'വിജയ്‌യുടെ ഈ സ്വഭാവം എനിക്ക് തീരെ ഇഷ്ടമല്ല' എന്ന് തൃഷ; താരം രാഷ്ട്രീയത്തിലേക്കോ?

തൃഷ, വിജയ് | PTI, ANI
തൃഷ, വിജയ് | PTI, ANI

തമിഴ്‌നാട്ടിലെ രാഷ്ട്രീയനാടകങ്ങൾ അവസാനിക്കുന്നില്ല. സർക്കാർ ഉണ്ടാക്കാൻ തങ്ങളെ ക്ഷണിക്കണമെന്ന ആവശ്യവുമായി രണ്ടുതവണയാണ് ടി.വി.കെ നേതാവ് വിജയ് ഗവർണറെ കണ്ടത്. എന്നാൽ, സർക്കാർ രൂപീകരിക്കുന്നതിനാവശ്യമായ ഭൂരിപക്ഷമില്ലെന്ന് പറഞ്ഞ് ഗവർണർ മടക്കി അയക്കുകയായിരുന്നു. അതിനിടെ ടി.വി.കെ.യെ മന്ത്രിസഭ രൂപീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പല പാർട്ടികളും രംഗത്തുവന്നിട്ടുണ്ട്.

അതേസമയം വിജയ് മത്സരിച്ച് ജയിച്ച രണ്ടുമണ്ഡലങ്ങളിലൊന്ന് അദ്ദേഹം കൈവെടിയേണ്ടതുണ്ട്. പകരം അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുകയും വേണം. സ്ഥാനാർഥിയാരെന്ന കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗികസ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, നടി തൃഷ ആവാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഈ വാർത്തകൾക്കുപിന്നാലെ വിജയ്‌യും തൃഷയും വീണ്ടും ട്രെൻഡിങ്ങിലായി. അവർക്കിടയിലെ അടുപ്പവും ചർച്ചയാവുന്നുണ്ട്. 'ഗില്ലി' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. ആ ചിത്രം സൂപ്പർഹിറ്റായി. അവർ തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു. പിന്നാലെ തിരുപ്പാച്ചി, ആദി, കുരുവി എന്നീ ചിത്രങ്ങളിലും നായികാനായകൻമാരായി. അതിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പരന്നത്. താരങ്ങൾ അകന്നുനിൽക്കാൻ തുടങ്ങിയതും അപ്പോഴാണ്. വർഷങ്ങളോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചതേയില്ല.

അതിനുമുമ്പ് ഒരഭിമുഖത്തിൽ സിനിമാസെറ്റുകളിലെ വിജയ്‌യെക്കുറിച്ചാണ് തൃഷ സംസാരിച്ചത്. സെറ്റിൽ വിജയ് എപ്പോഴും ശാന്തസ്വഭാവിയാണെന്നാണ് തൃഷയുടെ പക്ഷം. സെറ്റിലെ ബാക്കിയുള്ളവർ നല്ല അടുപ്പത്തോടെ ഒരുമിച്ച് സമയം ചെലവഴിക്കുമ്പോൾ, വിജയ് ഒറ്റയ്ക്കിരിക്കുമെന്നും തൃഷ വെളിപ്പെടുത്തി. ഏതൊക്കെയോ ചിന്തകളിൽ മുഴുകിയിരിക്കുന്ന വിജയ്‌നെ ആണത്രേ സെറ്റുകളിൽ കാണാൻ കഴിയുക.

''വിജയ് വളരെ റിസർവ്ഡ് ആയിട്ടുള്ള വ്യക്തിയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. വളരെ നിശബ്ദനായിട്ടാണ് അദ്ദേഹം സെറ്റിലിരിക്കുക. ആ മൗനം എന്നെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. എനിക്കത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. വിജയ്‌യിൽ എനിക്കിഷ്ടപ്പെടാത്ത സ്വഭാവവും അതുതന്നെ. ആദ്യം ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടായിരുന്നില്ല. പിന്നീടാണ് സുഹൃത്തുക്കളായത്''. ഏറ്റവും സ്‌പെഷ്യൽ ആയിട്ടുള്ള സഹതാരം എന്നാണ് തൃഷ, വിജയ്‌യെ വിശേഷിപ്പിച്ചത്. സിനിമയിലെ സൗഹൃദം രാഷ്ട്രീയത്തിലേക്കും കടക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Speculation regarding Trisha Krishnan entering tamil nadu politics as a candidate. Trisha's past remarks on Vijay's reserved nature on film sets.