സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ഏകദേശം 3 മണിക്കൂര്‍ (166 മൈല്‍) കാറില്‍ യാത്ര ചെയ്ത് ഞങ്ങള്‍ കാലിഫോര്‍ണിയയിലെ സൈറ നെവാഡ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന യോസെമൈറ്റി നാഷണല്‍ പാര്‍ക്കിലെത്തി. തുടക്കത്തില്‍ തന്നെ പാര്‍ക്ക് അധികാരികളുടെ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തി പാസ് വാങ്ങണം. അതിനുശേഷം അതികായരായ സെക്യോയ വൃക്ഷമുത്തശ്ശന്മാരും ഓക്കുമരങ്ങളും കാറ്റാടിമരങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ കാനനവീഥിയിലൂടെ ഒരു യാത്ര. ഏകദേശം മൂവായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പാര്‍ക്കില്‍ വിവിധയിനം സസ്യജന്തുജാലങ്ങളുണ്ട്. പാതയോരത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത വര്‍ണ്ണശബളമായ പുഷ്പങ്ങള്‍ വിടര്‍ന്നു നിന്നിരുന്നു.
ഏകദിന യാത്രയായതിനാല്‍ ഞങ്ങള്‍ കാണേണ്ട മുഖ്യമായ സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചു വെച്ചിരുന്നു. നാഷണല്‍ പാര്‍ക്ക് മുഴുവന്‍ ചുറ്റിക്കാണണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമെടുക്കും. രാത്രി തങ്ങുവാനായുള്ള നിരവധി തമ്പുകള്‍ വഴിക്ക് പലയിടത്തും കണ്ടിരുന്നു. വായു മലിനീകരണമോ മറ്റു യാതൊരു വിധ ശല്യമോ ഇല്ലാതെ അവിടെ കഴിയാന്‍ എത്ര രസമായിരിക്കുമെന്ന് ഞാന്‍ ആലോചിച്ചു. വഴിയില്‍ ദൂരെയായി ബ്രൈഡല്‍വെയില്‍ എന്നറിയപ്പെടുന്ന മനോഹരവും വലുതുമായ വെള്ളച്ചാട്ടം കണ്ടു.
നയനമനോഹരവും, അഗാധവുമായ താഴ്‌വാരങ്ങളും പ്രൗഢഗംഭീര കൊടുമുടികളും ഗിരികന്ദരങ്ങളും ഹൃദയഹാരിയായ ഹരിതാഭയും മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പാര്‍ക്ക് ഹഠാതാകര്‍ഷിച്ചു.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളാണ് യോസെമൈറ്റി വെള്ളച്ചാട്ടം, യോസെമൈറ്റി താഴ്‌വര, ഹെച്ച് ഹെച്ചി, ഗ്ലേസിയര്‍ പോയിന്റ്, വെര്‍ണല്‍ നെവാഡ വെള്ളച്ചാട്ടം, ബ്രൈഡല്‍ വെയില്‍ വെള്ളച്ചാട്ടം, ഹാഫ്‌ഡോം, എല്‍ ക്യാപ്റ്റന്‍, ക്ലാര്‍ക് റേഞ്ച്, കത്തീഡ്രല്‍ റേഞ്ച്, ടണല്‍ വ്യൂ എന്നിവ. ഹെച്ച് ഹെച്ചിയും കത്തീഡ്രല്‍ റേഞ്ചും ഒഴികെ ബാക്കിയുള്ളവയെല്ലാം ദൂരെ നിന്നെങ്കിലും കാണുവാന്‍ സാധിച്ചു. ടണല്‍ വ്യൂ പോയിന്റില്‍ നിന്നും എല്‍ ക്യാപ്റ്റനും ബ്രൈഡല്‍വെയില്‍ വെള്ളച്ചാട്ടവും ദൂരെയായി ഹാഫ്‌ഡോമും അടങ്ങുന്ന ഒന്നിച്ചുള്ള കാഴ്ച കാണാം.
എല്‍ ക്യാപ്റ്റനില്‍ ചെങ്കുത്തായ ഗ്രാനൈറ്റ് പാറക്കെട്ടുകളാണുള്ളത്.
ഗ്ലേസിയര്‍ പോയിന്റില്‍ നിന്നും ദൂരെ താഴെയായി യോസെമൈറ്റി താഴ്വരയുടെയും, വെള്ളച്ചാട്ടത്തിന്റെയും, അടുത്തായി ഹാഫ്‌ഡോമിന്റെയും ഒന്നിച്ചുള്ള മാസ്മരികമായ ദൃശ്യം കാണാം. അവിടെ നിന്നും മടങ്ങാനെ തോന്നില്ല, അത്ര പ്രകൃതിരമണീയമായ നയനാന്ദകരമായ കാഴ്ചയാണ്. അതിശൈത്യത്താല്‍ ദ്രവിച്ച ചെങ്കുത്തായ പാറക്കെട്ടാണ് ഹാഫ്‌ഡോം. സാഹസികരായ സഞ്ചാരികള്‍ അവിടെ പര്‍വ്വതാരോഹണം നടത്താറുണ്ട്. വശ്യമനോഹരമായ ആ വനപ്രദേശം വിട്ടു മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ മടങ്ങി.
വിന്‍ചെസ്റ്റര്‍ നിഗൂഢ മാളിക
സാന്‍ ഹോസെയിലുള്ള ഈ പടുകൂറ്റന്‍ മാളിക ഒരുകാലത്ത് സാറ വിന്‍ചെസ്റ്റര്‍ എന്ന വിധവയുടെ സ്വകാര്യവസതിയായിരുന്നു. തോക്ക് നിര്‍മ്മാണ പ്രമുഖനായിരുന്ന വില്യം വിര്‍ട്ട് വിന്‍ചെസ്റ്ററുടെ ഭാര്യയായിരുന്നു അവര്‍. വിക്ടോറിയന്‍ രീതിയില്‍ നിര്‍മ്മിച്ച ഈ ഭവനത്തിന്റെ പണി 1886-ലാണ് ആരംഭിച്ചത്. ഭര്‍ത്താവിന്റെയും ഏക മകളുടെയും മരണത്തിനു ശേഷം ഭര്‍ത്താവു നിര്‍മ്മിച്ച തോക്കുകളാല്‍ കൊല്ലപ്പെട്ട ആത്മാക്കളുടെ ഉപദ്രവം ഭയന്ന് പടിഞ്ഞാറേക്ക് സ്ഥലം മാറുകയായിരുന്നു സാറ. അന്ധവിശ്വാസിയായിരുന്ന അവര്‍ ദുരാത്മാക്കളെ ഭയപ്പെടുത്തി ഓടിക്കാന്‍ വേണ്ടിയാണ് 1884-ല്‍ വാങ്ങിയ കെട്ടിടത്തില്‍ തുടര്‍ച്ചയായി നവീകരണം നടത്തിക്കൊണ്ടിരുന്നത്. രാപ്പകലില്ലാതെ മരപ്പണിക്കാരുടെയും മറ്റും പണിയായുധങ്ങളാലുള്ള ശബ്ദകോലാഹലങ്ങളാല്‍ ആത്മാക്കള്‍ പേടിച്ചോടുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഒരു വേള ഏകാന്തതയില്‍ നിന്നുള്ള മോചനത്തിനുവേണ്ടിയുമാവാം അവര്‍ ഇതിനു മുതിര്‍ന്നത്.
1906-ല്‍ ഉണ്ടായ ഭൂമികുലുക്കത്തിന് മുന്‍പ് ഈ മാളികയ്ക്ക് ഏഴു നിലകളുണ്ടായിരുന്നതായാണ് ചരിത്രം. പിന്നീട് അത് നാലായി ചുരുങ്ങി. ആര്‍ക്കിടെക്ടുകളെയെല്ലാം ഒഴിവാക്കി സ്വന്തമായി തന്നെ രൂപകല്‍പന ചെയ്തുണ്ടാക്കിയ നവീകരണമാണ് അവര്‍ നടത്തിയിരുന്നത്. തത്ഫലമായി അടുക്കും ചിട്ടയുമില്ലാത്ത രീതിയിലാണ് പണി നടന്നിരിക്കുന്നത്. എങ്ങോട്ടേയ്ക്കും എത്തിച്ചേരാത്ത വാതിലുകളും കോവണികളും, മറ്റു മുറികളെ അഭിമുഖീകരിക്കുന്ന ജാലകങ്ങള്‍ തുടങ്ങി വിചിത്രമായ പല വസ്തുതകളും ഇവിടെ കാണാം. അതിനാല്‍ ഗൈഡുകളുടെ സഹായമില്ലാതെ സന്ദര്‍ശകരെ അങ്ങോട്ടേയ്ക്ക് പ്രവേശിപ്പിക്കുകയില്ല. അഥവാ ആരെങ്കിലും കയറിയാല്‍ തന്നെ അയാള്‍ക്ക് ഒരിക്കലും പുറത്തു വരുവാന്‍ കഴിയുകയില്ല, അത്രയ്ക്ക് നിഗൂഢമാണ് മാളികയുടെ നിര്‍മ്മിതി.
ഏകദേശം 161 മുറികളുള്ള ഈ സൗധത്തില്‍ 40 കിടപ്പറകളും രണ്ടു നൃത്തശാലകളും 47 നെരിപ്പോടുകളും 17 പുകക്കുഴലുകളും രണ്ടു നിലവറകളും മൂന്ന് എലിവേറ്ററുകളുമുണ്ട്. നാലടി പത്തിഞ്ചു മാത്രം ഉയരമുണ്ടായിരുന്ന ശ്രീമതി വിന്‍ചെസ്റ്ററെ കഠിനമായ സന്ധിവാതം തളര്‍ത്തിയിരുന്നതിനാല്‍ ആരംഭത്തിലുണ്ടായിരുന്ന കുത്തനെയുള്ള പടികളൊക്കെ എളുപ്പത്തില്‍ കയറുവാന്‍ കഴിയുന്ന രീതിയിലുള്ള കോവണിപ്പടികളാക്കി മാറ്റിയിരുന്നു. വിന്‍ചെസ്റ്റര്‍ കിടപ്പറകളും കുളിമുറികളും ഓരോ ദിവസവും മാറിമാറിയാണ് ഉപയോഗിച്ചിരുന്നത്. തന്നെ ശല്യപ്പെടുത്തുന്ന ദുരാത്മാക്കളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയായിരുന്നുവത്രേ ഈ കെണി. പഴമ മണക്കുന്ന ആ കൂറ്റന്‍ ഹര്‍മ്യത്തില്‍ നിന്ന് വെളിയിലേക്കിറങ്ങുമ്പോള്‍ ശുദ്ധവായു ലഭിച്ചതിന്റെ ആശ്വാസം പലരുടെയും മുഖത്ത് തിരയടിക്കുന്നുണ്ടായിരുന്നു. മാളികയുടെ മുന്നിലും ചുറ്റിലുമായി മനോഹരമായ ഉദ്യാനമുണ്ട്.
നിഗൂഢ മാളികയുടെ അകത്തളങ്ങളിലെങ്ങോ നിന്നും ഒരു വിലാപം കേട്ടുവോ? അളവറ്റ സമ്പത്തിന്റെ നടുവിലും സ്വന്തമെന്നു പറയാന്‍ ആരോരുമില്ലാത്ത, ഭ്രാന്തന്‍ ഏകാന്തതയില്‍ ജീവിച്ചു മരിച്ച ഒരു വിധവയുടേതാവാം. അല്ലെങ്കില്‍ അവരുടെ ഭര്‍ത്താവാല്‍ നിര്‍മ്മിക്കപ്പെട്ട തോക്കുകള്‍ നിഗ്രഹിച്ച ആത്മാക്കളുടെയാവാം.....അതെന്തുമായിക്കൊള്ളട്ടെ, തിരിഞ്ഞു നോക്കാതെ ഞങ്ങള്‍ അവിടെനിന്നും ബാഹ്യലോകത്തിന്റെ ജീവസ്സുറ്റ വിശാലതയിലേക്ക് അലിഞ്ഞുചേര്‍ന്നു.
Content Highlights: a travel through winchester mystery house and yosemite national park
Published: 08 Jul 2023, 01:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented