‘സിനിമയുടെ ചിത്രീകരണത്തിനിടയിൽ രൺവീർ ഇടവേളകൾ എടുക്കുമായിരുന്നു’ കാരണം വെളിപ്പെടുത്തി സഹതാരം

'ധുരന്ധർ: ദി റിവഞ്ച്' (Dhurandhar: The Revenge) എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് രൺവീർ സിങ്. സിനിമയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും സമർപ്പണവും ഇപ്പോൾ ഏറെ ചർച്ചയാവുന്നുമുണ്ട്. എന്നാൽ ക്യാമറയ്ക്ക് പിന്നിൽ, രൺവീറെന്ന വ്യക്തി എത്രത്തോളം സ്വീറ്റാണെന്ന് വെളിപ്പെടുത്തുകയാണ് സഹതാരമായ അഭയ് അറോറ.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് രൺവീറും ഭാര്യയും നടിയുമായ ദീപിക പദുകോണും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലായിരുന്നു. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ രൺവീർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ചിത്രത്തിൽ ഗ്യാങ്‌സ്റ്റർ അർഷാദ് പപ്പുവിന്റെ അനിയൻ യാസിറായാണ് അഭയ് അറോറ വേഷമിട്ടത്. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിൽ രൺവീറിന്റെ ഈ സ്വഭാവത്തെക്കുറിച്ച് അഭയ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: "ഷൂട്ടിങ്ങിനിടയിൽ മൂന്നോ നാലോ ദിവസത്തെ ഇടവേള കിട്ടിയാൽ പോലും രൺവീർ വേഗം വിമാനം കയറി ഭാര്യയുടെ അടുത്തേക്ക് എത്തുമായിരുന്നു. കുടുംബത്തെ അദ്ദേഹം പരിഗണിക്കുന്ന രീതി അത്രമേൽ മനോഹരമാണ്."
2018 നവംബർ 14-ന്, ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. ദീപികയുടെ കൊങ്കണി പാരമ്പര്യവും രൺവീറിന്റെ സിന്ധി പാരമ്പര്യവും ഉൾക്കൊള്ളുന്ന രണ്ട് വ്യത്യസ്ത ചടങ്ങുകൾ വിവാഹത്തിന്റെ ഭാഗമായി നടന്നു.
2013-ൽ 'ഗോലിയോൺ കി രാസ്‌ലീല രാം-ലീല' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. വർഷങ്ങളോളം ഡേറ്റിങ്ങിലായിരുന്ന ഇവർ, 2015-ൽ രഹസ്യമായി വിവാഹനിശ്ചയം നടത്തിയിരുന്നു. 2018-ലാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം ഇരുവരും പുറത്തുവിട്ടത്. 2024 സെപ്റ്റംബർ 8-ന് ദീപികയും രൺവീറും തങ്ങളുടെ മകൾ 'ദുവാ'യെ (Dua) സ്വാഗതം ചെയ്തു.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദി റിവഞ്ച്' എന്ന ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി, ഗൗരവ് ഗേര, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കറാച്ചിയിലെ ല്യാരി എന്ന പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഹംസ അലി മസാരിയുടെ അധോലോക വളർച്ചയുടെ കഥയാണ് പറയുന്നത്. ജസ്‌കിരത് സിങ് രംഗി എന്ന യുവാവ് ഇന്ത്യൻ രഹസ്യ ഏജന്റായി മാറുന്നതാണ് ഇതിവൃത്തം. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്ന് നിർമ്മിച്ച ചിത്രം മാർച്ച് 19-ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh's professional dedication during Dhurandhar filming., Abhay Arora's praise for Ranveer's commitment to family., Details on Ranveer and Deepika's journey from marriage to parenthood., Overview of the plot and cast of Dhurandhar: The Revenge.