ചിപ്സിനു പകരം വറുത്ത കടല, പിന്നെ ഉപ്പിലിട്ടതും ചീസും; വയറിന്റെ ആരോഗ്യത്തിന് ഗുണമേകുന്ന സ്നാക്കുകൾ തിരഞ്ഞെടുക്കാം

AIനിർമിതചിത്രം
AIനിർമിതചിത്രം

ഉച്ചഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്ക്കുമിടയിൽ വിശപ്പ് തോന്നുമ്പോൾ കൈ ആദ്യം പോകുന്നത് ചിപ്‌സിലേക്കോ മധുരപലഹാരങ്ങളിലേക്കോ ആയിരിക്കും. പെട്ടെന്നുള്ള വിശപ്പ് മാറ്റാൻ ഇവ സഹായിച്ചേക്കാം. എന്നാൽ പതിവായി അൾട്രാ പ്രോസസ്ഡ് സ്‌നാക്‌സുകൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. പകരം, രുചിക്കൊപ്പം ദഹനവ്യവസ്ഥയ്ക്കും ഗുണം ചെയ്യുന്ന ചില ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.

കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആവശ്യമായ ഫൈബർ ലഭിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് ദഹനത്തെ പിന്തുണയ്ക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയ ലഘുഭക്ഷണങ്ങളാണ് ഇടനേരത്തേക്ക് കൂടുതൽ അനുയോജ്യമെന്നും വിദഗ്ധർ പറയുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും.

ഗ്രീക്ക് യോഗർട്ടും പഴങ്ങളും: പ്രോബയോട്ടിക് ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് യോഗർട്ട്. കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പിന്തുണയ്ക്കാൻ ഇത് സഹായിക്കും. ഗ്രീക്ക് യോഗർട്ടിനൊപ്പം ആപ്പിൾ, ബെറി പഴങ്ങൾ, പിയർ തുടങ്ങിയവ ചേർക്കാം. പഴങ്ങളിൽ അടങ്ങിയിട്ടുള്ള പ്രീബയോട്ടിക് ഫൈബറും കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

ഹമ്മസും എഡമാമെയും: പച്ചക്കറികൾക്കൊപ്പം പോഷകസമൃദ്ധമായ ഡിപ്പ് കഴിക്കാം. കടലയിൽനിന്ന് തയ്യാറാക്കുന്ന ഹമ്മസിനൊപ്പം പച്ച സോയാബീൻ(Edamame) ചേർത്താൽ പ്രോട്ടീനും ഫൈബറും ലഭിക്കും. വിശപ്പിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.

ചിയ പുഡ്ഡിങ്: ചെറിയ അളവിൽ കഴിച്ചാലും പോഷകഗുണങ്ങൾ ഏറെയുള്ളതാണ് ചിയ പുഡ്ഡിങ്. ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡുകളും ഇതിലുണ്ട്. തേൻ, പഴങ്ങൾ, നട്‌സ് എന്നിവ ചേർത്ത് കഴിച്ചാൽ രുചിയും പോഷകഗുണവും കൂട്ടാം.

വറുത്ത കടല: ചിപ്‌സിന് പകരം പരീക്ഷിക്കാവുന്ന മികച്ചൊരു സ്‌നാക്കാണ് വറുത്ത കടല. വയറുനിറയാൻ സഹായിക്കുന്നതിനൊപ്പം ഫൈബറും ലഭിക്കും. അധികം എണ്ണയും ഉപ്പും ചേർക്കാതെ തയ്യാറാക്കുന്നതാണ് കൂടുതൽ നല്ലത്.

ഉപ്പിലിട്ടതും ചീസും ടർക്കി സ്ലൈസും: ഫെർമെന്റ് ചെയ്ത (പുളിപ്പിച്ചപച്ചക്കറികളിൽനിന്ന് പ്രോബയോട്ടിക്‌സ് ലഭിക്കും. അതിനാൽ ഉപ്പിലിട്ട പച്ചക്കറികൾക്കൊപ്പം ചീസോ കൊഴുപ്പ് കുറഞ്ഞ മാംസവിഭവങ്ങളോ കഴിക്കാം. എന്നാൽ ഉപ്പിന്റെ അളവ് കൂടുതലുള്ള പച്ചക്കറികൾ മിതമായി മാത്രം കഴിക്കുക.

പിസ്ത: കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റൊരു മികച്ച സ്‌നാക്കാണ് പിസ്ത. ഇതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. പതിവായി പിസ്ത കഴിക്കുന്നത് കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പിന്തുണയ്ക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. യോഗർട്ടിനുമുകളിൽ വിതറിയോ, ടോസ്റ്റിനൊപ്പം കഴിച്ചോ, സ്മൂത്തിയിൽ ചേർത്തോ പിസ്ത ഉപയോഗിക്കാം.

ഉണക്കമുന്തിരി? അല്ല, പ്രൂൺസും വാൾനട്ടും: മലബന്ധം അനുഭവപ്പെടുന്നവർക്ക് പ്രൂൺസ് അഥവാ ഉണക്കിയ പ്ലം സഹായകരമായൊരു ഭക്ഷണമാണ്. ഇതിൽ ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ സോർബിറ്റോൾ എന്ന സ്വാഭാവിക ഷുഗർ ആൽക്കഹോളും ഇതിലുണ്ട്. ഇത് മലവിസർജനം സുഗമമാക്കാൻ സഹായിച്ചേക്കാം. പ്രൂൺസിനൊപ്പം വാൾനട്ട് കഴിക്കാം. ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡുകളും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴവും ഡാർക്ക് ചോക്ലേറ്റും: മധുരം കഴിക്കണമെന്ന തോന്നലുണ്ടാകുമ്പോൾ ഈന്തപ്പഴം പരീക്ഷിക്കാം. ഫൈബർ അടങ്ങിയ ഈന്തപ്പഴം മലവിസർജനം ക്രമത്തിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഈന്തപ്പഴത്തിൽ അൽപം ഡാർക്ക് ചോക്ലേറ്റ് പുരട്ടി, മുകളിൽ ഒരുനുള്ള് ഉപ്പ് വിതറിയാൽ രുചികരമായൊരു സ്‌നാക്കായി കഴിക്കാം. ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുമ്പോൾ പഞ്ചസാര കുറവുള്ളത് നോക്കുന്നതാണ് നല്ലത്.

കെഫിർ സ്മൂത്തി: പുളിപ്പിച്ച പാലിൽനിന്ന് തയ്യാറാക്കുന്ന കെഫിറിൽ പ്രോബയോട്ടിക് കൾച്ചറുകൾ അടങ്ങിയിട്ടുണ്ട്. കുടലിലെ നല്ല ബാക്ടീരിയകളെ പിന്തുണയ്ക്കാനും ദഹനം ക്രമത്തിലാക്കാനും ഇത് സഹായിച്ചേക്കാം. പഴങ്ങൾക്കൊപ്പം കെഫിർ ചേർത്ത് സ്മൂത്തി തയ്യാറാക്കാം. കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും ഇത് സഹായിക്കും.

സ്‌നാക്ക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
കുടലിന്റെ ആരോഗ്യത്തിനായി സ്‌നാക്ക് തിരഞ്ഞെടുക്കുമ്പോൾ ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകാം. പാക്കറ്റ് ചിപ്‌സ്, മധുരപലഹാരങ്ങൾ തുടങ്ങിയ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ പതിവാക്കാതിരിക്കുന്നതാണ് നല്ലത്. അധിക പഞ്ചസാര, കൃത്രിമ മധുരം, ചില എമൾസിഫയറുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുടലിലെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥയെ ബാധിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആരോഗ്യകരമായ സ്‌നാക്ക് ആണെങ്കിലും ഇടയ്ക്കിടെ തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കേണ്ടതില്ല. ഭക്ഷണങ്ങൾക്കിടയിൽ ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഇടവേള നൽകുന്നത് ദഹനപ്രക്രിയയ്ക്ക് സഹായകരമായേക്കാം.

വിശപ്പടക്കാൻ മാത്രമല്ലിത്. ഒരുദിവസത്തെ ഭക്ഷണത്തിൽ കുറവുള്ള പോഷകങ്ങൾ കൂടി നൽകാനുള്ള അവസരമായാണ് സ്‌നാക്കുകളെ കാണേണ്ടത്. അതുകൊണ്ട് അടുത്ത തവണ ചിപ്‌സിന്റെ പാക്കറ്റിലേക്ക് കൈ നീളുമ്പോൾ, പകരം ഒരു പിടി പിസ്തയോ പഴങ്ങളോടുകൂടിയ യോഗർട്ടോ പരീക്ഷിച്ചുനോക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi