മയക്കുമരുന്ന് നൽകി റീലിൽ അഭിനയിപ്പിച്ചെന്ന് സോഷ്യൽമീഡിയ; പണത്തിനെന്ന് രാഹുൽ റോയ്

1990-ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ റൊമാന്റിക് സിനിമയാണ് 'ആഷിഖി'. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ രാഹുൽ റോയ്, അനു അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ വർഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറി 'ആഷിഖി'. പേരുപോലെ തന്നെ സംഗീതവും പ്രണയവും ഒരുമിച്ച് ചേർന്ന സിനിമ.
ധീരെ ധീരെ, ജാനെ ജിഗർ ജാനെമൻ, മേം ദുനിയാ ഭുലാ ദൂംഗാ, നസർ കെ സാമ്നെ, തൂ മേരി സിന്ദഗി ഹേ, ദിൽ കാ ആലം, അബ് തേരെ ബിൻ, മേരാ ദിൽ തേരെ ലിയേ...എല്ലാം മികച്ച പാട്ടുകൾ. അതിനൊപ്പം ഒറ്റ രാത്രികൊണ്ടാണ് രാഹുൽ റോയ്-അനു അഗർവാൾ ജോഡിയും ഹിറ്റായത്. പുത്തൻ താരോദയങ്ങളായിട്ടാണ് ബോളിവുഡ് ഈ ജോഡിയെ കണ്ടത്.
അതിനുശേഷം ഒട്ടേറെ അവസരങ്ങൾ രാഹുലിനെ തേടിയെത്തി. എന്നാൽ, ആദ്യചിത്രത്തിന്റെ വിജയം, പിന്നാലെ വന്ന ചിത്രങ്ങൾ ആവർത്തിച്ചില്ല. പതുക്കെപ്പതുക്കെ രാഹുൽ റോയ് സിനിമയുടെ ലോകത്തുനിന്ന് പുറത്താവുകയും ചെയ്തു.
പിന്നീട് കുറച്ചു മാസങ്ങൾക്കുമുമ്പ് രാഹുൽ റോയ്‌യുടെ ഒരു വീഡിയോ വൈറലായിരുന്നു. ഒരു വിവാഹച്ചടങ്ങിൽ കൈയിൽ ഗിറ്റാറും പിടിച്ചിരിക്കുന്ന വീഡിയോ ആണത്. ഒപ്പം 'ആഷിഖി'യിലെ 'സാസോം കി സറൂറത് ഹെ ജൈസെ' എന്ന പാട്ടിനനുസരിച്ച് രാഹുൽ ലിപ്‌സിങ്ക് ചെയ്യുന്നതും വീഡിയോയിൽ കാണാമായിരുന്നു. ആ വീഡിയോ പുറത്തുവന്നതോടെ താരത്തിന്റെ അവസ്ഥയെക്കുറിച്ച് പലരും ആശങ്കാകുലരായി. 'അദ്ദേഹത്തോട് സഹതാപം തോന്നുന്നു, പണത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടിവരുന്നത്...' എന്നൊക്കെയാണ് ആളുകൾ പറഞ്ഞത്.
ഇപ്പോഴിതാ വീണ്ടും രാഹുൽ റോയ് ട്രെൻഡിങ്ങിലാവുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കുറച്ച് റീലുകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഡോ.വനിത ഗഡ്‌ഗെ ദേശായ് എന്ന കണ്ടന്റ് ക്രിയേറ്ററിനൊപ്പമാണ് അദ്ദേഹം ആ റീലുകളിൽ അഭിനയിച്ചത്. ബോളിവുഡ് പാട്ടുകൾക്കൊപ്പം അഭിനയിക്കുന്ന വനിതയും രാഹുലുമാണ് ആ റീലുകളിലുള്ളത്.
പലരീതിയിലാണ് ഇതിനോട് നെറ്റിസൺസ് പ്രതികരിച്ചത്. 'ഈ റീലിൽ അഭിനയിക്കാൻ രാഹുലിന് മയക്കുമരുന്ന് നൽകിയിട്ടുണ്ട്, ഇത് എഐ ആണ്, എന്തിനാണ് രാഹുൽ ഇത്തരം റീലുകൾ ചെയ്യുന്നത്...' കമന്റുകൾ പലതും വന്നു. രാഹുലിനെ പരിഹസിച്ചവരും കുറവല്ല.
പിന്നാലെ അക്കാര്യത്തിൽ തന്റെ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. ''ഞാനെന്റെ ജോലി സത്യസന്ധതയോടും എളിമയോടും കൂടിയാണ് ചെയ്യുന്നത്. എനിക്ക് ചില നിയമപരമായ കാര്യങ്ങൾക്ക് പണം നൽകാനുണ്ട്. അവ ഇപ്പോഴത്തെ സാമ്പത്തികബാധ്യകളല്ല. എനിക്ക് മസ്തിഷ്‌കാഘാതം വരുന്നതിന് മുമ്പുള്ളതാണ്'', താരം പറയുന്നു. ആരെങ്കിലും തന്നെ സഹായിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ട്രോളുകൾക്കുപകരം തനിക്ക് 'മാന്യമായ ഒരു ജോലി' കണ്ടെത്തി തരണമെന്നും അദ്ദേഹം പറയുന്നു.
''നിങ്ങൾ എന്റെ ലാളിത്യത്തെ പരിഹസിക്കുകയോ എന്റെ ബുദ്ധിമുട്ടുകളെ കളിയാക്കുകയോ ചെയ്യുന്നതെന്തിന്? നിങ്ങൾക്ക് ശരിക്കും അത്രയധികം ഉത്കണ്ഠയുണ്ടെങ്കിൽ, ഈ കേസുകൾക്കുള്ള പണം നൽകാൻ കഴിയുന്ന തരത്തിൽ ഒരു മാന്യമായ ജോലി കണ്ടെത്താൻ എന്നെ സഹായിക്കൂ. കുറഞ്ഞത് മറ്റുള്ളവരെ പരിഹസിച്ചുകൊണ്ടല്ല, കഠിനാധ്വാനത്തിലൂടെയാണ് ഞാൻ സമ്പാദിക്കുന്നത്''.
2020-ൽ തനിക്ക് മസ്തിഷ്‌കാഘാതമുണ്ടായെന്ന് രാഹുൽ മുമ്പൊരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. അന്ന് ബില്ലടയ്ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ, സഹായിച്ചത് സൽമാൻ ഖാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rahul Roy faces online backlash and trolling for recent social media reels. Rahul Roy clarified that he works to settle past legal financial obligations.