30-കളുടെ തുടക്കത്തിലാണ് അഡെല്‍ ജോണ്‍സ്റ്റണ്‍ എന്ന ബോഡിബില്‍ഡര്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നത്. കഠിനമായ ഭക്ഷണക്രമവും ഫിറ്റ്‌നസ് വ്യവസ്ഥകളുമെല്ലാം പിന്തുടര്‍ന്നാണ് അതുവരെയുമവര്‍ ജീവിച്ചുപോന്നത്. വിശപ്പും ക്ഷീണവുമൊക്കെ മറികടന്ന് സ്‌കോട്ടിഷ് ഡബിള്‍ ഗോള്‍ഡ് ബോഡിബില്‍ഡിങ് ചാമ്പ്യനെന്ന നേട്ടം അതിനകം തന്നെ കൈവരിക്കുകയും ചെയ്തിരുന്നു. 30-കളിലെത്തിയപ്പോഴേക്കും നന്നായി മുടി കൊഴിയാന്‍ തുടങ്ങി, മോണയില്‍ രക്തസ്രാവം, അമിതമായ ഹൃദയമിടിപ്പ്, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ജനനേന്ദ്രിയത്തില്‍ തടിപ്പും വേദനയും. എന്തുപറ്റിയെന്ന് മനസ്സിലാവുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട സ്‌കാനിങ്ങുകള്‍ക്കും വേദനയുള്ള പരിശോധനകള്‍ക്കുമൊടുവില്‍ ആര്‍ത്തവ വിരാമത്തിന്റെ ആദ്യകാല ലക്ഷണങ്ങളാണിതെന്ന് (പെരിമെനോപോസ്) തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ ആര്‍ത്തവം അവസാനിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ശരാശരി 46-ാം വയസ്സുതൊട്ടാണ് സ്ത്രീകളില്‍ ആര്‍ത്തവവിരാമലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. എന്നാല്‍ രണ്ടു കുട്ടികളുടെ അമ്മയായ അഡെലിനെ സംബന്ധിച്ചിടത്തോളം അത് വളരെയധികം നേരത്തേയായിരുന്നു. 

എന്തുകൊണ്ടാണ് എനിക്ക് ഇത്രയും നേരത്തേ ആര്‍ത്തവവിരാമമുണ്ടാവുന്നതെന്ന് പലരോടും ചോദിച്ചുവെന്ന് അഡെല്‍ ബി.ബി.സി.ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'ഒരുപാട് ഡോക്ടര്‍മാരെ സമീപിച്ചു. എന്റെ ബോഡിബില്‍ഡിങ് പരിശീലനമാണോ ഇതിന് കാരണമെന്നും. അതിനു സാധ്യതയുണ്ടെന്നും പക്ഷേ അതാണെന്ന് തീര്‍ത്തുപറയാന്‍ ഗവേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നുമാണ് ഭൂരിഭാഗം പേരും പറഞ്ഞ മറുപടി. ഒടുവില്‍ ഗാലോവേയിലെ ഒരു ഗൈനക്കോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റ് പറഞ്ഞത് കഠിനമായ ബോഡിബില്‍ഡിങ്ങാവാം നിങ്ങളുടെ ആര്‍ത്തവവിരാമത്തിന് കാരണമെന്നാണ്. എന്തും അമിതമായി ചെയ്യുന്നതിലൂടെ മറ്റ് പാര്‍ശ്വഫലങ്ങളും പ്രതീക്ഷിക്കണം. എല്ലാം മിതമായി ചെയ്യുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.'

വര്‍ഷങ്ങളോളം ശരീരത്തെയും മനസ്സിനെയും പരമാവധി ബില്‍ഡ് ചെയ്‌തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അഡെല്‍. സാധിക്കാവുന്നതിലും അപ്പുറം കഠിനാധ്വാനം ചെയ്തു. '170 സെന്റിമീറ്റര്‍ ഉയരമുള്ള എനിക്ക് ബോഡിബില്‍ഡറായിരിക്കെ 53 കിലോഗ്രാമേ ഭാരമുണ്ടായിരുന്നുള്ളൂ. എന്റെ വാരിയെല്ലുകളും എല്ലിന്റെ ഘടനയുമൊക്കെ കാണാനാവുമായിരുന്നു. മെലിഞ്ഞ് ആരോഗ്യമില്ലാത്തതായിരുന്നു എന്റെ ശരീരം. പലപ്പോഴും വിശപ്പിനെ അവഗണിച്ച് ഞാന്‍ ബോഡിബില്‍ഡിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഭക്ഷണം വേണ്ടപോലെ കഴിച്ചില്ല. അതിന് ഇങ്ങനെയൊരു പാര്‍ശ്വഫലമുണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല.'-അവര്‍ പറഞ്ഞു.

 'എനിക്ക് ഹൃദയമിടിപ്പ് കൂടുതലായിരുന്നു, ഹൃദയാഘാതം വരികയാണെന്നുപോലും ഞാന്‍ കരുതി, രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല, അതിനാല്‍ ഞാനെപ്പോഴും ക്ഷീണിതനായിരുന്നു, ശരീരമാകെ വിയര്‍പ്പും ചൊറിച്ചിലും. യോനിയില്‍ കടുത്ത വേദന, ജോലിസ്ഥലത്ത് ഇരിക്കാനാവാതെ മേശയില്‍ ചാരി നില്‍ക്കേണ്ടി വന്നു, വയറു വീര്‍ക്കലും മോണയില്‍ നിന്ന് രക്തസ്രാവവുമൊക്കെയുണ്ടായി. എനിക്കതെല്ലാം വലിയ ആഘാതമായിരുന്നു.'

ഡോക്ടറുടെ നിര്‍ദേശപ്രകാരം അഡെല്‍ വൈകാതെ ബോഡിബില്‍ഡിങ് പരിശീലനം മുഴുവനായും നിര്‍ത്തി. പതിയെ 13 കിലോഗ്രാം ഭാരം കൂട്ടി ശരീരം മെച്ചപ്പെടുത്തി. ശേഷം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയയായി. ഇപ്പോള്‍ 40-കാരിയായ അവരുടെ ശാരീരികാവസ്ഥ അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. ആര്‍ത്തവം സംബന്ധിച്ച കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് ഇനിയും പറയാറായിട്ടുമില്ല.
അഡെലിപ്പോള്‍ ബ്രിട്ടനില്‍ മെനോപോസുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്ന കോച്ചായി പ്രവര്‍ത്തിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലെ മുന്‍ജോലി ഉപേക്ഷിക്കേണ്ടിവന്നു. ജോലിയുപേക്ഷിക്കേണ്ടിവന്നപ്പോള്‍ വലിയ വിഷമം തോന്നിയെന്നും ഒടുവില്‍ ഭര്‍ത്താവ് നല്‍കിയ പിന്തുണയിലാണ് അത് ചെയ്തതെന്നും അവര്‍ പറയുന്നു. 'ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കരിയറുമെല്ലാം എനിക്കവിടെ ഉപേക്ഷിക്കേണ്ടിവന്നു. ബോഡിബില്‍ഡിങ് തിളക്കമുള്ള ജോലിയാണെങ്കിലും അതിനു പിന്നില്‍ ഇത്തരം ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയുണ്ടെ'ന്നും അവര്‍ ഓര്‍മിപ്പിച്ചു. 

തീവ്രമായ വ്യായാമവും ഹോര്‍മോണും തമ്മില്‍ എത്രത്തോളം ബന്ധമുണ്ടെന്നതിനെപ്പറ്റി കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടക്കുകയാണ്, പോഷകാഹാരവും സമതുലിതമായ ജീവിതശൈലിയുമാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്.