പാർസികളെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത് അച്ഛനിൽനിന്നാണ്. 'ക്വീൻ' എന്ന അതിപ്രശസ്തമായ ബാൻഡിന്റെ പ്രധാനഗായകൻ ഫ്രഡ്ഡി മെർക്കുറി, ഗുജറാത്തി പാർസിയാണ്, അതുകൊണ്ട് ഇന്ത്യക്കാരൻ ആണെന്ന് അഭിമാനത്തോടെ അച്ഛൻ ഒരു ദിവസം പറഞ്ഞു. 'അയാളെക്കണ്ടാൽ വെള്ളക്കാരനെ പോലുണ്ടല്ലോ അതെങ്ങനെ ശരിയാകും?' എന്ന് ചോദിച്ചപ്പോൾ അതിന് മറുപടിയായി അച്ഛൻ ഇങ്ങനെ പറഞ്ഞു, 'അവർ സത്യത്തിൽ ഇറാനികളാണ്. അതാണ് ഇങ്ങനെ വെളുത്തു തുടുത്തിരിക്കുന്നത്. നമ്മുടെ രത്തൻ റ്റാറ്റാ ഇല്ലേ? മൂപ്പര് പാർസി ആണ്!' അന്ന് അവരെപ്പറ്റി കുറേ അന്വേഷിച്ചെങ്കിലും പിൽക്കാലത്ത്, മുംബൈയിൽ ആദ്യമായി യാത്ര പോയപ്പോഴാണ് പാഴ്‌സികളെ നേരിട്ട് കാണുന്നതും ഇടപെടുന്നതുമൊക്കെ. മഹാരാഷ്ട്രയിലെ മുംബൈലയിലും പൂണെയിലുമൊക്കെയാണ് പാഴ്‌സികളെ കൂടുതൽ കാണാൻ സാധിക്കാറുള്ളതെങ്കിലും പാഴ്‌സികൾ ആദ്യമായി കുടിയേറുന്നത് ഗുജറാത്തിലേക്കാണ്. ഇറാനിൽ അറബികളുടെ അധിനിവേശത്തോടെ മതപീഡനം ഭയന്ന് ഏകദേശം പതിനാറാം നൂറ്റാണ്ടിൽ കടൽമാർഗമാണ് അവർ ഗുജറാത്തിലേക്കെത്തുന്നത്. ഇന്ന് ഏകദേശം അറുപതിനായിരത്തിലധികം പാഴ്‌സികൾ ഇന്ത്യയിലുണ്ട്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം നമ്മളിൽ നിന്ന് വ്യത്യസ്തമാണ്. പ്രത്യേകിച്ചും മരണാനന്തരചടങ്ങുകൾ. അത് നേരിൽകാണാനും അറിയാനും മുംബൈയിൽ എത്തിയ ആദ്യ ദിവസം തന്നെ പുറപ്പെട്ടത് 'ഡാഖ്മ'യിലേക്കാണ്. പാഴ്‌സികളെ മരണശേഷം കൊണ്ടുവരുന്നത് ഇവിടെയ്ക്കാണ്. ഇവിടെ അവരെ മണ്ണിൽ അടക്കുകയോ ദഹിപ്പിക്കുകയോ ഇല്ല. പകരം വലിയ ഉയരമുള്ളൊരു കെട്ടിടത്തിന്റെ മുകളിലേക്ക് ശരീരം എത്തിക്കും. ആ കെട്ടിടത്തെ ടവർ ഓഫ് സൈലെൻസ് എന്നാണ് വിളിക്കുന്നത്. അവിടെ അവരെ കഴുകന്മാർ കൊത്തിവലിക്കും. ഏകദേശം ഒരു വർഷത്തോളം സൂര്യതാപവും കാറ്റും മഴയുമൊക്കെ കൊള്ളുന്ന ശരീരാവശിഷ്ടങ്ങൾ പിന്നീട് നീക്കം ചെയ്യും.

To advertise here,

മുംബൈയിലെ തിരക്കുകളിൽ നിന്നെല്ലാം മാറി സിംലാ നഗറിലാണ് ഡാഖ്മ സ്ഥിതി ചെയ്യുന്നത്. ലോക്കലുകൾ ഡോങ്കേർവാടി എന്ന് വിളിക്കുന്ന ഈ സ്ഥലം പുറമെ നിന്ന് നോക്കിയാൽ മനോഹരമായ ഒരു പാർക്കോ ഉദ്യാനമോ ആണെന്നേ തോന്നൂ. ഇരുവശങ്ങളിലായി ഇടതൂർന്ന മരങ്ങളും പൂച്ചെടികളും. ഒത്ത നടുക്ക് ടാറിട്ട വഴി. മുന്നോട്ട് അല്പം നടക്കുമ്പോൾ ഇടതുവശത്തായി വെള്ള നിറത്തിൽ ഒറ്റനില കെട്ടിടം. കെട്ടിടത്തിന്റെ വാതിലിനു തൊട്ടുമുന്നിൽ ഒരു കറുത്ത ബോർഡുണ്ട്. 'ഫെറോസ് ദാരുവാല- 84 വയസ്സ്. മരണാനന്തര ചടങ്ങുകൾ വൈകീട്ട് നാലിന്'. ദാരു എന്നാൽ ഹിന്ദിയിൽ മദ്യം എന്നാണ്. നമുക്ക് കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും പാഴ്‌സികൾക്കിടയിൽ ഇത്തരം പേരുകൾ സർവസാധാരണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ചെയ്തിരുന്ന തൊഴിൽ, താമസസ്ഥലം എന്നിവയൊക്കെ പേരിന്റെ അവസാനം, കുടുംബപ്പേരുപോലെ കൊടുക്കുന്ന പതിവ് ചില പാഴ്‌സികൾക്കിടയിലുണ്ടായിരുന്നു. ഈ ദാരുവാല അപ്പൂപ്പന്റെ പൂർവികർ മദ്യവിൽപ്പനക്കാർ ആയിരുന്നിരിക്കണം പണ്ട്. ഇതുപോലെ സ്‌ക്രൂവാല (സ്‌ക്രൂ വിൽക്കുന്നവൻ), ബാട്ട്‌ലിവാല (ബോട്ടിൽ വിൽപ്പനക്കാരൻ), ടയർവാല (ടയർ വിൽക്കുന്നവൻ), സോഡാവാട്ടർവാല (സോഡാ കച്ചവടക്കാരൻ), താരാപ്പൂർവാല (താരാപ്പൂർ സ്വദേശി) എന്നിങ്ങനെപോകുന്നു പാഴ്‌സിപ്പേരുകൾ. ഇതൊക്കെ ആലോചിച്ചു ഞാൻ പ്രധാനവാതിൽ കയറിയതും കുരച്ചുകൊണ്ട് ഒരു പട്ടി എന്റെ നേർക്ക് ചാടി. നാടനാണ്. തുടലിട്ട് കെട്ടിയിട്ടുണ്ട്. വല്ലാത്തൊരു വെറി അതിന്റെ മുഖത്തുണ്ട്. എന്റെ നേർക്കുള്ള മുരളൽ നിർത്തുന്നില്ല ആശാൻ. ഞാൻ ഐസ് പോലെ മരവിച്ചുനിന്നു. അതിന് മുൻപോ ശേഷമോ ഇതുപോലെ ഒരു നായയെ കണ്ട് ഞാൻ പേടിച്ചിട്ടില്ല. 

'ബ്രൂണോ! സ്റ്റോപ്പ്!' അകത്തുനിന്ന് ഒരു പുരുഷശബ്ദം കടുപ്പിച്ചു പറഞ്ഞു. ഇതു കേട്ടതും നായ ശാന്തനായി ഇരുന്നു. ഏകദേശം നാൽപ്പത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖൻ. വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. തലയിൽ വെള്ളത്തൊപ്പി. എന്നെ നോക്കി സൗമ്യമായി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു; ‘അകത്തേയ്ക്ക് വരൂ.' അയാളുടെ മുന്നിലെ കസേര ചൂണ്ടി. ഞാൻ ഇരുന്ന് ആഗമനോദ്ദേശം പറഞ്ഞു. 
'എന്റെ പേര് ഗൗരി. ഡാഖ്മയെക്കുറിച്ച് കേട്ടറിഞ്ഞു വന്നതാണ്. എനിക്കിതെപ്പറ്റി കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.' 
'ഞാൻ സൈറസ്. ഇവിടുത്തെ നസ്സേസലാർ ആണ്'. 
നസ്സേസലാർ ആണ് മരണപ്പെട്ട വ്യക്തികളെ ടവർ ഓഫ് സൈലൻസിലേക്ക് കൊണ്ടുപോകുന്നത്. ശരീരത്തെ കുളിപ്പിക്കുന്നതും വെള്ളവസ്ത്രം പ്രത്യേകതരത്തിൽ ഉടുപ്പിക്കുന്നതുമെല്ലാം ഇവരാണ്. ചില ചടങ്ങുകൾ കഴിഞ്ഞാൽ കുടുംബാംഗങ്ങൾ പോലും ശവശരീരം തൊടാൻ പാടില്ല. അതിനുള്ള അധികാരം നസ്സേസലാറിന് മാത്രമായിരിക്കും.

'ഇത് പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിലാണോ സൈറസ് ജി?' വിവരംകെട്ട ചോദ്യമാണോ എന്ന ഭയത്തോടെ ഞാൻ ചോദിച്ചു.

'ആയിരുന്നു. പക്ഷെ ഇപ്പോൾ അതു മാറി. ഞാനൊരു എൻജിനീയർ ആണ്. സ്വമേധയാ ഒരു ഉൾവിളി വന്നതുകൊണ്ട് മാത്രം ഈ കർമ്മം ചെയ്തുപൊരുന്നു. കുറച്ചു നാളുകളായി. നിങ്ങൾ എവിടുന്നു വരുന്നു?' അയാൾ ചോദിച്ചു.

'കേരളം.'

'നിങ്ങൾക്ക് ഇതൊക്കെ വലിയ കൗതുകം ആയിരിക്കുമല്ലേ. എന്റെ അറിവിൽ അവിടെ അധികം പാർസികൾ ഇല്ല. ടവർ ഓഫ് സൈലൻസിനെക്കുറിച്ചെല്ലാം ഞാൻ പറഞ്ഞുതരാം. പക്ഷെ നിങ്ങൾക്ക് അകത്തു പ്രവേശിക്കാൻ സാധിക്കില്ല. നിങ്ങൾക്കെന്നല്ല മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്കുപോലും. ക്ഷമിക്കണം. പക്ഷെ നിങ്ങളെപ്പോലെ ഇതറിയാൻ താല്പര്യമുള്ളവർക്കായി ഒരു മോഡൽ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.' ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം മേശയിലേക്ക് വിരൽ ചൂണ്ടി.

മേശയിൽ കിണറിന്റെ അകൃതിയിൽ ഒരു കെട്ടിടം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലായി ചെറുതിൽ നിന്ന് വലുതാവുന്ന മൂന്നു വൃത്തങ്ങൾ. ഒത്ത നടുക്ക് ഒരു ഗർത്തമാണ്.

'കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ് ശവശരീരങ്ങൾ സൂക്ഷിക്കുന്നത്. ഏറ്റവും പുറമെയുള്ള വൃത്തത്തിൽ പുരുഷന്മാർ, നടുക്ക് സ്ത്രീകൾ ഏറ്റവും അകത്തെ വൃത്തത്തിൽ കുഞ്ഞുങ്ങൾ. ഇങ്ങനെയാണ് വെക്കാറ്. ഒരു കൊല്ലം കഴിഞ്ഞ് ജീർണ്ണിച്ച ശരീരാവശിഷ്ടങ്ങൾ നടുക്ക് കാണുന്ന ഗർത്തത്തിലേക്ക് തള്ളിനീക്കും. ശേഷം ചുണ്ണാമ്പ് വിതറും.'

'ഒരു കൊല്ലം കൊണ്ട് ശരീരം പൂർണമായും ജീർണ്ണിക്കുമോ?' ഞാൻ ചോദിച്ചു.

'മുൻപ് ദിവസങ്ങൾ പോലും വേണ്ടായിരുന്നു. കാരണം ശരീരം അവിടെ എത്തുന്നതിനു പുറകെ തന്നെ കഴുകന്മാർ വട്ടം കൂടി കൊത്തിത്തിന്നുമായിരുന്നു. പിന്നെ എല്ലു പൊടിയേണ്ട താമസം മാത്രം. ഇന്ന് അങ്ങനെയല്ല. കഴുകന്മാരെ കാണാനില്ല. ഡൈക്‌ളോഫിനാക് വരുത്തി വെച്ച വിന!' മൂപ്പര് ചിരിച്ചുകൊണ്ട് പറഞ്ഞു.

തോണ്ണൂറുകളുടെ ആരംഭത്തോടെ ഡൈക്‌ളോഫിനാക് എന്ന വേദനസംഹാരി മാർക്കെറ്റിൽ എത്തി. മനുഷ്യനും കന്നുകാലികളും യദേഷ്ടം സേവിച്ചു. അവരുടെ പ്രാണൻ വെടിഞ്ഞപ്പോൾ ആ മാംസം അന്നമാക്കിയ കഴുകന്മാരുടെ വൃക്കയും കിഡ്നിയുമെല്ലാം പണിമുടക്കി. അങ്ങനെ കഴുകന്മാരുടെ എണ്ണത്തിൽ കാര്യമായ ഇടിവ് സംഭവിച്ചു.

'കഴുകന്മാർ കുറഞ്ഞതോടെ ഞങ്ങൾ പ്രതിസന്ധിയിലായി. ഡൈക്‌ളോഫിനാക് ഉപയോഗിക്കാതെ മറ്റ് മരുന്നുകളാണ് ഞങ്ങൾ കഴിക്കുന്നതിപ്പോൾ. സർക്കാർ കന്നുകാലികൾക്ക് ഡൈക്‌ളോഫിനാക് കൊടുക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആര് കേൾക്കാൻ! അതുകൊണ്ട് ഈയടുത്ത് ഇവിടെ ഒരു സോളാർ കോൺസെൻട്രേറ്റർ സ്ഥാപിച്ചു. സൂര്യരശ്മികൾ കൂട്ടത്തോടെ പതിപ്പിക്കാനായിരുന്നു ഈ നീക്കം. പക്ഷെ മഴക്കാലമായാൽ അതും പണി മുടക്കും. പാതിയഴുകിയ ശരീരങ്ങൾ കണ്ടുനിൽക്കുക പ്രയാസമാണ്.' സൈറസ് നെടുവീർപ്പിട്ടു.

വിഷയം അല്പം ലഘൂകരിക്കാൻ ഞാൻ നായയെ ചൂണ്ടി ചോദിച്ചു; 'ബ്രൂണോയെ നിങ്ങൾ വളർത്തുന്നതാണോ?' 'അങ്ങനെ വേണമെങ്കിൽ പറയാം. ഓരോ ഡാഖ്മയെ ചുറ്റിപ്പറ്റിയും ഇങ്ങനെ രണ്ടുമൂന്നു നായകൾ കാണും. മരണസമയങ്ങളിൽ നായകൾക്ക് വലിയ സ്ഥാനമാണ്. ഒരാൾ മരണപ്പെട്ടുകഴിഞ്ഞാൽ ചടങ്ങുകൾ തുടങ്ങുന്നതിനു മുൻപ് നായയെ കൊണ്ടുവന്നു കാണിക്കുന്ന രീതിയുണ്ട്. മരണത്തെ കാണാൻ കഴിവുള്ളൊരു ജീവി ആയാണ് നായയെ ഞങ്ങൾ കണക്കാക്കുന്നത്. ബ്രൂണോ ഈ കർത്തവ്യം മനോഹരമായി ചെയ്തുപൊരുന്നു.' സൈറസ് പറഞ്ഞു നിർത്തി.

അപ്പോഴേക്കും കണ്ണടവെച്ച ഒരു ചെറുപ്പക്കാരൻ വന്നു പറഞ്ഞു; 'Mr. Cyrus! The body has arrived.'

'എനിക്ക് പോകാൻ നേരമായി ഗൗരി. ഒരാളുടെ ചടങ്ങുണ്ട് ഇന്ന് വൈകീട്ട്. നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം.' ചിരിച്ചുകൊണ്ട് സൈറസ് യാത്ര പറഞ്ഞു.

പുറത്തേക്കിറങ്ങിയപ്പോൾ ഷേവ് ചെയ്ത് മിനുക്കിയ മുഖവുമായി ഒരു വയോധികൻ നിത്യനിദ്രയിലാണ്ട് കിടക്കുന്നു. എനിക്കധികം ആലോചിക്കേണ്ടി വന്നില്ല - ഫെറോസ് ദാരുവാല, 84 വയസ്സ്! അയാൾക്ക് ചുറ്റും വെള്ള വസ്ത്രങ്ങൾ ധരിച്ചവരുടെ ഒരു വലയം തന്നെയുണ്ട്! 'മൊബെദുകൾ' എന്ന് വിളിക്കുന്ന മതപണ്ഡിതന്മാർ ആണവർ. വായ് മറച്ചുകൊണ്ട് ഒരു മൂടുപടം അവരണിഞ്ഞിട്ടുണ്ട്. ശ്വാസമോ തുപ്പലോ ശവശരീരത്തിൽ പതിക്കാതിരിക്കാൻ ആണത്. സൈറസും അതുപോലൊരു മൂടുപടം ധരിച്ച് അവർക്കൊപ്പം ചേർന്നു. ഞാൻ മെല്ലെ അവിടെ നിന്നിറങ്ങി. അവിടെ നല്ല തിരക്കുണ്ടായിരുന്നു. ചിലർ വിങ്ങികരയുന്നുണ്ട്. മറ്റു ചിലർ പൂച്ചയെന്താ പൊന്നുരുക്കുന്നിടത്ത് എന്ന മട്ടിൽ എന്നെ അടിമുടി നോക്കുന്നുണ്ട്. എന്തുതന്നെ ആയാലും ആ ആൾക്കൂട്ടം സൂചിപ്പിക്കുന്നതൊന്നു മാത്രം! മിസ്റ്റർ ഫെറോസ് ദാരുവാല നിങ്ങൾ ഒരുപാടു പേരാൽ സ്‌നേഹിക്കപ്പെട്ടിരുന്നു! സമാധാനമായി ഉറങ്ങാൻ ഈ സ്‌നേഹത്തിനപ്പുറം മറ്റെന്തു വേണം!

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi