കരള്‍ രോഗങ്ങളുടെ പ്രധാനകാരണം മദ്യപാനവും തെറ്റായ ജീവിതശൈലിയുമാണ്. പുതിയ പഠനങ്ങള്‍ പ്രകാരം മദ്യപാനികള്‍ അല്ലാത്തവര്‍ക്കിടയില്‍ കരള്‍ രോഗങ്ങള്‍ പെരുകുകയാണ്. മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ശ്രദ്ധിച്ചില്ലെങ്കില്‍ കരളിലെ കോശങ്ങള്‍ എന്നേക്കുമായി നശിച്ച് സീറോസിസിലേക്ക് നയിച്ചേക്കാം. അതുമല്ലെങ്കില്‍ കരളില്‍ അര്‍ബുദം വന്നെന്നിരിക്കാം.

To advertise here,

ഇന്ത്യയിലെ  മൂന്നില്‍ ഒരാള്‍ ഫാറ്റി ലിവറിന് അടിമയാണ്. ലോകജനസംഖ്യയുടെ 25-30  ശതമാനം ആളുകള്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന്റെ പിടിയിലാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ ഇത് ഏതാണ്ട് 40 ശതമാനത്തോളമാണ്. പുരുഷന്മാരേക്കാള്‍ ഈ അവസ്ഥ വലയ്ക്കുന്നത് സ്ത്രീകളെയാണ്. കണ്ണും തൊലിയും മഞ്ഞനിറമാകുക, വിശപ്പില്ലായ്മ, തൊലിപ്പുറത്തെ ചൊറിച്ചില്‍, കാലില്‍ നീരുവെക്കല്‍, അടിവയര്‍ വീക്കം ഇവയെല്ലാം ഫാറ്റിലിവറിന്റെ ലക്ഷണങ്ങളാണ്. 

കരളിന് ദഹനപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തത്ര ഉയര്‍ന്ന അളവില്‍ കൊഴുപ്പ് ഭക്ഷണത്തിലൂടെ അകത്തെത്തുന്നത് തന്നെയാണ് ഈ അവസ്ഥയുടെ പ്രധാനകാരണം. അങ്ങനെ ദഹിപ്പിക്കാന്‍ കഴിയാതെ വരുന്ന കൊഴുപ്പ് കരളിന് ചുറ്റുമായി അടിഞ്ഞുകൂടും. അമിതവണ്ണവും പ്രമേഹവും മറ്റ് കാരണങ്ങളാണ്. സ്ഥിരമായുള്ള മരുന്നുകള്‍ മൂലമോ മറ്റോ ശരീരത്തില്‍ ട്രൈഗ്ലിസറൈഡുകള്‍ കൂടുന്നതും ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം. 

നിലവിലുള്ള ശരീരഭാരത്തിന്റെ 3 ശതമാനം കുറയ്ക്കാനായാലും ഫാറ്റി ലിവര്‍ നിയന്ത്രിക്കാനാകും. രക്തത്തിലെ ഡയബറ്റിസ്, ട്രൈ ഗ്ലിസറൈഡ്, കൊളസ്ട്രോള്‍ എന്നിവ വരുതിയിലാക്കണം. പൊരിച്ചതും വറുത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ തീര്‍ത്തും ഒഴിവാക്കുകയാണ് വേണ്ടത്. ഉയര്‍ന്ന തോതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരവും ഒഴിവാക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. 

ഭാരം കുറയ്ക്കാന്‍ ഫ്രൂട്ട് ജ്യൂസുകള്‍ കഴിക്കുന്നത് നല്ലതാണെന്ന് കരുതി ധാരാളം പേര്‍ മധുരമുള്ള ജ്യൂസ് ശീലിക്കാറുണ്ട്. ഇത് ഡയബറ്റിസിലേക്ക് കൊണ്ടെത്തിക്കും. കലോറി കുറവുള്ള ഡയറ്റ് ഡ്രിങ്കുകള്‍ കഴിക്കാം. മധുരമില്ലാത്ത കട്ടന്‍ കാപ്പി കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഫാറ്റി ലിവര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള എന്‍സൈമുകളുടെ ഉത്പാദനം നിയന്ത്രിക്കാന്‍ കാപ്പിയിലെ കഫീന് സാധിക്കും. 

വണ്ണമുള്ളവര്‍ക്ക് മാത്രമേ ഫാറ്റി ലിവര്‍ ഉണ്ടാകൂ എന്ന ധാരണയും തെറ്റാണ്. മെലിഞ്ഞിരിക്കുന്ന ആളുകളിലും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്. ചെറുപ്പക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഫാറ്റി ലിവര്‍ കേസുകള്‍ കൂടുകയാണ്.