ഇറാനിലെ ഏക വിഷ്ണു ക്ഷേത്രം; ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഹിന്ദുക്കൾ അവിടം വിട്ടുപോയി

ബന്ദർ അബ്ബാസിലുള്ള വിഷ്ണു ക്ഷേത്രം | Wikipedia
ബന്ദർ അബ്ബാസിലുള്ള വിഷ്ണു ക്ഷേത്രം | Wikipedia

ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയുടെ തലസ്ഥാനമായ ബന്ദർ അബ്ബാസിലുള്ള ഒരു വിഷ്ണു ക്ഷേത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. ക്ഷേത്രത്തിന്റെ വീഡിയോ നടൻ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണിത് വലിയ രീതിയിൽ പ്രചരിക്കാൻ തുടങ്ങിയത്. പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ഈ പോസ്റ്റ് 7,00,000-ത്തിലധികം ആളുകൾ കാണുകയും 30,000-ത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തിരുന്നു.

"ഇറാനിലെ ബന്ദർ അബ്ബാസിലുള്ള പുരാതന വിഷ്ണു ക്ഷേത്രം. ഖജർ കാലഘട്ടത്തിൽ, 1892-ലാണ് ഇത് നിർമ്മിച്ചത്. നഗരത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യയിൽ നിന്നുള്ള ഹിന്ദു വ്യാപാരികൾക്കായിട്ടാണ് ഇത് നിർമ്മിക്കപ്പെട്ടത്... വീഡിയോയിലെ ഗാനം പേർഷ്യൻ ഭാഷയിലാണ്," എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ഫസീന കിഷൻ ആലപിച്ച ഈ ഗാനത്തിന്റെ പേര് 'ഇറാനിയൻ ലോർഡ് വിഷ്ണു സോങ്' എന്നാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഇന്ത്യക്കാരും ഇറാനികളും തമ്മിലുള്ള സൗഹൃദം
ചരിത്രരേഖകളും യൂട്യൂബിലെ വിവിധ ട്രാവൽ വ്ലോഗുകളും അനുസരിച്ച്, മുഹമ്മദ് ഹസൻ സഅദ്-ഓൾ-മാലെക്കിന്റെ ഭരണകാലത്ത് 1892-ൽ ഹോർമോസ്ഗാൻ പ്രവിശ്യയിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ആഗോള കപ്പൽ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന് അഭിമുഖമായാണ് ബന്ദർ അബ്ബാസ് സ്ഥിതി ചെയ്യുന്നത്.

ഇന്തോ-ഇറാനിയൻ വാസ്തുവിദ്യാ ശൈലിയുടെ ഒരു അപൂർവ്വ ശേഖരമാണ് ഇവിടം. ബ്രിട്ടീഷ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാർക്ക് 1888-ൽ ഈ ക്ഷേത്രം നിർമ്മിക്കാൻ അനുമതി ലഭിച്ചിരുന്നു എന്ന് ഇറാനിയൻ ചരിത്രകാരനും എഴുത്തുകാരനുമായ മുഹമ്മദ് അലി സദീദ് അൽ-സൽത്താന്റെ ഒരു കുറിപ്പിൽ പരാമർശിക്കുന്നുണ്ടത്രെ.

നാല് വർഷമെടുത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ ക്ഷേത്രം ഇന്ത്യക്കാരും ഇറാനികളും തമ്മിൽ ഒരുകാലത്ത് നിലനിന്നിരുന്ന സൗഹൃദത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഇന്തോ-ഇറാനിയൻ വാസ്തുവിദ്യ 
ഇന്ത്യയിലെയോ ഏഷ്യയിലെയോ ഭൂരിഭാഗം ഹിന്ദു ക്ഷേത്രങ്ങളിലെ പരമ്പരാഗത വാസ്തുവിദ്യയല്ല ഈ ക്ഷേത്രത്തിനുള്ളത്. മധ്യഭാഗത്തുള്ള ചതുരാകൃതിയിലുള്ള മുറി, താമരയുടെ കൊത്തുപണികളുള്ള മൂടിയിരിക്കുന്ന മകുടം (Dome). മധ്യത്തിലായി ഭൂമിയുടെയും ആകാശത്തിന്റെയും അച്ചുതണ്ടിനെ പ്രതിനിധീകരിക്കുന്ന ഒരു തണ്ട് (Rod) ഉണ്ട്. ചാന്ത്, പവിഴപ്പുറ്റ് കല്ലുകൾ, മണ്ണ്, കുമ്മായം എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം, ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ധാരാളം ഇന്ത്യൻ നിവാസികൾ ഇറാൻ വിട്ടുപോയി. അതുകൊണ്ടുതന്നെ ഇന്ന് ഈ ക്ഷേത്രം പഴയതുപോലെയല്ല. ശ്രീകോവിലിനുള്ളിൽ ഉണ്ടായിരുന്ന പല ചിത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ചരിത്ര സ്മാരകം
ഇന്നിവിടെ ബുദ്ധന്റെയും വിഷ്ണുഭഗവാന്റെയും വിഗ്രഹങ്ങളും ചിത്രങ്ങളും കാണാം. രാധ അരികിലിരിക്കെ ഓടക്കുഴൽ വായിക്കുന്ന കൃഷ്ണഭഗവാന്റെ ചിത്രവും ഇവിടെയുണ്ട്. പുനരുദ്ധാരണം ആവശ്യമായ ഹിന്ദു ദൈവങ്ങളുടെ പഴയ വിഗ്രഹങ്ങളും കാണാം.

ഈ ക്ഷേത്രം ദേശീയ ചരിത്ര സ്മാരകമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാദേശികവാസികൾ ഹിന്ദുക്കളെ 'ഗൂർ' അല്ലെങ്കിൽ 'ഗബർ' എന്ന് വിളിച്ചിരുന്നതിനാൽ, നാട്ടുകാർക്കിടയിൽ ഈ ക്ഷേത്രം 'ഗൂരാൻ' എന്നാണ് അറിയപ്പെടുന്നത്.

ഇറാനിലെ രണ്ട് ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. മറ്റൊന്ന് സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ സഹേദാനിലെ ആര്യസമാജ ക്ഷേത്രമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Built in 1892 for Hindu merchants in Bandar Abbas., Features a unique blend of Indian and Iranian architectural styles., Known locally as 'Goran' temple., Registered as a national historical monument in Iran., Contains ancient artifacts including idols of Vishnu and Nataraja.