റൊണാൾഡോ തന്റെ അഞ്ചുകുട്ടികളുടെ അമ്മയെ വിവാഹം കഴിക്കാത്തതിനു കാരണമിതാണ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) കാലം കഴിഞ്ഞുവെന്ന് വിമർശിച്ചവർക്കെല്ലാം അദ്ദേഹം മറുപടി നൽകിയത് തന്റെ ബൂട്ടിലൂടെയാണ്. 41 വയസ്സായി, റൊണാൾഡോ ഇനി എന്തിന് എന്നെല്ലാമായിരുന്നു വിമർശനങ്ങൾ. എന്നാൽ, കഴിഞ്ഞ ദിവസം ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള (Fifa World Cup 2026) തകർപ്പൻ ജയത്തിൽ പ്രധാനപങ്കുവഹിച്ചുകൊണ്ട് അദ്ദേഹം എല്ലാത്തിനും മറുപടി നൽകി. ഉസ്‌ബെക്കിസ്ഥാനെതിരെ രണ്ടുഗോളുകളാണ് അദ്ദേഹം നേടിയത്. അങ്ങനെ ആറു ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി. വികാരഭരിതമായിട്ടാണ് അദ്ദേഹം ആ ഗോൾനേട്ടങ്ങൾ ആഘോഷിച്ചത്.
എല്ലാവരും റൊണാൾഡോയെ കുറ്റപ്പെടുത്തിയപ്പോഴും അദ്ദേഹത്തിനൊപ്പം നിന്നത് കുടുംബം മാത്രമാണ്. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കളികാണാൻ അദ്ദേഹത്തിന്റെ പങ്കാളി ജോർജിന റോഡ്രിഗസും മക്കളും എത്തിയിട്ടില്ല. അവരങ്ങ് നാട്ടിലാണ്. പോർച്ചുഗൽ-ഉസ്‌ബെക്കിസ്ഥാൻ മത്സരം കഴിഞ്ഞയുടൻ തന്നെ ജോർജിന ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടു. 'മാച്ച് ഡേ' എന്ന ക്യാപ്ഷനിട്ട ചിത്രത്തിൽ വലിയ ടിവി സ്‌ക്രീനിൽ റൊണാൾഡോയെയും അതുനോക്കി നിൽക്കുന്ന ജോർജിനയെയും കാണാം.
ദീർഘകാലമായി റൊണാൾഡോയുടെ പങ്കാളിയാണ് ജോർജിന. 2016-ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആ പരിചയം അധികം വൈകാതെ പ്രണയമായി. അതിനുശേഷം ഇരുവരെയും ചുറ്റിപ്പറ്റി ഒട്ടേറെ ഗോസിപ്പുകളുണ്ടായെങ്കിലും അന്നൊന്നും തങ്ങളുടെ ബന്ധം അവർ സ്ഥിരീകരിച്ചില്ല. 2017-ൽ റൊണാൾഡോയും ജോർജിനയും തങ്ങൾ പ്രണയത്തിലാണെന്ന് പുറംലോകത്തെ അറിയിക്കുകയും ചെയ്തു.
അന്നുമുതൽ ഇരുവരും ഒരുമിച്ചാണ്. പല അഭിമുഖങ്ങളിലും തന്റെ ഭാര്യയെന്നാണ് റൊണാൾഡോ, ജോർജിനയെ വിശേഷിപ്പിച്ചത്. പക്ഷേ നിയമപരമായി ഇരുവരും വിവാഹിതരായിട്ടില്ല. അതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം, ''അനുയോജ്യമായ സമയം കാത്തിരിക്കുന്നു'' എന്നാണ് റൊണാൾഡോ പറയാറുള്ളത്. ''ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പോലെ അതും നടക്കും. ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ആകാം, ആറ് മാസത്തിനുള്ളിൽ ആകാം, അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ആകാം. അത് സംഭവിക്കുമെന്ന് എനിക്ക് 1000% ഉറപ്പുണ്ട്''. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 2025 ആഗസ്റ്റിൽ ഇരുവരുടെയും എൻഗേജ്‌മെന്റും നടന്നു. അതിന്റെ ചിത്രം ജോർജിന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അപ്പോഴും വിവാഹത്തീയതി അവർ പുറത്തുവിട്ടിട്ടില്ല.
ക്രിസ്റ്റിയാനോ റൊണാൾഡോ ജൂനിയർ, ഇവ, മാറ്റിയോ, അലാന മാർട്ടിന, ബെല്ല എസ്‌മെരാൾഡ എന്നിവരാണ് റൊണാൾഡോയുടെ മക്കൾ. അവരെ ജോർജിനയും റൊണാൾഡോയും ചേർന്നാണ് വളർത്തുന്നത്. ക്രിസ്റ്റിയാനോ ജൂനിയറിന്റെ അമ്മയാരാണെന്ന് ഇപ്പോഴും ആർക്കുമറിയില്ല. പല അഭ്യൂഹങ്ങളുമുണ്ടായിരുന്നെങ്കിലും, ''ആളുകൾ എന്തും പറയട്ടെ. ഇതിനുപിന്നിലെ സത്യം ഞാനാരോടും പറയില്ല'' എന്നാണ് ഒരിക്കൽ റൊണാൾഡോ ഇതിനെക്കുറിച്ച് പറഞ്ഞത്. ഇവയും മാറ്റിയോയും ഇരട്ടകളാണ്. വാടകഗർഭധാരണത്തിലൂടെയാണ് ആ കുഞ്ഞുങ്ങൾ ജനിച്ചത്. റൊണാൾഡോയ്ക്ക് ജോർജിനയിലുണ്ടായ കുട്ടിയാണ് അലാന. നാലുവർഷങ്ങൾക്കുശേഷം അവർക്കൊരു കുഞ്ഞ് കൂടിയുണ്ടായി, ബെല്ല. ഇരട്ടക്കുട്ടികളാണ് തങ്ങൾക്ക് ഇത്തവണയും ജനിക്കാൻ പോകുന്നതെന്ന് ഇരുവരും ആദ്യമേ അറിയിച്ചിരുന്നു. ബെല്ലയ്‌ക്കൊപ്പം മറ്റൊരു കുട്ടിയുമുണ്ടായെങ്കിലും, ജനിച്ച് അല്പസമയത്തിനുശേഷം മരിച്ചുപോയി. സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറും മോഡലും കൂടിയാണ് ജോർജിന.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ronaldo continues to perform at 41, scoring against Uzbekistan. Ronaldo and Georgina Rodriguez became engaged in August 2025