ഭർത്താവിന്റെ പേര് സർനെയിമാക്കാതെ കുടുംബപ്പേര് നിലനിർത്തുന്ന സ്ത്രീകൾക്ക് ചില പ്രത്യേകതകളുണ്ട്

പ്രതീകാത്മകചിത്രം/AI
പ്രതീകാത്മകചിത്രം/AI

വിവാഹത്തിന് ശേഷം ഭർത്താവിന്റെ പേരോ അദ്ദേഹത്തിന്റെ കുടുംബപ്പേരോ സ്വീകരിക്കുന്നത് പലയിടത്തും പതിവാണ്. എന്നാൽ ഇന്ന് മിക്ക സ്ത്രീകളും തങ്ങൾ ജനിച്ച കുടുംബത്തിന്റെ പേരുതന്നെ നിലനിർത്താനാണ് താത്പര്യപ്പെടുന്നത്. ഇത് ശരിയോ തെറ്റോ എന്ന ചോദ്യമല്ല. മറിച്ച്, ഒരു സ്ത്രീയുടെ വ്യക്തിത്വവും ജീവിതമൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു തീരുമാനമാണിതെന്ന് മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്വന്തം കുടുംബപ്പേര് വിവാഹശേഷവും തുടരാൻ തീരുമാനിക്കുന്ന സ്ത്രീകളിൽ പൊതുവെ കണ്ടുവരുന്ന ചില വ്യക്തിത്വ സവിശേഷതകളെക്കുറിച്ചാണ് പഠനങ്ങൾ പറയുന്നത്.

വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായ ബോധം: ഒരു പേര് വെറും തിരിച്ചറിയൽ മാത്രമല്ല, അത് ഒരാളുടെ ബാല്യവും കുടുംബവും ജീവിതാനുഭവങ്ങളും ചേർന്ന ഓർമ്മകളുടെ ഭാഗമാണ്. സ്വന്തം കുടുംബപ്പേര് നിലനിർത്തുന്ന സ്ത്രീകൾക്ക് സാധാരണയായി വ്യക്തമായ സ്വത്വബോധമുണ്ടെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. വിവാഹം അവരുടെ വ്യക്തിത്വത്തെ മാറ്റിമറിക്കേണ്ട ഒന്നല്ലെന്ന് അവർ വിശ്വസിക്കുന്നു.

കരിയറിന് പ്രാധാന്യം നൽകുന്നവർ: ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളാണ് വിവാഹശേഷവും സ്വന്തം കുടുംബപ്പേര് നിലനിർത്താൻ കൂടുതൽ സാധ്യതയുള്ളതെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. വർഷങ്ങളായി ഒരു പേരിൽ തന്നെ തൊഴിൽരംഗത്ത് അംഗീകാരം നേടിയവർക്ക് പേര് മാറ്റുന്നത് പ്രൊഫഷണൽ തിരിച്ചറിയലിനെ ബാധിക്കാമെന്ന ആശങ്കയും ഉണ്ടാകാം. ഗവേഷകർ, എഴുത്തുകാർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങി പല മേഖലകളിലും ഇത് പ്രധാന കാരണമായി കാണപ്പെടുന്നു.

വ്യക്തിസ്വാതന്ത്ര്യത്തിന് വില നൽകുന്നവർ: സ്വന്തം പേര് നിലനിർത്തുന്ന സ്ത്രീകൾ വിവാഹത്തെ വിലമതിക്കുന്നില്ല എന്ന ധാരണ ശരിയല്ല. മറിച്ച്, വിവാഹബന്ധത്തിനുള്ളിൽ വ്യക്തിപരമായ സ്വാതന്ത്ര്യവും വ്യക്തിത്വവും സംരക്ഷിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ബന്ധവും വ്യക്തിത്വവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാമെന്നാണ് അവരുടെ വിശ്വാസം.

സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവർ: സമൂഹത്തിന്റെ പതിവുരീതികൾക്കപ്പുറം സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാൻ തയ്യാറാകുന്നവരാണ് ഇവർ. പഠനങ്ങൾ പ്രകാരം, ഇത്തരക്കാരെ മറ്റുള്ളവർ ആത്മവിശ്വാസമുള്ളവരും വ്യക്തമായ അഭിപ്രായമുള്ളവരും ലക്ഷ്യബോധമുള്ളവരുമായാണ് വിലയിരുത്തുന്നത്. സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം നൽകാൻ അവർ മടിക്കാറില്ല.

പുരോഗമനപരമായ കാഴ്ചപ്പാട്: ഉയർന്ന വിദ്യാഭ്യാസവും കുടുംബപ്പേര് നിലനിർത്തുന്ന തീരുമാനവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടുതൽ പഠനവും വ്യത്യസ്ത ആശയങ്ങളുമായുള്ള പരിചയവും പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള മനോഭാവവും ഇവരിൽ കൂടുതലായി കാണപ്പെടുന്നു.

ചോദ്യം ചെയ്യാൻ മടിക്കാത്തവർ: സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ ആചാരങ്ങളും അതേപടി സ്വീകരിക്കണമെന്ന നിലപാടല്ല ഇത്തരക്കാരുടേത്. ഒരു പതിവ് എന്തുകൊണ്ടാണ് ഉണ്ടായത്, അത് ഇന്നും പ്രസക്തമാണോ എന്നൊക്കെ അവർ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യും. വിവാഹശേഷം കുടുംബപ്പേര് മാറ്റണമെന്നതിനോട് അവർ ഈ രീതിയിൽ തന്നെ പ്രതികരിക്കുന്നു.

2017-ൽ Sex Roles ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വിവാഹശേഷം സ്ത്രീകൾ ഭർത്താവിന്റെ കുടുംബപ്പേര് സ്വീകരിക്കുന്ന പതിവ് ഒരു ആചാരം മാത്രമല്ല, അത് സമൂഹത്തിലെ ലിംഗപരമായ ധാരണകളെയും അധികാരഘടനകളെയും പ്രതിഫലിപ്പിക്കുന്നതുമാണ്. സ്വന്തം കുടുംബപ്പേര് നിലനിർത്തുന്ന സ്ത്രീകൾ പലപ്പോഴും എതിർക്കാൻ വേണ്ടിയല്ല, മറിച്ച് 'എന്തുകൊണ്ട്?' എന്ന ചോദ്യം ഉയർത്തി കാര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നവരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

സമ്മർദങ്ങളെ നേരിടാനുള്ള കരുത്ത്: വിവാഹശേഷവും സ്വന്തം കുടുംബപ്പേര് തുടരുന്ന സ്ത്രീകൾക്ക് ഇന്നും പല സാഹചര്യങ്ങളിലും ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും നേരിടേണ്ടിവരാറുണ്ട്. ബന്ധുക്കളുടെയും സമൂഹത്തിന്റെയും പ്രതികരണങ്ങൾക്കിടയിലും സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കാനുള്ള മാനസിക ശക്തി ഇവരിൽ കാണപ്പെടുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരക്കാരുടെ തീരുമാനങ്ങൾ പലപ്പോഴും മറ്റുള്ളവരുടെ പ്രതീക്ഷകളെക്കാൾ സ്വന്തം വിശ്വാസങ്ങൾക്കും ജീവിതമൂല്യങ്ങൾക്കും അനുസരിച്ചായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ തിരഞ്ഞെടുപ്പുകൾ ബോധപൂർവവും വ്യക്തിപരവുമായിരിക്കും.

ഈ സവിശേഷതകളുള്ള സ്ത്രീകൾ മാത്രമാണ് വിവാഹശേഷവും സ്വന്തം കുടുംബപ്പേര് നിലനിർത്തുന്നതെന്നോ, ഭർത്താവിന്റെ കുടുംബപ്പേര് സ്വീകരിക്കുന്ന സ്ത്രീകൾക്ക് ഈ ഗുണങ്ങൾ ഇല്ലെന്നോ അർഥമാക്കേണ്ടതില്ല. വിവാഹശേഷം കുടുംബപ്പേര് മാറ്റണോ വേണ്ടയോ എന്നത് ഓരോ സ്ത്രീയുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്നത്തെ കാലത്ത് പല സ്ത്രീകളും വിദ്യാഭ്യാസം, തൊഴിൽ, നേട്ടങ്ങൾ എന്നിവയിലൂടെ വിവാഹത്തിന് മുമ്പേ തന്നെ സ്വന്തം പേരിൽ ഒരു വ്യക്തമായ തിരിച്ചറിയൽ നേടിയിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ, ആ വ്യക്തിത്വവും പ്രൊഫഷണൽ ഐഡന്റിറ്റിയും നിലനിർത്താനായി സ്വന്തം കുടുംബപ്പേര് തുടരാൻ അവർ തീരുമാനിക്കുന്നുവെന്നാണ് മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: why-women-keep-maiden-name-after-marriage-psychological-insights