വരുൺ ധവാൻ, മൃണാൾ താക്കൂർ, പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഡേവിഡ് ധവാന്റെ പുതിയ ചിത്രമാണ് 'ഹേയ് ജവാനി തോ ഇഷ്ഖ് ഹോനാ ഹേ.' ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതു മുതൽ ഇത് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ കോമഡി ചിത്രത്തിൽ മൗനി റോയ്, വരുൺ ധവാന്റെ വ്യാജ അമ്മയായി എത്തുന്നതാണ് ട്രെയിലറിൽ കണ്ടത്.

എന്നാൽ ആളുകളെ ഏറെ ആകർഷിച്ചത് ഇതിലെ അഭിനേതാക്കളുടെ പ്രായമാണ്. 39 വയസ്സുള്ള വരുൺ ധവാന്റെ അമ്മയായി 40 വയസ്സുള്ള മൗനി റോയ് അഭിനയിക്കുന്നത് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. ട്രെയിലറിലെ ഒരു രംഗത്തിൽ വരുൺ ധവാന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് "നിരൂപ റോയിയെപ്പോലെയുള്ള" ഒരു അമ്മയെ ഏർപ്പാടാക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യത്തിന് പിന്നാലെ, അതീവ ഗ്ലാമറസ് ലുക്കിലാണ് മൗനി പ്രത്യക്ഷപ്പെടുന്നത്.

"വരുൺ ധവാന് 39 വയസ്സും മൗനി റോയ്ക്ക് 40 വയസ്സുമുണ്ട്, പക്ഷേ ഈ സിനിമയിൽ വരുണിന്റെ വ്യാജ അമ്മയായി മൗനി അഭിനയിക്കുന്നു! ഡേവിഡ് ധവാന്റെ തലച്ചോറിന് സംഭവിച്ച brainrot," ഒരു ഉപയോക്താവ് കുറിച്ചു.

(ഗുണനിലവാരം കുറഞ്ഞ ഡിജിറ്റൽ മീഡിയ ഉള്ളടക്കങ്ങൾ നിരന്തരം കാണുന്നത് മൂലം ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് brain rot. 2024-ലെ ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ ആയി ഇത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു).

“ചിത്രത്തിലെ ഏറ്റവും വലിയ സർപ്രൈസ് പാക്കേജാണ് മൗനി റോയ്. ബോൽ ബച്ചൻ സിനിമയിൽ അർച്ചന പൂരൻ സിംഗ് അഭിഷേക് ബച്ചന്റെ വ്യാജ അമ്മയായതുപോലെയാണിത്," മറ്റൊരാൾ എക്സിൽ കുറിച്ചു.

"മൗനി റോയ്ക്ക് 40 വയസ്സുണ്ട്. വരുൺ ധവാന് 39 വയസ്സും. എന്നിട്ടും ഈ കോലാഹലം നമ്മൾ വിശ്വസിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇത് ഇനി കോമഡിയല്ല... ഇത് ഡേവിഡ് ധവാന്റെയും വരുൺ ധവാന്റെയും brainrot ആണ്. അതേ പഴയ ഫോർമുല, അതേ ഭ്രാന്ത്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ," എന്നിങ്ങനെ നീളുന്നു വൈറൽ രംഗത്തോടുള്ള പ്രതികരണങ്ങൾ. എന്നാൽ മൗനി റോയ്ക്ക് സ്വന്തം ഫാൻ ക്ലബ്ബുകളിൽ നിന്ന് നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

ഭാര്യയായ മൃണാൾ താക്കൂറിന്റെ കഥാപാത്രത്തിൽ നിന്ന് ഒരു കുഞ്ഞ് വേണമെന്ന് വരുൺ ധവാന്റെ കഥാപാത്രം ആഗ്രഹിക്കുന്നതാണ് ട്രെയിലറിൽ കാണിക്കുന്നത്. അതേസമയം പൂജ ഹെഗ്‌ഡെയുമായി അയാൾ ഒരു ബന്ധത്തിൽ ഏർപ്പെടുന്നുമുണ്ട്. ഒടുവിൽ രണ്ട് സ്ത്രീകളും ഗർഭിണികളാകുന്നതോടെ ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുന്നു.

കരിഷ്മ കപൂർ, സൽമാൻ ഖാൻ, സുസ്മിത സെൻ എന്നിവർ അഭിനയിച്ച ഡേവിഡ് ധവാന്റെ 1999-ലെ കോമഡി ചിത്രമായ 'ബീവി നമ്പർ 1'-ലെ 'ഹേയ് ജവാനി തോ ഇഷ്ഖ് ഹോനാ ഹേ' എന്ന പാട്ടിൽ നിന്നാണ് ഈ ചിത്രത്തിന് പേര് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ മനീഷ് പോൾ, ചുങ്കി പാണ്ഡെ, ജിമ്മി ഷെർഗിൽ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംവിധായകൻ ഡേവിഡ് ധവാനൊപ്പം 'ബീവി നമ്പർ 1' നിർമ്മിച്ച നിർമ്മാതാവ് വാഷു ഭഗ്നാനി, തന്റെ സിനിമകളും പാട്ടുകളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപോരാട്ടങ്ങൾക്കിടയിലും ചിത്രം ജൂൺ 4-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi