1980-കളുടെ തുടക്കം. ഡല്‍ഹി ജെ.എന്‍.യു.വില്‍ സാമ്പത്തികശാസ്ത്രം പഠിക്കാനായി എത്തിയതായിരുന്നു തമിഴ്‌നാട്ടിലെ മധുരയില്‍നിന്നുള്ള, നിര്‍മല സീതാരാമന്‍ എന്ന അയ്യങ്കാര്‍ പെണ്‍കുട്ടി. റെയില്‍വേ ഉദ്യോഗസ്ഥനായ നാരായണന്‍ സീതാരാമന്റെയും സാവിത്രിയുടെയും മകള്‍. അതേ സമയത്ത് തന്നെയായിരുന്നു ആന്ധ്രയിലെ തെലുഗു ബ്രാഹ്മണകുടുംബത്തില്‍നിന്നുള്ള പ്രഭാകറും അവിടെയെത്തുന്നത്. ആന്ധ്രയില്‍ കുറേ തവണ മന്ത്രിയായിരുന്ന പറകാല ശേഷാവതാരത്തിന്റെയും എം.എല്‍.എ ആയിരുന്ന പറകാല കലികാംബയുടെയും മകന്‍. എങ്കിലും രാഷ്ട്രീയത്തില്‍ മാതാപിതാക്കളുടെ പാത പിന്തുടരാന്‍ താത്പര്യമില്ലാതെ, സാമ്പത്തികശാസ്ത്രം പഠിക്കാനായാണ് അദ്ദേഹവുമെത്തിയത്.

സ്വതന്ത്രചിന്താഗതിയുടെയും അഭിപ്രായങ്ങളുടെയും വലിയ കവാടങ്ങളാണ് ജെ.എന്‍.യു കാമ്പസ് ഇരുവര്‍ക്കും മുന്നില്‍ തുറന്നിട്ടത്. വാക്കേറ്റം വരെയെത്തുന്ന രാഷ്ട്രീയചര്‍ച്ചകള്‍ക്കും അവസരം നല്‍കിയത് ജെ.എന്‍.യു.വാണ്. കാമ്പസിലെ ഫ്രീ തിങ്കേഴ്‌സ് എന്ന ഫോറത്തില്‍ ഇരുവരും അംഗങ്ങളായി. അവിടെവെച്ച് അവര്‍ തമ്മിലടുത്തു. അധികം താമസിയാതെ വിവാഹവും കഴിച്ചു. നിര്‍മല പി.എച്ച്.ഡി ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ്‌, പറകാലയ്ക്ക് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പി.എച്ച്.ഡി ചെയ്യാന്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. അതോടെ ഇരുവരും ലണ്ടനിലേക്ക് മാറി.  

placeholder
ബജറ്റ് അവതരണത്തിന് പുറപ്പെടും മുമ്പ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മധുരം നല്‍കുന്നു / ഫോട്ടോ: ANI

ഭര്‍ത്താവ് പഠനവുമായി തിരക്കിലായപ്പോള്‍, നിര്‍മല പല ജോലികളും ചെയ്തു. ഹോം ഡെകോര്‍ സ്റ്റോറായ ഹാബിറ്റാറ്റില്‍ സെയില്‍സ് ഗേളായി. വളരെ കുറച്ചുനാളത്തേക്ക് ആയിരുന്നുവെങ്കിലും, ഒരു ക്രിസ്മസ് കാലത്ത് ആ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ വില്പന നടത്തിയത് നിര്‍മലയാണ്. അതിന് സമ്മാനമായി ലഭിച്ചത് ഒരു കുപ്പി ഷാംപെയ്‌നും. പിന്നെ ബി.ബി.സി.യിലും പ്രൈസ് വാട്ടര്‍ഹൗസിലും റിസര്‍ച്ച് ആന്റ് അനാലിസിസ് വിഭാഗത്തില്‍ സീനിയര്‍ മാനേജറായും ജോലി ചെയ്തു. അപ്പോഴേക്കും നിര്‍മല ഗര്‍ഭിണിയായി. 

അധികം വൈകാതെ പ്രഭാകറും നിര്‍മലയും തിരിച്ച് നാട്ടിലെത്തി. ഒരു മാര്‍ക്കറ്റിങ് റിസര്‍ച്ച് ഏജന്‍സി തുടങ്ങി, ഒപ്പം പാവപ്പെട്ട കുട്ടികള്‍ക്കായുള്ള പ്രണവ എന്ന സ്‌കൂളും. 

ഇരുവരും രാഷ്ട്രീയത്തിലേക്ക്...
പറകാലയാണ് ആദ്യം രാഷ്ട്രീയത്തിലെത്തുന്നത്. ആദ്യം കോണ്‍ഗ്രസ്സിലായിരുന്നു. പിന്നീട് ബി.ജെ.പി.യില്‍ ചേര്‍ന്നെങ്കിലും, അധികം വൈകാതെ ചിരഞ്ജീവിയോടൊപ്പം പ്രജാരാജ്യം പാര്‍ട്ടിയുണ്ടാക്കി. കുറച്ചുനാളുകള്‍ക്കുശേഷം അതുംവിട്ട് തെലുഗുദേശത്തിനൊപ്പം ചേര്‍ന്നു. കാലക്രമേണ ആ പാര്‍ട്ടിയില്‍നിന്നും അകന്നു. 2014 മുതല്‍ ആന്ധ്ര സര്‍ക്കാരില്‍ ആശയവിനിമയ ഉപദേഷ്ടാവായിരുന്നു പ്രഭാകര്‍. 2018-ല്‍ ആ സ്ഥാനത്തുനിന്നും രാജിവെച്ചു. 

placeholder
നിര്‍മല സീതാരാമന്റെ അച്ഛന്‍ നാരായണന്‍ സീതാരാമനും മകള്‍ പറകാല വാങ്മയിയും / ഫോട്ടോ: PTI

2006-ലാണ് നിര്‍മല ബി.ജെ.പി.യില്‍ ചേരുന്നത്. അധികം വൈകാതെ പാര്‍ട്ടി വക്താവായി. ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുന്ന, ഹിന്ദിയില്‍ അത്ര പ്രാവീണ്യമില്ലാത്ത, ഒരു വക്താവിനെ കൊണ്ടുവന്നപ്പോള്‍ അത് ബി.ജെ.പി.യുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് പലരും പറഞ്ഞു. കരുതിയതുപോലെ നല്ല പ്രവര്‍ത്തനം തന്നെയാണ് അവര്‍ കാഴ്ചവെച്ചത്. പല വിഷയങ്ങളിലും അവര്‍ പാര്‍ട്ടിക്കുവേണ്ടി അഗ്നി പോലെ ജ്വലിച്ചുനിന്നു. 

2014-ലാണ് മോദി മന്ത്രിസഭയിലിടം നേടുന്നത്. ആദ്യം വാണിജ്യമന്ത്രിയായിരുന്നു. 2017-ല്‍ പ്രതിരോധമന്ത്രിയും. 2019-ല്‍ മോദി മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍, നിര്‍മലയെ ധനമന്ത്രിയായാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.  

വിമര്‍ശനങ്ങളില്‍ തളരാതെ...
പറകാല നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ്. തന്റെ അഭിപ്രായങ്ങള്‍ എന്താണെങ്കിലും വ്യക്തമായി, ഉറച്ചശബ്ദത്തില്‍ വിളിച്ചുപറയുന്നയാളാണ് പറകാല. അതിന് മുന്നും പിന്നും നോട്ടമൊന്നുമില്ല. നിര്‍മല സീതാരാമന്‍ ധനമന്ത്രി ആയപ്പോള്‍ തന്നെയാണ് പറകാല, കേന്ദ്രമന്ത്രിസഭയെ നിരന്തരം വിമര്‍ശിച്ചത്. രാജ്യം സാമ്പത്തികസ്ഥിതിയില്‍ പിന്നാക്കം പോവുകയാണെന്നും, രാജ്യത്തെ സാമ്പത്തികശക്തിയായി ഉയര്‍ത്തുന്നതിനായി നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും മുന്നോട്ടുവെച്ച സാമ്പത്തികമാതൃകകള്‍ പിന്തുടരണമെന്നും ഒരിക്കല്‍ അദ്ദേഹം മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പും അദ്ദേഹം ബി.ജെ.പി.യെ കടന്നാക്രമിച്ചു. മോദി കഴിവില്ലാത്തയാളാണെന്നും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍, ഇന്ത്യയുടെ ഭൂപടം തന്നെ മാറുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍, പിന്നീടൊരു തിരഞ്ഞെടുപ്പ് തന്നെയുണ്ടാവില്ലെന്നും പറകാല പറഞ്ഞു. 

placeholder
കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് യാത്രയ്ക്കിടയില്‍ / ഫോട്ടോ: PTI

നിര്‍മലയെ വിമര്‍ശിക്കാന്‍ പോലും പറകാല പലപ്പോഴും മടിച്ചില്ല. ഒരുതവണ ബജറ്റ് അവതരണത്തിനുശേഷം അദ്ദേഹം നിര്‍മലയെ നിശിതമായി വിമര്‍ശിച്ചു. അപ്പോഴും നിര്‍വികാരമായി മൗനം പാലിക്കുകയാണ് നിര്‍മല ചെയ്തത്. വ്യത്യസ്തആശയങ്ങളും രാഷ്ട്രീയവും പിന്തുടരുമ്പോഴും അവരുടെ ബന്ധം നാള്‍ക്കുനാള്‍ ദൃഢമാവുന്നതിന്റെയും അതിന്റെ പക്വതയുടെയും സൂചനയാണ് ആ മൗനമെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍, നിര്‍മലയും പറകാലയും എന്നോ അകന്നുവെന്നും, ഇപ്പോള്‍ ലോകത്തിനുമുന്നില്‍ മാത്രം ഭാര്യാഭര്‍ത്താക്കന്‍മാരായി തുടരുന്നതാണെന്നും വാദങ്ങളുണ്ടായി.   

കേരളത്തില്‍ വന്നപ്പോള്‍
പലപ്പോഴായി നിര്‍മല സീതാരാമന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. 2017-ല്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോഴുള്ള അവരുടെ വരവ് ആരും മറക്കാനിടയില്ല. ഓഖി ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയായിരുന്നു കേരളം അന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പ്രദേശവാസികള്‍ അക്രമാസക്തരായി. അതോടെ അദ്ദേഹത്തിന് അവിടുന്ന് തിരിച്ചുപോവേണ്ടിവന്നു. തൊട്ടടുത്തദിവസമാണ് നിര്‍മല വിഴിഞ്ഞത് എത്തുന്നത്. തമിഴിലാണ് അവര്‍ ആളുകളോട് സംസാരിച്ചത്. ''ഇത് ദേഷ്യം കാണിക്കാനോ പരസ്പരം കുറ്റപ്പെടുത്താനോ ഉള്ള സമയമല്ല. നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിനുവേണ്ടിയാണ് ഞാന്‍ ഡല്‍ഹിയില്‍നിന്ന് ഇവിടെയെത്തിയത്. നിങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കണം'', അവര്‍ ആളുകളോട് പറഞ്ഞു. അങ്ങനെ അവിടുത്തെ ആളുകളെ രോഷത്തിനുമുമ്പില്‍ അവര്‍ പിടിച്ചുനിന്നു. ഒടുവില്‍ ആളുകള്‍ കൈയടികളോടെയാണ് മന്ത്രിയെ തിരിച്ചയച്ചത്. 

placeholder
പറകാല പ്രഭാകറും നിര്‍മല സീതാരാമനും പറകാലയുടെ അമ്മയ്‌ക്കൊപ്പം

കേന്ദ്രമന്ത്രിസഭയിലെ ശക്തമായ മുഖം
2016 മുതല്‍ കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗമാണ് അവര്‍. 2024-ലെ ലോക് സഭാ തിരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചിരുന്നില്ല. അതിനുള്ള കാരണത്തെക്കുറിച്ച് ടൈംസ് നൗ ഉച്ചകോടിയില്‍വെച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞതിങ്ങനെ, ''ആന്ധ്രയിലോ തമിഴ്‌നാട്ടിലോ നിന്ന് മത്സരിക്കാനുള്ള അവസരം എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ എന്റെ കൈയില്‍ മത്സരിക്കാനുള്ള പണമില്ലായിരുന്നു''.   

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ശക്തരായ വനിതാ രാഷ്ട്രീയനേതാക്കളിലൊരാളാണ് നിര്‍മല. ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോര്‍ബ്‌സ് ലിസ്റ്റില്‍ 2022-ലും 2023-ലും അവര്‍ ഇടംനേടിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ മുഴുവന്‍ സമയ ധനമന്ത്രിയായ ആദ്യവനിതയെന്ന റെക്കോഡ് നിര്‍മലയുടെ പേരിലാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചതോടെ, രാജ്യത്ത് കൂടുതല്‍ തവണ തുടര്‍ച്ചയായി കേന്ദ്ര ബജറ്റ് അവതരിപ്പിച്ച റെക്കോഡും അവരുടെ പേരിലായി. ഏഴ് ബജറ്റുകളാണ് നിര്‍മല അവതരിപ്പിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതും ഇവര്‍ തന്നെ. 2020-21ല്‍ രണ്ടു മണിക്കൂര്‍ 40 മിനിറ്റാണ് നീണ്ടുനിന്നത്.