മരിച്ച മകനെ മടിയിൽ കിടത്തിയ ആ അമ്മയുടെ മുഖത്ത് ഞാൻ കണ്ടത് ലോകത്തെ എല്ലാ അമ്മമാരുടെയും വേദനയാണ്

പ്രിയ ജോസഫ്, കുടുംബത്തോടൊപ്പം
പ്രിയ ജോസഫ്, കുടുംബത്തോടൊപ്പം

മൂന്ന് പതിറ്റാണ്ടിന്റെ മൗനത്തെ അക്ഷരങ്ങൾ കൊണ്ട് ഭേദിച്ച്, പ്രവാസത്തിന്റെ മണ്ണിലിരുന്നുകൊണ്ട് നാടിന്റെ ഗന്ധമുള്ള കഥകൾ നെയ്‌തെടുത്ത എഴുത്തുകാരിയാണ് പ്രിയ ജോസഫ്. 'മാണീം ഇന്ദിരാഗാന്ധീം' എന്ന തന്റെ പുസ്തകത്തിലൂടെ വായനക്കാരുടെ ഉള്ളുതൊട്ട പ്രിയ, ഒരു കാലത്തിന്റെ അടയാളപ്പെടുത്തലുകൾ പോലെ ഉള്ളിൽ ഇന്നും തെളിഞ്ഞുനിൽക്കുന്ന ഈസ്റ്റർ ഓർമ്മകൾ പങ്കുവെക്കുകയാണ്.

ബാംഗ്ലൂർ ഡേയ്സും ആകാശദൂതും
എല്ലാ ആഘോഷങ്ങളെയും സിനിമകളുമായി താരതമ്യം ചെയ്യാൻ ഇഷ്ടമാണെന്ന് പ്രിയ പറയുന്നു. 'ഓണവും വിഷുവും ക്രിസ്മസും ഒക്കെ എനിക്ക് 'ബാംഗ്ലൂർ ഡേയ്സ്' പോലെ അടിച്ചുപൊളി ആഘോഷങ്ങളാണെങ്കിൽ, ഈസ്റ്റർ കാലം എനിക്ക് എന്നും 'ആകാശദൂത്' എന്ന സിനിമ പോലെ വിങ്ങുന്ന ഒന്നാണ്. കുട്ടിക്കാലത്ത് അമ്മ വീട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാൻ പോകുമ്പോഴാണ് ഈസ്റ്റർ വരുന്നത്. ദുഃഖവെള്ളിയാഴ്ചയായാൽ വീട്ടിൽ ഒരു 'മരണവീടിന്റെ' പ്രതീതിയാണ്. ഉറക്കെ സംസാരിക്കാൻ പാടില്ല, കളിക്കാൻ പാടില്ല. എല്ലാവരും പതിയെ ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് സംസാരിക്കുക.. ബാക്ക്ഗ്രൗണ്ടിൽ അർണോസ് പാതിരിയുടെ പുത്തൻ പാന ചെറിയ ശബ്ദത്തിൽ കേൾക്കാം. ‘അമ്മ കന്യാ മണിതന്റെ നിർമ്മല ദുഃഖങ്ങളിപ്പോ’…. എന്ന് തുടങ്ങുന്ന, മാതാവിന്റെ ദുഃഖം വർണ്ണിക്കുന്ന ആ ഈണം ഇന്നും കാതുകളിലുണ്ട്.

കുട്ടിക്കാലത്തെ സംശയങ്ങൾ
'നിങ്ങളുടെ പാപം കാരണമാണ് ഈശോ കുരിശിലേറ്റപ്പെട്ടത്' എന്ന് മുതിർന്നവർ പറയുമ്പോൾ ഞങ്ങൾ കുട്ടികൾ അന്തംവിട്ടിരിക്കും. 2000 വർഷം മുമ്പ് മരിച്ച ഒരാൾ, ഞങ്ങൾ ചെയ്ത പാപം കാരണമാണ് മരിച്ചതെന്ന് പറയുന്നതിലെ യുക്തി അന്ന് മനസ്സിലായിരുന്നില്ല. ഇന്നലെ മമ്മിയോട് കള്ളം പറഞ്ഞതോ, ചേച്ചിമാരോട് വഴക്കുകൂടിയതോ ആണോ പാവം ഈശോയുടെ മരണത്തിന് കാരണമെന്ന് വരെ ഞങ്ങൾ നിഷ്കളങ്കമായി ചിന്തിക്കുമായിരുന്നു. അതുകൊണ്ട് തന്നെ പള്ളിയിലെ ശുശ്രൂഷ കഴിഞ്ഞ് കിട്ടുന്ന ആ 'കയ്പ് നീരിന്റെ ഭീകര കയ്പ് നാവിലറിയുമ്പോൾ ഈശോയുടെ വേദനയുടെ പങ്ക് പറ്റുന്നല്ലോ എന്നൊരു ചാരിതാർത്ഥ്യം തോന്നിയിരുന്നു അന്നൊക്കെ’

ഇൻട്രിയപ്പവും കൊഴുക്കട്ടയും

കുരിശപ്പം

'അൻപത് നോമ്പ് തുടങ്ങുമ്പോൾ തൊട്ടേ ഈസ്റ്ററിനുള്ള മാനസികമായ ഒരുക്കം തുടങ്ങും. ഇറച്ചിയും മീനും മുട്ടയും ഉപേക്ഷിച്ചുള്ള ആ 50 ദിവസങ്ങൾ. ഓശാന ഞായറിന് മുമ്പുള്ള 'കൊഴുക്കട്ട ശനിയാഴ്ച'യാണ് ആദ്യത്തെ രുചി ഓർമ്മ. പിന്നെ പെസഹാ വ്യാഴാഴ്ചയിലെ ഇൻട്രിയപ്പവും പാലും (കുരിശപ്പം). തേങ്ങ ചിരകി, മാവ് കുഴച്ച്,കുരുത്തോല കൊണ്ട് കുരിശ് വെച്ച് ഉണ്ടാക്കുന്ന ആ അപ്പം അന്നും ഇന്നും ഒരു വികാരമാണ്. കുടുംബത്തിൽ മരണം നടന്ന വർഷങ്ങളൊഴികെ ഷിക്കാഗോയിൽ എത്തിയ ശേഷവും ആ ശീലം ഞാൻ തുടരുന്നുണ്ട്.’

അമേരിക്കൻ ഈസ്റ്റർ: ഈസ്റ്റർ എഗ്ഗ് ഹണ്ടും, ഈസ്റ്റർ ബണ്ണിയും, പർപ്പിൾ പുതപ്പുകളും
'27 വർഷം മുമ്പ് അമേരിക്കയിൽ എത്തിയപ്പോൾ കണ്ട ഈസ്റ്റർ തികച്ചും വ്യത്യസ്തമായിരുന്നു. ഇവിടെ എല്ലാം കുറച്ചുകൂടി കൊമേഴ്സ്യൽ ആണ്. ഹാലോവീൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മിഠായികൾ വിൽക്കപ്പെടുന്നത് ഈസ്റ്റർ കാലത്താണ്. 'ഈസ്റ്റർ ബണ്ണി' വേഷം കെട്ടി ഫോട്ടോ എടുക്കുന്നതും, പ്ലാസ്റ്റിക് മുട്ടകളിൽ ചോക്ലേറ്റ് നിറച്ച് പൂന്തോട്ടത്തിൽ ഒളിച്ചുവെക്കുന്ന 'എഗ്ഗ് ഹണ്ടും' ഒക്കെ ഇവിടുത്തെ രീതികളാണ്. കുട്ടികൾക്ക് വലിയ ആവേശമാണത്. മഞ്ഞു മൂടിക്കിടന്ന പുൽനാമ്പുകളും ട്യൂലിപ്പുകളും ഡാഫോഡിൽ ചെടികളും മറ്റും ഞാൻ ജീവനോടെ ഇവിടെത്തന്നെയുണ്ട് എന്ന് കുസൃതിപറഞ്ഞ് പുറത്തേയ്ക്ക് തലന്നീട്ടുന്ന സമയം. ഇളം നാമ്പുകളെ അറിഞ്ഞ്, തൊട്ട് , വകഞ്ഞുമാറ്റി, കുഞ്ഞുകൈകൾ മണ്ണിലാഴ്ത്തി ഈസ്റ്റർ മുട്ടകൾ പരതുമ്പോൾ അത് പ്രകൃതിയെ അറിയൽ കൂടിയാണ്.

വിശ്വാസത്തിന്റെ ഭാരമില്ലാതെ, ഒരു കൊച്ചുകുഞ്ഞ് ഈസ്റ്റർ ബണ്ണിയെ ആദ്യമായി കയ്യിൽ ഏൽക്കുമ്പോൾ ആ കണ്ണുകളിൽ തെളിയുന്ന വെളിച്ചം — അതും ഒരുതരം ഉയിർപ്പ് തന്നെ.’

ഇവിടുത്തെ കാത്തലിക് പള്ളികളിൽ നോയമ്പു തുടങ്ങികഴിഞ്ഞുളള അഞ്ചാം ഞായറാഴ്ച മുതൽ എല്ലാ രൂപങ്ങളും നേർത്ത പർപ്പിൾ തുണികൊണ്ട് മറച്ചുവെക്കും. ഈശോ ഉയിർത്തെഴുന്നേൽക്കുന്ന രാത്രി മാത്രമേ ആ രൂപങ്ങൾ തുറക്കുകയുള്ളൂ.

ഇവിടെ ഈസ്റ്റർ നിറങ്ങളും ഉണ്ട്. ആ സമയത്ത് കടകളിൽ വരുന്ന കുഞ്ഞുടുപ്പുകളെല്ലാം ബേബി പിങ്ക്, പിസ്ത ഗ്രീൻ, ബേബി യെല്ലോ പോലുള്ള പേസ്റ്റൽ നിറങ്ങളായിരിക്കും. ഈ നിറങ്ങളിലുള്ള ഫ്രോക്സിട്ട് കുട്ടികൾ ഈസ്റ്റർ കുർബാനയ്ക്ക് വരുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.'

'പിയത്ത'യിലെ ആ അമ്മ
'സത്യം പറഞ്ഞാൽ, ദുഃഖവെള്ളിയാഴ്ചകളിലെ ആ മെലങ്കോളിക് മൂഡ് എനിക്ക് വലിയ ട്രോമയാണ്. പള്ളിയിൽ പോയാൽ കുരിശിന്റെ വഴി മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നതാണ്, പ്രത്യേകിച്ച് നാലാം സ്ഥലം— അമ്മയും മകനുമായുള്ള കൂടിക്കാഴ്ച— നിറഞ്ഞൊഴുകുന്ന നാലുകണ്ണുകൾ എന്ന് പള്ളിയിൽ വായിക്കുമ്പോൾ, പള്ളിയിൽ ചുരുങ്ങിയത് നാല്പത് കണ്ണുകളെങ്കിലും നനയുന്നുണ്ടാവും. അങ്ങനെ എല്ലാവരുടെയും മുന്നിൽ കരയുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് മക്കൾ വളർന്നതോടെ ഞങ്ങൾ ഒരു പുതിയ രീതി കണ്ടെത്തി. ദുഃഖവെള്ളിയാഴ്ച വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും ഒരു ലോങ്ങ് ഡ്രൈവ് പോകും. അന്ന് മാത്രം ഒരു പരിചയവുമില്ലാത്ത പള്ളികളിലെ സർവീസിൽ പങ്കെടുക്കും.

മൈക്കലാഞ്ചലോയുടെ 'പിയത്ത' ശില്പം

ഒരിക്കൽ ഈസ്റ്റർ കാലത്ത് ഇറ്റലിയിൽ പോയി. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മൈക്കലാഞ്ചലോയുടെ 'പിയത്ത' (Pieta) എന്ന ശില്പത്തിന് മുന്നിൽ നിന്നത് മണിക്കൂറുകളാണ്. മരിച്ച മകനെ മടിയിൽ കിടത്തിയിരിക്കുന്ന ആ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ഞാൻ കണ്ടത് ലോകത്തെ എല്ലാ അമ്മമാരുടെയും വേദനയാണ്. സ്വന്തം കുഞ്ഞിന് ഒരു ചെറിയ മുറിവ് വന്നാൽ പോലും നെഞ്ചുപൊട്ടുന്ന നമുക്ക്, ആ അമ്മയുടെ സഹനം എത്രത്തോളമാണെന്ന് അതിന്റെ മുഴുവൻ വ്യാപ്തിയിൽ മനസ്സിലാകുന്നത് ഞാനൊരു അമ്മയായ ശേഷം മാത്രമാണ്.'

ദുഃഖവെള്ളിയും ഉയിർപ്പ് ഞായറും
ദുഃഖ വെള്ളിയുടെ പ്രധാന ഭാഷ നിശബ്ദതയാണ്. ആ ഭാഷ ഹൃദയത്തിലേയ്ക്ക് എടുക്കുന്നത് കൊണ്ടായിരിക്കാം ഈസ്റ്റർ ഞായറിലെ ശബ്ദങ്ങൾ ഇത്ര ആഴത്തിൽ തൊടുന്നത്. ‘ജീവിതത്തിലെ ഏറ്റവും വലിയ പോസിറ്റീവ് മന്ത്രം ഇതാണ്: 'എല്ലാ ദുഃഖവെള്ളിക്കും ഒരു ഉയിർപ്പ് ഞായറുണ്ട്.' ജീവിതത്തിൽ എന്ത് വലിയ പ്രതിസന്ധി വന്നാലും അതിനപ്പുറം ഒരു വെളിച്ചമുണ്ടെന്ന വിശ്വാസം ഈസ്റ്റർ നൽകുന്ന വലിയ പാഠമാണ്.

ഓർമ്മകളിൽ നാട്ടിലെ പാന വായനയും, കൈയിൽ അമേരിക്കൻ ഈസ്റ്റർ എഗ്ഗുകളുമായി ഞാനിപ്പോൾ രണ്ട് സംസ്‌കാരങ്ങൾക്കിടയിലുള്ള പാലത്തിലൂടെ നടക്കുകയാണ്. സങ്കടത്തിന്റെ നേർത്ത പർപ്പിൾ തുണികൾ മാറി, സന്തോഷത്തിന്റെ വെളിച്ചം വരുന്ന ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഓരോ ഈസ്റ്ററും.'

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Author priya joseph talks about Contrast between solemn Kerala Good Friday observances and vibrant American Easter traditions, The philosophy of hope, Cultural blending of two worlds through personal storytelling.