വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാനകഥാപാത്രങ്ങളാവുന്ന 'രണബാലി' റിലീസിനൊരുങ്ങുകയാണ്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം, ഒക്ടോബർ 16-നാണ് റിലീസ് ചെയ്യുന്നത്. 1800 കാലഘട്ടത്തിൽ, ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്നവരുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ രണബാലി എന്ന പോരാളിയായെത്തുന്നത് വിജയ്‌യാണ്. അദ്ദേഹത്തിന്റെ പങ്കാളിയായ ജയമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രശ്മികയും.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് താരങ്ങൾ. അതിനിടെ ഒരു ജീവകാരുണ്യപ്രവർത്തനവുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രശ്മിക. പിന്നാക്കവിഭാഗത്തിൽ പെട്ട, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്ന് മാസത്തേക്ക് 400 കുടുംബങ്ങളെ ദത്തെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവർ. 

'രണബാലി'യിലെ ജയമ്മയ്ക്ക് തന്റെ വ്യക്തിത്വവുമായി ഏറെ സമാനതകൾ ഉണ്ടെന്നും സഹായഹസ്തം നീട്ടാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും താരം പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് രശ്മിക ഇക്കാര്യം അറിയിച്ചത്.

തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതുവരെ സ്വകാര്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ സമൂഹത്തിലേക്ക് സംഭാവന ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അവ പങ്കിടാൻ തീരുമാനിച്ചതെന്നും രശ്മിക വിശദീകരിച്ചു.

''ഇന്ന് ഞാൻ 400 കുടുംബങ്ങളെ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ തവണയും 400 കുടുംബങ്ങളെ വീതം മൂന്ന് മാസത്തേക്ക് സഹായിക്കാനും, അടുത്ത ഒരു വർഷത്തേക്ക് ഈ രീതി തുടരാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. പലചരക്ക് സാധനങ്ങൾക്കായി ചെലവാക്കേണ്ടി വരുന്ന ആ പണം ലാഭിക്കാനും, അത് ഉപയോഗിച്ച് ഭാവി സുരക്ഷിതമാക്കാനും ആസൂത്രണം ചെയ്യാനും അവർക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു''.

''കരുണയുടെ ഒരു ചെറിയ പ്രവൃത്തിക്ക് പോലും ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയും; അതിന് വലിയ കാര്യങ്ങൾ തന്നെ ചെയ്യണമെന്നില്ല. നമുക്കെല്ലാവർക്കും ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങാം! വിശ്വസിക്കൂ, കഴിഞ്ഞ കുറേ വർഷങ്ങളായി ജോലി ചെയ്യുന്നതിനിടയിൽ അനുഭവിച്ച ഉറക്കമില്ലാത്ത രാത്രികൾ, പരിക്കുകൾ, കഷ്ടപ്പാടുകൾ, വേദനകൾ, കണ്ണുനീർ-അങ്ങനെ എല്ലാം-അതിനൊക്കെ പകരമായി ലഭിക്കുന്ന ഈ പുഞ്ചിരികൾക്ക് വലിയ മൂല്യമുണ്ട്... ഇത് അമൂല്യമാണ്!'', താരം കൂട്ടിച്ചേർത്തു.

നേരത്തെ വിവാഹത്തോടനുബന്ധിച്ച് 44 സ്‌കൂളുകളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിരുന്നു വിജയ്‌യും രശ്മികയും. തെലങ്കാനയിലെ അച്ചാംപേട്ട് മണ്ഡലത്തിലെ 9,10 ക്ലാസുകളിലെ 180 കുട്ടികൾക്കാണ് അവർ സ്‌കോളർഷിപ്പ് നൽകാൻ തീരുമാനിച്ചത്. അതിന്റെ ആദ്യഗഡു നൽകുന്നതിനായി വിജയ്‌യുടെ ഗ്രാമമായ തുമ്മൻപേട്ടിലെത്തുകയും ചെയ്തിരുന്നു താരങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi