ഫാറ്റി ലിവർ ഉള്ളവരാണോ? പ്രഭാതഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങളിതാ...

പ്രതീകാത്മക ചിത്രം | Freepik
പ്രതീകാത്മക ചിത്രം | Freepik

രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ചായയും ബിസ്ക്കറ്റും കഴിക്കുക, അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഉപ്പുമാവോ കോൺഫ്ലേക്സോ. ഇത് പലരുടെയും ശീലമാണ്. എന്നാൽ ഫാറ്റി ലിവർ (Fatty Liver) പ്രശ്നങ്ങൾ നേരിടുന്നവരാണ് നിങ്ങളെങ്കിൽ, ദിവസേനയുള്ള ഇത്തരം ഭക്ഷണരീതികളെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.

പ്രഭാതഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ ഗുണനിലവാരം, ചേർക്കുന്ന പഞ്ചസാരയുടെ അളവ്, നാരുകളുടെ (Fibre) സാന്നിധ്യം എന്നിവ കരളിന്റെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. പഞ്ചസാര കൂടുതലടങ്ങിയതും, ഫൈബറും പ്രോട്ടീനും കുറഞ്ഞതുമായ ഭക്ഷണങ്ങൾ ഫാറ്റി ലിവർ കൂടുതൽ സങ്കീർണ്ണമാക്കാം. ഫാറ്റി ലിവർ ഉള്ളവർ നിയന്ത്രിക്കേണ്ട ചില പ്രഭാതഭക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ദ്ധ ശില്പ ചൗള.

സിറിയലുകളും കോൺഫ്ലേക്സും

രാവിലെ പെട്ടെന്ന് തയ്യാറാക്കാം എന്നതിനാൽ പാലിൽ കോൺഫ്ലേക്സ് ഇട്ട് കഴിക്കുന്നത് പലരും എളുപ്പവഴിയായി കാണാറുണ്ട്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഭൂരിഭാഗം പ്രൊസസ്ഡ് സിറിയലുകളിൽ, ഉയർന്ന അളവിൽ പഞ്ചസാരയും സംസ്കരിച്ച ധാന്യങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ഫൈബറിന്റെ അളവ് വളരെ കുറവായിരിക്കും. ഇതിന് പകരമായി പഞ്ചസാര ചേർക്കാത്ത, ഹോൾഗ്രെയിൻ ഓട്സോ ധാന്യങ്ങളോ തിരഞ്ഞെടുത്ത്, അതിൽ പഴങ്ങളും നട്സും ചേർത്ത് കഴിക്കുന്നതാണ് കരളിന്റെ ആരോഗ്യത്തിന് കൂടുതൽ അനുയോജ്യം.

ചായ, ബിസ്ക്കറ്റ്, ടോസ്റ്റ്

രാവിലെ ഒരു കപ്പ് ചൂട് ചായയ്ക്കൊപ്പം ബിസ്ക്കറ്റോ ബ്രെഡ് ടോസ്റ്റോ കഴിക്കുന്നത് ഒരു ലഘുഭക്ഷണമായി തോന്നാം. എന്നാൽ ഇത് ശരീരത്തിലേക്ക് ഉയർന്ന അളവിൽ റിഫൈൻഡ് കാർബോഹൈഡ്രേറ്റും പഞ്ചസാരയുമാണ് എത്തിക്കുന്നത്. പെട്ടെന്ന് വയർ നിറയ്ക്കുമെങ്കിലും ശരീരത്തിന് ആവശ്യമായ പ്രോട്ടീനോ ഫൈബറോ നൽകുന്നില്ലെന്ന് മാത്രമല്ല, പോഷകസമ്പന്നമായ മറ്റ് ഭക്ഷണങ്ങൾ കഴിക്കാനുള്ള വിശപ്പ് ഇല്ലാതാക്കുകയും ചെയ്യും.

ബട്ടർ - ജാം

വൈറ്റ് ബ്രെഡിൽ ബട്ടറും ജാമും ചേർത്തുള്ള സാൻഡ്‌വിച്ച് കഴിക്കുമ്പോൾ പ്രൊസസ് ചെയ്ത കാർബോഹൈഡ്രേറ്റും പഞ്ചസാരയും കൊഴുപ്പും ഒരുമിച്ചാണ് ഉള്ളിലെത്തുന്നത്. ഇത്തരം ഭക്ഷണങ്ങൾ പതിവാക്കുന്നത് കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകും. വൈറ്റ് ബ്രെഡിന് പകരം തവിടു കളയാത്ത ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ഹോൾഗ്രെയിൻ ബ്രെഡ് ഉപയോഗിക്കുന്നതും, അതിനൊപ്പം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതുമാണ് നല്ലത്.

അവൽ

ധാരാളം പച്ചക്കറികളും കപ്പലണ്ടിയും ചേർത്ത് തയ്യാറാക്കുന്ന അവൽ (Poha) പോഷകസമ്പന്നമാണ്. എന്നാൽ പച്ചക്കറികളോ പ്രോട്ടീനോ ചേർക്കാതെ തയ്യാറാക്കുന്ന അവൽ, വലിയ അളവിൽ കഴിക്കുമ്പോൾ, അത് ഉയർന്ന കാർബോഹൈഡ്രേറ്റ് മാത്രമാകും. അതിനാൽ കഴിക്കുന്ന അളവിലും തയ്യാറാക്കുന്ന രീതിയിലും പ്രത്യേകം ശ്രദ്ധ വേണം.

ഉപ്പുമാവ്

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നായ ഉപ്പുമാവും ഈ ഗണത്തിൽ പെടുന്നു. റവ പ്രധാനമായും കാർബോഹൈഡ്രേറ്റ് അടങ്ങിയതും ഫൈബർ കുറഞ്ഞതുമായ ധാന്യമാണ്. പച്ചക്കറികളൊന്നും ചേർക്കാതെ ഉപ്പുമാവ് കഴിക്കുന്നത് ഫാറ്റി ലിവർ ഉള്ളവർക്ക് നല്ലതല്ല. ഉപ്പുമാവ് തയ്യാറാക്കുമ്പോൾ അതിൽ ധാരാളം പച്ചക്കറികളും നട്സുകളും ചേർത്താൽ പോഷകഗുണം വർദ്ധിപ്പിക്കാൻ സാധിക്കും.

 
 
 
 
 
 
 
 
 
 
 
 
 
 
 

നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ പ്രാധാന്യം

ഫാറ്റി ലിവർ നിയന്ത്രണവിധേയമാക്കാൻ ദിവസേനയുള്ള ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, വിത്തുകൾ എന്നിവ പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഉന്മേഷവും നൽകാനും സഹായിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Avoid processed cereals, cornflakes, and biscuits which contain high sugar and refined carbs., Refined carbohydrates and low-fiber foods worsen fatty liver conditions., Include whole grains, fiber, vegetables, and protein in your morning meal for better liver health.