ഒരാളോട് തോന്നുന്നത് സൗഹൃദമാണോ പ്രണയമാണോ; പങ്കാളിയില്ലെങ്കിൽ തകരുന്ന ജെൻസി

#റോസ് മരിയ വിന്‍സെന്റ്

പഴയ ആ സിനിമയില്ലേ, 'നിറം.' അതിലെ സോനയും എബിയും തമ്മിലുള്ള, പ്രണയമായി മാറുന്ന സൗഹൃദമാണ് 'പ്ലേറ്റോണിക് റിലേഷൻഷിപ്പ്'. 'ഹൃദയം' സിനിമയിലെ മായ ചെന്നുപെടുന്ന ബന്ധമാണ് റീബൗണ്ട്. 90 കിഡ്സ് ഹൃദയത്തോട് ചേർത്തുപിടിക്കുന്ന 'മിഥുനം' സിനിമയിലെ പ്രണയം ലൗ ബോംബിങ്ങാണ്. നായകൻ പിന്നാലെ നടന്നു നടന്നു പിറക്കുന്ന 'വന്ദന'ത്തിലെയും 'അന്നയും റസൂലി'ലെയും പ്രണയം സ്റ്റോക്കിങ്ങ്... ജെൻസി പിള്ളേർ 90 കളിലെ വസന്തങ്ങളുടെ നെഞ്ചിൽ ആണിയടിക്കുന്നതുപോലെ ഇങ്ങനെയൊരു പറച്ചിലങ്ങ് പറയുന്ന കാലമാണിത്. 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' വരെയൊക്കെയെത്തിയപ്പോഴെ തലകറങ്ങിയവരുടെ മുന്നിലേക്കാണ് സോമ്പിയിങ്, ഗോസ്റ്റിങ്, ഓർബിറ്റിങ് എന്നൊക്കെ ബന്ധങ്ങളുടെ മാറിയ മുഖം അവർ ചിരിച്ചുകൊണ്ടെടുത്തിടുന്നത്. ഡേറ്റിങ്ങും തേപ്പും ബ്രേക്കപ്പും മാത്രം പരിചിതമായിരുന്ന ലോകത്താണ് പ്രണയത്തിന്റെ പുതിയ സമവാക്യങ്ങൾ ജെൻസികൾ നെയ്യുന്നത്.

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ... എന്ന ഒറ്റ പ്രണയസങ്കല്പമല്ല ജെൻസികളുടേത്. ഓരോന്നും ഓരോ പേരിൽ ഓരോ അവസ്ഥകളിൽ. പ്രണയത്തിന് പല വകഭേദങ്ങളുണ്ടെന്ന് ചുരുക്കം.

ബ്രെഡ്ക്രമ്പിങ്

എതിർവശത്തുള്ളയാളെ പിടിച്ചുനിർത്തുന്നതിനായി ചെറിയ ശ്രമങ്ങൾ മാത്രം നടത്തും. ആ ബന്ധത്തിൽ യാതൊരു കമ്മിറ്റ്മെന്റും അയാൾ കാണിക്കില്ല. ആവശ്യത്തിനും തന്റെ സൗകര്യത്തിനും മാത്രം അറ്റെൻഷൻ, അഫെക്ഷൻ, കമ്മ്യൂണിക്കേഷൻ എന്നിവയുണ്ടാവും. എതിർവശത്തുള്ളയാളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടാവില്ല. റെഡ് ഫ്ളാഗാണോ ഗ്രീൻ ഫ്ളാഗാണോ ഈ ബന്ധമെന്നറിയാതെ എതിർവശത്തുള്ളയാൾ വീർപ്പുമുട്ടും. എല്ലാ കമ്മിറ്റ്മെന്റുകളും ഒരാൾക്ക് മാത്രമായിരിക്കും.

ബെഞ്ചിങ്

ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ബാക്ക് അപ്പ് ഓപ്ഷനായി ഉപയോഗിക്കുന്നതാണ് ബെഞ്ചിങ്. ഒരു റിലേഷൻഷിപ്പിൽ ഉള്ളപ്പോൾ തന്നെ മറ്റൊരാളെ പ്രണയമെന്നപോലെ ഒപ്പം നിർത്തുന്നതാണ് ഇത്. ഇപ്പോഴുള്ള സീരിയസ് ബന്ധം നഷ്ടമായാൽ മാനസികമായി തകരാതെ പിടിച്ചുനിൽക്കാൻ ബെഞ്ചിങ്ങിലുള്ളയാളെ ഉപയോഗിക്കാമല്ലോ.

കാഷ്വൽ റിലേഷൻഷിപ്പ്

കാഴ്ചയിൽ പ്രേമമെന്നു തോന്നും. പക്ഷേ, കമ്മിറ്റ്‌മെന്റുകൾ ഉണ്ടാവണമെന്നില്ല. പരസ്പരം ബോധിപ്പിക്കാനുള്ള കമ്മിറ്റ്‌മെന്റുകൾ ഉണ്ടായെന്നും വരും. പ്രണയമെന്ന പരമ്പരാഗത സങ്കല്പത്തിന്റെ ഊഷ്മളത ഇവിടെ ഉണ്ടാവണമെന്നില്ല. കുറച്ചുകാലം മനസ്സിനും ശരീരത്തിനും സുഖം നൽകുന്ന ചില ബന്ധങ്ങൾ.

ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്‌സ്

ഈ ബന്ധങ്ങളിലെ രണ്ടുപേരും സുഹൃത്തുക്കളാണ്. പലപ്പോഴും സുഹൃത്തുകളായി തന്നെ കിടക്ക പങ്കിടുന്നു. ഇവർക്ക് ഒരു വിനോദം മാത്രമാണ് പരസ്പര ബന്ധവും. ഒരു സീരിയസ് റിലേഷൻഷിപ്പിൽ പോകാതെ തന്നെ തങ്ങളുടെ ലിബിഡോയെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം. പരസ്പരം വൈകാരിക അടുപ്പങ്ങളില്ലാതെ മുന്നോട്ടുപോകാമെന്ന കരാറിൽ ഈ ബന്ധങ്ങൾ തുടങ്ങുമെങ്കിലും ഇതിൽ പലരും പ്രണയത്തിലാകാറുണ്ട്. ഭൂരിഭാഗം പേർ അപരിചിതരെ പോലെ ബൈ പറഞ്ഞ് പോകാറുമുണ്ട്. മാത്രമല്ല, വളരെ ചെറിയ സമയമാണ് ഈ ബന്ധങ്ങളുടെ ആയുസ്സ്. പലപ്പോഴും ഇത്തരം ബന്ധങ്ങൾ നേരത്തെ അവസാനിക്കുന്നത് ഇവരിൽ ഒരാൾക്ക് പ്രണയം തോന്നിത്തുടങ്ങുമ്പോഴാണ്.

ഓർബിറ്റിങ്

ഒരാളുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചാലും അവരുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റിന് ലൈക്ക് ചെയ്യുന്നതും വ്യൂ ചെയ്യുന്നതും തുടരുന്നതാണ് ഓർബിറ്റിങ്. അതായത് നേരിട്ടുള്ള ബന്ധം അവസാനിപ്പിച്ചാലും സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്ന രീതി. തന്റെ പൂർവകാമുകന് അല്ലെങ്കിൽ കാമുകിക്ക് പുതിയ ബന്ധങ്ങൾ ഉണ്ടായോ, അവർക്ക് സന്തോഷമാണോ തുടങ്ങിയ കാര്യങ്ങളറിയാനുള്ള ജിജ്ഞാസ, അസൂയ എന്നിവയൊക്കെയാണ് കാരണങ്ങൾ. മാത്രമല്ല റിലേഷൻഷിപ്പ് അവസാനിപ്പിച്ചപ്പോഴുണ്ടായ ഏകാന്തതയും ഒറ്റപ്പെടലും ഇതിന് പ്രേരിപ്പിക്കും.

ഗോസ്റ്റിങ്

ഒരു തരത്തിലുള്ള വ്യക്തതയും നൽകാതെ ആശയവിനിമയം ഒറ്റയടിക്ക് അവസാനിപ്പിക്കുന്നതാണ് ഗോസ്റ്റിങ്. ഇത് പ്രണയബന്ധങ്ങളിൽ മാത്രമല്ല സൗഹൃദങ്ങളിലുമുണ്ടാകാം. ഒരാൾ മറ്റൊരാളുടെ ജീവിതത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനാകുന്ന അവസ്ഥ. എതിർവശത്തുള്ളയാളുടെ മനസ്സിനെ ആഴത്തിൽ തകർക്കുന്ന ഒന്നാണ് ഇത്തരം പെരുമാറ്റങ്ങൾ. ബന്ധങ്ങൾ വേർപെടുത്തുന്നതിനുള്ള എളുപ്പവഴിയായാണ് ജെൻസികൾ ഇതിനെ കാണുന്നത്.

സിറ്റുവേഷൻഷിപ്പ്

പ്രണയം എന്നതിനേക്കാൾ കംഫർട്ടബിൾ എന്ന വാക്കാണ് ഈ ബന്ധത്തിന് ചേരുക. പലപ്പോഴുമിവിടെ ഒരാൾ റിലേഷൻഷിപ്പിലും മറ്റൊരാൾ സിറ്റുവേഷൻഷിപ്പിലുമായിരിക്കും. ഇത്തരം ബന്ധത്തിൽ സാധാരണയുള്ള പ്രണയബന്ധങ്ങളുടെ പോലെയുള്ള അധിക കമ്മിറ്റ്‌മെന്റോ വൈകാരികതയോ കാണില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ഇവർ കമിതാക്കളല്ല, എന്നാൽ സുഹൃത്തുമല്ല. ചിലപ്പോഴൊക്കെ ശാരീരിക മാനസിക ഒറ്റപ്പെടലുകൾ അകറ്റാൻ രണ്ട് വ്യക്തികൾ അല്ലെങ്കിൽ അവരിൽ ഒരാൾ സ്ഥാപിക്കുന്ന ബന്ധമാണിത്. സിറ്റുവേഷൻഷിപ്പിൽ ഇവരുടെ കൂട്ടുകാർക്കും കുടുംബത്തിനും ഇങ്ങനെ ഒരു വ്യക്തി അവരുടെ ജീവിതത്തിലുണ്ടെന്നു പോലും അറിയില്ല. അത്ര രഹസ്യമാണ് ഈ ബന്ധം. പരസ്പരം കാണുമ്പോൾ സംസാരിക്കാനായി അധികമൊന്നും ഉണ്ടാകാറില്ല. പലപ്പോഴും ചുറ്റിക്കറങ്ങലിലും ചിലപ്പൊഴൊക്കെ ശാരീരിക ബന്ധത്തിലുമാണ് കണ്ടുമുട്ടൽ അവസാനിക്കുക.

റീബൗണ്ട്

വളരെക്കാലം തുടർന്നു പോയിക്കൊണ്ടിരുന്ന പ്രണയബന്ധം ബ്രേക്കപ്പിൽ കലാശിക്കുമ്പോൾ അതിൽനിന്ന് കരകയറാനായി തിരഞ്ഞെടുക്കുന്ന ഒരു മാർഗം. അതാണ് റീബൗണ്ട്. പക്ഷേ, നിർഭാഗ്യകരമായ കാര്യം പലപ്പോഴും ഇത്തരം റീബൗണ്ട് ബന്ധങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളിൽ ഒരാൾ പൂർണമായും വഞ്ചിക്കപ്പെടുകയായിരിക്കും എന്നതാണ്. 'ഹൃദയം' സിനിമയിലെ മായ എന്ന കഥാപാത്രമാണ് ഇത്തരം റിലേഷൻഷിപ്പിന് ഏറ്റവും നല്ല ഉദാഹരണം.

പ്രണയേതര ബന്ധങ്ങളിൽ ഏറ്റവും വേദനിപ്പിക്കുന്നത് റീബൗണ്ട് റിലേഷൻഷിപ്പുകളാണ്. കാരണം, ഇതിൽ നിൽക്കുന്ന രണ്ടുപേർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മുറിവുകൾ ഉണ്ടാകുന്നുണ്ട്. ഇവരുടെ ആദ്യത്തെ കുറച്ചുകാലം വളരെ വൈകാരികവും മനോഹരവുമായിരിക്കും. പരിചയപ്പെട്ട് കുറച്ചുകാലമേ ആയിട്ടുള്ളുവെങ്കിലും വളരെ ക്കാലത്തെ അടുപ്പം ഇത്തരം ബന്ധങ്ങളിൽ തോന്നും. മാനസിക അടുപ്പത്തേക്കാളും ഇവരിൽ ചിലരുടെയെങ്കിലും ഇടയിൽ ശാരീരിക അടുപ്പമാണ് ഏറെയുണ്ടാകുക. പങ്കാളിയെ എല്ലാവർക്കും മുന്നിൽ കൊണ്ട് നടക്കുന്ന ഷോ ഓഫുകളും ഉണ്ടാവും. പലതും മുൻപങ്കാളിക്കുമുന്നിൽ ആളാവാൻ വേണ്ടിയാവും.

എക്സിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതും കുറ്റപ്പെടുത്തുന്നതും സ്വാഭാവികമാണ്. ശരിക്കും ഇവരുടെ ഇടയിലെ പ്രധാനസംസാരം തന്നെ ആ നഷ്ടപ്രണയമായിരിക്കും. മാത്രമല്ല, പല കാര്യങ്ങളിലും പുതിയ പങ്കാളിയെ പഴയ ആളുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നവരുമുണ്ട്. പതിയെപ്പതിയെ ബന്ധത്തിന് മങ്ങലേൽക്കുന്നു. എടുത്തുചാടിയെന്ന ചിന്ത ഒരാളെയും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത മറ്റെയാളെയും പിടികൂടുന്നു.

ലവ് ബോംബിങ്

മാനസികവും വൈകാരികവുമായ ദുരുപയോഗമാണ് ലവ് ബോംബിങ്. ഇത്തരക്കാരുടെ ആത്യന്തിക ലക്ഷ്യം സ്‌നേഹം മാത്രമല്ല, മറ്റൊരാളുടെ മേൽ നിയന്ത്രണം നേടുകയാണ്. കാലക്രമേണ അവരുടെ സ്‌നേഹപ്രകടനങ്ങളോട് നിങ്ങൾ കടപ്പെട്ടിരിക്കുക എന്നതാണ് അവരുടെ ആവശ്യം. ഒരു വ്യക്തിയുടെ അരക്ഷിതാവസ്ഥയിൽ നിന്നാണ് ലവ് ബോംബിങ് എന്ന പ്രവണത സംഭവിക്കുക. നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) ഉള്ള ആളുകളിൽ ഈ പ്രവണത കൂടുതലാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ചില മുൻകാല ട്രോമകൾ കാരണവും ആളുകൾ ലവ് ബോംബിങ് നടത്താം. പ്രണയത്തിന്റെ ഹണിമൂൺ ഘട്ടത്തിൽ ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സമ്മാനങ്ങളും പ്രശംസകളും കൊണ്ട് മൂടും. ഇതുപോലെ എല്ലാം തന്ന് ഹൃദയം തുറന്ന് സ്നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ലെന്ന് അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള സ്നേഹപ്രകടനങ്ങൾ. ആ ഘട്ടത്തിൽ പലരും വീണു പോകും. പിന്നീട് പതിയെപ്പതിയെ നിങ്ങളുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും മുകളിലേക്ക് ആദ്യം സ്നേഹത്തോടെയും പിന്നീട് ഭീഷണിയുടെ രൂപത്തിലും നിയന്ത്രണങ്ങൾ പതിഞ്ഞു തുടങ്ങും. എന്നാലിവരോട് പ്രശ്നങ്ങൾ തുറന്നു പറയുകയോ ആരോഗ്യകരമായ അതിരുകൾ ഉണ്ടാക്കുകയോ ചെയ്താൽ സഹകരിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കൂട്ടാക്കാതെ നിങ്ങളുടെ മുകളിൽ കുറ്റങ്ങൾ ചുമത്തി ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരുമുണ്ട്.

പ്ലേറ്റോണിക് റിലേഷൻഷിപ്പ്

ചില ആളുകളോട് നമുക്ക് ഒറ്റ വാക്കിൽ നിർവചിക്കാൻ പറ്റാത്ത ചില ബന്ധമുണ്ടാകും. പ്രണയമാണോയെന്ന് ആരാഞ്ഞാൽ അതല്ല, കാമമാണോയെന്ന് ചോദിച്ചാൽ അതുമല്ല. പരസ്പരം അംഗീകരിച്ചുകൊണ്ട് ഒരു ഭാരവും അടിച്ചേല്പിക്കാതെ സഞ്ചരിച്ച് നല്ല രീതിയിൽ ഒഴുകുന്ന ഇത്തരം ബന്ധങ്ങൾ വളരെ മനോഹരമാണ്. 'നിറം' സിനിമയിൽ ഫസ്റ്റ് ഹാഫിലെ എബിയുടെയും സോനയുടെയും ബന്ധം ഇതിനുദാഹരണമാണ്. ഒരു തരത്തിലുള്ള മറയും ഉണ്ടാകാറില്ല. സത്യസന്ധതയിലും വിശ്വാസത്തിലും ഊന്നിയ ബന്ധമായതുകൊണ്ട്, എല്ലാ കാര്യങ്ങളിലും പങ്കാളി നമുക്കൊപ്പമുണ്ടായിരിക്കും. ചിലപ്പോഴൊക്കെ അതിർവരമ്പുകൾ കടന്ന് ഈ ബന്ധം പ്രണയമായി മാറാറുമുണ്ട്.

സോമ്പിയിങ്

നിങ്ങളെ മുമ്പ് ഗോസ്റ്റിങ്ങിന് ഇരയാക്കിയ ഒരാൾ ജീവിതത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുകയും ചെയ്യുന്നതാണ് സോമ്പിയിങ്. അവർ സാധാരണപോലെ 'ഹായ്' മെസേജുകൾ അയയ്ക്കുകയോ പോസ്റ്റുകൾ ലൈക്ക് ചെയ്യുകയോ ചെയ്‌തേക്കാം. ഇത്രയും നാൾ മാറിനിന്നെന്നു തോന്നിപ്പിക്കാത്ത, ആ സമയത്ത് എതിർകക്ഷി അനുഭവിച്ച മാനസികസമ്മർദ്ദത്തെ പരിഗണിക്കാത്ത തരം പെരുമാറ്റമായിരിക്കും.

സോഫ്റ്റ് ലോഞ്ചിങ്

തന്റെ പ്രണയബന്ധത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ സൂചനകളിലൂടെ വെളിപ്പെടുത്തുന്നവർ. സെലിബ്രിറ്റി പ്രണയവാർത്തകളിലെല്ലാം നമുക്ക് പരിചിതമാണ് ഈ രീതി.

ഹാർഡ് ലോഞ്ചിങ്

തന്റെ പ്രണയബന്ധത്തെപ്പറ്റി സോഷ്യൽ മീഡിയയിലൂടെ ഒരു മറയുമില്ലാതെ തുറന്നുസമ്മതിക്കുന്നവർ. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഒരു മടിയുമില്ലാതെ ഇവർ പങ്കുവയ്ക്കും.

ട്രോമാ ബോണ്ടിങ്

ബന്ധത്തിൽ യാതൊരു മനശാന്തിയും ലഭിക്കുന്നില്ലെങ്കിലും ടോക്സിക്ക് റിലേഷനാണെങ്കിലും അതിൽനിന്നു വിട്ടുപോകാതിരിക്കുന്നവരുണ്ട്. ഇവരുടെ ബന്ധം കണ്ടുനിൽക്കുന്നവർക്കുപോലും കൈ തരിക്കും. പക്ഷേ, ഈ അടിയും ഇടിയും ടോക്സിസിറ്റിയും സഹിക്കുന്ന ബന്ധമാണ് ട്രോമാ ബോണ്ടിങ്ങ്. തങ്ങളെ ചൂഷണം ചെയ്യുന്നവരോട് തോന്നുന്ന ഒരു തരം ഡീപ്പ് ഇമോഷണൽ അറ്റാച്ച്‌മെന്റാണിത്. ആത്മാർഥമായ പ്രണയമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ചൂഷണം ചെയ്യപ്പെടുമെന്നറിഞ്ഞല്ല പലരും ഈ ബന്ധത്തിലേക്ക് വീഴുന്നത്.

'ഉയരെ' എന്ന സിനിമയിലെ ഗോവിന്ദിനെ പോലെയാണ് ഇതിലെ ടോക്‌സിക് പങ്കാളി. സ്വന്തം വ്യക്തിത്വത്തെ പണയംവെച്ച് വികാരങ്ങളെയൊക്കെ താഴിട്ടു പൂട്ടുന്ന അവസ്ഥ ഈ ബന്ധങ്ങളുടെ മുഖമുദ്രയാണ്. അതിൽനിന്ന് പുറത്തുവരാൻ പറ്റാത്ത തരത്തിൽ അവർ പങ്കാളിയെ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്യാം. നീ ഒരു പങ്കാളിയെന്ന നിലയിൽ ഒട്ടും ശരിയല്ല, എനിക്ക് മാച്ചല്ല എന്നുപറഞ്ഞു കുറ്റപ്പെടുത്തുമ്പോൾ ഞാൻ തിരുത്തിക്കോളാം എന്ന മറുപടിയിൽ സ്വയം ചതിച്ച് മുന്നോട്ടു പോകേണ്ടിവന്നേക്കാം. പതിയെപ്പതിയെ നമ്മളെ ഒന്നിനും കൊള്ളില്ലെന്നും ഇയാൾ തരുന്ന ദേഹോപദ്രവവും ചൂഷണവും താൻ അർഹിക്കുന്നതാണെന്നും പോലും ചിന്തിച്ചു തുടങ്ങുന്നു. പുറത്തുള്ള ആരെങ്കിലും ഇത് ചോദ്യം ചെയ്താൽ സ്‌നേഹമുള്ളിടത്തേ വഴക്കൂള്ളൂ എന്നുപറഞ്ഞ് അതിനെ നിസ്സാരവത്ക്കരിക്കുന്നതും സാധാരണമാണ്.

ബോയ് സോബർ

പ്രണയബന്ധങ്ങളിൽ നിന്ന് ഇടവേളയെടുത്ത് സ്വന്തം വളർച്ചയിലും മാനസികമായ തിരിച്ചുവരവിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ബോയ് സോബർ. പെൺകുട്ടികളാണ് ഈ രീതി ഏറെ പിന്തുടരുന്നതെന്ന് വിദഗ്ധർ പറയുന്നു. തങ്ങളാരാണ്, എന്തായിരുന്നു ഇഷ്ടങ്ങൾ, എവിടെയാണ് തെറ്റുപറ്റിയത് എന്നൊക്കെ തിരിച്ചറിയാനും അവരവർക്കുവേണ്ടി ജീവിക്കാനും ഈ സമയത്ത് സാധിക്കും.

റിവേഴ്സ് ക്യാറ്റ്ഫിഷിങ്

ലൗ അറ്റ് ഫസ്റ്റ് സൈറ്റ് സങ്കല്പമൊന്നും ജെൻസികൾക്കില്ല. തങ്ങളുടെ ഏത് പ്രതിസന്ധിയിലും ഒപ്പം നിൽക്കുന്നവരെ മാത്രമേ ലോങ്ങ് ടേം റിലേഷൻഷിപ്പുകൾക്കായി അവർ തിരഞ്ഞെടുക്കൂ. ഡേറ്റിങ് ആപ്പുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ അവർ റിയൽ ആണോ ഫേക്ക് ആണോ എന്നറിയാൻ റിവേഴ്സ് ക്യാറ്റ് ഫിഷിങ് എന്ന രീതിയാണ് ജെൻസി ഉപയോഗിക്കുക. തങ്ങളുടെ പ്രൊഫൈലിൽ ഫിൽറ്ററില്ലാത്ത ചിത്രങ്ങളും മതിപ്പു തോന്നാൻ സാധ്യതയില്ലാത്ത ബയോയുമാണ് പലരും നൽകുക. അതായത് തങ്ങളെന്താണോ അതിനും ഒരുപടി താഴെ നിൽക്കുന്ന വിവരങ്ങൾ. ആരെയും പറ്റിക്കാനോ വഞ്ചിക്കാനോ അല്ല, തങ്ങളുടെ ബലഹീനതകളറിഞ്ഞിട്ടും അംഗീകരിച്ചുവരുന്നവരെ കണ്ടെത്താനാണ് ഇത്.

ഫ്‌ളഡ് ലൈറ്റിങ്

ആദ്യ കാഴ്ചയിൽ തന്നെ തന്നെക്കുറിച്ചുള്ള രഹസ്യങ്ങളും വൈകാരിക അനുഭവങ്ങളും ഒരാൾ പങ്കുവെച്ചാൽ അതാണ് ഫ്‌ളഡ് ലൈറ്റിങ്. അങ്ങനെ ചെയ്യുന്നവരെ അല്പം സംശയത്തോടെ കൈകാര്യം ചെയ്യണമെന്നാണ് ജെൻസി നയം. ഇത്തരക്കാർ നല്ലവരാണോ ചതിക്കുന്നവരാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാനാവില്ല. ചിലർ മനസ്സിന്റെ ദൗർബല്യം കൊണ്ട് മനസ്സു തുറക്കുന്നവരാകാം. ചിലർ തെറ്റിദ്ധരിപ്പിച്ച് സഹതാപം നേടാൻ വേണ്ടിയുമാവാം. ഒരാൾ ഫ്‌ളഡ് ലൈറ്റിങ് ചെയ്യുമ്പോൾ മറ്റേയാൾ കെയർ ടേക്കറുടെ റോൾ ചെയ്യേണ്ടിവരും. ഇത് ബന്ധങ്ങളിൽ നല്ലതല്ല.

റോസ്റ്റർ ഡേറ്റിങ്

ഒരേ സമയം ഒന്നിലധികം ആളുകളുമായി ഡേറ്റിങ് നടത്തുന്നവർ. സിനിമയ്ക്കു പോകാൻ ഒരാൾ, പാർട്ടിക്കുപോകാൻ മറ്റൊരാൾ, ക്ലബ്ബിൽ പോകാൻ വേറൊരാൾ.. എന്നിങ്ങനെ ആളുകളെ ഊഴംവെച്ച് അവർ കൂടെക്കൂട്ടും. വൈകാരിക ആശ്രയത്വം കുറഞ്ഞ ഡേറ്റിങ് രീതിയാണിത്. പൂർവബന്ധത്തിലെ മുറിവുകൾ ഉണങ്ങാത്തവരും, വൈകാരിക അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരും ഇത്തരം ബന്ധങ്ങളിലേക്ക് പോകാറുണ്ട്.

മങ്കിബാറിങ്

നിലവിൽ ഒരു പങ്കാളിയുണ്ടായിരിക്കുകയും അവർ തന്നെ ഉപേക്ഷിച്ചുപോയാൽ ഒറ്റപ്പെട്ടുപോകുമോയെന്ന ഭയവുമുള്ളവരുമാണ് മങ്കിബാറിങ് പിന്തുടരുന്നത്. നിലവിലെ പങ്കാളി എത്ര നല്ലയാളാണെങ്കിലും അവർ മറ്റൊരു പങ്കാളിയെ തേടിപ്പിടിച്ച് പ്രണയിക്കുക തന്നെചെയ്യും. നിലവിലെ പങ്കാളി അറിയാതെയാണ് ഈ ബന്ധം മുന്നോട്ടുകൊണ്ടുപോവുക.

ലൗഡ് ലുക്കിങ് ഡേറ്റിങ്

ഇഷ്ടപ്പെട്ടയാളെക്കൊണ്ട് യെസ് പറയിക്കാൻ നുണക്കൊട്ടാരമൊന്നും കെട്ടാൻ ജെൻസിയെ കിട്ടില്ല. ഉള്ളത് ഉള്ളപോലെ പറയും, കാണിക്കും. അതാണ് ലൗഡ് ലുക്കിങ് ഡേറ്റിങ്. മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്ത് ജീവിക്കാൻ താല്പര്യപ്പെടുന്നവരല്ല ഇവർ. ദീർഘകാലത്തേക്കുള്ള ബന്ധങ്ങൾക്കു വേണ്ടിയാണ് ഈ രീതി ജെൻസികൾ പിന്തുടരുന്നത്. വൈകാരിക അടുപ്പം ഉണ്ടാകുന്നതിനു മുമ്പുതന്നെ പൊരുത്തക്കേടുകൾ കണ്ടെത്തി വേഗം ബൈ പറയാൻ ഈ ഡേറ്റിങ് രീതി സഹായിക്കും.

പ്രശ്‌നങ്ങൾ, കാരണങ്ങൾ

1997 മുതൽ 2012 വരെയുള്ള കാലയളവിൽ ജനിച്ചവരാണ് ജെൻ സി തലമുറ. ഡിജിറ്റൽ ജീവിതം, അനുദിനം മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾ, ലിംഗപരമായ വ്യത്യാസങ്ങൾ, അനിശ്ചിതമായ ഭാവി എന്നിങ്ങനെ മുൻതലമുറ അഭിമുഖീകരിക്കാത്ത നിരവധിക്കാര്യങ്ങൾ ചേർന്നവയാണ് ഈ തലമുറയുടെ ലോകം. ജെൻസി ബന്ധങ്ങൾ എല്ലാം അവിവേകവും എടുത്തുചാട്ടവുമാണെന്ന് കണ്ണടച്ചു പറയാനാവില്ല. എന്നാൽ പഴയ തലമുറകളെ അപേക്ഷിച്ച് ബന്ധത്തകർച്ചകൾ ജെൻസികളെ മാനസികമായി ഏറെ ബാധിക്കുന്നുണ്ട്.

ജെൻ സി ബന്ധങ്ങൾ സാമൂഹികമായും സാമ്പത്തികമായും സ്ഥിരത കൈവരുന്നതിനുമുൻപേ ആരംഭിക്കുകയും വേഗം അവസാനിക്കുകയും ചെയ്യും.

മുൻതലമുറകളിൽ പ്രണയമെന്നത് പരസ്പരം കാണുമ്പോൾ തോന്നുന്ന ഒരിഷ്ടത്തിൽ, ആകർഷണത്തിൽ നിന്നാണ് ആരംഭിച്ചിരുന്നത്. എന്നാൽ ജനറേഷൻ സിയുടെ ബന്ധങ്ങൾ പലപ്പോഴും ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽമീഡിയ ആപ്പുകളിലോ ഡേറ്റിങ്, ഗെയിമിങ് പ്ലാറ്റ്ഫോമുകളിലോ ആണ് ആരംഭിക്കുന്നത്. യഥാർഥ ജീവിതത്തിലെ പൊരുത്തം തിരിച്ചറിയുന്നതിനുമുൻപേ ഇവർ വെർച്വൽ പ്രണയത്തിൽ വൈകാരികമായി വീണുപോകുന്നു.

ജെൻസികൾ തങ്ങളുടെ സെക്ഷ്വൽ ഓറിയന്റേഷനെപ്പറ്റി കൃത്യമായ അറിവുള്ളവരാണ്. ഇതും ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അവരെ നയിക്കുന്ന ഘടകമാണ്.

വൈകാരികമായ തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് ഇക്കൂട്ടർ പ്രണയബന്ധങ്ങളിലേക്ക് കടക്കുന്നത്. എപ്പോഴും ഒറ്റക്കാണെന്ന തോന്നൽ ജെൻസികളിലുണ്ട്. സുഹൃത്തുക്കൾക്കെല്ലാം പ്രണയമുണ്ട് എനിക്കും വേണമെന്ന തോന്നലും ഇവരെ ഇത്തരം ബന്ധങ്ങളിലെത്തിക്കുന്നു. പാർട്ണർ ഇല്ലെങ്കിൽ മോശമാണെന്ന തോന്നൽ ഇവരിൽ കൂടുതലാണ്.

പോൺ സൈറ്റുകൾ, ലൈംഗികതയുമായി ബന്ധപ്പെട്ട ഓൺലൈൻ ഉള്ളടക്കങ്ങൾ എന്നിവ വളരെ നേരത്തെ തന്നെ ഈ തലമുറയ്ക്ക് ലഭിക്കുന്നുണ്ട്. അവ പരീക്ഷിച്ചു നോക്കാനുള്ള കൗതുകവും ഇവരിൽ ഏറെയാണ്. വൈകാരിക പക്വതയെത്തുന്നതിനു മുന്നേ തന്നെ ശാരീരികബന്ധത്തിലേക്ക് എത്തുന്നതും സ്വാഭാവികം.

കുടുംബം, സമൂഹം, പഠനം തുടങ്ങിയ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നുള്ള താത്കാലിക രക്ഷപ്പെടലിനായി പ്രണയബന്ധങ്ങൾ തുടങ്ങുന്നവരും ഇവരിലുണ്ട്.

പല ബന്ധങ്ങളും ആഴ്ചകളോ മാസങ്ങളോ മാത്രം നീളുന്നവയാണ്. എളുപ്പത്തിൽ വേണ്ടെന്ന് വയ്ക്കാനും തുടങ്ങാനും കഴിയുന്നവയാവണം ബന്ധങ്ങൾ എന്നൊരു തോന്നൽ അവർക്കുണ്ട്. സമ്മർദ്ദങ്ങൾ സഹിക്കാനുള്ള കഴിവും എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അത് പരിഹരിക്കാനുള്ള ക്ഷമയും പലർക്കുമില്ല.

തുടർച്ചയായി പ്രണയബന്ധങ്ങൾ ഉണ്ടാവുകയും ബ്രേക്ക് അപ്പ് ആവുകയും ചെയ്യുന്നത് ഭാവിയിൽ വിവാഹം പോലെ ഉത്തരവാദിത്വം നിറഞ്ഞ ബന്ധങ്ങളിലേക്ക് പോകാൻ ഇവർക്ക് മാനസികമായ തടസ്സങ്ങൾ ഉണ്ടാക്കാം.

നിരവധി അസ്ഥിരമായ ബന്ധങ്ങൾ ഉള്ള വ്യക്തിക്ക് വൈകാരിക നിയന്ത്രണം കുറവായിരിക്കും. ഇവർ ഡിപൻഡന്റ് റിലേഷനിലേക്ക് (ആശ്രിതബന്ധം) വേഗം വീണുപോകാനുള്ള സാധ്യതയുണ്ട്.

ഓരോ തവണയും ബന്ധങ്ങൾ തകരുമ്പോൾ നിരാശ, ഉത്കണ്ഠ, ആങ്സൈറ്റി എന്നിവയെല്ലാം അനുഭവിക്കേണ്ടി വരും. ഇത് ഇവരെ ഐഡന്റിറ്റി ക്രൈസിസിലേക്ക് നയിക്കും. എന്നെയാർക്കും ഇഷ്ടമല്ല, എനിക്കെന്തോ കുഴപ്പമുണ്ട് എന്നൊക്കെ ചിന്തിക്കുന്നവരും ഏറെയാണ്.

പഠനനിലവാരം മോശമാകുന്നു, ആത്മവിശ്വാസം നഷ്ടമാകുന്നു, സാമൂഹിക ഇടപെടലുകൾ കുറയുന്നു, ഉറക്കക്കുറവ്, ഭക്ഷണത്തോട് വിരക്തി, ദൈനംദിനകാര്യങ്ങളിൽ മടുപ്പ്, ലഹരി ഉപയോഗം, വിഷാദം എല്ലാം ഇത്തരക്കാരിലുണ്ടാവാം. ആത്മഹത്യാപ്രവണതയും പലകുട്ടികളിലുമുണ്ട്. ഇതിന്റെ തുടർച്ചയായി മാതാപിതാക്കളും കുടുംബവുമായുള്ള ബന്ധവും വഷളാവുന്നു.

വ്യക്തിത്വവികാസത്തിന്റെ പ്രായത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ കാര്യമായി ബാധിക്കും.

പങ്കാളിയില്ലെങ്കിൽ തകരുന്ന ജെൻസി

പ്രണയമെന്നല്ല പാർട്ണർഷിപ്പ് എന്നാണ് ജെൻസികൾ റിലേഷൻഷിപ്പിനെ വിശേഷിപ്പിക്കുന്നത്. റിലേഷൻഷിപ്പ് ഇല്ലെങ്കിൽ അതൊരു പോരായ്മപോലെയാണ് അവർ കരുതുന്നത്. തനിക്കെന്തോ പ്രശ്നമുണ്ടെന്ന് അവർ കരുതുന്നു. അത്തരത്തിൽ ചിന്തിച്ച് ഒറ്റപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിങ് നൽകേണ്ടി വരാറുണ്ട്.

ചിലർക്ക് റിലേഷൻഷിപ്പുണ്ടാവും. പക്ഷേ, അത് വിശ്വാസ്യതയോടെ കൊണ്ടുനടക്കാനാവുന്നില്ല എന്നതായിരിക്കും അവരുടെ പ്രശ്നം. കാരണം പലരും മൾട്ടിപ്പിൾ റിലേഷൻഷിപ്പിലായിരിക്കും. സീരിയസായ റിലേഷനൊപ്പം പ്രാങ്ക് റിലേഷൻഷിപ്പുകൾ സൂക്ഷിക്കുന്ന കുട്ടികളുമുണ്ട്. ഒറ്റ ബന്ധത്തിൽ നിൽക്കാൻ പലർക്കും കഴിയാറില്ല

ഇനി റിലേഷൻഷിപ്പ് ഏതെങ്കിലും രീതിയിൽ ടോക്സിക്കാണെന്ന് മനസ്സിലായാൽ വേഗത്തിൽ ഗുഡ്ബൈ പറയാനും ഈ തലമുറയ്ക്ക് സാധിക്കുന്നുണ്ട്.

ബന്ധങ്ങളുടെ മൂല്യം ഇവരുടെ ഇടയിലില്ല. ജീവിതകാലം മുഴുവനും ഒരാളുമായി റിലേഷൻഷിപ്പ് എന്നത് ചിന്തിക്കാൻ പോലും പലർക്കും കഴിയില്ല.

ഈ ബന്ധങ്ങളിലെല്ലാം സീരിയസായ പ്രണയം തിരഞ്ഞ് തകർന്നു പോകുന്ന നിരവധിപ്പേരുണ്ട്. അവർക്ക് ആവശ്യമായ മാനസികപിന്തുണ നൽകേണ്ടി വരും

എന്തൊക്കെ ചെയ്യാം

തലമുറമാറ്റത്തിന്റെ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ പ്രകടമാകുന്നത് മാതാപിതാക്കൾക്കും കുട്ടികൾക്കുമിടയിലാണ്. ബന്ധങ്ങളിലെ അതിർവരമ്പുകൾ, സുരക്ഷിതമായ ലൈംഗികത... എന്നിവയെപ്പറ്റിയെല്ലാം ആവശ്യത്തിലേറെ അറിവുള്ളവരാണ് ഈ തലമുറ. എന്നാൽ അതെങ്ങനെ നടപ്പാക്കണമെന്ന് അവർക്കോ അവരുടെ മാതാപിതാക്കൾക്കോ അറിയില്ല.

പ്രണയബന്ധങ്ങൾ തകരുമ്പോഴുള്ള വിഷമവും വേദനയും മറ്റ് വൈകാരിക പ്രശ്‌നങ്ങളും സാധാരണമാണെന്ന് മനസ്സിലാക്കാൻ കുട്ടികളെ പ്രാപ്തരാക്കാം.

ഒരാളോട് തോന്നുന്നത് സൗഹൃദമാണോ പ്രണയമാണോ എന്ന് തിരിച്ചറിയാനുള്ള സമയവും അതിർവരമ്പുകളും ബന്ധങ്ങളിൽ സൂക്ഷിക്കാൻ അവരെ പഠിപ്പിക്കാം.

ഒരു പ്രശ്നം വന്നാൽ കൈകാര്യം ചെയ്യാനുള്ള സഹിഷ്ണുത കുട്ടികളിൽ ചെറുപ്പംമുതലേ വളർത്തുക. പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കുകയല്ല വേണ്ടതെന്ന് അവർക്ക് പറഞ്ഞുകൊടുക്കാം.

ലൈഫ്സ്‌കില്ലുകൾ ഈ തലമുറയിൽ വളരെ കുറയുന്നതായി പഠനങ്ങൾ പറയുന്നു. സാമൂഹിക ഇടപെടലുകൾ, അച്ചടക്കം, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ്, ഏതുകാര്യവും ഒന്നിൽകൂടുതൽ തവണ ചിന്തിച്ചശേഷം നടപ്പാക്കാനുള്ള കഴിവ്, ഒരു കൂട്ടായ്മയിൽ ഒത്തുപോകാനുള്ള മനസ്സ്, സാമൂഹിക ഉത്തരവാദിത്വങ്ങൾ, സ്വയം നിയന്ത്രണം, വൈകാരിക നിയന്ത്രണം... എന്നിങ്ങനെ സമൂഹത്തിൽ ജീവിക്കാൻ ആവശ്യമായവ. ഇക്കാര്യങ്ങൾ കുട്ടികൾ മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നുമാണ് പഠിക്കുന്നത്.

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പുറംമോടി മാത്രമല്ല മൂല്യങ്ങളും അതിന്റെ അടിസ്ഥാനമാണെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.

സിംഗിളായിരിക്കുക എന്നത് ഒരു പരാജയമല്ലെന്നും അത് ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമാണെന്നും അവരെ ബോധ്യപ്പെടുത്താം. അത്തരം തുറന്ന സംസാരങ്ങൾക്കുള്ള ഇടം വീട്ടിലുണ്ടാവുകയും വേണം.

അമിതനിയന്ത്രണമോ സ്വാതന്ത്ര്യമോ അല്ല വേണ്ടത്. ഉപദേശവും വിമർശനവും ശിക്ഷണവുമല്ല, അവരെ കേൾക്കാനുള്ള മനസ്സാണ് മാതാപിതാക്കൾക്കും മുതിർന്നവർക്കും വേണ്ടത്.

കടപ്പാട്
ഡോ. വർഷാ വിദ്യാധരൻ (അസോസിയേറ്റ് പ്രൊഫസർ ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്യാട്രി, മെഡിക്കൽ കോളേജ്, കോഴിക്കോട്)
ദീപികാ രാഗേഷ് ( സ്‌കൂൾ കൗൺസിലർ, പറമ്പിൽ ഹയർസെക്കൻഡറി,
കോഴിക്കോട്) 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explains complex modern dating terminology like Ghosting, Orbiting, and Situationships., Analyzes the psychological impact of digital-first relationship habits., Highlights the risks of toxic patterns like Trauma Bonding and Love Bombing., Provides expert advice for parents and youth on building healthy relationship boundaries., Emphasizes the importance of emotional maturity and life skills in the digital age.