അമേരിക്കയിലെ പ്രശസ്തനായ ബോഡി ബില്‍ഡര്‍ ചാഡ് മക്‌റാരി മരിച്ചതായി അദ്ദേഹത്തിന്റെ സഹോദരന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

പല ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പുകളിലെയും ജേതാവായിരുന്നു ചാഡ്.  അതിനിടയ്ക്കാണ് 2005-ല്‍ മോട്ടോക്രോസ് (ഓഫ് റോഡ് മോട്ടോര്‍ സൈക്കിള്‍ മത്സരം) റേസിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ബൈക്ക് കൊണ്ട് ട്രിപ്പിള്‍ ജംബിന് ശ്രമിക്കുന്നതിനിടെ, ഉയരത്തില്‍നിന്ന് നിയന്ത്രണംവിട്ട ബൈക്ക് താഴേക്ക് വീഴുകയായിരുന്നു. തെറിച്ചുവീണ ചാഡിന്റെ നട്ടെല്ലിന് നല്ല ക്ഷതമേറ്റു, അരയ്ക്ക് താഴേക്ക് തളര്‍ന്നുപോയി. മാസങ്ങളോളം ആസ്പത്രിയില്‍ കിടന്നു, ഫിസിയോ തെറാപ്പി ചെയ്തു. എന്നിട്ടും ഒരു മാറ്റവും സംഭവിച്ചില്ല. ജീവിതകാലം മുഴുവന്‍ വീല്‍ചെയറിലായിരിക്കുമെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. 

ആറുമാസത്തിനുശേഷം വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു. അവിടുന്നങ്ങോട്ട് അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. പതുക്കെപ്പതുക്കെ പരിശീലനങ്ങള്‍ തുടങ്ങി. വീല്‍ചെയറിലിരുന്നായി പിന്നീട് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ മത്സരങ്ങളിലേക്ക് തിരിച്ചുവന്നു. ഒന്നാം സ്ഥാനമൊന്നും ലഭിച്ചില്ലെങ്കിലും ചാഡ് ശ്രമിച്ചുകൊണ്ടേയിരുന്നു. 2008-ല്‍ നടന്ന വീല്‍ചെയര്‍ നാഷണല്‍സില്‍ രണ്ടാം സ്ഥാനം ലഭിച്ചു. മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ വീണ്ടും മത്സരത്തിലേക്ക് കടന്നുവന്നതെന്നായിരുന്നു ഇതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത്.