‘ഞങ്ങളുടെ ചിന്തകൾ വേറെയാകാം, പക്ഷേ ലക്ഷ്യം ഒന്നുതന്നെ’; മകൻ അഭിഷേകുമായുള്ള ബന്ധത്തെക്കുറിച്ച് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചനും മകൻ അഭിഷേകും/Instagram
അമിതാഭ് ബച്ചനും മകൻ അഭിഷേകും/Instagram

അച്ഛനും മകനും തമ്മിലുള്ള ബന്ധം പലപ്പോഴും ഒരേ ചിന്തകളിലൂടെയാകണമെന്നില്ല. അഭിപ്രായങ്ങൾ വ്യത്യസ്തമാകാം, കാഴ്ചപ്പാടുകൾ മാറാം. എന്നാൽ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ ലക്ഷ്യം ഒന്നുതന്നെയായിരിക്കാം. മകൻ അഭിഷേക് ബച്ചനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെ ഇതേ ആശയമാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ പങ്കുവച്ചത്.

ജീവിതത്തിലെ വിശേഷങ്ങളും ചിന്തകളും ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമെല്ലാം ബ്ലോഗിലൂടെ പങ്കുവയ്ക്കാറുള്ള താരമാണ് അമിതാഭ് ബച്ചൻ. അടുത്തിടെ പങ്കുവച്ച കുറിപ്പിലാണ് മകനുമായുള്ള ബന്ധത്തെക്കുറിച്ചും തലമുറകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം എഴുതിയത്.

'പിതാ പുത്ര ദോനോ രഹേ, ഏക് മഞ്ച് പർ ബൈഠേ; വിചാർ അലഗ് അലഗ് ഹോ ചാഹേ, മൻസിൽ കെ ഹീ ഐതേ' എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത്. അച്ഛനും മകനും ഒരേ വേദിയിൽ ഇരിക്കുമ്പോഴും അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ ഇരുവരുടെയും ലക്ഷ്യം ഒന്നുതന്നെയായിരിക്കുമെന്നാണ് ഈ വരികളിലൂടെ അദ്ദേഹം പറയുന്നത്.

അടുത്ത തലമുറയോടുള്ള ബഹുമാനവും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനുള്ള മനസ്സും പ്രധാനമാണെന്നും അമിതാഭ് കുറിപ്പിൽ പറയുന്നു. 'അടുത്ത തലമുറയോട് എപ്പോഴും ബഹുമാനം. എന്നാൽ ലക്ഷ്യം എപ്പോഴും ഒന്നുതന്നെയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തുടർന്ന്, പരസ്പരം അന്വേഷിക്കുകയും മനസ്സിലാക്കുകയും പൊതുവായൊരു ലക്ഷ്യം കണ്ടെത്തുകയും ചെയ്യുന്നതാണ് ബന്ധങ്ങളുടെ സൗന്ദര്യമെന്നും അദ്ദേഹം കുറിച്ചു. സ്‌നേഹവും ബഹുമാനവും പരസ്പര പിന്തുണയുമാണ് ആ ബന്ധത്തിന്റെ അടിത്തറയെന്നും അമിതാഭ് പറയുന്നു.

അതേസമയം, ജോലിത്തിരക്കുകളിൽ സജീവമാണ് അമിതാഭ് ബച്ചൻ. വർഷങ്ങളായി 'കോൻ ബനേഗാ ക്രോർപതി'യുടെ അവതാരകനായി തുടരുന്ന താരം, ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത 'വേട്ടയ്യൻ' എന്ന ചിത്രത്തിലാണ് ഒടുവിൽ ബിഗ് സ്‌ക്രീനിലെത്തിയത്. 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങളിലാണ് താരം ഇപ്പോൾ. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നും 2027 പകുതിയോടെ പൂർത്തിയാക്കാനാണ് പദ്ധതിയെന്നും സംവിധായകൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രഭാസ്, കമൽഹാസൻ എന്നിവരും ചിത്രത്തിൽ തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi