‘നിന്റെ വേദനയ്ക്കുമുന്നിൽ കണ്ണുനീർ മറച്ച് പുഞ്ചിരിച്ചു, നിനക്ക് ധൈര്യം നൽകാനാണ് ഞാൻ ശ്രമിച്ചത്’

മകൾ സുനൈനക്കൊപ്പം രാകേഷ് റോഷൻ, ഹൃത്വിക് റോഷനൊപ്പം സുനൈന/Instagram
മകൾ സുനൈനക്കൊപ്പം രാകേഷ് റോഷൻ, ഹൃത്വിക് റോഷനൊപ്പം സുനൈന/Instagram

സ്വന്തം മക്കൾ വേദനിക്കുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലൊന്നാണ്. മകൾ സുനൈന റോഷൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോയപ്പോഴും തന്റെ വേദനയും ഭയവും അവൾക്കു മുന്നിൽ പ്രകടിപ്പിക്കാതെ കരുത്തായി നിന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ രാകേഷ് റോഷൻ.

സുനൈന റോഷൻ തന്റെ ഇൻസ്റ്റഗ്രാം സീരീസായ 'Dad & I Unfiltered'-ലൂടെയാണ് അച്ഛനോട് ആ കാലഘട്ടത്തെക്കുറിച്ച് ചോദിച്ചത്. “എന്റെ ആരോഗ്യം ഏറ്റവും മോശമായിരുന്ന സമയത്ത് ഒരു അച്ഛനെന്ന നിലയിൽ എന്താണ് തോന്നിയത്?” എന്നായിരുന്നു സുനൈനയുടെ ചോദ്യം.

മകളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെട്ടിരുന്നെങ്കിലും അതൊന്നും അവൾക്കു മുന്നിൽ കാണിക്കാറില്ലായിരുന്നുവെന്ന് രാകേഷ് റോഷൻ പറഞ്ഞു. ''ഒരിക്കൽ മാത്രമല്ല, പലതവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഞാൻ നിശബ്ദമായി പ്രാർഥിക്കുമായിരുന്നു. ചിലപ്പോഴൊക്കെ കണ്ണിൽ കണ്ണുനീരുണ്ടായിരുന്നു. പക്ഷേ, നിന്നെ കാണാൻ വരുമ്പോൾ മറ്റൊരു മുഖമായിരുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് നിനക്ക് ധൈര്യം നൽകാനാണ് ഞാൻ ശ്രമിച്ചത്,'' അദ്ദേഹം പറഞ്ഞു.

അച്ഛനിൽനിന്നാണ് തനിക്ക് പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ലഭിച്ചതെന്ന് സുനൈനയും പറഞ്ഞു. ''അച്ഛനിൽനിന്നാണ് എല്ലാത്തിനെയും നേരിടാനുള്ള ആ കരുത്ത് എനിക്ക് ലഭിച്ചതെന്ന് തോന്നുന്നു. അച്ഛന് ക്യാൻസർ വന്നപ്പോഴും ഞാൻ ഇതുതന്നെയാണ് ചെയ്തത്. അച്ഛന്റെ മുന്നിൽ ധൈര്യത്തോടെ, പുഞ്ചിരിച്ചുകൊണ്ട് നിന്നു. എന്നാൽ എന്റെ മുറിയിലെത്തിയാൽ പൊട്ടിക്കരയുമായിരുന്നു,'' സുനൈന പറഞ്ഞു.

അക്കാലത്ത് അച്ഛനെ കാണാൻ പോകുന്നതിന് മുമ്പ് കണ്ണാടിക്ക് മുന്നിൽനിന്ന് സ്വയം ചിരിക്കാൻ ശ്രമിച്ചിരുന്നുവെന്നും സുനൈന വെളിപ്പെടുത്തി. സ്വയം ചിരിപ്പിച്ചശേഷം അച്ഛന്റെ മുന്നിലെത്തുകയായിരുന്നു പതിവ്. ഇക്കാര്യം ഇതുവരെ അച്ഛനോട് പറഞ്ഞിട്ടില്ലെന്നും സുനൈന പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പോസിറ്റീവായി തുടരുന്നത് രോഗിക്കും കുടുംബത്തിനും ഒരുപോലെ കരുത്ത് നൽകുമെന്ന് രാകേഷ് റോഷൻ പറഞ്ഞു. ഭയമോ സങ്കടമോ പ്രകടിപ്പിക്കുന്നതിന് പകരം പുഞ്ചിരിച്ചുകൊണ്ട് ആത്മവിശ്വാസം നൽകുന്നതാണ് അത്തരം സമയങ്ങളിൽ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളിൽ മാതാപിതാക്കൾ വിശ്വാസത്തോടെയും പോസിറ്റിവിറ്റിയോടെയും നിരുപാധികമായ സ്‌നേഹത്തോടെയും ജീവിതത്തെ നേരിട്ടത് കണ്ടാണ് തനിക്ക് ഇത്രയും കരുത്ത് ലഭിച്ചതെന്നും സുനൈന കുറിച്ചു.
''സ്വന്തം ഭയങ്ങൾ ഉള്ളിലൊതുക്കി മക്കൾക്ക് കരുത്ത് പകരാൻ പുഞ്ചിരിച്ച എല്ലാ മാതാപിതാക്കൾക്കും ഇത് സമർപ്പിക്കുന്നു,'' എന്നായിരുന്നു സുനൈനയുടെ കുറിപ്പ്.

സുനൈന റോഷൻ അപൂർവമായ സെർവിക്കൽ ലിംഫോമ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിച്ചിട്ടുണ്ട്. ഗ്രേഡ് 3 ഫാറ്റി ലിവർ രോഗത്തെയും മറികടന്ന സുനൈന പിന്നീട് ആരോഗ്യകരമായ ജീവിതശൈലിയിലേക്കും പോഷകാഹാരത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. ആരോഗ്യവും വ്യക്തിജീവിതത്തിലെ വളർച്ചയും ജീവിതാനുഭവങ്ങളും പങ്കുവെക്കുന്ന സുനൈനയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

അതേസമയം, രാകേഷ് റോഷന്റെ കുടുംബത്തിന്റെ സിനിമാ പാരമ്പര്യം പറയുന്ന 'The Roshans' ഡോക്യുസീരീസിലും അദ്ദേഹം അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. സംഗീതജ്ഞൻ രാജേഷ് റോഷനും അന്തരിച്ച സംഗീതസംവിധായകൻ റോഷനും ഉൾപ്പെടുന്ന റോഷൻ കുടുംബത്തിന്റെ സിനിമാ യാത്രയും രാകേഷിന്റെയും മകൻ ഹൃത്വിക് റോഷന്റെയും കരിയറും ഡോക്യുസീരീസിൽ അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിലാണ്‌ സീരീസ് സ്ട്രീം ചെയ്യുന്നത്. രാകേഷ് റോഷനും പിങ്കി റോഷനും രണ്ട് മക്കളാണ്, ഹൃത്വിക് റോഷനും സുനൈന റോഷനും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: rakesh-roshan-sunaina-roshan-health-struggle-interview