1990-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ആഷിഖി'. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ റൊമാന്റിക് സിനിമയിൽ രാഹുൽ റോയ്, അനു അഗർവാൾ എന്നിവരായിരുന്നു നായികാനായകൻമാരായത്. അധികം ബഹളങ്ങളൊന്നുമില്ലാതെ തിയേറ്ററിലെത്തിയ സിനിമയായിരുന്നുവത്. കാരണം, നായികാനായകൻമാരും, സംഗീതസംവിധായകരും പുതുമുഖങ്ങൾ തന്നെ. അതുകൊണ്ട് സിനിമ വിജയിക്കുമോ എന്ന് സംശയമായിരുന്നു നിർമാതാവ് ഗുൽഷൻ കുമാറിന്. എന്നാൽ, ബോക്‌സോഫീസിനെ ഇളക്കിമറിക്കുന്ന കാഴ്ചയാണ് കണ്ടത്.

നദീം-ശ്രാവൺ ഒരുക്കിയ സംഗീതമായിരുന്നു സിനിമയുടെ പ്രത്യേകത. നദീം-ശ്രാവണിന്റെയും ഗായകൻ കുമാർ സാനുവിന്റെയും കരിയർ കെട്ടിപ്പടുക്കുന്നതിൽ ഈ പാട്ടുകൾ വലിയ പങ്കുവഹിച്ചു. റിലീസായപ്പോൾ 20 ദശലക്ഷം കാസറ്റുകളാണ് വളരെ പെട്ടെന്ന് വിറ്റുപോയത്. പ്ലാനറ്റ് ബോളിവുഡ് എക്കാലത്തെയും മികച്ച ബോളിവുഡ് ട്രാക്കുകൾ തിരഞ്ഞെടുത്തപ്പോൾ, 'ആഷിഖി'യിലേത് നാലാം സ്ഥാനം നേടി.

ധീരെ ധീരെ, ജാനെ ജിഗർ ജാനെമൻ, മേം ദുനിയാ ഭുലാ ദൂംഗാ, നസർ കെ സാമ്‌നെ, തൂ മേരി സിന്ദഗി ഹേ, ദിൽ കാ ആലം, അബ് തേരെ ബിൻ, മേരാ ദിൽ തേരെ ലിയേ...എല്ലാം ഒന്നിനൊന്ന് മികച്ച പാട്ടുകൾ.

ഇപ്പോൾ സിനിമയ്ക്കുപിന്നിലെ ചില കഥകളെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ മഹേഷ് ഭട്ട്. തന്റെ ആദ്യഭാര്യയുമായുള്ള പ്രണയമാണ് 'ആഷിഖി'യിലേക്ക് വഴിതിരിച്ചതെന്ന് അദ്ദേഹം പറയുന്നു.
 

സിനിമയ്ക്കുമുമ്പേ തന്നെ പാട്ടുകൾ തയ്യാറാക്കിയിരുന്നു. നദീം-ശ്രാവൺ പാട്ടുകളൊരുക്കി കുമാർ സാനുവിനെ കൊണ്ട് പാടിപ്പിച്ച് റെക്കോഡ് ചെയ്തു. അതുകഴിഞ്ഞാണ് മഹേഷ് ഭട്ട് പാട്ടുകൾ കേൾക്കുന്നത്. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. ആ പാട്ടുകളെ ചുറ്റിപ്പറ്റി ഒരു കഥയെഴുതാൻ മഹേഷ് ഭട്ട് തീരുമാനിക്കുകയായിരുന്നു.

നിർമാതാവ് ഗുൽഷൻ കുമാറിനെയും പാട്ടുകൾ ആകർഷിച്ചെങ്കിലും, അതൊരു സ്വതന്ത്ര ആൽബമായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. അതുകൊണ്ട് പാട്ടുകളുടെ ആൽബം മാത്രം റിലീസ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. മഹേഷ് ഭട്ടിന്റെ നിർബന്ധത്താലാണ് സിനിമ നിർമിക്കാമെന്ന് ഒടുവിൽ അദ്ദേഹം സമ്മതിക്കുന്നത്. സിനിമയ്‌ക്കൊപ്പം പാട്ടുകളും വിജയിച്ചില്ലെങ്കിൽ താൻ സംവിധാനം ഉപേക്ഷിക്കുമെന്നും മഹേഷ് ഭട്ട് പറഞ്ഞു. അങ്ങനെയാണ് സിനിമ നിർമിക്കുന്നതിലേക്കെത്തുന്നത്. 30 ലക്ഷം ബജറ്റിൽ നിർമിച്ച സിനിമ, 5 കോടിയാണ് വാരിക്കൂട്ടിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi