 കാലത്തെ സി.എ.ജി. റിപ്പോര്‍ട്ടിലൂടെയാണ് മലബാര്‍ സിമന്റ്സിലെ കോടികളുടെ അഴിമതിവിവരം പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലെയും പ്രധാന സാക്ഷിയായിരുന്നു  കമ്പനി സെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്ററുമായിരുന്ന വി. ശശീന്ദ്രന്‍. മലബാര്‍ സിമന്റ്സിന്റെ അന്നത്തെ എം.ഡി. എസ്.എസ്. മോനിയും അക്കാലത്തെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായിയും കരാറുകാരന്‍ വി.എം. രാധാകൃഷ്ണനും ഉള്‍പ്പെടെ ഇരുപത്തൊമ്പതുപേര്‍ പ്രതിസ്ഥാനത്ത്. ശശീന്ദ്രന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തിന് സഹായകമായി. കരാറുകളും ടെന്‍ഡറുകളുമായി ബന്ധപ്പെട്ട അഴിമതിയുടെ അറിയാക്കഥകള്‍ ശശീന്ദ്രന്‍ അക്കമിട്ട് നിരത്തി. ഏറെ വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമൊടുവില്‍ 2010 ഒക്ടോബറില്‍ കുറ്റപത്രം കോടതിയിലെത്തി. തുടര്‍ന്ന് ശശീന്ദ്രന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതോടെ എതിരാളികള്‍ പതറിത്തുടങ്ങി. സത്യം മറനീക്കി പുറത്തുവരണമെന്ന നിലപാടായിരുന്നു ശശീന്ദ്രന്റേത്. കമ്പനിക്കുള്ളില്‍ അയാളെ കാത്തിരുന്നത് സമ്മര്‍ദത്തിന്റെ നാളുകളായിരുന്നു. ആദ്യപടിയായി ഇന്റേണല്‍ ഓഡിറ്റര്‍ ചുമതലയില്‍നിന്ന് ശശീന്ദ്രനെ നീക്കി. ഭീഷണികള്‍ പതിവായി. താന്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ശശീന്ദ്രന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് കത്തെഴുതി. അഴിമതികളും ക്രമക്കേടുകളും വെളിപ്പെടുത്തിയ സി.എ.ജി. റിപ്പോര്‍ട്ട് ശരിയാണെന്നും കേസിലെ സാക്ഷി എന്ന നിലയില്‍ സമ്മര്‍ദവും ഭീഷണിയും നേരിടുന്നുണ്ടെന്നും തന്നെ അപകടപ്പെടുത്താന്‍ ഇടയുണ്ടെന്നും കത്തില്‍ അദ്ദേഹം അറിയിച്ചു. എന്നാല്‍ ആരുടെയൊക്കെയോ സമ്മര്‍ദത്തെ തുടര്‍ന്ന് ആ കത്തിലെ കാര്യങ്ങള്‍ സത്യമല്ലെന്ന തരത്തില്‍ മറ്റൊരുകത്ത് അദ്ദേഹത്തിന് നല്‍കേണ്ടിവന്നു. ഭീഷണികള്‍ തുടര്‍ന്നതോടെ കമ്പനി സെക്രട്ടറി സ്ഥാനത്തുനിന്ന് ശശീന്ദ്രന്‍ രാജിവെച്ചു. പ്രതികള്‍ക്കെതിരേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ മൂന്നാം നാള്‍... 2011 ജനുവരി 24ന് ശശീന്ദ്രനെ മക്കള്‍ക്കൊപ്പം കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജോലിസ്ഥലത്തായിരുന്ന ഭാര്യ ടീന രാത്രി ഒമ്പതുമണിക്ക് വീട്ടില്‍ എത്തുമ്പോഴാണ് മരണവിവരം പുറംലോകം അറിയുന്നത്.
 
മരണങ്ങളുടെ പരമ്പര

മക്കളെ കൊന്ന് ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിയത്. അതിനിടെ മരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടു. മരണം സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ അച്ഛന്‍ വേലായുധനും ഭാര്യ ടീനയും ചേര്‍ന്ന് അതേവര്‍ഷം ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പക്ഷേ, ആത്മഹത്യയാണെന്നുതന്നെയായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് വി.എം. രാധാകൃഷ്ണനുമേല്‍ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് നടന്നു. മരണത്തിന് ഇടയാക്കിയ സാഹചര്യം അഴിമതിയായതുകൊണ്ടുതന്നെ അഴിമതിക്കേസുകളും സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടു. പക്ഷേ, ആ അന്വേഷണം നടന്നില്ല. സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തിനുമേല്‍ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജികൂടി ഫയല്‍ ചെയ്യപ്പെട്ടു. 

സംഭവവുമായി ബന്ധപ്പെട്ട സാക്ഷികള്‍ പലരും ഓരോ കാലഘട്ടത്തില്‍ മരിച്ചു. 2011 ഫെബ്രുവരിയില്‍ മലബാര്‍ സിമന്റ്സിലെ ഗെയിറ്റ് കീപ്പര്‍ ദുരൂഹരീതിയില്‍ മരണപ്പെട്ടു. ശശീന്ദ്രന്റെയും മക്കളുടെയും മരണം കൊലപാതകംതന്നെയാണെന്ന് ശശീന്ദ്രന്റെ അയല്‍വാസിയും മലബാര്‍ സിമന്റ്സിലെ ഉദ്യാഗസ്ഥനുമായ വിജയന്‍, സതീന്ദ്രകുമാര്‍ എന്ന സഹപ്രവര്‍ത്തകന് സൂചന നല്‍കിയിരുന്നു. വിജയനെ പിന്നീട് ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തി. സതീന്ദ്രകുമാര്‍ 2012- ല്‍ കോയമ്പത്തൂരിലെ ഉക്കടം ബസ്സ്റ്റാന്‍ഡില്‍വെച്ച് യാത്രക്കാരില്ലാത്ത ബസ്സിടിച്ച് മരിച്ചു. ആ ബസ് ഡ്രൈവര്‍ പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. 2018 ജൂലായ് 14ന് സി.ബി.ഐ.യുടെ പ്രധാന സാക്ഷിയായ ടീനയും മരിച്ചു. ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിയായ ടീനയ്ക്ക് കമ്പനിയിലെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയാമായിരുന്നു. ഇതിനെല്ലാമൊപ്പം കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതില്‍നിന്ന് കാണാതാവുകയും ചെയ്തു. ഓഡിറ്റ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെ രേഖകള്‍ അടങ്ങിയ ഫയലായിരുന്നു അത്. ഈ സംഭവങ്ങളൊക്കെയും കേസുകളുടെ ഗതിയെ ബാധിച്ചു. 
 
തുടരുന്ന പോരാട്ടം

പാലക്കാട് നെന്മേനി കുണ്ടുകളം വീട്ടില്‍ അധ്യാപകനായിരുന്ന കെ. വേലായുധന്‍ മാസ്റ്ററുടെയും വേലമ്മയുടെയും ആറ് മക്കളില്‍ അഞ്ചാമനായിരുന്നു വി. ശശീന്ദ്രന്‍. മകന്റെയും പേരക്കുട്ടികളുടെയും മരണം വൃദ്ധരായ ആ അച്ഛനമ്മമാരെ തളര്‍ത്തി. 
ഗാന്ധിയനും കവിയുമായിരുന്ന വേലായുധന്‍ മാസ്റ്റര്‍ അവശതകള്‍ മറന്ന് നീതിതേടി പോരാട്ടത്തിനിറങ്ങി. ജനകീയകൂട്ടായ്മയിലും സമരങ്ങളിലും അദ്ദേഹം സജീവമായി. അതിനിടെ വേലമ്മ മരിച്ചു. ഭാര്യയുടെ മരണത്തോടെ അദ്ദേഹം മൂകനായി. എങ്കിലും മകന്റെയും കുഞ്ഞുങ്ങളുടെയും മരണത്തിന്റെ ദുരൂഹത ഒഴിയണമെന്ന വാശിയിലായിരുന്നു അദ്ദേഹം. ''എന്റെ കുഞ്ഞുങ്ങള്‍ക്ക് നീതികിട്ടണം'' അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് 2020 ഒക്ടോബര്‍ ഒന്നിന് വേലായുധന്‍ മാസ്റ്റര്‍ മരിച്ചു. ശശീന്ദ്രന്റെ ഇളയ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ അച്ഛന്റെ പോരാട്ടം തുടരുകയാണ്. ''അഴിമതിക്കും നീതികേടിനും കൂട്ടുനില്‍ക്കരുതെന്നാണ് ചെറുപ്പംമുതല്‍ അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത്. അഴിമതിക്കേസില്‍ സാക്ഷിയായതിന്റെപേരില്‍ ശശീന്ദ്രന് ഒരുപാട് സമ്മര്‍ദങ്ങളെയും ഭീഷണികളെയും നേരിടേണ്ടിവന്നു. പക്ഷേ, തോറ്റ് പിന്മാറരുതെന്നാണ് അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്നത്. 
അഴിമതിക്കെതിരേ നിലകൊണ്ടു എന്ന ഒറ്റക്കാരണത്താല്‍ ശശീന്ദ്രനെ കമ്പനിനിയമം ലംഘിച്ചുകൊണ്ട് രാജിവെപ്പിക്കുകയാണ് അവര്‍ ചെയ്തത്. പ്രതിസ്ഥാനത്ത് ഉള്‍പ്പെട്ടവര്‍ പല ദിവസങ്ങളില്‍ ശശീന്ദ്രന്റെ വീട്ടിലെത്തി കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 

കൊലപാതകംതന്നെയാണെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ജോലിസ്ഥലത്തുനിന്ന് മടങ്ങിവരാന്‍ വൈകിയതുകൊണ്ടുമാത്രമാണ് കൂട്ടക്കൊലപാതകത്തില്‍നിന്ന് ടീന രക്ഷപ്പെട്ടത്. മരണം നടന്ന് മണിക്കൂറുകള്‍ക്കകംതന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് മുറിയിലേക്ക് ആളുകളെ കടത്തിവിട്ട് തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചത്. ശശീന്ദ്രന്‍ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ എഴുതാന്‍ ടീനയെ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ശശീന്ദ്രന്റെ ശരീരത്തില്‍ എട്ടിലധികം മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തവുമാണ്. 

placeholder
ശശീന്ദ്രന്റെ തറവാട്‌

മരണം നടന്ന ദിവസം വൈകുന്നേരം ശശീന്ദ്രന്‍ മക്കള്‍ക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കി. അവര്‍ പകുതി ഭക്ഷണം കഴിച്ച നിലയിലായിരുന്നു. കുളിമുറിയില്‍ വസ്ത്രങ്ങള്‍ അലക്കിവെച്ചിട്ടുമുണ്ടായിരുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടികളെ ശശീന്ദ്രന്‍ കുളിപ്പിക്കുന്നതും തുടര്‍ന്ന് കുട്ടികള്‍ രണ്ടുപേരും പുറമേ കളിക്കുന്നതും അയല്‍ക്കാര്‍ കണ്ടിട്ടുണ്ട്. എട്ടുംപത്തും വയസ്സുള്ള രണ്ട് കുട്ടികളെ മേല്‍ക്കൂരയിലെ കൊളുത്തില്‍ ഒറ്റയ്ക്ക് കെട്ടിത്തൂക്കാന്‍ തക്ക കരുത്തുള്ള ആളായിരുന്നില്ല എന്റെ സഹോദരന്‍. ഡമ്മി പരിശോധനയിലും ഇത് തെളിഞ്ഞതാണ്. വീടിന്റെ ജനലുകളും വാതിലുകളും തുണികൊണ്ട് മറച്ചിരുന്നു. ലാന്‍ഡ്ഫോണ്‍ വിച്ഛേദിച്ചിരുന്നു. 

നിലവിലെ നടപടികള്‍

ശശീന്ദ്രന്റെയും കുട്ടികളുടെയും മരണശേഷം  വ്യവസായവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ടീന കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ജോലി സ്വീകരിച്ചു. അതിനുശേഷം ഞങ്ങളുടെ കുടുംബത്തിന് ടീനയുടെ താമസസ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ടീന ആരുടെയൊക്കെയോ തടവറയിലായിരുന്നതുപോലെ ഞങ്ങള്‍ക്ക് തോന്നി. അവര്‍ ആരെയൊക്കെയോ ഭയപ്പെട്ടിരുന്നു. പ്രതികരിച്ചാല്‍ തനിക്ക് ജീവഹാനി സംഭവിക്കുമെന്ന ഉള്‍ഭയം ടീന കോയമ്പത്തൂരിലെ വീട്ടില്‍വെച്ച് പങ്കുവെച്ചിരുന്നു. ഇക്കാര്യം പറയാനായിമാത്രം ടീന കോയമ്പത്തൂരിലെ വീട്ടിലേക്ക് വരികയായിരുന്നു. ഫയലുകള്‍ കോടതിയില്‍നിന്ന് കാണാതാകുകയും കേസുകള്‍ വീണ്ടും സജീവമാകുകയും ചെയ്ത ഘട്ടത്തിലാണ് ടീന മരിച്ചത്. പൂര്‍ണ ആരോഗ്യവതിയായിരുന്നു അവര്‍. ഒരു പനി വന്ന് മരിക്കാന്‍ തക്കതായ ആരോഗ്യസ്ഥിതി ആയിരുന്നില്ല. പനിയായിരുന്നെങ്കില്‍ എന്തുകൊണ്ട് മെച്ചപ്പെട്ട ചികിത്സാസൗകര്യമുള്ള കൊച്ചിയില്‍നിന്ന് അവരെ കോയമ്പത്തൂരില്‍ എത്തിച്ചു. കോവൈ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ടീന മരിക്കുന്നത്. ശശീന്ദ്രന്‍കേസിലെ സാക്ഷിയായ സതീന്ദ്രകുമാറിന്റെ മരണവും സ്ഥിരീകരിച്ചത് അവിടെവെച്ചുതന്നെയാണ്.'' കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ സനല്‍ കുമാര്‍ അക്കമിട്ട് നിരത്തുന്നു.
 
ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന സി.ബി.ഐ. കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. സി.ബി.ഐയുടെ കുറ്റപത്രം രണ്ടുതവണ എറണാകുളം അഡീഷണല്‍ സി.ജെ.എം. കോടതി വിമര്‍ശനത്തോടെ തള്ളിയിരുന്നു. എന്നിട്ടും വിശദാന്വേഷണത്തിന് മുതിരാതെയാണ് കുറ്റപത്രം നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. 

അതേസമയം മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് പത്തുവര്‍ഷം വിചാരണ നടത്തിയ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധിപറച്ചില്‍ മാസങ്ങളോളം വൈകുകയാണ്. മൂന്നുമാസത്തിനിടെ ഒമ്പതുതവണ വിധി പ്രസ്താവം മാറ്റിവെച്ചു. ഇതിനിടെ വ്യവസായ വകുപ്പ് മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ ബോര്‍ഡ് ചെയര്‍മാനുമായ ജോണ്‍ മത്തായി, ഡയറക്ടര്‍മാരായ എന്‍. കൃഷ്ണകുമാര്‍, ടി. പത്മനാഭന്‍ നായര്‍, എന്നിവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള 2011- ലെ സര്‍ക്കാര്‍ ഉത്തരവ് വിജിലന്‍സ് സ്പെഷല്‍ കോടതി റദ്ദാക്കി. കേസില്‍ ഇവര്‍ ഇനി വിചാരണ നേരിടണം. 

ആത്മഹത്യയെന്ന് വീണ്ടും സി.ബി.ഐ

ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയാണെന്ന് ആവര്‍ത്തിച്ച് സി.ബി.ഐ. റിപ്പോര്‍ട്ട്. പുനരന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് തെളിഞ്ഞതെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സി.ബി.ഐയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നാരോപിച്ച് ശശീന്ദ്രന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി
പുനരന്വേഷനണത്തിന് ഉത്തരവിട്ടത്. സി.ബി.ഐയ്ക്ക് എതിരെ അന്ന് കോടതി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.