'വിവാഹശേഷം മൂന്നുമാസം ഞങ്ങൾ പരസ്പരം കണ്ടില്ല, ഫോണിലൂടെ മാത്രം സംസാരിച്ചു'

രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട | Instagram
രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട | Instagram

സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിക്കിനെത്തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി വിശ്രമത്തിലായിരുന്നു നടി രശ്മിക മന്ദാന (Rashmika Mandanna). ജൂലായ് മാസത്തിൽ 'മൈസ' (Mysaa) എന്ന ആക്ഷൻ ത്രില്ലറിന്റെ ചിത്രീകരണത്തിനിടെയാണ് അവർക്ക് ഇടുപ്പിൽ പരിക്കേറ്റത്. പരിക്ക് ഭേദമായതിനെത്തുടർന്ന് രശ്മിക ചിത്രീകരണത്തിരക്കുകളിലേക്ക് ഇന്ന് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരിക്കേറ്റതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ''ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ എന്റെ ഇടുപ്പെല്ലിനോട് ചേർന്നുള്ള ടെൻഡൻ (പേശികളെ എല്ലുമായി ബന്ധിപ്പിക്കുന്ന ഭാഗം) പൊട്ടിപ്പോയി. അത് പൊട്ടിയതായി എനിക്ക് അനുഭവപ്പെട്ടെങ്കിലും, വലതുകാൽ ഉയർത്താൻ കഴിയാത്ത അവസ്ഥയാകുന്നതുവരെ ഞാൻ ഷൂട്ടിങ് തുടർന്നു. പിറ്റേന്ന് ആശുപത്രിയിൽ പോയി എംആർഐ എടുത്തു. അപ്പോഴും ഞാൻ സന്തോഷവതിയായിരുന്നതുകൊണ്ട് ഡോക്ടർമാർക്ക് പരിക്ക് പറ്റിയതായി സംശയം തോന്നിയില്ല. ആശുപത്രിയിലേക്ക് ഒറ്റയ്ക്ക് നടന്നെത്തിയത് കണ്ട് ഡോക്ടർമാർ അത്ഭുതപ്പെട്ടു. എന്റെ വേദന തിരിച്ചറിയാനുള്ള കഴിവ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നാണ് അവർ പറഞ്ഞത്'', രശ്മിക പറയുന്നു. ഷൂട്ടിങ് വീണ്ടും തുടങ്ങുമ്പോൾ താൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും താരം പറയുന്നു.

''രണബാലി' (Ranabaali) എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുനരാരംഭിക്കുകയാണ്. ചിത്രം ഉടൻ റിലീസ് ചെയ്യാനിരിക്കുകയാണ്. അതിനുമുമ്പ് ഇനി പത്തു ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കിയുണ്ട്. അതിനുശേഷം മറ്റ് രണ്ട് സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാനുണ്ട്. വരും മാസങ്ങളിലെ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുള്ളതാണ്, കലണ്ടറിലേക്ക് നോക്കുമ്പോൾ എനിക്ക് ആശങ്ക തോന്നുന്നു''.

ഈ ഇടവേള കുറേ ഉറങ്ങാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമുള്ള അവസരമൊരുക്കിയെന്നും അവർ പറയുന്നു. തിരക്കേറിയ ഷെഡ്യൂളിലേക്ക് മടങ്ങുമ്പോൾ ഈ കാര്യങ്ങളെല്ലാം മിസ് ചെയ്യും. ''വിവാഹശേഷം മൂന്ന് മാസത്തോളം വിജയ്ക്കും എനിക്കും നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു സംസാരം. 'ഒന്ന് ശാന്തമാകൂ, ഞാൻ നിങ്ങളെ ഇപ്പോൾ വീട്ടിൽ തന്നെ ഇരുത്താൻ പോകുന്നു' എന്ന് പ്രപഞ്ചം നമ്മളോട് പറയുന്നതുപോലെയായിരുന്നു ഇത്. ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച ഏറ്റവും ദൈർഘ്യമേറിയ സമയമാണിത്; അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നെങ്കിലും വളരെ സന്തോഷം നൽകി. ഗൗരവമേറിയ ഷോകൾ കാണാനാണ് വിജയ്ക്ക് ഇഷ്ടം, എനിക്കാണെങ്കിൽ കെ-ഡ്രാമകളും (കൊറിയൻ ഡ്രാമകൾ) ഇഷ്ടമാണ്; അതിനാൽ ഇപ്പോൾ ഞങ്ങൾ രണ്ടും കാണാറുണ്ട്. വിജയ്‌യെയും അതിലേക്ക് ആകർഷിക്കാൻ എനിക്ക് കഴിഞ്ഞു''.

ഇത്തരം ഒഴിവുസമയങ്ങൾ ഇനിയും വേണമെന്ന് വിജയ് ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിന് കാരണമായ സാഹചര്യം (പരിക്കേറ്റ അവസ്ഥ) ഒഴിവാക്കണമെന്നാണ് വിജയ് ആഗ്രഹിക്കുന്നത്. ''ഇതുപോലെയുള്ള സമയം ഇനിയും വേണം, പക്ഷെ അടുത്ത തവണ പരിക്കൊന്നും കൂടാതെയാകണം എന്ന് വിജയ് പറയാറുണ്ട്'', താരം കൂട്ടിച്ചേർക്കുന്നു.

കോക്ടെയിൽ 2 എന്ന ബോളിവുഡ് ചിത്രമാണ് രശ്മികയുടെ അവസാനറിലീസ്. ഇപ്പോൾ മൈസാ, രണബാലി എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. വിജയ് ദേവരകൊണ്ടയും രണബാലി, റൗഡി ജനാർദന തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകളിലാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna recovers from a hip tendon injury sustained during Mysaa shooting. Resuming work for the upcoming movie Ranabaali in Hyderabad. Shared unique post-marriage experiences of spending extended time with Vijay.