സ്ത്രീയുടെ ശരീരം ജനനംമുതല്‍ മരണംവരെ അവളുടേതല്ല എന്നതാണ് വാസ്തവം

#ആര്‍.രാജശ്രീ
വര: ഉള്ള്യേരിക്കാരന്‍
വര: ഉള്ള്യേരിക്കാരന്‍

സന്തോഷകരമായ ഗര്‍ഭകാലം ഏതു സ്ത്രീയുടെയും സ്വപ്‌നമാണ്. അത് ആഘോഷിക്കുന്നതും ആഘോഷിക്കാതിരിക്കുന്നതുമൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. എന്നാല്‍, വിശ്രമം, പോഷകാഹാരം, സന്തോഷം എന്നിവയില്‍ വിട്ടുവീഴ്ചകളുണ്ടാവാതിരിക്കുന്നതാണ് നല്ലത്. അക്കാലത്തുണ്ടാകുന്ന സംഘര്‍ഷങ്ങളും സങ്കടങ്ങളും ഗര്‍ഭകാലം അവസാനിക്കുന്നതുവരെ മാത്രമല്ല, അതിനുശേഷവും തുടരും. 

പലപ്പോഴും പങ്കാളിയെക്കുറിച്ചുള്ള മറ്റൊരു ചിത്രം രൂപപ്പെടുന്നത് ഇത്തരം സമയങ്ങളിലാണ്. മനഃപൂര്‍വമായ ശ്രമങ്ങളില്ലെങ്കില്‍ എന്നേക്കുമായി അകന്നുപോകാനും അതുമതി. ഗര്‍ഭം എല്ലാ സ്ത്രീകള്‍ക്കുമുള്ളതാണ്, എന്റെ അമ്മയും പെങ്ങളും പ്രസവിച്ചിട്ടുണ്ട്, നിനക്കുമാത്രമെന്താണ് ഇത്രയും പ്രശ്‌നങ്ങള്‍ എന്നൊക്കെയുള്ള പ്രസ്താവനകളും ചോദ്യങ്ങളും ഞങ്ങളുടെ തലമുറയിലുള്ളവര്‍ കേട്ടുതഴമ്പിച്ചതാണ്. എങ്കിലും അവയൊക്കെ അപ്പാടെ കാലഹരണപ്പെട്ടുവെന്നു വിശ്വസിക്കുന്നത് മൗഢ്യമാണ്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്തവിധം അവ ചില മനോഭാവങ്ങളോടു കലര്‍ന്നുപോയിരിക്കും. 

വിവാഹശേഷം പഠനം മുടങ്ങാതിരിക്കാന്‍ സ്വന്തം വീട്ടുകാരോടും ഭര്‍ത്താവിന്റെ വീട്ടുകാരോടും മത്സരിച്ച് ബിരുദാനന്തരബിരുദം ഫൈനല്‍ സെമസ്റ്റര്‍ വരെയെത്തുന്ന പെണ്‍കുട്ടികള്‍ അവിടെ ഇടറിവീഴുന്നതു കണ്ടിട്ടുണ്ട്. അവരെ കുറ്റപ്പെടുത്താന്‍ പലപ്പോഴും തോന്നാറില്ല. അതുവരെ ഗര്‍ഭിണിയാവാതിരുന്നതിനുള്ള കുറ്റപ്പെടുത്തലുകള്‍ കേട്ടുകേട്ട് അവര്‍ മടുത്തിരിക്കും. പഠനം തുടരുന്നില്ലേ എന്ന ചോദ്യത്തിന് അത്രയും പിടിച്ചുനിന്നതുതന്നെ ഭാഗ്യംകൊണ്ടാണെന്ന് അവര്‍ തലകുനിച്ചു പിറുപിറുക്കും. 

സ്ത്രീയുടെ ശരീരം ജനനംമുതല്‍ മരണംവരെ അവളുടേതല്ല എന്നതാണ് വാസ്തവം. ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വിചിത്രമായ എന്തോ കേട്ടതുപോലെ പകച്ചുനോക്കുന്ന വിദ്യാസമ്പന്നരെ അറിയാം. അമ്മയാവുന്നില്ല എന്നു തീരുമാനിക്കുന്ന സ്ത്രീകളെക്കൊണ്ട് മറിച്ചു തീരുമാനമെടുപ്പിച്ച് വിജയമന്ദഹാസം പൊഴിക്കുന്ന സിനിമകള്‍ പുതിയകാലത്തുപോലും നമുക്കുണ്ടല്ലോ. എന്റെ തലമുറയില്‍പ്പെട്ട സ്ത്രീകളില്‍ ഗര്‍ഭം ധരിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ സാധിച്ചിട്ടുള്ളവര്‍ കുറവായിരിക്കും. ജീവിതത്തിന്റെ തുടര്‍ച്ചയുടെ ഭാഗമായി ഏറ്റവും സ്വാഭാവികമായി അതിനെക്കണ്ടിരുന്ന ഒരു തലമുറയാണ് ഞങ്ങളുടേത്. അതിനായി എന്തു ത്യാഗം സഹിക്കേണ്ടിവന്നാലും അത് കണക്കാക്കേണ്ടതില്ലെന്ന് ഞങ്ങള്‍ പഠിപ്പിക്കപ്പെട്ടിരുന്നു. 

വിവാഹവും ഗര്‍ഭധാരണവും മാതൃത്വവുമൊക്കെ അവയുടെ സൗന്ദര്യാത്മക വശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സ്ത്രീകളുടെമേല്‍ നടക്കുന്ന മെരുക്കല്‍പ്രക്രിയകളുടെ ഭാഗംകൂടിയാണെന്ന് അന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല. ചെകിട്ടത്തടി കിട്ടുമ്പോഴും ഗര്‍ഭിണിയാണെന്നു തിരിച്ചറിയുമ്പോഴും പ്രസവിച്ചുകഴിയുമ്പോഴും അഹങ്കാരം ശമിച്ച് കുടുംബത്തിലേക്കും സര്‍വാധികാരിയായ പുരുഷനിലേക്കും തിരിച്ചുവരുന്ന സ്ത്രീകളെ നമ്മുടെ സിനിമകള്‍ നിര്‍ലോപം കാട്ടിത്തന്നിട്ടുണ്ട്. 

സ്ത്രീയുടെയോ പുരുഷന്റെയോ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ക്കു പരിഹാരമായും അവരുടെ സാമ്പത്തികമോ സാമൂഹികമോ ആയ പിന്നാക്കാവസ്ഥയ്ക്കു പ്രതിവിധിയായും നമ്മുടെ നാട്ടില്‍ വിവാഹങ്ങള്‍ നടക്കാറുണ്ട്. പുരുഷന്റെ, പ്രായമായവരോ രോഗികളോ ആയ മാതാപിതാക്കളെ നോക്കാന്‍, അയാളുടെ വീട്ടില്‍ കാര്യങ്ങള്‍ നോക്കിനടത്താന്‍ ആളില്ലാത്ത അവസ്ഥ പരിഹരിക്കാന്‍ വിവാഹിതരായെത്തുന്ന സ്ത്രീകളുണ്ടായിട്ടുണ്ട്. ഒരര്‍ഥത്തില്‍ വിലയ്‌ക്കെടുക്കപ്പെട്ടവര്‍, അല്ലെങ്കില്‍ പ്രതിഫലമില്ലാത്ത തൊഴിലാളികള്‍. താത്പര്യങ്ങളും പ്രതീക്ഷകളുമൊക്കെ മാറ്റിവെച്ച് അവര്‍ ആ പുതിയ ജീവിതം ഏറ്റെടുക്കുന്നു. മിക്കപ്പോഴും ഗര്‍ഭപ്രസവാദികള്‍ അതിന്റെ തുടര്‍ച്ചയായാണ് സംഭവിക്കുക.

മകന് മുപ്പത്തഞ്ചുവയസ്സായി, അവനൊരു കുഞ്ഞിനായി ഇനി കാത്തിരിക്കാന്‍ പറ്റില്ല, അച്ഛന് ഇനിയെത്ര കാലമെന്നറിയില്ല, മകന്റെ (മകളുടെയും) കുഞ്ഞിനെക്കണ്ടിട്ടു മരിക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് പലപ്പോഴും നമ്മുടെ നാട്ടില്‍ ശിശുജനനത്തെ നിയന്ത്രിക്കുന്നത്. പേരന്റിങ്ങിന്റെ ബാലപാഠങ്ങളറിയാതെയും തങ്ങളിലേല്‍പ്പിക്കപ്പെട്ട ഭാരിച്ച ഉത്തരവാദിത്വത്തിന്റെ യഥാര്‍ഥസ്ഥിതിയറിയാതെയും അച്ഛനമ്മമാരാകേണ്ടിവരുന്നവരുണ്ട്. 

ജീവിതം ഒരുഘട്ടം പിന്നിട്ടുകഴിയുമ്പോള്‍ പലര്‍ക്കും അവരനുഭവിച്ച അനീതികളെക്കുറിച്ച് ഓര്‍മവരും. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിതം വഴിതിരിച്ചുവിടപ്പെട്ടതോര്‍ത്ത് അവര്‍ നിരാശാഭരിതരാകും. ആ അതൃപ്തി അവരെ മൊത്തത്തില്‍ മാറ്റിമറിച്ചേക്കാം. ആദ്യകാലത്ത് വളരെ അനുസരണയുണ്ടായിരുന്ന പാവം ഭാര്യ, പാവം മരുമകള്‍, പില്‍ക്കാലത്ത് വെറുപ്പിന്റെ പ്രതിരൂപമായി മാറിയതായി കേള്‍ക്കാറില്ലേ? അവരനുഭവിച്ച ജീവിതമാകാം അവരെ നിര്‍ദയരും ദയനീയരുമാക്കി മാറ്റിയത്.

രണ്ടാമതു ഗര്‍ഭം ധരിച്ചപ്പോള്‍ ആദ്യതവണത്തെ കുറവുകളും പരിക്കുകളും പരിഹരിക്കപ്പെടുന്ന രീതിയില്‍വേണം അക്കാലം ചെലവിടാനെന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. പക്ഷേ, ഡോക്ടര്‍ ബെഡ്റെസ്റ്റ് നിര്‍ദേശിക്കാതിരുന്നതിനാലും ലീവെടുത്താലുണ്ടാവുന്ന ധനനഷ്ടം താങ്ങാനാവാത്തതിനാലും ജോലിസ്ഥലത്തും വീട്ടിലുമായി ഓടേണ്ടിവന്നു. പ്ലാറ്റ്‌ഫോമില്ലാത്ത സ്റ്റേഷനില്‍നിന്ന് ലോക്കല്‍ ട്രെയിനില്‍ വലിഞ്ഞുകയറിയും ഒന്നില്‍ക്കയറി മറ്റൊന്നിലൂടെ ഇറങ്ങിയും തള്ളിനീക്കിയ ദിവസങ്ങളായിരുന്നു അവ. 

നാലുവയസ്സുകാരിയായ മകളെ കാണുമ്പോഴൊക്കെ പ്രത്യേകതരം കുറ്റബോധം, ഇടയ്ക്കിടെ തെറിച്ചുവീഴുന്ന കുടുംബശൈഥില്യത്തിന്റെ ചീളുകള്‍, നല്ല ഭാര്യയാവാന്‍ സാധിക്കാത്തതിന്റെപേരില്‍ സ്വന്തം വീട്ടില്‍നിന്നടക്കം നേരിടേണ്ടിവരുന്ന പഴികള്‍... ഓരോദിവസവും അടയുന്ന വാതിലുകള്‍ മാത്രമാണ് അക്കാലത്ത് കണ്ടതത്രയും. സാരമില്ല എന്നൊരു ചേര്‍ത്തുപിടിക്കലിനെപ്പറ്റി സ്വപ്‌നം കാണാനുള്ള വകുപ്പുപോലും ഒരിടത്തുനിന്നുമില്ല എന്ന സ്ഥിതിയായിരുന്നു. വിവാഹജീവിതം വ്യക്തികള്‍തമ്മിലാണെങ്കിലും പരാജയപ്പെടുമ്പോള്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഉരസലായിക്കൂടി അതു മാറിപ്പോകാറുണ്ടെന്ന് നാം നേരത്തേ പറഞ്ഞല്ലോ.

വയറ്റിലെ കുഞ്ഞ് ആണാണ്, അതല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്ന് ഭര്‍ത്താവ് ഉറപ്പിച്ചിരുന്നു. അല്ലെങ്കില്‍ എന്തുചെയ്യുമെന്ന എന്റെ ചോദ്യം കേള്‍ക്കുമ്പോഴൊക്കെ അദ്ദേഹം രോഷാകുലനായി. അയുക്തിനിറഞ്ഞ നിരവധി സമാധാനങ്ങള്‍ അദ്ദേഹംതന്നെ കണ്ടെത്തി. അതിലൊന്ന് തനിക്ക് ആണ്‍കുഞ്ഞുതന്നെയേ ഉണ്ടാവുകയുള്ളൂ എന്ന സുഹൃത്തിന്റെ പ്രവചനമായിരുന്നു. അത് പിഴയ്ക്കില്ലെന്ന് മൂപ്പര്‍ വിശ്വസിച്ചു. 

അങ്ങോട്ടുമിങ്ങോട്ടുമുള്ള എണ്‍പത് കിലോമീറ്റര്‍ യാത്രയും ജോലിയും എന്നെ ക്ഷീണത്തിലാഴ്ത്തി. അപ്പോഴും മാസത്തില്‍ അവധിനോക്കി അദ്ദേഹം എന്റെ വീട്ടിലേക്കാണ് വന്നുകൊണ്ടിരുന്നത്. പലപ്പോഴും ഞാന്‍ കോളേജില്‍നിന്നെത്തുന്ന സമയത്തുതന്നെയായി അദ്ദേഹത്തിന്റെയും വരവ്. വിവാഹത്തിന്റെ ആദ്യകാലങ്ങളിലെന്നപോലെ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അത് നേരത്തേ പരസ്പരമുണ്ടായ മാനസികമായ അകലം കാരണമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. പക്ഷേ, ഗര്‍ഭാവസ്ഥ കാരണമുണ്ടായ ശാരീരികവും മാനസികവുമായ പതര്‍ച്ചകൂടി അതിനു കാരണമായിട്ടുണ്ടാവാമെന്ന് തോന്നുന്നു.

ഗര്‍ഭകാലത്തെ ശാരീരികബന്ധം എനിക്ക് ഏറ്റവും ഭീതിദവും വേദന നിറഞ്ഞതുമായ അനുഭവമായിരുന്നു. അതില്‍ കുഴപ്പമൊന്നുമില്ലെന്ന് പറയുമ്പോഴും എന്തെങ്കിലും പ്രശ്‌നം തോന്നുകയാണെങ്കില്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നുകൂടി ഡോക്ടര്‍ പറഞ്ഞിരുന്നു. ആദ്യഗര്‍ഭകാലത്ത് അത് തീര്‍ത്തും ഒഴിവാക്കാനാണ് നിര്‍ദേശം കിട്ടിയിരുന്നതെന്നതിനാല്‍ അങ്ങനെ ചെയ്തിരുന്നു. പക്ഷേ, ഇത്തവണ പ്രസവം സുഖകരമാകാന്‍ ശാരീരികബന്ധം നല്ല പോംവഴിയാണെന്ന വിജ്ഞാനം ഭര്‍ത്താവ് എവിടെനിന്നോ സമ്പാദിച്ചിരുന്നു. ഏതൊക്കെയോ സുഹൃത്തുക്കള്‍ അക്കാര്യവും പരീക്ഷിച്ചു വിജയിച്ചുവത്രേ. 

എനിക്ക് ഒരുതരത്തിലും അത് സ്വീകാര്യമായിത്തോന്നിയില്ല. അതിനുകാരണം ശാരീരികമായ മാറ്റങ്ങള്‍ മാത്രമായിരിക്കണമെന്നില്ല. എന്തായാലും അതിനെച്ചൊല്ലി നടന്ന വലിയൊരു വഴക്ക് ഓര്‍മയിലുണ്ട്. സ്തംഭിച്ചുനിന്ന നാലുവയസ്സുകാരിയുടെ മുഖം അതിലും വ്യക്തമായി ഓര്‍ക്കുന്നുണ്ട്. യാതൊരുതരത്തിലും ഇരുകൂട്ടര്‍ക്കും ഗുണപ്പെടാത്ത ഒരു ബന്ധം എന്തിനാണെന്ന ചോദ്യം ഒരിടവേളയ്ക്കുശേഷം വീണ്ടും ഉയര്‍ന്നുവന്നു.

ഭാര്യയുടെ വീട്ടുകാര്‍ ഭര്‍ത്താവിനുമുന്നില്‍ അനുസരണയോടെയും വിധേയത്വത്തോടെയും നില്‍ക്കണമെന്ന അഭിപ്രായമുള്ള പലരെയും കണ്ടിട്ടുണ്ട്. സ്വന്തമായ നിലയും നിലപാടുമുള്ള ഒരു കുടുംബം, അവിടത്തെ പെണ്‍കുട്ടിയെ വിവാഹംചെയ്തുവെന്നതിന്റെ പേരില്‍ ഒരാള്‍ക്ക് കീഴ്പ്പെടേണ്ടതിന്റെ ആവശ്യമുണ്ടോ? അയാള്‍ക്ക് ആ കുടുംബത്തിന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കാനും നിലവില്‍ അവരെടുത്ത തീരുമാനം മാറ്റിമറിക്കാനും അധികാരമുണ്ടോ? ഏതുവിധത്തിലായാലും അവരെ സമ്മര്‍ദത്തിലാക്കി സ്വന്തം ഇഷ്ടം അടിച്ചേല്‍പ്പിക്കാനുള്ള യാതൊരവകാശവും അയാള്‍ക്കില്ല എന്നുതന്നെയാണ്. പക്ഷേ, നമ്മുടെ നാട്ടില്‍ ജാതിമതഭേദമെന്യേ മകളുടെ ഭര്‍ത്താവിന് അത്തരം ചില അധികാരങ്ങളുണ്ടെന്നാണു വയ്പ്. 

എന്റെ സഹോദരിക്ക് താത്പര്യമുണ്ടായിരുന്ന വിവാഹം പരോക്ഷമായ അധികാരമുപയോഗിച്ച് ഒഴിവാക്കുന്ന സാഹചര്യം അത്തരത്തിലുണ്ടായതാണ്. ആ വിവാഹത്തോട് എന്റെ വീട്ടുകാര്‍ക്ക് താത്പര്യമായിരുന്നു. ജാതിയും മതവും മക്കളുടെ വിവാഹക്കാര്യത്തില്‍ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായമായിരുന്നു അച്ഛന്. എന്റെ മാതാപിതാക്കളുടെ മിശ്രവിവാഹനില അറിഞ്ഞുകൊണ്ട്, തനിക്ക് ജാതി പ്രശ്‌നമല്ല എന്നുപറഞ്ഞാണല്ലോ, ഞാനുമായുള്ള വിവാഹത്തിന് എന്റെ ഭര്‍ത്താവ് താത്പര്യപ്പെട്ടത്. ഞങ്ങളുടെ അച്ഛന്‍ മരുമകനെന്ന നിലയില്‍ ഭര്‍ത്താവിനോട് അനുജത്തിയുടെ വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹവും എതിര്‍ത്തില്ല. പക്ഷേ, അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അദ്ദേഹം എന്നോട് നാലുകാര്യങ്ങള്‍ പറഞ്ഞു.

ഒന്ന്, ആ വിവാഹം നടന്നാല്‍ മേലില്‍ അദ്ദേഹത്തിന്റെ ഭാര്യയായ എന്നെയും മക്കളെയും എന്റെ വീട്ടുകാരുമായി സഹകരിക്കാന്‍ സമ്മതിക്കില്ല. രണ്ട്, ഭാവിയില്‍ എന്റെ സഹോദരിയുമായി എനിക്കോ അദ്ദേഹത്തിനോ മക്കള്‍ക്കോ ബന്ധമുണ്ടാവില്ല. മൂന്ന്, സഹോദരിയും ഭര്‍ത്താവും ഞങ്ങളോട് പരിചയം നടിക്കുകയോ ഞങ്ങള്‍ താമസിക്കുന്നിടത്തു വരികയോ ചെയ്യാന്‍ പാടില്ല. നാല്, ഈ വിവാഹത്തോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ടെന്ന വസ്തുത എന്റെ വീട്ടുകാര്‍ അറിയരുത്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ ഒഴിവാക്കാനായി തന്ത്രപൂര്‍വം പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം എനിക്കാണ്. ഗര്‍ഭിണിയായ മകളുടെ ആവശ്യം വലിയൊരു തുറുപ്പുചീട്ടാണ്.

ഞാന്‍ കിടന്നിടത്തുതന്നെ മരവിച്ചുപോയി. അത്തരമൊരവസ്ഥ എനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. ജാതി പ്രശ്‌നമല്ലെന്നു പറയുന്നത് ഉയര്‍ന്ന ജാതികള്‍ തമ്മില്‍ സംബന്ധമുണ്ടാകുമ്പോഴാണെന്ന തിയറി ഭര്‍ത്താവ് അവതരിപ്പിച്ചു. അതുവരെയുള്ള ജീവിതം പെട്ടെന്ന് വട്ടപ്പൂജ്യമായതുപോലെ എനിക്കുതോന്നി. പിറ്റേന്ന് എന്റെ വീട്ടുകാരോട് സസ്‌നേഹം യാത്രപറഞ്ഞ് അദ്ദേഹം ഇറങ്ങി. വിവാഹക്കാര്യം നമുക്ക് വേണ്ടതുപോലെ ചെയ്യാമെന്ന് സഹോദരിയോടു പറഞ്ഞു. ഞാനുമായുള്ള വിവാഹം ഉറപ്പിക്കുന്ന സമയത്ത് പ്ലസ്ടുക്കാരിയായിരുന്ന അവള്‍ അദ്ദേഹത്തോട്, എനിക്ക് ഏട്ടന്മാരില്ല, നിങ്ങളെനിക്ക് ചേച്ചിയുടെ ഭര്‍ത്താവു മാത്രമായിരിക്കില്ല എന്നുപറഞ്ഞത് അനുസ്മരിച്ചു.

വാസ്തവത്തില്‍ ഞാന്‍ അഗാധമായ ആശയക്കുഴപ്പത്തിലേക്കുവീണു. മകള്‍, ജനിക്കാനിരിക്കുന്ന കുഞ്ഞ്, ഞാന്‍ എന്നിവര്‍ എന്നേക്കുമായി ആകെയുള്ള രക്തബന്ധങ്ങളില്‍നിന്ന് അകന്നുപോകുമെന്നത് എനിക്ക് സങ്കല്പിക്കാനായില്ല. അല്ലെങ്കില്‍ എന്റെ കുഞ്ഞുകുടുംബത്തെ ഞാന്‍ ഉപേക്ഷിക്കണം. അതിന്റെ യുക്തിയെക്കുറിച്ചോ പ്രായോഗികതയെക്കുറിച്ചോ ഞാന്‍ ആലോചിച്ചില്ല എന്നതാണു സത്യം. 

മടിച്ചുമടിച്ചാണെങ്കിലും എന്റെ വിയോജിപ്പ് എന്നനിലയില്‍ അതു വീട്ടില്‍ പറഞ്ഞു. അതൊരിക്കലും ചെയ്യരുതായിരുന്നു. തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് പോവട്ടെ എന്നു കരുതണമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതല്ല സംഭവിച്ചത്. എന്റെ വീട്ടുകാര്‍ക്കത് ഹൃദയഭേദകമായ അനുഭവമായിരുന്നു. എന്നെക്കാള്‍ പതിനൊന്നുവയസ്സിനിളപ്പമുള്ള, എടുത്തുകൊണ്ടുനടന്നു വളര്‍ത്തിയ കുട്ടിയുടെ മുന്നില്‍ ഞാന്‍ എന്നന്നേക്കുമായി തലകുനിച്ചു. പില്‍ക്കാലത്ത് ഞങ്ങള്‍തമ്മിലുള്ള ബന്ധത്തില്‍ ശക്തമായ പോറലേല്‍പ്പിച്ച അത്തരമൊരു വിലപേശലിന് ഇടയ്ക്കുപെടരുതായിരുന്നുവെന്ന് പിന്നീട് ഏറ്റവും ആത്മനിന്ദയോടെ ആലോചിച്ചിട്ടുണ്ട്.

എന്റെ സഹോദരിയുടെ ജീവിതം അവളുടെ തീരുമാനമാണ്; അതിനെ പിന്തുണയ്ക്കുന്നത് എന്റെ വീട്ടുകാരുടെ സ്വാതന്ത്ര്യമാണ്. എന്നെ മുന്‍നിര്‍ത്തിക്കൊണ്ട് ഇത്തരമൊരു നീക്കം നടത്താന്‍ ആര്‍ക്കും അധികാരമില്ല; ഈ വിവാഹം നടന്നാലും ഇല്ലെങ്കിലും ഞാനും എന്റെ വീട്ടുകാരുമായുള്ള ബന്ധം അവസാനിക്കില്ല. അത്തരം ഉദ്ദേശ്യമുണ്ടെങ്കില്‍ നമുക്കിത് ഇവിടെവെച്ചു നിര്‍ത്താമെന്ന് എന്തുകൊണ്ടാവും പറയാന്‍ സാധിക്കാഞ്ഞത്? നേരത്തേതന്നെ ഉലച്ചില്‍ തട്ടിയിരുന്ന ഒരു ബന്ധമായിരുന്നിട്ടും ഉപേക്ഷിക്കപ്പെടുമെന്ന ഭയം പിടികൂടിയത് എങ്ങനെയാവും? സ്വന്തം ജീവിതത്തിന്റെ നിലനില്‍പ്പിനുവേണ്ടി മറ്റൊരു മനുഷ്യജീവിയുടെ സന്തോഷം ഇല്ലായ്മചെയ്തുകളയാമെന്നു തോന്നിപ്പോയതിനു പിന്നിലെന്താവും? ഇന്നാണെങ്കില്‍ അത്തരമൊരാശയക്കുഴപ്പത്തിന്റെ പ്രശ്‌നമേ ഉദിക്കുമായിരുന്നില്ലെന്ന് എനിക്ക് ഉറപ്പാണ്.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ശാരീരികവും മാനസികവുമായി ഏറ്റവും വള്‍നറബിളായിപ്പോകുമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി ഞാന്‍ എന്നെത്തന്നെ എടുത്തുവെയ്ക്കുന്നു. അതുണ്ടാക്കിയ പരിക്കുകളുടെ ഉത്തരവാദിത്വം സ്വയമേവ ഏറ്റെടുക്കുന്നു.

ഭാര്യയുടെ സഹോദരിമാരുടെ ജീവിതത്തെപ്പറ്റി തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നു കരുതുന്നവര്‍ ഇപ്പോഴുമുണ്ട്, ഏതൊക്കെയോ അംശത്തില്‍ ഷമ്മിമാരാകുന്നവര്‍. ജീവിതപങ്കാളി എത്ര യോഗ്യനായാലും അയാള്‍ക്കധികാരമില്ലാത്ത ഇടങ്ങളുമുണ്ടെന്ന് ബോധ്യപ്പെടുത്തണം. അത്തരം ഇടപെടലുകള്‍ക്ക് ഒരിക്കലും ഉപകരണമാവുകയും ചെയ്യരുത്. സ്‌നേഹവും പരസ്പരവിശ്വാസവും കൂട്ടുത്തരവാദിത്വവും വേറേ, അധികാരപ്രയോഗം വേറേ.


 

Content Highlights: writer r rajasree column