രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞ് വീണ്ടും പാഠപുസ്തകങ്ങളുടെ ലോകത്തേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ കുട്ടികള്‍. നീണ്ട അവധിക്ക് ശേഷം സ്‌കൂളിലേക്ക് മടങ്ങിയെത്തുമ്പോള്‍ കുട്ടികളില്‍ ഉണ്ടാകേണ്ട മാനസിക തയാറെടുപ്പുകള്‍ എന്തൊക്കെയാണ്? അനുദിനം മാറുന്ന ലോകത്തില്‍ കുട്ടികളില്‍ കണ്ടുവരുന്ന ഉത്കണ്ഠ, ഭയം തുടങ്ങിയവയെ എങ്ങനെ കൈകാര്യം ചെയ്യാം? മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവ രണ്ടും.  

To advertise here,

എന്താണ് സെപ്പറേഷന്‍ ആങ്‌സൈറ്റി?
മാതാപിതാക്കളുടെ തണലില്‍നിന്ന് കുട്ടികള്‍ മാറിനില്‍ക്കുമ്പോള്‍ അവരില്‍ കണ്ടുവരുന്ന മാനസിക പിരിമുറുക്കമാണ് 'സെപ്പറേഷന്‍ ആങ്‌സൈറ്റി'. 18 മാസത്തിനും 3 വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ കരച്ചില്‍, മാതാപിതാക്കളില്‍നിന്ന് വേര്‍പിരിയുമോ എന്ന ഭയം, മറ്റുള്ളവരെ അനുഗമിക്കാനുള്ള വിമുഖത തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്നതാണ്. എന്നാല്‍ നാലു വയസ്സിനു ശേഷവും കുട്ടിയില്‍ ഈ പറയുന്ന ലക്ഷണങ്ങള്‍ നാലാഴ്ചയില്‍ കൂടുതല്‍ അതിതീവ്രമായി കണ്ടുവരികയാണെങ്കില്‍ അതിനെ സെപ്പറേഷന്‍ ആങ്‌സൈറ്റി ഡിസോര്‍ഡറായി കണക്കാക്കാം.  

ലക്ഷണങ്ങള്‍ തിരിച്ചറിയാം
മാതാപിതാക്കളില്‍നിന്ന് കുറച്ചു സമയത്തേക്കെങ്കിലും മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്കോ അവര്‍ക്കോ എന്തെങ്കിലും ആപത്ത് സംഭവിക്കുമോ, എന്നെന്നേക്കുമായി അവരെ വിട്ടുപിരിയേണ്ടി വരുമോ എന്ന അതിതീവ്രമായ ഉത്കണ്ഠയും അനാവശ്യ ആവലാതിയും ഉണ്ടാകുക. അത് മൂലം സ്ഥിരമായി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുക. ഇടയ്ക്കിടെ പേടി സ്വപ്നങ്ങള്‍ കാണുക, ഒറ്റയ്ക്ക് ഇരിക്കാനുള്ള ഭയം, കുട്ടികളില്‍ ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടയ്ക്കുള്ള തലവേദന, വയറുവേദന തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങള്‍, ടെന്‍ഷന്‍ എന്നിവയൊക്കെ സെപ്പറേഷന്‍ ആങ്‌സൈറ്റിയുടെ ലക്ഷണങ്ങളാവാം. ചില കുട്ടികളില്‍ സ്‌കൂളില്‍ പോകുന്നതിന് തൊട്ടുമുമ്പോ തലേ രാത്രിയിലോ ഓക്കാനം, വയറുവേദന, തലവേദന, ഹൃദയമിടിപ്പ്  വര്‍ധിക്കുക എന്നിവ ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടികള്‍ കണ്ടേക്കാം.   

സെപ്പറേഷന്‍ ആങ്‌സൈറ്റിയെ നേരിടുന്നതെങ്ങനെ?
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് വയസ്സില്‍ തന്നെ ആരംഭിക്കാവുന്നതാണ്. കുട്ടികളെ മാതാപിതാക്കളുടെ അഭാവത്തിലും സ്വാതന്ത്ര്യവും സമാധാനവും ലഭിക്കുന്ന തരത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആദ്യകാല തയ്യാറെടുപ്പുകള്‍.

സാമൂഹ്യ ഇടപെടലുകള്‍: കുട്ടികളെ സ്‌കൂളിലെ വിവിധ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും സമപ്രായക്കാരുമായി ഇടപഴകാന്‍ അവസരങ്ങള്‍ ഒരുക്കുകയും വേണം. വിശ്വാസയോഗ്യരായ ആളുകള്‍ക്കിടയില്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ട് ക്രമേണ അവരെ കുറച്ച് സമയത്തേക്ക് മാതാപിതാക്കളില്‍നിന്ന് മാറ്റി നിര്‍ത്തണം. ഇത് മാതാപിതാക്കളുടെ അഭാവത്തില്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കാന്‍ സഹായിക്കും. അതേസമയം വിശ്വാസം വളര്‍ത്തിയെടുക്കാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

ഡേ കെയറുകള്‍: മാതാപിതാക്കള്‍ മടങ്ങിവരുമെന്ന് മനസ്സിലാക്കാനും അതുവഴി സുരക്ഷിതത്വബോധം വളര്‍ത്തിയെടുക്കാനും കുട്ടികളെ സഹായിക്കുന്നതില്‍ ഡേകെയറുകള്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്.

ക്യാമ്പ് സെഷനുകളും സ്‌കൂള്‍ വിസിറ്റുകളും: ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ക്കായി ക്യാമ്പ് സെഷനുകളോ ഒരു മണിക്കൂര്‍ സ്‌കൂള്‍ സന്ദര്‍ശനങ്ങളോ സംഘടിപ്പിക്കാവുന്നതാണ്. ഇത് കുട്ടികളെ പുതിയ പരിസ്ഥിതിയുമായി പരിചയപ്പെടാനും പൊരുത്തപ്പെടാനും പ്രാപ്തരാക്കുന്നു. അതോടൊപ്പം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ് റൂം പരിചയപ്പെടാനും, സഹപാഠികളുമായി സൗഹൃദം രൂപപ്പെടുത്താനും സഹായിക്കുന്നുണ്ട്.

അധ്യാപകര്‍ക്കും പങ്കുചേരാം: കൃത്യമായ പരിചരണത്തിലൂടെയും പിന്തുണയിലൂടെയും അധ്യാപകര്‍ക്കും കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കാന്‍ കഴിയും. വീട്ടില്‍ ചെറിയ പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യിപ്പിച്ച് ദിനചര്യയും ഉത്തരവാദിത്വബോധവും വളര്‍ത്തിയെടുക്കാന്‍ മിനി ലേണിംഗ് ഏരിയ സജ്ജീകരിക്കാം.

റോള്‍ പ്ലേയിങ്: കുട്ടികളെ സ്‌കൂളിലേക്ക് സജ്ജരാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മറ്റൊരു മാര്‍ഗമാണ് റോള്‍ പ്ലേയിങ്. ഉദാഹരണത്തിന്, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും വെച്ച് അധ്യാപകരും കുട്ടികളുമായി അഭിനയിക്കാം. അതില്‍ മാതാപിതാക്കള്‍ക്കും പങ്കുചേരാം.  

ചികിത്സയും മരുന്നുകളും: സെപ്പറേഷന്‍ ആങ്‌സൈറ്റി ഗുരുതരമാകുകയും കുട്ടിയുടെ പ്രകടനത്തെ തന്നെ കാര്യമായി ബാധിക്കുകയും ചെയ്താല്‍ ചികിത്സ തേടേണ്ടതാണ്. സൈക്കോതെറാപ്പിയാണ് ഇതിന്റെ ആദ്യപടി. ഇതോടൊപ്പം മരുന്നുകളും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. 

ചില മാതാപിതാക്കളില്‍ അമിതമായ ഉത്കണ്ഠ മൂലമുണ്ടാകുന്ന ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോര്‍ഡര്‍ (ജി.എ.ഡി) പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികളില്‍ ഉത്കണ്ഠയ്ക്ക് കാരണമാകാറുണ്ട്. ഇതിനെ നേരിടാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നത് വഴിയും കുട്ടിയുടെ ഉത്കണ്ഠ കുറയ്ക്കാന്‍ സാധിക്കും. കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തുക, റോള്‍ പ്ലേകള്‍ പരിശീലിക്കുക, അധ്യാപകരുമായി സഹകരിക്കുക എന്നിവയാണ് വേര്‍പിരിയല്‍ ഉത്കണ്ഠയെ നേരിടാന്‍ അവരെ സഹായിക്കുന്ന പ്രധാനതന്ത്രങ്ങള്‍. ക്ഷമയോടെയും വിവേകത്തോടെയും ഇടപെടുന്നതിലൂടെ സെപ്പറേഷന്‍ ആങ്‌സൈറ്റിയെ നേരിടാന്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടിയെ സഹായിക്കാനാകും.

(കൊച്ചി പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖിക)