
അവരുടെ പ്രണയത്തിന് അരനൂറ്റാണ്ടിന്റെ ആഴവും പരപ്പുമുണ്ട്. മലപ്പുറം കോട്ടപ്പടി സര്‍ക്കാര്‍ കോളേജിലെ ആദ്യബാച്ചിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും അതേ കോളേജിലെ സാഹിത്യ അധ്യാപകനായ ചെറുപ്പക്കാരനും... മുന്‍വിധികളെ പൊളിച്ചെറിഞ്ഞ് അവര്‍ അടുത്തു. മലപ്പുറത്തെ യാഥാസ്ഥിതിക നമ്പൂതിരി തറവാട്ടിലെ അംഗമായിരുന്നു പെണ്‍കുട്ടി. വിപ്ലവകാരികളുടെ ഒളിസങ്കേതമായ കായംകുളം ആറാട്ടുപുഴക്കാരനായ ആ അധ്യാപകന് അവള്‍ക്കു പറ്റിയ പങ്കാളി അല്ലെന്നായിരുന്നു കുടുംബത്തിന്റെ പക്ഷം. വിലക്കുകള്‍ പെരുത്തു. അവര്‍ ഒന്നിച്ചു ജീവിതം തുടങ്ങി. അനുഭവസമ്പന്നമായ പ്രണയകാലത്തിന് അരനൂറ്റാണ്ട് തികയുന്നു.
കവയിത്രി സാവിത്രി രാജീവനും നിരൂപകന് ബി. രാജീവനും. തിരുവനന്തപുരം മുടവന്മുകളില് കരമനയാറ്റിലേക്ക് മുഖം നോക്കുന്ന വീട്ടിലിരുന്ന് അവര്‍ ഓര്‍മകളെ അടുക്കിയെടുക്കുന്നു. പ്രണയത്താല്‍ നവീകരിക്കപ്പെട്ട രണ്ട് സ്വതന്ത്ര വ്യക്തികളായി അവര്‍ വര്‍ത്തമാനത്തിലേക്കുള്ള പാലം കയറുന്നു. അവരുടെ ഓര്‍മകള്‍ക്ക് കാതോര്‍ത്ത് വീടിന്റെ തുറന്ന പൂമുഖത്ത് കിടപ്പുണ്ട് വിന്റര്‍ എന്ന വളര്‍ത്തുപൂച്ച. വിന്ററിന്റെ മഞ്ഞുകട്ടപോലുള്ള വെളുത്ത മേനിയിലെ തീപ്പുള്ളികള് പോലെ അരനൂറ്റാണ്ടിന്റെ പ്രണയപ്പരപ്പില് മുനിഞ്ഞു കത്തുന്നുണ്ട് വിപ്ലവത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും തീപ്പാടുകള്‍... സുദീര്‍ഘമായ പ്രണയകാലത്തിന് ചരിത്രം ഉപാധ്യായങ്ങളാകുന്നു... കനമേറിയ കാലത്തെ അടുക്കിവച്ച അധ്യായങ്ങളിലൂടെ അവരുടെ പ്രണയത്തെയും വീര്യം നിറഞ്ഞ വിപ്ലവകാലത്തെയും ഒന്നിച്ചറിയാം...
അധ്യായം1
ബി.രാജീവന്: സാവിത്രിയും ഞാനും കണ്ടുമുട്ടുന്ന കാലം വളരെയധികം സംഭവ ബഹുലമായിരുന്നു. കായംകുളം കായലിന്റെ പടിഞ്ഞാറേ തീരത്തുള്ള ആറാട്ടുപുഴയാണ് എന്റെ നാട്. ഒട്ടേറെ വിപ്ലവകാരികളെ ഒളിവില്പാര്പ്പിച്ച സ്ഥലം. അങ്ങനെയുള്ള ഇടത് അന്തരീക്ഷമാണ് അതുവരെയുള്ള എന്റെ ജീവിത പശ്ചാത്തലം. കൊല്ലം എസ്. എന്‍ കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി വിദ്യാഭ്യാസം. കെ. ജി. ശങ്കരപ്പിള്ളയുമായി പഠനകാലത്തെ സൗഹൃദമാണ്.
അന്ന് നക്സലൈറ്റ് മൂവ്മെന്റ് ശക്തിപ്രാപിക്കുന്ന കാലമാണ്. കനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും വിപ്ലവപ്രവര്ത്തനങ്ങളില് ചെറുപ്പക്കാര്‍ ആകൃഷ്ടരായകാലം. ടി. എന്‍. ജോയി, മേഘനാഥന്, കെ. വേണു... സൗഹൃദങ്ങളേറെ. പി. ജി കഴിഞ്ഞ് തലശ്ശേരി ബ്രണ്ണനിലും കുറച്ചുകാലം കാസര്‍കോട് ഗവ കോളേജിലും അധ്യാപകനായി. പിന്നെ മലപ്പുറം ഗവ കോളേജിലേക്ക്. അവിടെ പ്രീഡിഗ്രി ബാച്ചില്‍ സാവിത്രി എന്റെ വിദ്യാര്‍ഥിനിയായി.

അധ്യായം 2
സാവിത്രി രാജീവന്: മാഷിന്റെ ജീവിത ചുറ്റുപാടും ഞങ്ങളുടേതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. എന്റേത് ഒരു നമ്പൂതിരി കുടുംബമാണ്. എനിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് അച്ഛന് മരിക്കുന്നത്. അമ്മയെപ്പോലെ തീരെ ചെറിയ പ്രായത്തിലേ വിധവകളായ ഒരുപാട് സ്ത്രീകള്‍ തറവാട്ടിലുണ്ട്.
1972-ല്‍ കോട്ടപ്പടി ഗവണ്മെന്റ് കോളേജിലെ പ്രീഡിഗ്രി ആദ്യബാച്ചിലെ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. കവിതകള്‍ ധാരാളം വായിച്ചിട്ടുണ്ട്. പക്ഷേ, മാഷിന്റെ ക്ലാസ്സുകളിലൂടെയാണ് സാഹിത്യത്തെ എങ്ങനെയാണ് കാണേണ്ടത് വ്യാഖ്യാനിക്കേണ്ടത് എന്നൊക്കെ മനസ്സിലായത്. ജീവിതത്തിലേക്ക് വെളിച്ചം കയറി വരുന്നതുപോലെ. മാഷിന്റെ ക്ലാസ്സില്‍ ഇരിക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ സന്തോഷം.
അധ്യായം 3
ബി.രാജീവന്: സാധാരണമല്ലാത്ത ഒരു പ്രതിഭയുടെ തിളക്കം സാവിത്രിയില്‍ ഞാന്‍ കണ്ടു. അത്യന്തം സ്വതന്ത്രയായ ഒരു സ്ത്രീ ആണ് സാവിത്രിയെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ആ സ്വാതന്ത്ര്യബോധത്തെ സാവിത്രി തിരിച്ചറിയുന്നില്ല എന്നുമാത്രം. ഞാനെന്റെ പ്രണയം വെളിപ്പെടുത്തിക്കൊണ്ട് സാവിത്രിക്ക് കത്ത് അയച്ചു. അതിന് സാവിത്രി മറുപടി തന്നു. പ്രശ്നങ്ങളാണ് അതില്‍ പറഞ്ഞതത്രയും. ജാതിയുടെ പ്രശ്നം. വീട്ടിലെ യാഥാസ്ഥിക അന്തരീക്ഷം... ബുദ്ധിമുട്ടുകള്‍ കുത്തിനിറച്ച കത്ത്. പിന്നെയങ്ങോട്ട് കുറേ കത്തുകള്‍ പരസ്പരം കൈമാറി.
വൈകാതെ വിവരം സാവിത്രിയുടെ വീട്ടിലുമെത്തി. അതോടെ പ്രീഡിഗ്രി രണ്ടാംവര്‍ഷം അവസാനത്തില്‍ സാവിത്രിയുടെ കോളേജില്‍പോക്ക് നിന്നു. സാവിത്രിയെ വീട്ടില്‍ അടച്ചിട്ടിരിക്കുകയാണ്. എനിക്ക് കണ്ടേപറ്റൂ എന്ന സ്ഥിതിയായി. ഞാനൊരുദിവസം അവരുടെ ഇല്ലത്തേക്ക് കയറിച്ചെന്നു. ഒരു മണിക്കൂറോളം അവിടെ ഇരുന്നു. പക്ഷേ, പ്രതീക്ഷ തീരെ വേണ്ട എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. കെ.ജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും മാടമ്പ് കുഞ്ഞുക്കുട്ടനും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുമായി ആലോചിച്ച് പോംവഴി കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചു.

ആദ്യത്തെ കമ്യൂണിസ്റ്റ് പത്രമായ 'പ്രഭാത'ത്തിന്റെ പ്രസാധകനായ ഐ. സി. പി നമ്പൂതിരി(എ. കെ. ജി യുടെയും സുശീലയുടെയും വിവാഹം നടത്തിയത് അദ്ദേഹമാണ്)യ്ക്കൊപ്പം സാവിത്രിയുടെ ബന്ധത്തിലുള്ള ഇല്ലങ്ങളിലെല്ലാം പോയി. പക്ഷേ രക്ഷയുണ്ടായില്ല. അതിനിടെ സാവിത്രിയെ പരീക്ഷ എഴുതാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏതോ കോളേജില്‍ വിടുന്നുണ്ടെന്ന വിവരം കിട്ടി. യൂണിവേഴ്സിറ്റി സെന്ററില്‍ ചെന്ന് അപേക്ഷാ ഫോം പരതി. ഒന്നു രണ്ടു ദിവസം രാത്രിയും പകലും നീണ്ട തിരച്ചില്‍. ഒടുവില്‍ സാവിത്രിയുടെ അപേക്ഷ കിട്ടി. മഞ്ചേരി കോളേജില്‍ ആണെന്ന് മനസ്സിലായി. കവി ഡി. വിനയചന്ദ്രന് അന്നെന്റെ സഹപ്രവര്‍ത്തകനാണ്. എന്റെ കത്തുമായി വിനയചന്ദ്രന് മഞ്ചേരി കോളേജില്‍ പോയി.
അധ്യായം 4
സാവിത്രി രാജീവന്: പരീക്ഷാഹാളിലേക്ക് കടക്കാനൊരുങ്ങിയതും വാതില്ക്കല് അതാ വിനയചന്ദ്രന് മാഷ്. മാഷ് കത്തെടുത്ത് എനിക്ക് നീട്ടി. അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ച രീതി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ചിരിക്കാതിരിക്കാനാവില്ല. ''രാജീവന് തീരെ സുഖമില്ല. കുട്ടിക്ക് മാത്രമേ അവനെ രക്ഷിക്കാനാകൂ'' എന്ന മട്ടിലാണ് അദ്ദേഹം പറഞ്ഞത്.
മാഷിന്റെ കത്തിനുള്ള മറുപടി ഞാന്‍ അടുത്ത പരീക്ഷാദിവസം കൈമാറി. അവസാന പരീക്ഷയുടെ അന്ന് ഒളിച്ചോട്ട പദ്ധതി വിശദമാക്കുന്ന കത്ത് കൊടുത്തുവിട്ടു. തൊട്ടടുത്തദിവസമാണ് ഒളിച്ചോട്ടത്തിന് തീരുമാനിച്ചിരിക്കുന്നത്...
അധ്യായം5
ബി.രാജീവന്: 1974 ഡിസംബര്‍ രണ്ടാംതീയതി പുലര്‍ച്ചെ മൂന്നുമണിക്ക് കെ. ജി ശങ്കരപ്പിള്ളയും വിനയചന്ദ്രനും ഞാനും കൂടി എന്റെ വിദ്യാര്‍ഥിയായ യു. അച്ചുവിന്റെ അംബാസഡര്‍ കാറില്‍ സാവിത്രിയുടെ ഇല്ലത്തിന്റെ അടുത്തുള്ള റോഡിലെത്തി. സാവിത്രി ഇറങ്ങിവന്നു. ആറ്റൂര്‍ രവിവര്‍മയുടെ ഷൊര്‍ണൂരിലെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. പട്ടാമ്പി രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്ട്രര്‍ ചെയ്തു. ശങ്കരപ്പിള്ളയും രവിവര്‍മയും സാക്ഷികള്‍.
പിന്നെ മലപ്പുറത്ത് താമസം തുടങ്ങി. സാവിത്രി പ്രീഡിഗ്രി ജയിച്ചു. അതേ കോളേജില്‍ ബി. എയ്ക്ക് ചേര്‍ന്നു. വീണ്ടും ഞങ്ങള്‍ അധ്യാപകനും വിദ്യാര്‍ഥിനിയുമായി. സാവിത്രി ആദ്യത്തെ കവിത എഴുതുന്നത് അക്കാലത്താണ്.
അധ്യായം6
ബി.രാജീവന്: 1975 ജൂണ്‍ മാസത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. സി. പി. ഐ. എം. എല്‍ ചെറുത്തു നില്‍പ്പിന്റെ വഴി തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാനും പങ്കുചേര്‍ന്നു. കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണമായിരുന്നു ആ പരമ്പരയിലെ തുടക്കം. അതിന്റെ ആലോചനാ യോഗത്തിനായി ഞങ്ങളന്ന് വീട് താത്കാലികമായി ഒഴിഞ്ഞുകൊടുത്തു. കെ. വേണു ഉള്‍പ്പെടെയുള്ളവര്‍ രഹസ്യപ്പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. സാവിത്രിക്കു പോലും വേണു അന്ന് അശോകനാണ്. കായണ്ണ സ്റ്റേഷന് ആക്രമണത്തിന് നേതൃത്വം കൊടുത്തത് വേണു ആയിരുന്നു. വേണുവിനെ തിരക്കി പോലീസ് ഇറങ്ങി. പോലീസിന്റെ പിടിയില്‍ പെടാതെ ഏതൊക്കെയോ വഴികളിലൂടെ നടന്ന് വേണു ഞങ്ങളുടെ വീട്ടില്‍ എത്തി.
രഹസ്യമായി സൈക്ലോസ്റ്റൈല്‍ മെഷീന് സംഘടിപ്പിച്ച് ആക്രമണ വാര്‍ത്ത പ്രിന്റ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചു. വേണുവിനൊപ്പമുള്ള വാസു എന്ന മെഡിക്കല്‍ സ്റ്റുഡന്റും എന്റെ വിദ്യാര്‍ഥിയായ അച്ചുവും കൂടി മെഷീന് കൊണ്ടുവരാനായി വീട്ടില്‍ നിന്ന് ഇറങ്ങി. പക്ഷേ, വാസു പോലീസിന്റെ പിടിയിലായി. കാര്യങ്ങള്‍ ഏകദേശം മനസ്സിലായതോടെ വേണു വീട്ടില്‍ നിന്ന് പോയി. രാത്രി എട്ടുമണിയോടെ പോലീസുകാര്‍ വീട് വളഞ്ഞു. ജയറാം പടിക്കലും കെ. ലക്ഷ്മണയും മുരളീകൃഷ്ണദാസും പുലിക്കോടനും ഉള്‍പ്പെടെയുള്ള ഓഫീസര്‍മാരുടെ വന്‍സംഘം. അവശനായ വാസുവിനെ ഒരു ചാക്കില്‍ പൊതിഞ്ഞ് ഒപ്പം കൊണ്ടുവന്നിട്ടുണ്ട്.

അധ്യായം 7
സാവിത്രി രാജീവന്: പോലീസുകാര്‍ മാഷിനെ കൊണ്ടുപോവുകയാണെന്ന് മനസ്സിലായതോടെ ഞാന്‍ ഇടപെട്ടു. ഞാന്‍ മാത്രമേ ഇവിടെ ഉള്ളൂ. എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും എന്തിനാണ് കൊണ്ടുപോകുന്നതെന്നും എനിക്ക് അറിയണമെന്ന് ഞാന്‍ പറഞ്ഞു. 'ഇവിടെ ഉണ്ടായിരുന്നത് ആരാണെന്ന് അറിയാമോ' എന്ന് പോലീസുകാരില്‍ ഒരാള്‍ എന്നോട് ചോദിച്ചു. അത് അശോകനായിരുന്നു എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. അപ്പോള്‍ അയാള്‍ എന്നെ തിരുത്തി. 'അത് അശോകനല്ല നക്സലൈറ്റ് നേതാവ് വേണുവാണ്. കുട്ടിയുടെ ഭര്‍ത്താവ് കുട്ടിയെ പറ്റിക്കുകയാണ് 'എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. അവര്‍ ഞങ്ങളുടെ പുസ്തകങ്ങളൊക്കെ വലിച്ചിട്ടു. ഒടുവില്‍ മാഷിനെ അങ്ങാടിപ്പുറത്തുള്ള ടോര്‍ച്ചര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.
വേണുവിനെ പിടികൂടാന്‍ ഞങ്ങളെ കരുവാക്കാനാണ് പിന്നെ അവര്‍ ശ്രമിച്ചത്. ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ മാഷുമായി വീട്ടില്‍ തിരികെയെത്തി മഫ്തിയില്‍ ഞങ്ങള്‍ക്കൊപ്പം താമസം തുടങ്ങി. വേണു വരും. ആ വരവില്‍ പിടികൂടാം എന്നായിരുന്നു അവരുടെ ഉദ്ദേശം. മാഷിന്റെ ശരീരമാകെ അടിച്ചുപൊട്ടിയ മുറിവുകളാണ്. അകത്ത് പോലീസുള്ളത് ആരും അറിഞ്ഞില്ല. എന്റെ കൂട്ടുകാര്‍ ഇടയ്ക്ക് കോളേജില്‍ നിന്ന് വരും. അവരുടെ വരവ് തടയാന്‍ പോലീസിന് പറ്റില്ലല്ലോ. അവരുടെ കൈയില്‍ വിവരങ്ങളെല്ലാം വിശദമാക്കുന്ന കത്ത് ഞങ്ങള്‍ കൊടുത്തുവിടും. ഏതാണ്ട് ഒരുമാസത്തോളം വേണുവിനെ കാത്ത് അവര്‍ അവിടെ തങ്ങി. അതിനിടെ ഒരു ദിവസം ഈ പുകിലൊന്നും അറിയാതെ വേണു വന്നു. പക്ഷേ, അകത്തു കയറിയതും അപകടം മനസ്സിലായി അപ്പോള്‍ത്തന്നെ തിരിച്ചിറങ്ങിപ്പോയി. പോലീസിന്റെ കണ്ണില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
അധ്യായം 8
ബി.രാജീവന്: ഒരുമാസത്തോളം സാവിത്രിയ്ക്കും എനിക്കും കോളേജില്‍ പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അടിയന്തരാവസ്ഥക്കാലം അവസാനിച്ചു. അതിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക് എനിക്ക് സ്ഥലംമാറ്റംകിട്ടി. സാവിത്രി വിമന്‍സ് കോളേജില്‍ ഡിഗ്രി തുടര്‍ന്നു. അതേ കാലത്താണ് മൂത്ത മകന് മനു ജനിക്കുന്നത്. ഞാനന്ന് ജനകീയ സാംസ്കാരികവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പോലീസിന്റെ വിലക്ക് മറികടന്ന് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാനും അറസ്റ്റിലായി. വിദ്യാര്‍ഥികള്‍ എന്നെ മോചിപ്പിക്കാനായി സമരം ചെയ്തു. സംസ്ഥാനത്ത് ഉടനീളം എസ്. എഫ്. ഐ., കെ. എസ്. യു സംഘര്‍ഷം വ്യാപിച്ചു. മന്ത്രിസഭ വീണു. എന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും ദീര്‍ഘകാലത്തെ സസ്പെന്‍ഷനില്‍ തുടരേണ്ടിവന്നു. അപ്പോഴും സാവിത്രി പഠനം തുടരുന്നുണ്ട്. സഖാക്കളുടെ സഹായത്തിലാണ് ജീവിതം മുന്നോട്ട് പോയത്.
സസ്പെന്‍ഷനില്‍ ആയിരുന്ന കാലത്ത് ജനകീയ സാംസ്കാരിക വേദിയുടെ 'പ്രേരണ' എന്ന മാസികയുടെ എഡിറ്റര്‍ ചുമതല ഞാന്‍ ഏറ്റെടുത്തു. ഞങ്ങളന്ന് തൃശ്ശൂരിലെ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അക്കാലത്ത് ഞങ്ങള്‍ സാവിത്രിയുടെ ഇല്ലത്തേക്ക് പോയി.
അധ്യായം9
സാവിത്രി രാജീവന്: മാഷിനൊപ്പം ജീവിതം തുടങ്ങി ഏഴുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ വീട്ടിലേക്ക് തിരികെ ചെല്ലുന്നത്. അമ്മയെ കണ്ടു. കുറച്ചുനേരം അവിടെ തങ്ങി. എന്നെ കാണാതിരുന്ന ആ ഏഴുവര്‍ഷവും അമ്മ പൂജാമുറിയില്‍ കെടാവിളക്ക് കൊളുത്തിയിരുന്നു എന്ന് പിന്നീട് ചേച്ചി പറഞ്ഞ് ഞാന്‍ അറിഞ്ഞു. അന്ന് അമ്മയെ കണാന്‍ പോകുമ്പോള്‍ മാഷിനും എനിക്കുമൊപ്പം ഞങ്ങളുടെ വലിയ മകന് മനുവും ഉണ്ട്. ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നകാലത്താണ് അവനെ ഗര്‍ഭംധരിക്കുന്നത്. അവന് ഒന്നരമാസം പ്രായമുള്ളപ്പോഴായിരുന്നു അവസാന പരീക്ഷ. ഗര്‍ഭകാലത്തും പ്രസവസമയത്തും സുഹൃത്തുക്കളും മാഷിന്റ അമ്മയും ഒപ്പമുണ്ടായിരുന്നു.
നരേന്ദ്ര പസാദ് സാര്‍ അന്ന് തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ അധ്യാപകനാണ് അദ്ദേഹത്തിന്റെ ഭാര്യ നന്ദയും എന്റെ ചങ്ങാതിയായ പത്മജയും ആസ്പത്രിയാത്രകളില് ഒപ്പമുണ്ടാകും. മകന് ജനിച്ച് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പ്രൈവറ്റായി എം. എ പൂര്‍ത്തിയാക്കി. കുറച്ചുകാലം സംസ്കാരിക വകുപ്പില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റായി ജോലി നോക്കി. അതിനിടെ ഇളയ മകന് യദു ജനിച്ചു അക്കാലത്ത് ഞാന്‍ കവിതയില്‍ സജീവമായിരുന്നു.

അതിനിടെ എപ്പോഴോ ചിത്രകലയെപ്പറ്റി കൂടുതല്‍ അറിയണം എന്ന ആഗ്രഹം കൂടി. അങ്ങനെയാണ് ബറോഡയില്‍ എം. എഫ്. എ പഠിക്കാന്‍ പോകുന്നത്. വലിയ മകന് പ്രീഡിഗ്രിക്ക് പഠിക്കുന്നു. ഇളയ ആള് അഞ്ചാം ക്ലാസ്സിലും. എന്റെ പ്രകൃതം മാഷിനും മക്കള്‍ക്കും നന്നായി അറിയാം. 'അമ്മ പോയി പഠിക്കൂ...' എന്നാണ് മക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. മാഷും പ്രോത്സാഹിപ്പിച്ചു. പക്ഷേ, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും എന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. കവിത എഴുതി ഇരുന്നാല്‍ പോരേ ഇനി എന്തിനാണ് പഠിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട് പലരും. 'പെണ്ണുങ്ങളെ ഇങ്ങനെയൊക്കെ വിട്ടാല്‍ പിന്നെയവരെ പിടിച്ചാല്‍ കിട്ടില്ല' എന്നൊക്കെ മാഷോട് പറഞ്ഞവരുമുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ അന്നും ഇന്നും സമൂഹത്തിന്റെ ഇടപെടല്‍ അങ്ങനെയാണ്.
പഠനം പൂര്‍ത്തിയാക്കി ഏഴു വര്‍ഷത്തോളം കാലടി സംസ്കൃത സര്‍വകലാശാലയില്‍ അധ്യാപികയായി ജോലി ചെയ്തു. ഞാനങ്ങനെ എന്റെ ജീവിതത്തെ എനിക്കിഷ്ടമുള്ളതുപോലൊക്കെ മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു. എനിക്കും മാഷിനുമിടയില് തര്‍ക്കിക്കാനും വിയോജിക്കാനും പൊരുത്തപ്പെടാനുമുള്ള സ്ഥാനം ഒരുപോലെയുണ്ട്. പണ്ടത്തെ മാഷും കുട്ടിയും എന്ന തലങ്ങളില്‍ നിന്ന് ഞങ്ങളെപ്പോഴോ തുല്യതയിലേക്ക് ഒന്നിച്ച് എത്തിച്ചേരുകയായിരുന്നു.
അധ്യായം 10
ബി.രാജീവന്: അരനൂറ്റാണ്ട് വളരെ വേഗത്തിലാണ് മുന്നോട്ട് പോയത്. പ്രണയകാലത്ത് കത്തുകള്‍ കൈമാറുമ്പോള്‍ അതില്‍ സാവിത്രി ഒരു കാര്യം പറഞ്ഞിരുന്നു. എടീ എന്നും നീ എന്നും വിളിക്കരുതെന്ന്. ആ നിബന്ധന ഞാന്‍ ഇതുവരെ തെറ്റിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ ഉപാധികളോ ഉടമ്പടികളോ ഇല്ല. സ്വതന്ത്രരായ രണ്ട് വ്യക്തികളായി അവരവരുടേതായി വഴിയില്‍ ഐക്യത്തോടെ ഞങ്ങളിങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
Content Highlights: the eventful life of savithri rajeevan and b rajeevan
Published: 26 Jul 2024, 11:47 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented