മോഹൻലാലിന്റെ വില്ലൻ, സഞ്ജയ് ദത്തിന്റെ ബോഡി ബിൽഡിങ് ഗുരു; ഗവിൻ എന്ന വില്ലനെ ഓർക്കുമ്പോൾ

ഗവിൻ പക്കാഡ് | IMDb
ഗവിൻ പക്കാഡ് | IMDb

ഒരുകാലത്ത് ഒട്ടേറെ മലയാളംസിനിമകളിൽ വില്ലനായി അഭിനയിച്ചൊരു താരമുണ്ട്. പേരറിയില്ലെങ്കിലും ആളുകൾ ആ പുതുമയുള്ള വില്ലനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഗവിൻ പെക്കാഡ് എന്ന ആ വില്ലൻ അങ്ങനെ മലയാളികളുടെ മനസ്സിലിടം പിടിച്ചു. അയാൾ വിദേശിയാണോ എന്ന് സംശയിച്ചവരുമേറെ.

ഗവിന്റെ മുത്തച്ഛൻ ഐറിഷ് അമേരിക്കനായ ജോൺ പെക്കാഡ്, യു.എസ് ആർമിയുടെ ഭാഗമായി ബംഗളൂരുവിൽ എത്തിയതായിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യയിൽ തന്നെ തുടർന്നു. മഹാരാഷ്ട്രയിലാണ് ഗവിൻ ജനിച്ചത്. ഏൾ-ബാർബറ ദമ്പതികളുടെ അഞ്ചുമക്കളിലൊരാൾ. ചെറുപ്പത്തിൽ തന്നെ അഭിനയവും ബോഡി ബിൽഡിങ്ങുമൊക്കെയായിരുന്നു ഗവിന്റെ താത്പര്യമുള്ള മേഖലകൾ.

ബോഡി ബിൽഡിങ്ങിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചു. സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി തുടങ്ങിയവരെ പരിശീലിപ്പിച്ചതും ഗവിൻ തന്നെ.

അഭിനയത്തിലേക്ക് കടക്കുന്നത് 'ആര്യൻ' എന്ന മലയാളംസിനിമയിൽ ഗുണ്ടയായിട്ടാണ്. തൊട്ടടുത്തവർഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. അതിനുശേഷം സഡക്, കോബ്ര, ജാനി ദുശ്മൻ, യേ ഹേ ജൽവ, ക്രാന്തി, ബാഗി, മാ കസം തുടങ്ങി എത്രയെത്ര സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അധികവും വില്ലനായിട്ടായിരുന്നു. ആര്യൻ, ആയുഷ്‌കാലം, സീസൺ, ആനവാൽമോതിരം, ജാക്ക്‌പോട്ട് തുടങ്ങിയ മലയാളംസിനിമകളിലും വില്ലനായി. സീസൺ എന്ന സിനിമയിൽ ഒപ്പത്തിനൊപ്പം നിന്നു നായകനായ മോഹൻലാലും വില്ലനായ ഗെവിനും. സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്ന കഥാപാത്രം. ഗവിന്റെ ഏറ്റവും മികച്ച വേഷവും ഇതുതന്നെയെന്ന് പറയാം. 15 വർഷത്തിൽ 60-ലേറെ സിനിമകൾ. 2002-ൽ 'യേ ഹേ ജൽവാ' എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തോട് വിടപറഞ്ഞു.

അതിനിടെ 2010-ൽ മുംബൈയിലെ കല്യാൺ മാർക്കറ്റിൽവെച്ച് ഒരു ബൈക്ക് അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. മരിച്ചുവെന്ന് കരുതിയിടത്തുനിന്ന് ഗവിൻ തിരിച്ചുവന്നു. പക്ഷേ മാസങ്ങളോളം ആസ്പത്രിയിൽ കിടക്കേണ്ടിവന്നു. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതവും പഴയതുപോലെയായില്ല. രണ്ടുവർഷങ്ങൾക്കുശേഷം ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾ കാരണം മരണവും. അപ്പോൾ 48 വയസ്സേ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്. മുംബൈയിലെ സെന്റ് ആൻഡ്രൂസ് സെമിത്തേരിയിൽ അന്ത്യയാത്രയാകുമ്പോൾ, സിനിമാമേഖലയിൽനിന്ന് ആരുമുണ്ടായിരുന്നില്ല. അങ്ങനെ സിനിമയിലെ കൊടുംവില്ലന് തികച്ചും ചെറിയരീതിയിലുള്ള അന്ത്യയാത്രയും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Gavin Packard's transition from a bodybuilder to a prominent villain in Indian cinema. His significant role alongside Mohanlal in the classic film 'Season'