പോലീസ് വാൻ തടഞ്ഞ 'സിങ്കപ്പെണ്ണ്' എന്ന് സോഷ്യൽമീഡിയ; ആരാണ് റിയ അഹിർ?

റിയ അഹിർ | PTI, Instagram
റിയ അഹിർ | PTI, Instagram

പരീക്ഷാക്രമക്കേടിനെതിരെ ജന്തർമന്തറിൽ സി.ജെ.പി. നടത്തുന്ന സമരം (CJP Protest) മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. കേരളത്തിൽ ഉൾപ്പെടെ സമരക്കാർക്ക് പിന്തുണയുമായി ആളുകൾ ഒത്തുചേർന്നു. മുംബൈയിലും സമരം നടന്നുകൊണ്ടിരിക്കുകയാണ്. ശിവാജി പാർക്ക്. ചെമ്പൂർ എന്നീ സ്ഥലങ്ങളിലാണ് പ്രതിഷേധക്കാർ പ്രധാനമായും ഒത്തുചേർന്നത്.

മുംബൈയിലെ ഈ സമരത്തിന്റെ മുഖമായി മാറിയത് നടുറോട്ടിൽ പോലീസ് വാനിനുമുന്നിൽ കൈകുത്തി നിൽക്കുന്ന പെൺകുട്ടിയാണ്. മഴയത്ത് ഹൂഡിയും ധരിച്ചുനിന്ന ആ പെൺകുട്ടിയുടെ ചിത്രം വളരെ പെട്ടെന്ന് വൈറലായി. മോഡലും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമായ റിയ അഹിറാണത് (Rhiya Ahir).

മുംബൈ ദാദറിലെ ശിവാജി പാർക്കിനു സമീപത്തായിരുന്നു സംഭവം. പെരുംമഴയത്തായിരുന്നു പ്രതിഷേധസമരം നടന്നുകൊണ്ടിരുന്നത്. അതിനിടയിലാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് വാനിൽ കൊണ്ടുപോവാനൊരുങ്ങിയത്. അതോടെ വാഹനത്തിനുമുന്നിലേക്ക് റിയ എത്തി. ഇരുകൈകളും ബസിനുമുന്നിൽ കുത്തി വണ്ടി തടയുകയും ചെയ്തു. ഡ്രൈവർ എൻജിൻ ഇരപ്പിച്ചെങ്കിലും റിയ അല്പം പോലും പുറകോട്ടുപോയില്ല. പിന്നാലെ മറ്റു പ്രതിഷേധക്കാരുമെത്തി. ഒടുവിൽ അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടിയും വന്നു.

പിന്നാലെ മാധ്യമപ്രവർത്തകരോട് ഈ സംഭവത്തെക്കുറിച്ച് റിയ സംസാരിക്കുകയും ചെയ്തു. പോലീസ് സമരക്കാരെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്ന രീതി ശരിയായില്ലെന്നും അവർ പറഞ്ഞു. ''പോലീസ് അവരുടെ ജോലി ചെയ്യുന്നുണ്ടെങ്കിലും, ഉത്തരവാദിത്തത്തോടെയല്ല അത് നിർവഹിക്കുന്നത്. ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെങ്കിൽ, ഞങ്ങളുടെ പൗരന്മാരുടെ കാര്യത്തിൽ ആ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കും''.
 

താനൊരു വിദ്യാർഥിയല്ലെന്നും പ്രതിഷേധത്തിന് കാരണമായ വിഷയങ്ങൾ തന്നെ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കിലും, ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്ന് തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു. ''അവർ വണ്ടിയുടെ എൻജിൻ ഇരപ്പിച്ച് എന്നെ ഭയപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ ഞാൻ പിന്മാറിയില്ല. ഇത് ചെയ്തില്ലെങ്കിൽ, ഒന്നും ചെയ്യാതിരുന്നതിൽ എനിക്ക് കുറ്റബോധം തോന്നും''. ദാദറിലെ കോഹിനൂർ സ്‌ക്വയറിൽനിന്നും ശിവാജി പാർക്കിലേക്ക് താൻ നടക്കുമ്പോഴാണ് ഇതുകണ്ടതെന്നും റിയ പറയുന്നു.

ആരാണ് റിയ?
സൈനികകുടുംബത്തിൽനിന്നുള്ളയാളാണ് റിയ. അച്ഛൻ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് സേനാംഗമായിരുന്നു. ഇപ്പോൾ നടിയും മോഡലും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറും സംരംഭകയുമാണ്. റിയാസത്ത് എന്ന ഹാൻഡ് ക്രാഫ്റ്റഡ് ജ്വല്ലറി സ്റ്റോറിന്റെ ഉടമയാണവർ. ഇൻസ്റ്റഗ്രാമിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ടവർക്ക്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Riya Ahir, a model and influencer, gained national attention for blocking a police bus to stop the arrest of protesters. The incident occurred at Shivaji Park, Mumbai, during protests against examination irregularities