തന്റെ പേരിൽ വ്യാജ സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്ന എക്സ് അക്കൗണ്ടിനെതിരെ പ്രതികരണവുമായി നടൻ ദുൽഖർ സൽമാൻ. @_dulQuer എന്ന വ്യാജ അക്കൗണ്ട് തന്റെ ഔദ്യോഗിക അക്കൗണ്ടല്ലെന്നും അതിലെ വിവരങ്ങൾ കണ്ട് തെറ്റിദ്ധരിക്കരുതെന്നും ദുൽഖർ ആരാധകരോട് അഭ്യർത്ഥിച്ചു.

തന്റെ പേരിന് സമാനമായ രീതിയിലാണ് ഈ അക്കൗണ്ട് പ്രവർത്തിക്കുന്നത്. 'പാരഡി അക്കൗണ്ട്' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും താനാണെന്ന വ്യാജേനയാണ് ഇതിലെ പോസ്റ്റുകൾ. സിനിമാ നിരൂപണങ്ങൾ, മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയ്ക്ക് പുറമെ തന്റെ കുടുംബാംഗങ്ങൾക്ക് വ്യാജമായി ജന്മദിനാശംസകൾ വരെ ഈ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നുണ്ടെന്ന് ദുൽഖർ വ്യക്തമാക്കി.

"തന്റെ യഥാർത്ഥ അക്കൗണ്ടാണിതെന്ന് കരുതി എക്സിലെ @_dulQuer എന്ന അക്കൗണ്ട് പിന്തുടരുന്നതും അതിലെ വിവരങ്ങൾ വിശ്വസിക്കുന്നതും ദയവായി എല്ലാവരും അവസാനിപ്പിക്കണം. ഒരു പാരഡി അക്കൗണ്ട് എന്ന വ്യാജേന എന്നെപ്പോലെ നടിച്ച് എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്നത് അവർക്ക് തമാശയായിരിക്കാം. എന്നാൽ സിനിമകളെക്കുറിച്ചും മറ്റ് അഭിനേതാക്കളെക്കുറിച്ചും പോസ്റ്റുകൾ ഇടുന്നതും എന്റെ കുടുംബാംഗങ്ങൾക്ക് വ്യാജമായി ആശംസകൾ അയക്കുന്നതും അനാവശ്യമായ ആശയക്കുഴപ്പങ്ങൾക്കും നെഗറ്റിവിറ്റിക്കും കാരണമാകുന്നുണ്ട്," ദുൽഖർ പ്രതികരിച്ചു.

ഈ അക്കൗണ്ടിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും എക്സ് (X) അധികൃതരിൽ നിന്ന് നടപടിയ്ക്കായി കാത്തിരിക്കുകയാണെന്നും ദുൽഖർ അറിയിച്ചു. നടന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi