ഇഡിയറ്റ് സിന്‍ഡ്രോം ബാധിതരുടെ എണ്ണം കൂടുന്നു; ആശങ്കയകറ്റാം, ഡോക്ടറുടെ സഹായം തേടാം

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ഇന്റര്‍നെറ്റില്‍ രോഗങ്ങള്‍ തിരഞ്ഞുതിരഞ്ഞ് ലോകത്തുടനീളമുള്ള ആളുകളെയെല്ലാം ഒരു രോഗം ബാധിച്ചിരിക്കുകയാണ്. ഇഡിയറ്റ് സിന്‍ഡ്രോം. ശരീരത്തിനോ മനസ്സിനോ സ്വാഭാവികതയില്‍ നിന്ന് എന്തെങ്കിലും മാറ്റം കണ്ടാല്‍ അതിന്റെ കാര്യകാരണങ്ങള്‍ അറിയാന്‍ വ്യഗ്രതയുള്ളവരാണ് പൊതുവെ എല്ലാവരും. ഗൂഗിളിനോടു ചോദിച്ചാല്‍ എല്ലാ മാറ്റങ്ങളുടെയും വിശദമായ ഉത്തരങ്ങള്‍ പല പേജുകളിലായി തുറന്നുതരും. അതെല്ലാം വായിച്ച് ആവശ്യംപോലെ നമ്മളൊരു അനുമാനത്തിലെത്തും. 

ആശുപത്രിയില്‍ പോയില്ലെങ്കിലും സ്വയം രോഗങ്ങള്‍ നിര്‍ണയിക്കാന്‍ ഗൂഗിള്‍ തന്നെ ധാരാളമെന്ന് കരുതുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. ലക്ഷണങ്ങള്‍ കണ്ടാല്‍  ഡോക്ടറുടെ സേവനം തേടാതെ, ഇന്റര്‍നെറ്റ് നിരത്തുന്ന ഭയപ്പെടുത്തുന്ന രോഗങ്ങളുടെ പട്ടിക കണ്ട്, അതു തന്നെയാണ് തന്റെ രോഗമെന്ന് സ്ഥിരീകരിക്കുന്നവര്‍. നിങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നൊരാളാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കും ഇഡിയറ്റ് സിന്‍ഡ്രോമുണ്ട്. 

എന്താണ് ഇഡിയറ്റ് സിന്‍ഡ്രോം?
ഇന്റര്‍നെറ്റ് ഡിറൈവ്ഡ് ഇൻഫർമേഷൻ ഒബ്‌സ്ട്രക്ഷന്‍ ട്രീറ്റ്‌മെന്റ് (IDIOT) എന്നാണിതിന്റെ പൂര്‍ണരൂപം. ഇന്റര്‍നെറ്റിലെ മെഡിക്കല്‍ വിവരങ്ങള്‍ അന്ധമായി വിശ്വസിച്ച് രോഗികള്‍ ചികിത്സ ഉപേക്ഷിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ലോകാരോഗ്യസംഘടന ഇതിനെ 'ഇന്‍ഫോഡെമിക്' എന്ന് വിളിക്കുന്നു. രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ഡിജിറ്റലായി വളരെയധികം വിവരങ്ങള്‍ ലഭ്യമാവുകയും ഡോക്ടര്‍മാര്‍ പറയുന്ന ആധികാരികവിവരങ്ങളില്‍ രോഗിക്ക് വിശ്വാസമില്ലാതെ വരികയും ചെയ്യുന്ന അവസ്ഥയിലേക്ക് ഇത് നയിക്കുന്നുവെന്ന്‌ ഡബ്ല്യു.എച്ച്.ഒ. ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ് തരുന്ന വിവരങ്ങള്‍ പലപ്പോഴും ഒരു അനുഗ്രഹമാണുതാനും. പക്ഷേ,  ആരോഗ്യപരിപാലനത്തില്‍ സങ്കീര്‍ണ്ണമായൊരു സാഹചര്യമാണിത് സൃഷ്ടിച്ചിരിക്കുന്നത്.  

ലക്ഷണങ്ങള്‍

  • ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ പോലും ഗുരുതരമായ രോഗം ഉണ്ടെന്ന ശക്തമായ തോന്നല്‍ 
  • ആരോഗ്യവിവരങ്ങള്‍ തിരയാനായി ഓണ്‍ലൈനില്‍ മണിക്കൂറുകള്‍ ചെലവഴിക്കല്‍
  • ഓണ്‍ലൈനില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഷമം തോന്നുക 
  • രോഗലക്ഷണങ്ങളെപ്പറ്റി തിരയുമ്പോള്‍ വിയര്‍ക്കുകയോ ഹൃദയമിടിപ്പ് കൂടുകയോ അല്ലെങ്കില്‍ ഉത്കണ്ഠയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്യുക
  • നിലവിലുള്ള രോഗത്തെക്കുറിച്ച് ഇന്റര്‍നെറ്റ് കാണിച്ചുതരുന്ന ഏറ്റവും മോശമായ നിഗമനം മാത്രം വിശ്വസിക്കുക 
  • മെഡിക്കല്‍ പ്രൊഫഷണലുകളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ വിശ്വസം നഷ്ടമാവുക, അവര്‍ക്ക് തെറ്റുപറ്റിയതാവുമെന്നുള്ള വിചാരം
  • ഭയം

ആരോഗ്യത്തിന് ഹാനികരം
ആളുകള്‍ സ്വയം രോഗംനിര്‍ണയിക്കുന്നത് പലപ്പോഴും വിപരീതഫലമുണ്ടാക്കും. ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം മരുന്നുകഴിക്കാന്‍ തീരുമാനിക്കുന്നതിലൂടെ ഇല്ലാത്ത രോഗങ്ങള്‍ക്കുവേണ്ടിയായിരിക്കും നിങ്ങളുടെ ചികിത്സ. അത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കും. തലവേദനയോ ചുമയോ പോലുള്ള നിസ്സാരമായ അസുഖങ്ങളുടെ പോലും കാരണം തിരഞ്ഞാല്‍ ഒരു നീണ്ട പട്ടികതന്നെ ഗൂഗിള്‍ നിങ്ങള്‍ക്കുമുമ്പില്‍ നിരത്തും. ചെറിയ രോഗങ്ങള്‍ മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ അതില്‍ കാണും. ഭൂരിഭാഗം വെബ്‌സൈറ്റിലുകളിലും സ്ഥിതി സമാനമാണ്. ആ വിവരങ്ങള്‍ക്ക്‌ നിങ്ങളുടെ ആരോഗ്യസ്ഥിതിയുമായി യാതൊരു ബന്ധവും ഉണ്ടാവണമെന്നില്ല. 

ഗൂഗിളില്‍ കാണിക്കുന്ന എല്ലാ വിവരങ്ങളും തെറ്റാണോ?
അല്ല. ഇന്റര്‍നെറ്റിലെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെറ്റോ ശരിയോ അല്ല. മറ്റെല്ലാ വിഷയങ്ങളിലെയും പോലെ തന്നെ ആരോഗ്യകാര്യത്തിലും തെറ്റും ശരിയുമുണ്ട്. ആധികാരികമായ വിവരങ്ങള്‍ പങ്കുവെക്കുന്ന ഒട്ടേറെ വെബ്‌സൈറ്റുകളും പഠനങ്ങളും ലഭ്യമാണ്. ഡോക്ടറുടെ വൈദഗ്ധ്യം ഒരിക്കലും നിങ്ങള്‍ക്കുണ്ടാവില്ലെന്ന് ഓര്‍മ വേണം. പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ തരുന്ന കരുതലാണ് രോഗികള്‍ക്ക് വേണ്ടത്. ചികിത്സയുടെയും മരുന്നിന്റെയുമൊക്കെ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കുന്നത് അപകടമാണ്.  ചില സൈറ്റുകള്‍ ജനപ്രീതിയും പരസ്യങ്ങളും റേറ്റിങ്ങും നേടുന്നതിനായി വ്യാജ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വായനക്കാരെ ഒരു തരത്തില്‍ ഭീഷണിപ്പെടുത്തി ഹൈപ്പ് കൂട്ടുന്ന ഇത്തരം സൈറ്റുകള്‍ നിരീക്ഷിച്ച് കൃത്യസമയത്തുതന്നെ അവഗണിക്കണം.

പരിണിതഫലം

  • വിദഗ്ധചികിത്സ ലഭിക്കാതെ വരും
  • രോഗലക്ഷണങ്ങള്‍ കണ്ട് ഭയന്ന് അമിതമായ ആശങ്ക
  • സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടും
  • യഥാര്‍ഥരോഗം മനസ്സിലാകാതെ പോവും

പൂര്‍ണവിവരം ലഭ്യമായിരിക്കില്ല
പാതിവിവരങ്ങളേ പലപ്പോഴും ഇന്റര്‍നെറ്റ് തരൂ. ഓരോ വ്യക്തിയിലും രോഗവും രോഗകാരണവും വ്യത്യസ്തമായിരിക്കും. രോഗമറിയാതെ പാതിവഴിയില്‍ ചികിത്സ നിര്‍ത്താനുള്ള പ്രവണത ഇഡിയറ്റ് സിന്‍ഡ്രോമുള്ളവരില്‍ ഉണ്ടാകാറുണ്ട്. ഇഡിയറ്റ് എന്ന വാക്കുമായി ബന്ധമൊന്നുമില്ലെങ്കിലും മറ്റൊരു തരത്തില്‍ ഇതൊരു മണ്ടത്തരം തന്നെയാണ്. സ്വയം രോഗം നിര്‍ണയിച്ച് മാറാവ്യാധിയെന്ന് കരുതി ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നും നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് ഉചിതമായി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ഉത്കണ്ഠപ്പെടാതെ വിദഗ്ധഡോക്ടറുടെ സഹായം തേടാം.


 

Content Highlights: IDIOT syndrome googling too much is bad for health