ദളപതി വിജയ്, അവസാന ബെഞ്ചിലെ മെലിഞ്ഞ പതിനാറുകാരന്‍......

29 വര്‍ഷം ഓര്‍മകള്‍ പിറകോട്ട് പോകുകയാണ്, ഞാന്‍ ആദ്യം അധ്യാപികയായത് ചെന്നൈ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലാണ് ( തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പഠിച്ച സ്‌കൂള്‍). ഗേള്‍സ് സ്‌കൂളായതിനാല്‍ പെണ്‍കുട്ടികളെ മാത്രമായിരുന്നു എനിക്ക് പഠിപ്പിക്കേണ്ടി വന്നത്. അങ്ങനെ സമാധാനമായി ജീവിതം മുന്നോട്ട് പോകുമ്പോള്‍ ഒരുദിവസം ചെന്നൈ ലൊയോള കോളേജില്‍ ലക്ചററായി എനിക്ക് നിയമനം ലഭിച്ചു. ഏറെ ആഗ്രഹിച്ച കലാലയം ആയിരുന്നിട്ട് കൂടി ജോലി ലഭിച്ചപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഉള്‍ഭയം തോന്നി. കാരണം ഇത്രയും നാള്‍ പെണ്‍കുട്ടികളെ മാത്രം അഭിമുഖീകരിച്ച ഞാന്‍ എങ്ങനെ ലെയോള കോളജിലെ ന്യൂജെന്‍ ആയ ആണ്‍കുട്ടികളെ പഠിപ്പിക്കും എന്നായിരുന്നു എന്റെ ടെന്‍ഷന്‍. രണ്ടും കല്‍പിച്ച് ജോയിന്‍ ചെയ്യാം എന്ന് തീരുമാനിച്ചു. ഒരാഴ്ച പഠിപ്പിച്ച് നോക്കി ശരിയാവുന്നില്ലെങ്കില്‍ രാജിവെക്കാം എന്നാണ് മനസ്സിലുറപ്പിച്ചത്. അങ്ങനെ ലെയോളയില്‍ ജോയിന്‍ ചെയ്ത് ആദ്യ ക്ലാസില്‍ പോയി. 70 കുട്ടികളുണ്ട് ക്ലാസില്‍. ഫ്രഞ്ച് ഗ്രാമറാണ് ഞാന്‍ പഠിപ്പിക്കുന്നത്.
സിനിമാ താരങ്ങളെ വച്ച് ഉദാഹരണങ്ങള്‍ പറഞ്ഞ് പഠിപ്പിക്കലാണ് എന്റെ രീതി. രജനീകാന്ത് ഇങ്ങനെ പറഞ്ഞപ്പോള്‍ നഗ്മ അങ്ങനെ പറഞ്ഞു എന്നൊക്കെ. ആദ്യത്തെ ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ കുട്ടികള്‍ എന്നെ അഭിനന്ദിക്കുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. പിന്നെ 25 വര്‍ഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ക്ലാസില്‍ 70 കുട്ടികളുണ്ടെങ്കിലും ഞാന്‍ ഒരാഴ്ചകൊണ്ട് എല്ലാവരുടെയും പേര് പഠിച്ചു. കോളേജായതിനാല്‍ ഞാന്‍ ക്ലാസിലെത്തി അറ്റൻഡൻസ് എടുത്ത് ബോര്‍ഡിലേക്ക് തിരിയുമ്പോള്‍ ചില കുട്ടികള്‍ പിന്‍വാതിലില്‍ കൂടി എസ്‌കേപ്പ് ചെയ്യും. പേര് കൃത്യമായി പഠിച്ചത് കൊണ്ട് അത്തരം വിരുതന്‍മാരെ ഞാന്‍ കൈയോടെ പിടികൂടി.
ക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യുമ്പോള്‍ മാര്‍ക്കുകള്‍ ഉറക്കെ വിളിച്ചുപറയുന്നതായിരുന്നു എന്റെ രീതി. മാര്‍ക്ക് കുറഞ്ഞവര്‍ എന്നോട് പറയും ' ടീച്ചറേ, മാര്‍ക്ക് ഉറക്കെ വായിക്കല്ലേ'. ' ഇപ്പോള്‍ ഉറക്കെ വായിച്ചാലേ അടുത്ത പരീക്ഷയ്ക്ക് ഈ 5 മാര്‍ക്ക് 35 ആവുകയുള്ളൂ'.
അന്ന് നല്ല രീതിയില്‍ മാര്‍ക്ക് മേടിച്ചവരൊക്കെ ഇന്ന് സിംഗപ്പൂരിലും അമേരിക്കയിലും ദുബായിലുമൊക്കെയുണ്ട്. പക്ഷേ, ഒരുലാസ്റ്റ് ബെഞ്ചുകാരന്‍ എന്റെ കണക്കുകൂട്ടലെല്ലാം തെറ്റിച്ച് തെന്നിന്ത്യ തന്നെ കീഴടക്കി. ഒരുദിവസം ഹോംവര്‍ക്ക് ചെയ്യാത്തതിന് മെലിഞ്ഞ പതിനാറുകാരന്‍ പയ്യനെ ഞാന്‍ അടുത്ത് വിളിച്ച് ശകാരിച്ചു. അത് കഴിഞ്ഞപ്പോള്‍ ഞാനുമായി നല്ല സൗഹൃദത്തിലായ മറ്റൊരുകുട്ടി വന്നുപറഞ്ഞു' ടീച്ചറേ, അവന്റെ അച്ഛന്‍ സിനിമാ നിര്‍മാതാവാണ്. അവനും സിനിമയില്‍ കയറാന്‍ നോക്കുകയാണ്.' ഒരു വര്‍ഷം മാത്രം എന്റെ ക്ലാസിലിരുന്ന ആ വിദ്യാര്‍ഥി സാക്ഷാല്‍ ദളപതി വിജയ് ആയിരുന്നു. സിനിമയില്‍ കയറുക മാത്രമല്ല തമിഴ് സിനിമാ ലോകത്തെ രാജാവായി തന്നെ അവന്‍ മാറി.
വര്‍ഷങ്ങള്‍ക്കിപ്പുറം കായലോരത്തെ വീട്ടിലിരുന്ന് വിജയ് സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ വീട്ടുകാരോട് പറയും ' ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ഥിയാ..!'.
Content Highlights: Rebbeca george rtd Teacher of loyola college chennai memories about thalapathy Vijay