മുമ്പ് പ്രകടിപ്പിക്കാതിരുന്ന സ്നേഹവും കരുതലും ഇന്ന് ഞാൻ കൂടുതൽ പ്രകടിപ്പിക്കാറുണ്ട്; കാജോൾ

കാലം പലതും മാറ്റും. ചിലരെ കൂടുതൽ ശക്തരാക്കും, ചിലരെ കൂടുതൽ മൃദുലരാക്കും. താനും അത്തരമൊരു മാറ്റത്തിലൂടെയാണ് കടന്നുപോയതെന്ന് പറയുകയാണ് നടി കാജോൾ. 52-ാം പിറന്നാൾ ദിനത്തിൽ ജീവിതത്തിൽ കൂടുതൽ കരുതലുള്ള വ്യക്തിയായതിനെക്കുറിച്ചും, ഹിന്ദി സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇന്ന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനെക്കുറിച്ചും താരം മനസ്സുതുറന്നു.
“മുമ്പ് ഞാൻ ദയയില്ലാത്ത ആളായിരുന്നില്ല. പക്ഷേ അത് അത്ര പ്രകടിപ്പിച്ചിരുന്നില്ല. ഇന്ന് ഞാൻ കൂടുതൽ സ്‌നേഹവും കരുതലും പ്രകടിപ്പിക്കുന്ന വ്യക്തിയാണ്,” കാജോൾ പറയുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനിടെ ഹിന്ദി സിനിമയിലും വലിയ മാറ്റങ്ങൾ സംഭവിച്ചതായി താരം വിലയിരുത്തുന്നു. പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന പ്രാധാന്യത്തിലാണ് ശ്രദ്ധേയമായ മാറ്റമുണ്ടായതെന്നാണ് കാജോളിന്റെ അഭിപ്രായം. ആലിയ ഭട്ടും ശർവരി വാഗും പ്രധാന വേഷങ്ങളിലെത്തിയ ‘ആൽഫ’ പോലുള്ള ചിത്രങ്ങൾ ആ മാറ്റത്തിന്റെ ഉദാഹരണമാണെന്നും താരം ചൂണ്ടിക്കാട്ടുന്നു.
“സ്ത്രീകേന്ദ്രിതമായ കഥകൾ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. അത് മുമ്പത്തേതിനേക്കാൾ മികച്ചതാണോ എന്നറിയില്ല, പക്ഷേ തീർച്ചയായും കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. സ്ത്രീകൾക്കായി കൂടുതൽ മികച്ച കഥാപാത്രങ്ങളാണ് ഇന്ന് എഴുതപ്പെടുന്നത്. അവർ ഇനി കഥയിലെ ഒരു സൈഡ് പ്ലോട്ട് മാത്രമല്ല. സ്വന്തം വ്യക്തിത്വവും പ്രാധാന്യവുമുള്ള കഥാപാത്രങ്ങളായി അവർ മാറുകയാണ്. അത് വളരെ നല്ല പ്രവണതയാണ്,” കാജോൾ പറയുന്നു.
ദ ട്രയൽ, ദോ പട്ടി, മാ തുടങ്ങി സ്ത്രീകേന്ദ്രീകൃത പ്രോജക്ടുകളുടെ ഭാഗമായ കാജോൾ, സിനിമകൾ തിരഞ്ഞെടുക്കുന്ന തന്റെ സമീപനത്തിലും മാറ്റമില്ലെന്ന് വ്യക്തമാക്കുന്നു. “എന്നെ ആകർഷിക്കുന്ന കഥാപാത്രങ്ങളാണ് ഞാൻ എപ്പോഴും തിരഞ്ഞെടുക്കുന്നത്. ആ കഥാപാത്രത്തിൽ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമെന്ന് തോന്നണം. അതേസമയം, മുമ്പ് ചെയ്യാത്ത കഥാപാത്രങ്ങളും പുതിയ പരീക്ഷണങ്ങളും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു,” താരം പറയുന്നു.
സിനിമ തിരഞ്ഞെടുക്കുമ്പോൾ ഇന്നും തന്റെ തീരുമാനത്തെ നയിക്കുന്നത് ഉൾക്കാഴ്ചയാണെന്നും കാജോൾ കൂട്ടിച്ചേർക്കുന്നു. “ഒരു കഥാപാത്രം തുടക്കത്തിൽ തന്നെ എന്നെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ ആ സിനിമ ഞാൻ ചെയ്യില്ല. എന്നെ വിശ്വസിപ്പിക്കാൻ കഴിയുന്ന കഥാപാത്രങ്ങളെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്.”
പിറന്നാൾ ആഘോഷങ്ങളെക്കുറിച്ചും കാജോൾ സംസാരിച്ചു. ആഡംബര പാർട്ടികളോ വിലകൂടിയ സമ്മാനങ്ങളോ അല്ല, കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യമാണ് തനിക്ക് ഏറ്റവും പ്രിയമെന്ന് താരം പറയുന്നു. “വർഷം മുഴുവൻ എല്ലാവരെയും കാണാൻ സാധിക്കാറില്ല. അതുകൊണ്ട് പിറന്നാൾ ദിനത്തിലാണ് എല്ലാവരും ഒരുമിച്ചുകൂടുന്നത്. അതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം.”
വിദേശത്ത് പഠിക്കുന്ന മകൾ നൈസ ദേവ്ഗൻ ഉൾപ്പെടെ കുടുംബാംഗങ്ങൾ എവിടെയായിരുന്നാലും തന്റെ പിറന്നാൾ ദിനം ഒഴിവാക്കി ഒപ്പമെത്താൻ ശ്രമിക്കാറുണ്ടെന്നും അത് താൻ ഏറെ വിലമതിക്കുന്ന കാര്യമാണെന്നും കാജോൾ പറയുന്നു. “എന്റെ പിറന്നാൾ ആരും മറക്കാതിരിക്കാൻ ഒരു മാസം മുമ്പ് തന്നെ എല്ലാവരുടെയും കലണ്ടറിൽ അത് ചേർക്കും,” താരം ചിരിയോടെ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kajol-52nd-birthday-interview-2026