കാലങ്ങളായി കരള്‍ രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന വില്ലനായി  കരുതപ്പെടുന്നത് മദ്യമാണ്. അമിതമായ മദ്യപാനം കരളിനെ നശിപ്പിക്കുന്നു. എന്നാല്‍ മദ്യം മാത്രമാണോ കരളിനെ ഇല്ലായ്മ ചെയ്യുന്നത്?
ഏറ്റവും സുരക്ഷിതം എന്ന് നാം കരുതുന്ന ജീവിതത്തിന്റെ പല കോണുകളിലും കരളിനെ തകര്‍ക്കുന്ന വില്ലന്മാര്‍ ഒളിഞ്ഞിരിപ്പുണ്ട്. നിരുപദ്രവകരമെന്ന് തോന്നുന്ന ശീലങ്ങള്‍, ഭക്ഷണങ്ങള്‍, ഓവര്‍ഡോസ് മരുന്നുകള്‍ പോലും അമിത മദ്യപാനത്തേക്കാള്‍ കൂടുതല്‍ ദോഷകരമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മദ്യത്തിനപ്പുറം കരളിനെ തകര്‍ക്കുന്ന ദൈനംദിന ജീവിതശൈലിയെക്കുറിച്ച് നാം കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്.

To advertise here,

പഞ്ചസാര എന്ന നിശ്ശബ്ദ വില്ലന്‍
പഞ്ചസാരയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും ദന്തക്ഷയവും ശരീരഭാരം വര്‍ധിക്കുന്നതും മാത്രമാണ് ചർച്ചചെയ്യപ്പെടാറുള്ളത്. എന്നാല്‍ പഞ്ചസാര അതിനേക്കാള്‍ അപകടകാരിയാണ്. 
പഞ്ചസാരയുടെ മറ്റൊരു രൂപമായ‍ ഫ്രക്ടോസിനെ സംസ്‌കരിച്ച് കൊഴുപ്പ് ഉത്പാദിപ്പിക്കുന്നത് കരളാണ്. എന്നാല്‍ അമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നത് കരളിനുള്ളില്‍ കൊഴുപ്പ് ദോഷകരമായി അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ചും സോഫ്റ്റ് ഡ്രിങ്കുകള്‍, മധുരപലഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന സാച്ചുറേറ്റഡ് ഷുഗറും ഫ്രക്ടോസ് കോണ്‍ സിറപ്പും കരളില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു, അവ കൊഴുപ്പായി മാറുന്നു. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്നറിയപ്പെടുന്ന ഈ അവസ്ഥ, അമിതഭാരമില്ലാത്ത വ്യക്തികളില്‍ പോലും ഉണ്ടാകാം. ഭക്ഷണക്രമത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് അമിതഭാരത്തേയോ ദന്തരോഗങ്ങളെയോ മാത്രം തടയാനുള്ള ഒന്നായി കരുതരുത്. കരള്‍ സംരക്ഷണത്തിനുള്ള ഒരു ആരോഗ്യ മാര്‍ഗം കൂടിയാണത്.

ജാഗ്രത വേണം, സപ്ലിമെന്റുകളും പാനീയങ്ങളും കരളിനെ ബുദ്ധിമുട്ടിലാക്കും
ആരോഗ്യം സംരക്ഷിക്കാനായി പാനീയങ്ങളുടെയും ഭക്ഷണ സപ്ലിമെന്റുകളുടെയും ഒക്കെ രൂപത്തില്‍ പലതരം വസ്തുക്കള്‍ പലരും ജീവിതത്തിന്റെ ഭാഗമാക്കാറുണ്ട്. അവ സുരക്ഷിതമായിരിക്കും എന്ന പൊതു ധാരണയിലാണ് അധികമാളുകളും അവ ഉപയോഗിക്കുന്നത്. ഇത് കൂടുതല്‍ അപകടകരമാണ്. ഉദാഹരണത്തിന്, സ്‌ട്രെസ്സ്, ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ പോലുള്ള അവസ്ഥകളെ ഒഴിവാക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ഔഷധ സപ്ലിമെന്റുകള്‍ ഹെപ്പറ്റൈറ്റിസ്, ലിവര്‍ ഫെയ്‌ലിയര്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കരള്‍ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന അളവിലുള്ള വിറ്റമിന്‍ എ സപ്ലിമെന്റുകള്‍ (പ്രത്യേകിച്ചും ഭക്ഷണത്തിന്റെ അളവിനേക്കാള്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത്) കഴിക്കുമ്പോള്‍ കരളില്‍ വിഷാംശം ഉണ്ടാവുന്നതിന് കാരണമായേക്കാം).

ശീതള പാനീയങ്ങളില്‍ വലിയൊരു പങ്കും കരളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് കൃത്യമായ തെളിവുകള്‍ ഇതുവരെയില്ലെങ്കിലും സോഫ്റ്റ് ഡ്രിങ്കുകൾ പതിവായി കുടിക്കുന്നത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനുള്ള (NAFLD) സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൃത്രിമ മധുരപലഹാരങ്ങള്‍, MSG (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്) പോലുള്ള രുചി വര്‍ദ്ധിപ്പിക്കുന്നവ, മറ്റ് അഡിറ്റീവുകള്‍ എന്നിവയെല്ലാം കരള്‍ വീക്കത്തിനും കൊഴുപ്പ് അടിഞ്ഞുകൂടലിനും കാരണമായേക്കാം. 

മരുന്നുകളും മറഞ്ഞിരിക്കുന്ന അപകടസാധ്യതകളും
ഡോക്ടര്‍ എഴുതുന്ന മരുന്നു ചീട്ട് ഇല്ലാതെ മരുന്നുകള്‍ വാങ്ങി, സ്വയം ചികിത്സിക്കുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. കരളിന് ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ പരിഗണിക്കാതെയാണ് പലപ്പോഴും ആളുകള്‍ ഓവര്‍-ദി-കൗണ്ടര്‍ മരുന്നുകളിലേക്ക് തിരിയുന്നത്. പാരസെറ്റമോള്‍ എന്ന് അറിയപ്പെടുന്ന അസറ്റാമിനോഫെന്‍ ഇതിന് ഉദാഹരണമാണ്. ഇവ ഒന്നിലധികം രൂപങ്ങളില്‍, അതായത്, അസറ്റാമിനോഫെന്‍ അടങ്ങിയ ഒരു മരുന്നും വേദനസംഹാരിയും ഒരുമിച്ചു കഴിച്ചാല്‍ അത് ഓവര്‍ഡോസ് ആവുകയും കരള്‍ വിഷബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കൂടാതെ മദ്യവും മറ്റു മരുന്നുകളുമായി ചേര്‍ത്തു കഴിക്കുമ്പോഴും ഇതേ അപകട സാധ്യത ഉണ്ടാകുന്നു.
ആന്റിഡിപ്രസന്റുകള്‍, കൊളസ്‌ട്രോള്‍ മരുന്നുകള്‍, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവയ്ക്കും ഇതേ അപകട സാധ്യതകളുണ്ട്. പ്രത്യേകിച്ച് പ്രായമായവരിലും മറ്റു രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരിലും അപകടസാധ്യത കൂടുതലാണ്. അമിതമായ അളവില്‍ മരുന്നുകള്‍ ശരീരത്തിന് ഉള്ളിലേക്ക് ചെല്ലുന്നത് കരളിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും തകരാറിലാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒന്നിലധികം മരുന്നുകള്‍ ഒരേസമയം കഴിക്കേണ്ടത് ആരോഗ്യ വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കണം. 

അമിതഭാരം, പ്രമേഹത്തിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുമുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അത് കരളിനെയും അപകടത്തിലാക്കും. കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടി, വീക്കത്തിനും ഒടുവില്‍ സിറോസിസിനും കാരണമാവുകയും ചെയ്യും. ശരീരത്തില്‍ നിശബ്ദമായി ഒളിഞ്ഞിരിക്കുന്ന രോഗാവസ്ഥയാണിത്. ഗുരുതരമാകുമ്പോള്‍ മാത്രമാണ് ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുക. അപ്പോഴേക്കും അത് ജീവന് ഭീഷണിയാവുന്ന വിധത്തിലേക്ക് മാറിയിട്ടുമുണ്ടാകും.

നാം കുടിക്കുന്ന വെള്ളത്തെയും ആശ്രയിച്ചാണ് കരള്‍ വിഷവസ്തുക്കളെ പുറന്തള്ളുന്നത്. എന്നാല്‍ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാത്തവരിലും സ്ഥിരമായി നിര്‍ജ്ജലീകരണം ഉണ്ടാകുന്നവരിലും കരളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുകയില്ല. ഇത് കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

കരള്‍ എന്‍സൈം പരിശോധനകള്‍ ഉള്‍പ്പെടെയുള്ള പതിവ് മെഡിക്കല്‍ പരിശോധനകള്‍ കരള്‍ സമ്മര്‍ദ്ദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. കുടുംബത്തില്‍ കരള്‍ രോഗമോ ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള അവസ്ഥകളോ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

കരള്‍ സംരക്ഷിക്കാന്‍
പ്രതിരോധശേഷിയുള്ള അവയവമാണ് കരള്‍. കേടായ കലകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുണ്ട്. മദ്യപിക്കാതിരിക്കുന്നതുകൊണ്ടു മാത്രം കരള്‍ സംരക്ഷിക്കാനാവില്ല. അതിനായി ചില കാര്യങ്ങളെങ്കിലും കൃത്യമായി പാലിച്ചേ മതിയാകു...
1  സമീകൃതാഹാരം ജീവിതത്തിന്റെ ഭാഗമാക്കുക
2. ശാരീരികമായി സജീവമായിരിക്കുക
3 ഭാരം നിയന്ത്രിക്കുക
4. മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുക
5. അമിതമായ പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക 
6. ധാരാളം വെള്ളം കുടിക്കുക. ഡീഹൈഡ്രേഷന് ഇടവരുത്താതിരിക്കുക.