ഈച്ചപൊതിഞ്ഞ ഉള്ളംകൈയില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലായിരുന്നു ഞങ്ങളെത്തുമ്പോള്‍ ആ അമ്മ

വര്‍ഷം 1993. പാലിയേറ്റീവ് എന്ന വാക്കിന്റെ അര്‍ഥംപോലും ഭൂരിഭാഗം മലയാളിക്കും അറിയാത്ത കാലം. അന്നാണ് കേരളത്തില്‍ ആദ്യമായി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം കോഴിക്കോട് തളിരിടുന്നത്. ഒരുകൂട്ടം പുരുഷ ഡോക്ടര്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പരിമിതസൗകര്യങ്ങളില്‍ നട്ടുനനച്ച ആ സാന്ത്വന പരിചരണപ്രസ്ഥാനത്തിലേക്ക് ആദ്യ വൊളന്റിയറായി അന്ന് കടന്നുവന്നത് മീനാകുമാരിയാണ്. അന്നുതൊട്ട് മൂന്നുദശാബ്ദക്കാലം മീനയുടെ ജീവനും ജീവിതവും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനൊപ്പമായിരുന്നു. വേദനിക്കുന്നവര്‍ക്ക് കരുതലിന്റെ കരസ്പര്‍ശമേകിയ മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം ഔദ്യോഗികജീവിതത്തില്‍നിന്ന് വിരമിച്ചിരിക്കുകയാണ് അവര്‍. ''വിരമിക്കല്‍ ഔദ്യോഗികമാണ്. സാന്ത്വനപരിചരണവഴിയില്‍ ഇനിയുമുണ്ടാകും.'' കോഴിക്കോട് പൂവാട്ടുപറമ്പിലെ 'നീലാംബരി'യിലിരുന്ന് അവര്‍ ഓര്‍മ്മകളിലേക്ക് കടന്നു.
നല്ല കേള്‍വിക്കാരി
തൃശ്ശൂര്‍ ചേലക്കരക്കാരിയായ മീനാകുമാരി നഴ്സിങ് സ്റ്റാഫായാണ് ആശുപത്രി സേവനത്തിന് തുടക്കമിടുന്നത്. ചേലക്കരയിലെ സുശ്രുത ആശുപത്രിയായിരുന്നു ആദ്യതട്ടകം. അഞ്ചുവര്‍ഷം അിടെ ജോലിചെയ്തു. വേണുഗോപാലുമായുള്ള വിവാഹശേഷം ജോലി വിട്ട് ചേലക്കരയില്‍നിന്ന് മീനയുടെ ജീവിതം കോഴിക്കോട്ടേക്ക് ഒഴുകി. വൈകാതെ മകള്‍ നിള പിറന്നു. വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ചെലവിട്ട ദിവസങ്ങളിലൊന്നിലാണ് അപ്രതീക്ഷിതമായി ഒരു വിളി വന്നത്.
''സുശ്രുത ആശുപത്രിയില്‍ ജോലിചെയ്തകാലത്തുതന്നെ നഴ്സിങ് ജോലികള്‍ പഠിച്ചിരുന്നു. മകള്‍ നഴ്സറിയില്‍ പോയിത്തുടങ്ങിയകാലത്താണ് കുടുംബസുഹൃത്തായ ഡോ. സുരേഷ് ചെറിയൊരു ജോലിയെക്കുറിച്ച് സൂചിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ പകല്‍നേരങ്ങളില്‍ സഹായത്തിന് വരാനാകുമോ എന്ന ചോദിച്ചു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്താണെന്ന് മനസ്സിലായില്ല. രോഗികളെ പരിചരിക്കലാണെന്ന് ഊഹിച്ചു. ഡോ. എം.ആര്‍. രാജഗോപാല്‍സാര്‍ കാര്യങ്ങള്‍ വിശദീകരിച്ചുതന്നു. കുറച്ച് പേപ്പര്‍വര്‍ക്കുകള്‍, അനസ്‌തേഷ്യ ഡ്യൂട്ടി ലിസ്റ്റ് എന്നിവയൊക്കെ തയ്യാറാക്കുകയായിരുന്നു ആദ്യം ജോലി. പിന്നീടുള്ള ദിവസങ്ങളില്‍ ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള പ്രീ അനെസ്തെറ്റിക് പരിശോധനയ്ക്ക് എത്തുന്ന രോഗികളുമായി സംസാരിക്കാന്‍ നിര്‍ദേശിച്ചു. അവരോട് എന്ത് സംസാരിക്കണമെന്നോ എങ്ങനെ സംസാരിക്കണമെന്നോ ഒന്നും അറിയില്ലായിരുന്നു. ആദ്യമൊക്കെ സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. മെല്ലെ മെല്ലെ രോഗികള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാന്‍തുടങ്ങി. നല്ലൊരു കേള്‍വിക്കാരിയായി ഞാന്‍ അവരുടെ മുന്നിലിരുന്നു. അറിയാവുന്നരീതിയില്‍ ആശ്വസിപ്പിച്ചു. അതുവരെ മനുഷ്യരിലെ രോഗത്തെ മാത്രം കണ്ടിരുന്ന ഞാന്‍ അന്നുമുതല്‍ രോഗിയിലെ മനുഷ്യനെ കാണാന്‍ തുടങ്ങി. ''
വേദനകള്‍ തീരാസങ്കടങ്ങള്‍
വൊളന്റിയറായി പ്രവര്‍ത്തിച്ച ആദ്യനാളുകളില്‍ രോഗികളോട് സംസാരിച്ചപ്പോള്‍ വല്ലാത്ത മടുപ്പും പേടിയും തോന്നിയിരുന്നു മീനയ്ക്ക്. ജോലി അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചപ്പോള്‍ ജീവിതപങ്കാളി വേണുവാണ് ചെയ്യുന്ന സേവനത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയത്.
''പലവിധ രോഗങ്ങളില്‍ ബുദ്ധിമുട്ടുന്ന ഒരുപാട് മനുഷ്യര്‍. അവരുടെ നിരാശയും പേടിയും എന്നെയും ബാധിച്ചു. ജോലി വിട്ടാലോ എന്ന് ചിന്തിച്ചു. ശമ്പളമില്ലാത്ത ജോലിയാണ്. ബസ്സുകാശുപോലും കിട്ടിയിരുന്നില്ല. വേണുവേട്ടന്‍ ബാര്‍ബര്‍ജോലി ചെയ്ത് ലഭിക്കുന്ന വരുമാനംകൊണ്ടാണ് അന്ന് ഞങ്ങള്‍ ജീവിച്ചിരുന്നത്. ചെയ്യുന്ന സേവനത്തിന്റെ പ്രാധാന്യം പറഞ്ഞുതന്ന് വേണുവേട്ടന്‍ കൂടെ നിന്നു. എന്റെ വിഷമങ്ങള്‍ക്കെല്ലാം വേണുവേട്ടന്‍ കേള്‍വിക്കാരനായി. ''
നഴ്സിങ് പരീക്ഷയൊന്നും പാസായിട്ടില്ലെങ്കിലും ഒരല്പം നഴ്സിങ് ചെയ്ത പരിചയമുണ്ട് മീനയ്ക്ക്. മീനയുടെ കുട്ടി നിള നഴ്സറി സ്‌കൂളില്‍ പ്രവേശിച്ച സമയം. കുട്ടി സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ സമയമുണ്ട്. ആ സമയം നല്ലൊരു കാര്യത്തിനാവട്ടേയെന്ന് മീന തീരുമാനിച്ചു. അന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞില്ല; അശോകും മീനയും ലിസിയും കൂടെ ഒരു നിശ്ശബ്ദശാന്തവിപ്ലവമാണ് തുടങ്ങിവെച്ചതെന്ന്. വൈദ്യശാസ്ത്രവുമായി ഔദ്യോഗികബന്ധമൊന്നുമില്ലാത്ത തങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്നതുകൊണ്ടുതന്നെ ചുറ്റുമുള്ളവരുടെ ദുരിതത്തില്‍ ഒരുകൈ സഹായിക്കാന്‍ ചുമതലപ്പെട്ടവരാണ്, സന്നദ്ധരാണ് എന്ന് അവര്‍ നിശ്ശബ്ദം പ്രഖ്യാപിക്കുകയായിരുന്നു...''
- കേരളത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രധാനിയായ ഡോ. എം.ആര്‍. രാജഗോപാലിന്റെ 'സ്‌നേഹം സാന്ത്വനം' എന്ന പുസ്തകത്തില്‍നിന്ന്.
അര്‍ബുദം പകരുമോ?
''ഓപ്പറേഷന്‍ തിയേറ്ററിലേക്കുള്ള ഗ്ലൗസൊക്കെ പാക്ക്‌ചെയ്യുന്ന ഒരു കുഞ്ഞുമുറിയായിരുന്നു ആദ്യനാളുകളില്‍ പാലിയേറ്റീവ് കെയറിന്റെ ഓഫീസ്. കുറച്ച് മരുന്നുകളും ഒന്നുരണ്ട് മേശകളും കസേരകളും മാത്രമാണ് അന്ന് ആ മുറിയില്‍ ഉണ്ടായിരുന്നത്. അര്‍ബുദരോഗികളായിരുന്നു അവിടേക്ക് വന്നിരുന്നവരില്‍ ഏറെയും.'' മീനാകുമാരി അനുഭവങ്ങളിലേക്ക് കടന്നു. ''നാവിന് അര്‍ബുദം ബാധിച്ച ഒരമ്മ വന്നു. വേദന സഹിക്കാനാകുന്നില്ല എങ്ങനെയെങ്കിലും കൊന്നുതരൂ എന്ന് അവര്‍ ഡോക്ടറോട് പറഞ്ഞുകൊണ്ടിരുന്നു. ഗുളിക കഴിച്ച് വേദന കുറഞ്ഞപ്പോള്‍ അവര്‍ കുറേനേരം സംസാരിച്ചു.
ഹോം കെയര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ ചെന്നപ്പോള്‍ അര്‍ബുദരോഗിയായ ഒരു അമ്മയെ കണ്ടു. അവരുടെ ശരീരത്തിലുള്ള ചെറിയ മുറിവുകള്‍ വൃത്തിയാക്കി. അപ്പോഴേക്കും വീട്ടുകാര്‍ ഞങ്ങള്‍ക്കുള്ള ചായ മുറിയുടെ വാതില്‍ക്കല്‍ കൊണ്ടുവെച്ചു. ചായ കുടിക്കാനൊരുങ്ങിയപ്പോള്‍ രോഗിയായ അമ്മ തടഞ്ഞു. ആ മുറിയിലിരുന്ന് ചായ കുടിച്ചാല്‍ രോഗം ഞങ്ങള്‍ക്കും പകരുമോ എന്നായിരുന്നു അമ്മയുടെ ആശങ്ക. രോഗങ്ങളെക്കുറിച്ച് അത്തരം തെറ്റായ ചിന്തകളുണ്ടെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
മറ്റൊരു വീട്ടില്‍ പോയപ്പോള്‍ അര്‍ബുദരോഗിയായ അമ്മയെ മക്കള്‍ ഒറ്റയ്‌ക്കൊരു മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും പാത്രങ്ങങ്ങളുമെല്ലാം മുറിക്കുള്ളില്‍തന്നെ വെച്ചിരിക്കുന്നു. അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ആ അമ്മ ഒന്നും പറഞ്ഞില്ല. മക്കളോടും മരുമക്കളോടും ഞങ്ങള്‍ സംസാരിച്ചു. അര്‍ബുദം പകരുമോ? എന്നായിരുന്നു അവരുടെ സംശയം. അവരുടെ അച്ഛനും സമാന അസുഖമായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. അമ്മ മരിച്ചിട്ടുവേണം പറമ്പില്‍ അച്ഛന്റെയടുത്തുതന്നെ സംസ്‌കരിച്ച് ആ വീടും പറമ്പും വില്‍ക്കാന്‍ എന്നാണ് അവര്‍ പറഞ്ഞത്. പറമ്പില്‍ മൃതദേഹം സംസ്‌കരിച്ചാല്‍ മണ്ണിലൂടെ കിണറിലെ വെള്ളത്തില്‍ അര്‍ബുദത്തിന്റെ അണുക്കള്‍ കലരുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അര്‍ബുദം പകരുന്ന രോഗമല്ലെന്നും അതിന്റെ ശാസ്ത്രീയവശങ്ങളും ഞങ്ങള്‍ പറഞ്ഞുകൊടുത്തപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്.
അര്‍ബുദരോഗിയുള്ള കുടുംബത്തെ ഒറ്റപ്പെടുത്തുന്ന പ്രവണത അന്ന് സമൂഹത്തില്‍ ഉണ്ടായിരുന്നു. അര്‍ബുദബാധിതരായ മാതാപിതാക്കളുടെ മക്കളുടെ വിവാഹം മുടങ്ങിപ്പോകുന്ന അവസ്ഥ. അങ്ങനെ പലതരം ഒറ്റപ്പെടുത്തലുകള്‍. അത്തരം മിഥ്യാധാരണകളെയെല്ലാം തിരുത്താന്‍ പാലിയേറ്റീവ് കെയറിന് സാധിച്ചു.''
നിസ്സാര പ്രശ്‌നങ്ങള്‍
പാലിയേറ്റീവ് വൊളന്റിയര്‍ ആകുന്നതിന് മുന്‍പ് ചെറിയ പ്രശ്‌നങ്ങളെപ്പോലും വലിയ പ്രതിസന്ധിയായി കാണുന്ന ആളായിരുന്നു മീനാകുമാരി. എന്നാല്‍ ഒരുപാട് പേരുടെ പ്രശ്‌നങ്ങള്‍ കേട്ടപ്പോള്‍ തന്റെ പ്രശ്‌നങ്ങള്‍ തീരെ ചെറുതാണെന്ന് മീനയ്ക്ക് തോന്നി. '' മുന്‍പ് എനിക്ക് ഇത്ര ക്ഷമയുണ്ടായിരുന്നില്ല. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുപാടുപേരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞതുകൊണ്ട് വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാന്‍ സാധിച്ചു. കൊയിലാണ്ടിയില്‍വെച്ചുണ്ടായ ഒരനുഭവം ഒരിക്കലും മറക്കാന്‍പറ്റാത്തതാണ്. ഒരമ്മ സ്വത്ത് മുഴുവന്‍ മകന് നല്‍കി. എന്നാല്‍ അമ്മ രോഗിയായപ്പോള്‍ മകന്‍ അമ്മയെ മകളുടെ വീടിന് മുന്നില്‍ വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു. മകളുടെ വീട്ടില്‍ ആരും നോക്കാനില്ലാത്ത അവസ്ഥ. ഈച്ചപൊതിഞ്ഞ ഉള്ളംകൈയില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലായിരുന്നു ഞങ്ങളെത്തുമ്പോള്‍ ആ അമ്മ. ദുര്‍ഗന്ധം, കുളിച്ചിട്ടും വസ്ത്രം മാറിയിട്ടും കാലം കുറേയായെന്ന് മനസ്സിലായി. മകളുടെ സമ്മതത്തോടെ ഞങ്ങള്‍ കത്രിക ഉപയോഗിച്ച് വസ്ത്രം കീറിമാറ്റി. നന്നായി കുളിപ്പിച്ചു. അതോടെ അവര്‍ ഭേദപ്പെട്ട നിലയിലായി. ശേഷം അവരെ ഐ.പി.എമ്മിലേക്ക് മാറ്റി. ''
''ഞാന്‍ ഈ രംഗത്തേക്ക് എത്തുന്ന കാലത്ത് ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഒ.പി. പ്രവര്‍ത്തനങ്ങള്‍, ഹോം കെയര്‍ ഒക്കെ സജീവമായതോടെ മകള്‍ നിള സ്‌കൂളില്‍ നിന്ന് എത്തി വീട്ടില്‍ തനിച്ചാകുന്ന സ്ഥിതിയായി. അവള്‍ ഒരു പിടിവാശിയും കാണിച്ചില്ല. എല്ലാ കാര്യങ്ങളും ഒറ്റയ്ക്കുതന്നെ ചെയ്തു. പിന്തുണയോടെ അവള്‍ ഒപ്പമുണ്ട്. അവളുടെ വിവാഹവേളയിലും ഒരുകൈത്താങ്ങ് പാലിയേറ്റീവ് കെയറിന് നല്‍കി. ഹിന്ദുസ്ഥാന്‍ പെട്രോളിയം ജീവനക്കാരിയായ നിള ഇപ്പോള്‍ ഭര്‍ത്താവും മകളുമൊത്തെ് മുംബൈയിലാണ് താമസിക്കുന്നത്.'' മൂന്ന് ദശാബ്ദത്തിനിപ്പുറം ഒരുവടവൃക്ഷമായി വളര്‍ന്നുനില്‍ക്കുന്ന പാലിയേറ്റീവ് പ്രസ്ഥാനത്തെ ഓര്‍ത്ത് അഭിമാനമുണ്ട് മീനയ്ക്ക്. പുതിയകാലത്ത് ചെറുപ്പക്കാര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരുന്നതിന്റെ സന്തോഷവും അവര്‍ പങ്കുവെച്ചു. തിരിച്ചൊന്നും ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ ഇങ്ങനെ ചിലരുള്ളതുകൊണ്ടല്ലേ ലോകം ഇത്ര സുന്ദരമാകുന്നത്.
Content Highlights: life story of kerala's first palliative caregiver meenakumari