'മൗനി അന്ത്യശാസനം നൽകി, അവളെ നഷ്ടപ്പെടാതിരിക്കാൻ ഞാൻ വിവാഹത്തിന് സമ്മതം പറഞ്ഞു'

മൗനി റോയ്, സൂരജ് നമ്പ്യാർ | Instagram, AFP
മൗനി റോയ്, സൂരജ് നമ്പ്യാർ | Instagram, AFP

നടി മൗനി റോയ്‌യും വ്യവസായി സൂരജ് നമ്പ്യാരും വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചുതുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽനിന്ന് നീക്കംചെയ്തതോടെയാണ്, വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായത്. ഒടുവിൽ ഇക്കഴിഞ്ഞ ദിവസമാണ് ഇരുവരും സംയുക്തപ്രസ്താവനയിലൂടെ വിവാഹമോചിതരാവുകയാണെന്ന കാര്യം വ്യക്തമാക്കിയത്.

''ചില മാധ്യമങ്ങൾ ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് ഞങ്ങൾ നിരാശയോടെ ശ്രദ്ധിക്കുന്നു. ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതായും കാര്യങ്ങൾ സ്വകാര്യമായും സൗഹാർദ്ദപരമായും കൈകാര്യം ചെയ്യാൻ ആവശ്യമായ സമയം എടുക്കുന്നതായും ഞങ്ങൾ അറിയിക്കുന്നു''.

അതിനിടെ സൂരജിന്റെയും മൗനിയുടെയും ഒരു പഴയ വീഡിയോ ഉയർന്നുവരികയാണ്. സൂരജ് വിവാഹത്തിന് എതിരായിരുന്നെങ്കിലും മൗനി വളരെ നേരത്തെ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് അതിൽ അവർ പറയുന്നു. വിവാഹം വൈകിപ്പിച്ചതുകൊണ്ട് മൗനി തനിക്ക് ഒരു അന്ത്യശാസനം (ultimatum) നൽകിയെന്നും അവളെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാലാണ് ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും സൂരജ് പറഞ്ഞു.

''വളരെക്കാലമായി വിവാഹം എന്ന ആശയത്തിന് ഞാൻ എതിരായിരുന്നു. എന്നിരുന്നാലും, ഒരു വർഷത്തോളം വിവാഹജീവിതത്തിലൂടെ കടന്നുപോയശേഷം അത് വളരെ സമാധാനപരമാണെന്ന് എനിക്ക് തോന്നുന്നു. ഡേറ്റിങ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മൗനി വ്യക്തമാക്കിയിരുന്നു. കുറച്ചുവർഷത്തെ ഡേറ്റിങ്ങിന് ശേഷം, 'ഒന്നുകിൽ വിവാഹം കഴിക്കുക അല്ലെങ്കിൽ പോവുക' എന്ന് അവൾ വ്യക്തമായി പറഞ്ഞിരുന്നു. അപ്പോഴും കുറച്ചുകഴിയട്ടെ എന്ന് പറഞ്ഞു ഞാൻ. വിവാഹം കഴിച്ചില്ലെങ്കിൽ എനിക്ക് അവളെ നഷ്ടപ്പെടുമെന്ന് ഞാൻ മനസ്സിലാക്കി. അവളോടൊപ്പമുള്ള എന്റെ ജീവിതം മികച്ചതായിരിക്കുമെന്ന് തോന്നിയതിനാൽ വിവാഹം കഴിക്കാനും തീരുമാനിച്ചു'', സൂരജ് പറഞ്ഞു.

2019-ൽ ന്യൂഇയറിന്റെ തലേദിവസം ദുബായിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സൂരജ് ദുബായ് ആസ്ഥാനമായിട്ടായിരുന്നു അക്കാലത്ത് പ്രവർത്തിച്ചിരുന്നത്. സൗഹൃദത്തിലായതോടെ ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കാൻ തുടങ്ങി. മൗനി ഇടയ്ക്കിടെ ദുബായിലേക്ക് യാത്ര ചെയ്തു. 2022 ജനുവരി 27-നാണ് ഗോവയിൽവെച്ച് ഇരുവരും വിവാഹിതരാകുന്നത്. ബംഗാളി-മലയാളി രീതിയിലുള്ള ആചാരങ്ങളോടെയായിരുന്നു വിവാഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Official confirmation of Mouni Roy and Suraj Nambiar's divorce via joint statement. Rumours sparked by the deletion of social media photos. Suraj reveals Mouni gave an ultimatum for marriage early in their relationship.