സന്തോഷം വന്നാലും സങ്കടം വന്നാലും അസുഖങ്ങള്‍ വന്നാലുമൊക്കെ ചേര്‍ത്തുനിര്‍ത്താന്‍ പറ്റുന്ന ഒരേയൊരു കലാരൂപമാണ് സംഗീതം. മനോഹരമായ ഒരു ഗാനത്തിന് ഈ സന്ദര്‍ഭങ്ങളിലൊക്കെത്തന്നെ നമുക്കൊപ്പം സാന്ത്വനമായി മാറാന്‍ പറ്റും. ഈ ജന്മത്ത് കിട്ടുന്ന ഒരു മഹാഭാഗ്യമാണ് സംഗീതം ആസ്വദിക്കാനുള്ള കഴിവ്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ഞാന്‍ ജനിച്ചുവീണതുതന്നെ സംഗീതത്തിന്റെ മടിയിലേക്കാണ്. മലയാളസിനിമയിലെ ആദ്യകാല നായകന്മാരില്‍ ഒരാളായ വൈക്കംമണിയുടെയും സംഗീതാധ്യാപികയായിരുന്ന പത്മാവതിയമ്മയുടെയും മകളായി- അതുകൊണ്ടുതന്നെ എന്റെയൊരു കൂടപ്പിറപ്പായിത്തന്നെ സംഗീതത്തെ കരുതാം.

To advertise here,

പലരെയും നോക്കി നമ്മള്‍ പറയാറുണ്ട് എന്ത് ഭാഗ്യമുള്ളവര്‍ എന്ന്. ഒരുപക്ഷേ, അവരുടെ പണമോ ജീവിതസൗകര്യങ്ങളോ പദവിയോ അങ്ങനെ ബാഹ്യമായ പലതും കണ്ടാവാം അങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുക! എന്നെസംബന്ധിച്ച് പറയുകയാണെങ്കില്‍ മനസ്സിനിണങ്ങിയ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കുന്നതാണ് ഏറ്റവും വലിയ സുകൃതം. ആ നിലയില്‍ ഈശ്വരന്‍ അനുഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാന്‍ എന്ന് നിസ്സംശയം പറയാം. ഹൃദയത്തോട് ചേര്‍ത്തുവെച്ചിരിക്കുന്ന സംഗീതം ആസ്വദിക്കാനും രുചിക്കാനും ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അച്ഛനമ്മമാരില്‍നിന്ന് ലഭിച്ച എല്ലാ നേട്ടങ്ങളും ആഹാരംപോലും സംഗീതംവഴി വന്ന പുണ്യം. അതിനുശേഷം ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യയായി ജീവിതം തുടങ്ങിയപ്പോഴും അത് തുടര്‍ന്നു. തുടരുന്നു. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെങ്കിലും ഒരു പാട്ട് കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ ''ശ്ശെ അതൊന്ന് നിര്‍ത്താമോ''- എന്ന് വിലക്കുന്ന ഒരു ജീവിതപങ്കാളിയെയാണ് കിട്ടിയിരുന്നതെങ്കില്‍ എന്താവുമായിരുന്നു എന്റെ ജീവിതം എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
 

placeholder
മക്കൾക്കൊപ്പം (ഫയൽചിത്രം)

പഠിക്കുന്ന കാലത്ത് ശ്രീകുമാരന്‍ തമ്പിയുടെ ചില കവിതകള്‍ അന്നത്തെ മാസികകളില്‍ വന്നിട്ടുള്ളത് വായിച്ചിരുന്നു. എന്റെ അച്ഛന്‍ മെരിലാന്‍ഡിലെ (പി. സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ) കുറെ പടങ്ങളില്‍ നല്ലവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം നിര്‍മിച്ച 'കാട്ടുമല്ലിക' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. അച്ഛന് അതില്‍ നായികയുടെ പിതാവിന്റെ വേഷമായിരുന്നു. ഒരുദിവസം ഷൂട്ടിങ് കഴിഞ്ഞ് വന്ന് വിശേഷങ്ങളൊക്കെ പറഞ്ഞകൂട്ടത്തില്‍ അച്ഛന്‍ പറഞ്ഞു- ''പുതിയ ഒരാളാണ് പാട്ടുകളെഴുതിയിരിക്കുന്നത്. തീരെ ചെറുപ്പം. എന്‍ജിനീയറാണ്. ശ്രീകുമാരന്‍ തമ്പി എന്നാണ് പേര്. മുതലാളിക്ക് (പി. സുബ്രഹ്മണ്യം) വലിയ അഭിപ്രായമാണ് ആ പയ്യനെപ്പറ്റി. പാട്ടുകള്‍ ഞാനും കേട്ടു. നന്നായി എഴുതിയിരിക്കുന്നു. ബാബുരാജ് സംഗീതസംവിധായകന്‍.'' അങ്ങനെ എന്റെ അച്ഛനിലൂടെയാണ് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. 

അന്നൊക്കെ നമുക്ക് 'പാട്ടുപുസ്തകം' കിട്ടും. അതില്‍ എല്ലാ പാട്ടുകളുടെയും വരികള്‍  ഉണ്ടാകും. എന്നാലും റേഡിയോയില്‍ എപ്പോഴെങ്കിലും പ്രക്ഷേപണം ചെയ്യുമ്പോഴേ നമുക്കത് കേള്‍ക്കാന്‍ പറ്റൂ. 'അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍', 'കല്യാണമാവാത്ത കാട്ടുപെണ്ണേ', 'താമരത്തോണിയില്‍ താലോലമാടി'-ഇതൊക്കെ അതിലെ ഹിറ്റ് ഗാനങ്ങളായിരുന്നു.

വിവാഹശേഷം മദിരാശിയില്‍

എന്നെ സംബന്ധിച്ച് മദിരാശി വിദൂരമായ ഒരു സ്വപ്നലോകമായിരുന്നു. നല്ല നല്ല പാട്ടുകളും സിനിമകളുമെല്ലാം ഉണ്ടാകുന്ന സ്ഥലം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം താമസിക്കുന്ന സ്ഥലം. വിവാഹിതയായി അവിേടക്ക് എത്തുമ്പോള്‍ എനിക്ക് അദ്ഭുതവും സന്തോഷവും അവിശ്വസനീയതയുമെല്ലാം ചേര്‍ന്ന ഒരു സമ്മിശ്രവികാരമായിരുന്നു. സിനിമാസംഗീതവുമായി ബന്ധപ്പെട്ട് അന്ന് അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ദക്ഷിണാമൂര്‍ത്തിസ്വാമിയും പി. ലീലച്ചേച്ചിയുമാണ്. രണ്ടുപേരും അച്ഛനുമായി അടുപ്പമുള്ളവര്‍. 'നല്ലതങ്ക'യില്‍ തുടങ്ങിയ പരിചയമാണ് ലീലച്ചേച്ചിയുമായി അച്ഛന്. അവര്‍ ഒരുമിച്ച് യുഗ്മഗാനങ്ങള്‍ പാടിയിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ലീലച്ചേച്ചി തിരുവനന്തപുരത്ത് വരുമ്പോള്‍ എനിക്ക് നിറയെ കുപ്പിവളകള്‍ കൊണ്ടുവരുമായിരുന്നു. സ്വാമി വീട്ടിലെ ഒരംഗം പോലെ മാറിയിരുന്ന ആള്‍. ദേവരാജന്‍ മാസ്റ്ററുമായും ബി.എ. ചിദംബരനാഥുമായുമൊക്കെ അച്ഛന് അടുപ്പമുണ്ടായിരുന്നെങ്കിലും അവരെയൊക്കെ ഞാന്‍ കാണുന്നത് മദ്രാസില്‍ എത്തിയശേഷമാണ്.
 

placeholder
കുടുംബസമേതം (ഫയൽചിത്രം)

ഞാന്‍ ആദ്യമായി കാണുന്ന റെക്കോര്‍ഡിങ് 'മനോഹരി നിന്‍ മനോരഥത്തില്‍' എന്ന പാട്ടാണ്. ടി.ഇ.വാസുദേവന്റെ 'ലോട്ടറി ടിക്കറ്റ്' എന്ന ചിത്രം. സ്വാമി സംഗീതം. പാടുന്നത് ദാസേട്ടന്‍. ഓര്‍ക്കസ്ട്രയുടെ ചുമതല ആര്‍.കെ. ശേഖര്‍. എല്ലാംകൊണ്ടും ഒട്ടും അപരിചിതത്വം ഇല്ലാത്ത അന്തരീക്ഷം. എല്ലാം എനിക്ക് കൗതുകമായിരുന്നു. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. പിന്നീട് മകള്‍ ജനിച്ചുകഴിഞ്ഞ് ഉറങ്ങണമെങ്കില്‍ 'മനോഹരി നിന്‍' പാടിക്കൊടുക്കണമായിരുന്നു. ആ പാട്ട് എല്ലാംകൊണ്ടും ഓര്‍മയില്‍ പച്ചപിടിച്ച് കിടക്കുന്ന ഒന്നാണ്.

വയലാര്‍ രാമവര്‍മ, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് ഇവരൊക്കെ അജയ്യരായി വിരാജിക്കുന്ന സമയത്താണ് ചേട്ടന്റെ രംഗപ്രവേശം. ഇവരെല്ലാവരും തന്നെ കവികളായിരുന്നു. ചേട്ടനും കവിതകളെഴുതിത്തന്നെയാണ് ഗാനരചനയിലേക്ക് കടന്നത്. മറ്റ് മൂന്ന് പേര്‍ക്കും ധാരാളം നാടകഗാനങ്ങള്‍ എഴുതിയ പരിചയമുണ്ട്. കൂടാതെ അവര്‍ വിശ്വസിച്ചിരുന്ന പ്രസ്ഥാനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. ചേട്ടനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും പിന്‍ബലമാണ് കൈമുതലായി ഉണ്ടായിരുന്നത്. എന്നും ഒരു ഒറ്റയാള്‍ പട്ടാളം! മുന്‍കോപം എന്ന ശത്രു ഒപ്പം തന്നെയുണ്ടായിരുന്നു താനും.

സിനിമയുടെ മിക്കവാറും എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞാന്‍ അന്നും ഇന്നും ചേട്ടന്‍ എഴുതിയിട്ടുള്ള പകരം വെക്കാനില്ലാത്ത പാട്ടുകളുടെ ആരാധികയാണ്. ഞങ്ങളുടെ മകള്‍ കവിത ജനിച്ച സമയം. ഒരു ദിവസം അപ്രതീക്ഷിതമായി ഒരു അതിഥി അവളെ കാണാന്‍ വന്നു. പി.ബി. ശ്രീനിവാസ്. എന്റെ കൈയിലിരുന്ന കുഞ്ഞ് അദ്ദേഹം 'മോളേ' എന്ന് വിളിച്ചപ്പോള്‍ മുഖത്തുനോക്കി ഭംഗിയായി ചിരിച്ചു. 'മിടുക്കി' എന്ന് അദ്ദേഹം. എത്രയോ അനശ്വര ഗാനങ്ങളിലൂടെ പരിചിതനായിരുന്ന അദ്ദേഹത്തിന്റെ ശുദ്ധ മലയാളത്തിലുള്ള സംസാരമൊക്കെ എനിക്ക് അദ്ഭുതമായിരുന്നു.

കാണാന്‍ കൊതിച്ച്; നടക്കാത്ത കാര്യമായി മനസ്സില്‍ വിചാരിച്ചിരുന്നവര്‍-പി. സുശീല, എസ്. ജാനകി, ജയചന്ദ്രന്‍-അങ്ങനെ നീളുന്ന ഒരു പട്ടിക. അവരെല്ലാം ചേട്ടന്റെ പാട്ടുകള്‍ പാടുന്നത് കേള്‍ക്കാനും കാണാനും കഴിയുക ഭാഗ്യമല്ലേ. ദാസേട്ടനെ നേരത്തേ അറിയാം. അദ്ദേഹത്തിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫും എന്റെ അച്ഛനുമാണല്ലോ 'നല്ലതങ്ക'യിലെ രണ്ട് നായകന്മാര്‍. അവരുടെ ബന്ധം കാരണം ദാസേട്ടനെയും കുടുംബത്തിനേയുമൊക്കെ അറിയാമായിരുന്നു.
 

placeholder
വിവാഹവേളയിൽ

ചേട്ടനും അര്‍ജുനന്‍ മാസ്റ്ററും ചേര്‍ന്ന് ഒരുക്കുന്ന പാട്ടുകളുടെ കമ്പോസിങ് നടക്കുമ്പോള്‍ പലപ്പോഴും മാസ്റ്റര്‍ ഞങ്ങളുടെ വീട്ടിലായിരിക്കും താമസം. ജയചന്ദ്രന് പാടാനുള്ള പാട്ടുകള്‍ ചെയ്യുമ്പോള്‍ അദ്ദേഹവും വീട്ടില്‍ വരും. സംഗീതം നിറഞ്ഞുനിന്നിരുന്ന ആ ദിവസങ്ങള്‍ ഒന്നും മറക്കാന്‍ പറ്റില്ല. ഒരു ഗാനം ജനിക്കുന്നത് നേരില്‍ കാണാനും അതില്‍ പങ്കാളിയാകാനും കഴിഞ്ഞ ദിവസങ്ങള്‍! ശ്രീകുമാരന്‍തമ്പിയുടെ ഭാര്യയായതുകൊണ്ടുമാത്രം കൈവന്ന ഭാഗ്യങ്ങള്‍!

പാട്ടിനായി വഴക്കിട്ട മക്കള്‍

സാധാരണ കുട്ടികള്‍ കളിപ്പാട്ടത്തിനോ ഇഷ്ടമുള്ള ആഹാരത്തിനോ ഒക്കെയായിരിക്കും പരസ്പരം വഴക്കുപിടിക്കുക. എന്നാല്‍ ഞങ്ങളുടെ മക്കള്‍ അവരുടെ അച്ഛന്റെ പാട്ടുകള്‍ക്കുവേണ്ടിയാണ് അടികൂടിയിട്ടുള്ളത്. അവര്‍ ചില പാട്ടുകള്‍ പങ്കുവെച്ചെടുക്കും. അതില്‍ ഒരാളിന്റെ പാട്ടില്‍ മറ്റെയാള്‍ ഇടപെടാന്‍ പാടില്ല. പാടാനും. 'കാലചക്രം' എന്ന പടത്തിലെ 'രാക്കുയിലിന്‍ രാഗസദസ്സില്‍' മോന്റെയാണ്. അതേ ചിത്രത്തിലെ 'രാജ്യം പോയൊരു രാജകുമാരന്‍' മോളുടെയും. ഒരാള്‍ മറ്റെയാളുടെ പാട്ട് പാടിയാല്‍ നിര്‍ത്താതെ കരഞ്ഞുകളയും രണ്ടാളും. അതേപോലെ 'ചന്ദ്രകാന്ത'ത്തിലെ 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍' മോളുടെ സ്വന്തം. 'ഹൃദയവാഹിനീ ഒഴുകുന്നു നീ' മോന്റെയും. അതും പരസ്പരം പങ്കുവെക്കാന്‍ പറ്റില്ല. വഴക്കാകും. ചെറിയ കുട്ടികളാണ് അവര്‍ അപ്പോള്‍. എന്നാലും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. മോന്‍ ഒരിക്കല്‍ വളരെ കാര്യമായിത്തന്നെ അച്ഛനോട് ചോദിച്ച ഒരു ചോദ്യമുണ്ട് - ''അച്ഛാ, പാടാത്ത വീണ എങ്ങനെയാ പാടുന്നത്? അച്ഛന്‍ എഴുതിയല്ലോ?'' ബാക്കിയും കൂടി മനസ്സിലാക്കാന്‍ അവന് പ്രായമായിരുന്നില്ല. അതുകൊണ്ടുതന്നെ ചിരിച്ചതേയുള്ളൂ ഞങ്ങള്‍.

വളരെ ധൃതിയില്‍ വേറെ ഏതെങ്കിലും സ്ഥലത്തിരുന്ന് എഴുതുന്ന പാട്ടുകളൊഴികെ ബാക്കി എല്ലാ പാട്ടുകളും ഞാന്‍ തന്നെയാണ് ആദ്യം വായിച്ചിട്ടുള്ളത്. പാട്ട് ചിത്രീകരിക്കുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിന് പാട്ടുകളുടെ കോപ്പി എടുത്തുകൊടുക്കുന്നതും എന്റെ ജോലി ആയിരുന്നു. ട്യൂണിനൊപ്പം വരികള്‍ എഴുതുന്നത് ചേട്ടനും ഇഷ്ടമല്ലെങ്കിലും അങ്ങനെയുള്ളസമയങ്ങളില്‍ അതിനായി ഒരുപാട് കഷ്ടപ്പെടുന്നതൊന്നും ഞാന്‍ കണ്ടിട്ടില്ല. സലില്‍ ചൗധരിയും ഇളയരാജസാറുമൊക്കെ അഭിനന്ദിച്ചിട്ടുണ്ട് വേഗത്തില്‍ എഴുതുന്നതിനെപ്പറ്റി പറഞ്ഞിട്ട്. പാട്ടായാലും സ്‌ക്രിപ്റ്റായാലും ഒക്കെ രാത്രിയിലാണ് എഴുത്ത്. ഒരു ഫ്ളാസ്‌ക് നിറയെ കട്ടന്‍കാപ്പി ഉണ്ടാക്കിവെച്ച് ഞാന്‍ പോയി കിടക്കും. രാവിലെയാകുമ്പോള്‍ പാട്ടുകള്‍ റെഡിയായിരിക്കും. ഒരിക്കല്‍ ആറ് പാട്ടുകള്‍ അങ്ങനെയെഴുതിയത് എനിക്ക് ഓര്‍മയുണ്ട്.

എഴുത്തില്‍ മതിമറന്ന്...

ആഹാരത്തിന് കൊടുത്തിരിക്കുന്നത് ഏറ്റവും അവസാനത്തെ സ്ഥാനമാണ്. നമ്മള്‍ വിളിച്ചില്ലെങ്കില്‍ കഴിച്ചിട്ടില്ല എന്ന കാര്യംപോലും മറന്നുപോകും. വളരെ കുറച്ചേ കഴിക്കുകയുള്ളൂ. ഞാന്‍ അധികവും പഠിച്ചത് ചേട്ടന്റെ അമ്മയില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കി പഠിക്കാന്‍ പറ്റി.

മക്കളോട് സ്നേഹമാണെങ്കിലും അതുപോലെ ശിക്ഷിച്ചിട്ടുമുണ്ട്; ചെറിയ കാര്യത്തിനായാലും. ദേഷ്യപ്പെടാത്തത് മരുമക്കളോട്, കൊച്ചുമക്കളോട്, പിന്നെ ഞങ്ങള്‍ വളര്‍ത്തിയ എന്റെ സഹോദരന്റെ മകളോട്- ഇത്രയുംപേരേ ആ ലിസ്റ്റിലുള്ളൂ. ജനഹൃദയങ്ങളിലുള്ള അംഗീകാരമാണ് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലുത്. നല്ല ഗാനരചയിതാവിനുള്ള കേരളാ സ്റ്റേറ്റ് അവാര്‍ഡ് ആകെ രണ്ടുതവണയാണ് ലഭിച്ചിട്ടുള്ളത്. ഏകദേശം 30 വര്‍ഷത്തെ ഇടവേളയില്‍. അടുത്തകാലത്തായി ഒരുപാട് ബഹുമതികളും അംഗീകാരങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. മുന്‍പേ നടന്നുപോയ പ്രതിഭകളുടെ പേരിലുള്ളവ. ജെ.സി. ഡാനിയല്‍ അവാര്‍ഡ് അതിലൊന്നാണ്. 

എനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ എന്നൊരു വിഷയം ഞാന്‍ മനഃപൂര്‍വം ഒഴിവാക്കിയതാണ്. കാരണം അതിങ്ങനെ ഒരുലേഖനത്തില്‍ ഒതുക്കാന്‍ പറ്റില്ല. എല്ലാത്തരം പാട്ടുകളും ഒരേ കഴിവോടെ എഴുതാന്‍ അദ്ദേഹത്തിന് കഴിയും. സിനിമാഗാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ലളിതഗാനങ്ങളും (ആല്‍ബം സോങ്‌സ്) നിറയെ എഴുതിയിട്ടുണ്ട്.