അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍-ആഫ്രിക്കന്‍ വംശജയായ കമലാ ഹാരിസ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും കമലയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞദിവസം നടന്ന സര്‍വേയില്‍ നേരിയ മുന്‍തൂക്കം കമലയ്ക്കുണ്ടായിരുന്നു. പ്രചാരണങ്ങള്‍ കൊഴുക്കുന്നതിനിടെ, ഒരു അമേരിക്കന്‍ ടാബ്ലോയ്ഡ് കമലയുടെ പഴയ പ്രണയത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണിപ്പോള്‍. 

90-കളില്‍ കമല ഹാരിസിന് വില്ലി ബ്രൗണ്‍ എന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായി പ്രണയമുണ്ടായിരുന്നു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു അദ്ദേഹമന്ന്. കമല അലമേഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ പ്രോസിക്യൂട്ടറും. 

'പാരീസിലേക്കുള്ള യാത്രയും ബി.എം.ഡബ്ല്യുവുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അന്ന് 29 വയസ്സുണ്ടായിരുന്ന കമലയും വ്യത്യസ്തയായിരുന്നില്ല. വില്ലി ബ്രൗണ്‍ കമലയ്ക്ക് ബി.എം.ഡബ്ല്യു. കാര്‍ സമ്മാനമായി നല്‍കി, പാരിസിലേക്ക് അവര്‍ കാമുകനൊപ്പം പ്രണയാര്‍ദ്രമായ ഒരു യാത്ര നടത്തി, അക്കാദമി അവാര്‍ഡ് ചടങ്ങില്‍ ഇരുവരും പങ്കെടുത്തു, ബോസ്റ്റണിലേക്കുള്ള ഒരു ബിസിനസ്സ് യാത്രയിലും കമല അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു, ഡൊണാള്‍ഡ് ട്രംപിനെ കാണാനായിരുന്നു ആ യാത്ര', 2021-ല്‍ പത്രപ്രവര്‍ത്തകന്‍ ഡീന്‍ മൊറെയ്ന്‍ എഴുതിയ 'കമലാസ് വേ: ആന്‍ അമേരിക്കന്‍ ലൈഫ്' എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്. ടാബ്ലോയ്ഡ് വീണ്ടും കമലയുടെ സ്വകാര്യജീവിതം പൊതുചര്‍ച്ചയിലേക്ക് എത്തിക്കുകയായിരുന്നു. 

60-കാരനായ വില്ലി ബ്രൗണ്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റ് അസംബ്ലിയില്‍ സ്പീക്കറാണ് അന്ന്. കമലയും വില്ലിയും തമ്മിലുള്ള ബന്ധം സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രസിദ്ധമായിരുന്നു. ലോസ് ഏഞ്ചല്‍സ് ടൈംസ് കമലയെ ബ്രൗണിന്റെ 'പതിവ് കൂട്ടാളി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ദി ക്രോണിക്കിളും ഇരുവരുടെയും ബന്ധം സൂചിപ്പിച്ച് തലക്കെട്ടുകള്‍ നല്‍കി. 1994 മുതല്‍ 95 വരെ ആ പ്രണയം നീണ്ടുനിന്നു.

1994 നവംബറില്‍, വില്ലി ബ്രൗണ്‍ കമലയെ കാലിഫോര്‍ണിയ മെഡിക്കല്‍ അസിസ്റ്റന്‍സ് കമ്മീഷനിലേക്ക് നിയമിച്ചു, പ്രതിവര്‍ഷം 72,000 ഡോളര്‍ ശമ്പളമുണ്ടായിരുന്നു അന്നവര്‍ക്ക്. കമ്മിഷന്റെ പ്രതിമാസയോഗങ്ങളില്‍ അവര്‍ പങ്കെടുത്തു. ഇരുവരുടെയും ബന്ധത്തില്‍ നിയമവിരുദ്ധമായി ഒന്നും തന്നെയില്ല, പക്ഷേ, കമലയുടെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിമര്‍ശനം. 

അതേസമയം, കമലയുടെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്കുപിന്നില്‍ തന്റെയും സംഭാവനയുണ്ടെന്ന് വില്ലി പറഞ്ഞിട്ടുണ്ട്. 'അതെ, ഞങ്ങള്‍ ഡേറ്റ് ചെയ്തിരുന്നു' എന്നാണ് 2019-ലെ ഒരു ലേഖനത്തില്‍ രണ്ട് തവണ സാന്‍ ഫ്രാന്‍സിസ്‌കോയുടെ മേയറായ ബ്രൗണ്‍ പറഞ്ഞത്. 'ഞാന്‍ അസംബ്ലി സ്പീക്കറായിരിക്കുമ്പോള്‍ അവരെ രണ്ട് സംസ്ഥാന കമ്മീഷനുകളിലേക്ക് നിയമിച്ചത് കരിയറിനെ സ്വാധീനിച്ചിരിക്കാം'. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്ഥാനത്തേക്കുള്ള ആദ്യ മത്സരത്തില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനിയായി കമലയെ അദ്ദേഹം പിന്തുണച്ചിരുന്നു. 

ട്രംപ് അന്ന് കമലയെ സഹായിച്ചു 
1990-കളില്‍ ട്രംപുമായി കമലയെ താന്‍ പരിചയപ്പെടുത്തിയെന്ന് ഇപ്പോള്‍ 90 വയസ്സുള്ള വില്ലി ബ്രൗണ്‍ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. ട്രംപിന്റെ സ്വകാര്യജെറ്റില്‍ യാത്രചെയ്ത കമല, സാമ്പത്തികസഹായവും സ്വീകരിച്ചിരുന്നു. ട്രംപിന്റെ ജെറ്റില്‍ കമലയും ട്രംപും ഒന്നിച്ചുള്ള ഫോട്ടോ തന്റെ പക്കലുണ്ടെന്നും വില്ലി അവകാശപ്പെട്ടു. 2011-ലെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് കമലയ്ക്ക് സാമ്പത്തികസഹായം നല്‍കിയിരുന്നതായാണ് വെളിപ്പെടുത്തല്‍.