റീൽ ലൈഫിൽ മാത്രമല്ല, റിയൽ ലൈഫിലും ഹീറോയാണ് ബോളിവുഡ് താരം സുനിൽ ഷെട്ടി. ഒന്നോ രണ്ടോ പേരെയല്ല, 128 നേപ്പാളി യുവതികളെയാണ് അദ്ദേഹം രക്ഷിച്ചത്.
1996 ഫെബ്രുവരി 5-നാണ് സംഭവം. അന്ന് പോലീസ് മുംബൈയിലെ കുപ്രസിദ്ധമായ കാമാത്തിപുരയിൽ റെയ്ഡ് നടത്തി. 14-നും 30-നുമിടയ്ക്ക് പ്രായമുള്ള 450-ഓളം പേരെയാണ് നിർബന്ധിത ലൈംഗികവൃത്തിയിൽനിന്ന് അന്ന് പോലീസ് രക്ഷിച്ചത്. അതിൽ 128 പേർ നേപ്പാളിൽ നിന്നുള്ളവരായിരുന്നു. അവർ നേപ്പാളിൽനിന്നുള്ളതാണെന്ന തെളിവുകളൊന്നുമില്ലാത്തതിനാൽ, തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ നേപ്പാൾ സർക്കാരിനും ആശങ്കകളുണ്ടായിരുന്നു. അതിനാൽ അവരുടെ യാത്രയ്ക്കായി പണംമുടക്കാനും സർക്കാരിന് താത്പര്യമില്ലായിരുന്നു.
Also Read
ഈ സ്ത്രീകളെ തിരിച്ച് നേപ്പാളിലേക്ക് അയക്കുമെന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് സുനിൽ ഷെട്ടി ഇതിനെക്കുറിച്ച് അറിയുന്നത്. പ്രശ്‌നത്തിൽ അദ്ദേഹവും ഇടപെട്ടു. അവർക്കായൊരു വിമാനം ഏർപ്പാട് ചെയ്തു, 128 സ്ത്രീകളുടെയും വിമാനടിക്കറ്റുകൾക്കുള്ള പണവും അദ്ദേഹം തന്നെയാണ് നൽകിയത്. പക്ഷേ താനാണ് സഹായിച്ചതെന്ന കാര്യം ഒരുകാരണവശാലും പുറത്തുവിടരുതെന്ന് അദ്ദേഹം പറഞ്ഞു. ക്രെഡിറ്റെല്ലാം മുംബൈ പോലീസിനും തന്റെ ഭാര്യയുടെ അമ്മയും സന്നദ്ധപ്രവർത്തകയുമായ വിപുല കദ്രിക്കുമാണ് സുനിൽ നൽകിയത്.
ഇതെല്ലാം കഴിഞ്ഞ് വർഷങ്ങൾക്കുശേഷമാണ് ഇക്കാര്യം മറ്റുള്ളവർ അറിയുന്നത്. അന്ന് രക്ഷപ്പെട്ട സ്ത്രീകളിലൊരാളായ ചരിമയ തമാങ് ആണിത് വെളിപ്പെടുത്തുന്നത്. ഒരു ഡോക്യുമെന്ററിയിലൂടെ ആയിരുന്നു അവരുടെ തുറന്നുപറച്ചിൽ. ''ഓപ്പറേഷൻ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സർക്കാരിന് ആശയക്കുഴപ്പമുണ്ടായപ്പോൾ, ഇന്ത്യയിലെ സിനിമാനടൻ സുനിൽ ഷെട്ടിയാണ് ഞങ്ങളെ പിന്തുണച്ചതും സഹായിച്ചതും'', The Forgotten Ones: Human Trafficking in Nepal എന്ന ഡോക്യുമെന്ററിയിലൂടെ തമാങ് പറഞ്ഞു. സെക്‌സ് റാക്കറ്റിൽനിന്ന് രക്ഷപ്പെട്ട തമാങ് പിന്നീട് സന്നദ്ധസേവനത്തിലേക്ക് കടക്കുകയും ചെയ്തു. സെക്‌സ് റാക്കറ്റിൽനിന്ന് രക്ഷപ്പെട്ടവരെ സഹായിക്കുന്ന സംഘടനയായാണ് തമാങ് സ്ഥാപിച്ചത്. അവരുടെ പുനരധിവാസമാണ് സംഘടനയുടെ ലക്ഷ്യം. 2013-ൽ തമാങ്ങിന് രമൺ മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചു.
സുനിൽ ഷെട്ടി സ്ത്രീകളെ രക്ഷിച്ച കാര്യം പുറംലോകമറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ, ''സ്വയം മഹത്വവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. മാത്രമല്ല പെൺകുട്ടികളുടെ ജീവൻ അപകടത്തിലാക്കരുതെന്നും ഞങ്ങൾക്കുണ്ടായിരുന്നു. പ്രത്യേകിച്ച് ഈ കേസിലുൾപ്പെട്ടത് വമ്പൻ മാഫിയയാണ്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The Untold Story Of How Suniel Shetty Helped 128 Sex Trafficking Survivors Return Home to Nepal in 1996
Published: 25 May 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented