'ഷാരൂഖ് ഖാൻ അഭിനയിക്കുന്നത് നോക്കി പഠിക്കൂ', അന്ന് ഫറാ ഖാൻ ദീപികയോട് പറഞ്ഞു

ഇന്ന് ബോളിവുഡിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ദീപിക പദുകോൺ. മോഡലായിട്ട് കരിയർ തുടങ്ങിയതാണ് ദീപിക. അതിനിടെ ഹിമേഷ് രെഷമിയയുടെ 'ആപ് കാ സുറൂർ' എന്ന ആൽബത്തിലാണ് ദീപിക ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിൽ രണ്ടുനായികമാരിലൊരാളായിട്ടാണ് അവരുടെ തുടക്കം.
ആൽബം വിജയിച്ചതോടെ, കന്നഡസിനിമയിൽ അവർക്ക് അവസരം ലഭിച്ചു. എന്നാൽ, ദീപികയുടെ കരിയറിൽ ബ്രേക്കാവുന്നത് 'ഓം ശാന്തി ഓം' എന്ന സിനിമയാണ്. റിപ്പോർട്ടുകൾ പ്രകാരം ദീപികയ്ക്ക് ഇപ്പോൾ 30 കോടി രൂപ വരെയാണ് ഒരുസിനിമയിൽ അഭിനയിക്കുന്നതിന് പ്രതിഫലം ലഭിക്കുന്നത്. വമ്പൻസിനിമകളിൽ അതിഥിവേഷങ്ങളിലെത്തുന്നതിന് 10 കോടി വരെയും. സ്വന്തമായൊരു ഗ്ലോബൽ ലക്ഷ്വറി ബ്രാൻഡുമുണ്ട് ദീപികയ്ക്കിന്ന്.
'ഓം ശാന്തി ഓം' സംവിധാനം ചെയ്തത് ഫറാ ഖാനാണ്. തന്റെ പുതിയ വ്‌ളോഗിൽ ദീപികയെ ആദ്യസിനിമയ്ക്കായി എങ്ങനെയൊക്കെയാണ് പരിശീലിപ്പിച്ചതെന്ന് പറയുകയാണ് ഫറ ഇപ്പോൾ. ബോളിവുഡ് താരം ദിയാ മിർസയുടെ ഹോം വിസിറ്റായിരുന്നു പുതിയ വ്‌ളോഗിലുണ്ടായിരുന്നത്. തന്റെ ആദ്യസിനിമയിലെ പല അനുഭവങ്ങളും ദിയാ മിർസ ആ എപ്പിസോഡിൽ പങ്കുവെച്ചിരുന്നു.
അതിനിടെ അവർ ഫറയോട് താരങ്ങളെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ''നിങ്ങൾ സിനിമയിൽ പരിചയപ്പെടുത്തിയ ആളുകൾക്ക് നിങ്ങൾ നൽകിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും നല്ല കുറേ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. നിങ്ങൾ അവരെ വർക്ക്‌ഷോപ്പുകളിൽ പങ്കെടുപ്പിച്ചു, അഭിനയത്തിന്റെ ക്ലാസുകളിൽ ചേർത്തു. അഭിനയം എന്താണെന്ന് പഠിപ്പിച്ചു. അവർക്ക് നൃത്തക്ലാസുകൾ പോലും നൽകി. ഡിക്ഷൻ കോച്ചിങ്ങും കൊടുത്തു. എനിക്ക് അത്തരത്തിലുള്ള ഒന്നും ഉണ്ടായിരുന്നില്ല'', ദിയ പറഞ്ഞു.
അപ്പോഴാണ് 'ഓം ശാന്തി ഓമി'നായി ദീപികയെ എങ്ങനെയാണ് ഒരുക്കിയതെന്ന് ഫറ വെളിപ്പെടുത്തിയത്. ''ദീപിക, ഞാൻ നിന്നെ എത്രമാത്രം ശ്രദ്ധിച്ചു'', എന്നാണ് ആദ്യം ഫറ പറഞ്ഞത്. പിന്നീട് അതിനെക്കുറിച്ച് അവർ വിശദീകരിച്ചു. ''ആദ്യം ഞാനവളെ മൂന്നുനാല് മാസം അനുപം ഖേറിന്റെ ആക്ടിങ് ക്ലാസുകളിലേക്ക് അയച്ചു. അതിനുശേഷം, ഞാൻ അവളെ കഥക് ക്ലാസുകളിൽ ചേർത്തു. അതിനുശേഷം ധാരാളം ലുക്ക് ടെസ്റ്റുകൾ നടത്തി. സിനിമയുടെ ഷൂട്ടിങ് തുടങ്ങി പത്തുദിവസത്തിനുശേഷമാണ് ദീപികയുടെ ഷോട്ടുകൾ എടുത്തുതുടങ്ങുന്നത്. പക്ഷേ അതിനുമുമ്പേ ഞാനവളോട് പറഞ്ഞിരുന്നു, 'ആദ്യത്തെ പത്ത് ദിവസം, സെറ്റിലേക്ക് വന്നാൽ മതി' എന്ന്. എന്നിട്ട് സെറ്റിൽ തന്നെയിരുന്ന് ഷാരൂഖ് ഖാൻ എങ്ങനെ പ്രവർത്തിക്കുന്നു, ശ്രേയസ് തൽപാഡെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കൂ. എല്ലാ ദിവസവും അവിടെ വന്ന് ഇരിക്കൂ എന്ന്. ദീപിക അതുപോലെ എല്ലാ ദിവസവും രാവിലെ സെറ്റിലെത്തും. ഷൂട്ടിങ് കഴിയുന്നതുവരെ അവിടെയിരിക്കും'', ഫറ കൂട്ടിച്ചേർത്തു.
'ഇക്ക' എന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയിലാണിപ്പോൾ ദിയ അഭിനയിക്കുന്നത്. ദീപികയാണെങ്കിൽ 'കിങ്', 'റാക്ക' എന്നീ സിനിമകളിലാണ് അഭിനയിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone underwent 3-4 months of acting classes with Anupam Kher. Farah Khan mandated set observation for Deepika to learn from Shah Rukh Khan.