രാത്രി ഷിഫ്റ്റുകൾ പലപ്പോഴും സ്വാഭാവിക ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു. ഉറക്കം തെറ്റുന്നതിലൂടെ ശരീരം മോശമാകുമെന്നു മാത്രമല്ല ഇത് മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം. എന്നാൽ രാത്രി ഷിഫ്റ്റുകൾ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെയും സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഹെപ്പറ്റോളജിസ്റ്റുകൾ ചൂണ്ടികാട്ടുന്നത്.

To advertise here,

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. പ്രധാനമായും അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (AFLD), നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നീ രണ്ടുതരത്തിലാണ് ഫാറ്റി ലിവർ കാണപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ 'ദി ലിവർ ഡോക്' എന്നറിയപ്പെടുന്ന ഹെപ്പറ്റോളജിസ്റ്റായ ഡോ. സിറിയക് ആബി ഫിലിപ്‌സ് പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഫാറ്റി ലിവർ രോഗത്തിന് കാരണമാകുന്ന, ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ഒരു ഘടകമായ താളം തെറ്റിയ ഉറക്കവും രാത്രി ഷിഫ്റ്റിലെ ജോലിയും കരളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് പറയുന്നത്.

രാത്രിയിൽ ജോലി ചെയ്യേണ്ടി വരുന്ന ആളുകളുടെ ജൈവഘടികാരം തകരാറിലാകുമെന്നും ഇത് ഗുണനിലവാരമില്ലാത്ത ഉറക്കത്തിലേക്ക് നയിക്കുന്നുവെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഉറങ്ങിയാലും ഉന്മേഷം തോന്നാത്ത അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു. അതിനാൽ, ഉറക്കക്കുറവോ ഉന്മേഷക്കുറവോ അനുഭവപ്പെട്ടേക്കാം. 

ഉന്മേഷം നൽകാാത്ത ഇത്തരം ഉറക്കം ഫാറ്റി ലിവറിന് കാരണമാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിന് ജനിതക ഘടനയുമായോ, ചുറ്റുപാടുകളുമായോ, കുടുംബവുമായോ യാതൊരു ബന്ധവുമുണ്ടാകില്ല. ഇത്തരം ആളുകൾക്ക് കുറഞ്ഞ മണിക്കൂറുകൾ മാത്രമേ ഉറങ്ങാൻ ലഭിക്കുന്നുള്ളൂ. അതുമാത്രം ഫാറ്റിലിവർ വരുന്നതിനുള്ള ഒരു പ്രധാന കാരണമായി കണക്കാക്കാം.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് പ്രകടമായ പ്രാരംഭ ലക്ഷണങ്ങളൊന്നുമുണ്ടാകില്ല. അതുകൊണ്ട് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ കൃത്യമായ ശ്രദ്ധയും പരിചരണവും ശരീരത്തിന് നൽകുകയും ഒപ്പം കൃത്യമായ ഇടവേളകളിൽ രക്തപരിശോധനകൾ നടത്തേണ്ടതും അത്യാവശ്യമാണ്.

(പൊതുവായ നിർദേശങ്ങളാണിവ, ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം മാത്രം മുന്നോട്ടു പോവുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi