പരിക്കേറ്റ നടനെ ചികിത്സിക്കാനെത്തിയ ഡോക്ടർ ഒടുവിൽ നടനായി! സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

'ധുരന്ധർ 2' (Dhurandhar 2) വാർത്തകളിൽ നിറയുമ്പോൾ, ചിത്രീകരണത്തിനിടയിലെ ചില രസകരമായ സംഭവങ്ങളും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. അത്തരത്തിൽ സിനിമയുടെ സെറ്റിൽ നടന്ന രസകരമായ ഒരു സംഭവമാണ് പുതിയ ചർച്ച.
പഞ്ചാബിലെ ലുധിയാനയിലുള്ള കലഖ് ഗ്രാമത്തിലെ സർക്കാർ ഡോക്ടറായ ഡോ. സണ്ണി അശോകാണ് കഥയിലെ നായകൻ. ഇപ്പോൾ ഒരു ബോളിവുഡ് താരമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. 2025 ജൂലൈ 8 ന് ലുധിയാനയിൽ നടന്ന 'ധുരന്ധർ 2'-ന്റെ ചിത്രീകരണത്തിനിടയിലാണ് ഡോക്ടറുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്.
റെയിൽവേ ട്രാക്കിൽ വെച്ച് നടന്ന ഒരു സംഘട്ടന രംഗത്തിനിടയിൽ നടൻ അർജുൻ രാംപാലിന് തലയ്ക്ക് പരിക്കേറ്റു. ഇതറിഞ്ഞ് സെറ്റിലെത്തിയ ഡോക്ടർ അശോക് അദ്ദേഹത്തെ പരിശോധിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഉറപ്പുവരുത്തിയതോടെ സെറ്റിലുണ്ടായിരുന്നവർക്ക് ആശ്വാസമായി. ചിത്രത്തിൽ മേജർ ഇക്ബാൽ എന്ന ഐ.എസ്.ഐ (ISI) ഏജന്റായാണ് അർജുൻ രാംപാൽ അഭിനയിക്കുന്നത്.
ജൂലൈ 11-ന് ഷഹ്നേവാൾ വിമാനത്താവളത്തിൽ ചിത്രീകരണം നടക്കുമ്പോൾ ഡോക്ടർ വീണ്ടും അവിടെയെത്തി. രൺവീർ സിങ്ങിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഫോട്ടോ ചോദിച്ച ഡോക്ടറുടെ തോളിൽ കൈയ്യിട്ട് രൺവീർ പറഞ്ഞു: "സഹോദരാ, എന്തിനാ വെറുമൊരു ഫോട്ടോ? ഞങ്ങൾ നിന്നെ ഈ സിനിമയിൽ തന്നെ എടുക്കാം!"
രൺവീർ തമാശ പറയുകയാണെന്നാണ് ഡോക്ടർ കരുതിയത്. എന്നാൽ സംവിധായകൻ ആദിത്യ ധർ ഉടൻ തന്നെ അത് സമ്മതിച്ചു. സിനിമയിൽ, വിമാനത്തിൽ നിന്നിറങ്ങുന്ന പരിക്കേറ്റ രൺവീർ സിങ്ങിനെ പരിശോധിക്കുന്ന ഒരു ഡോക്ടറുടെ വേഷം അദ്ദേഹത്തിന് നൽകി. ഒറ്റ ടേക്കിൽ തന്നെ ആ രംഗം പൂർത്തിയായി. ക്യാമറയിൽ നോക്കാതെ ഒരു യഥാർത്ഥ ഡോക്ടറെപ്പോലെ പെരുമാറിയതിന് സംവിധായകൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഡോക്ടർ സണ്ണി അശോകിന്റെ കുടുംബത്തിന് ബോളിവുഡുമായി നേരത്തെയും ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഡോ. ദേവീന്ദർ അശോക് പ്രശസ്ത നടൻ ധർമ്മേന്ദ്രയുടെ അടുത്ത സുഹൃത്തായിരുന്നു. കുട്ടിക്കാലത്ത് പിതാവിനൊപ്പം പോയി ധർമ്മേന്ദ്രയെ കണ്ട ഓർമ്മകൾ ഡോക്ടർ ഇന്നും കാത്തുസൂക്ഷിക്കുന്നു.
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് 'ധുരന്ധർ 2'. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ മാത്രം 575 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. വിദേശത്തുനിന്നുള്ള 231 കോടി ഉൾപ്പെടെ ആഗോളതലത്തിൽ ആകെ 919 കോടി രൂപയാണ് ചിത്രം ഇതുവരെ വാരിക്കൂട്ടിയത്.
രൺവീർ സിങ്, അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവർ തങ്ങളുടെ വേഷങ്ങൾ ഈ രണ്ടാം ഭാഗത്തിലും ഗംഭീരമാക്കിയിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dr. Sunny Ashok treated Arjun Rampal for an injury on the Dhurandhar 2 set., Ranveer Singh offered the doctor a cameo role on the spot., The director, Aditya Dhar, approved the decision and the scene was filmed in one take., Dhurandhar 2 has achieved a massive global box office collection of 919 crores., Dr. Ashok's family has a historical connection with veteran actor Dharmendra.