ഇന്ത്യൻ ഫുഡ് ടെലിവിഷൻരംഗത്തെ തുടക്കക്കാരൻ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂറാണെന്ന് വേണമെങ്കിൽ പറയാം. 1990-കളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ഷോയായ 'ഖാന ഖസാന' പ്രശസ്തമായിരുന്നു. മാസ്റ്റർ ഷെഫ് ഇന്ത്യയിലൂടെ അദ്ദേഹം കൂടുതൽ അറിയപ്പെട്ടു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ മാസ്റ്റർ ഷെഫ് ഇന്ത്യയുടെ ആദ്യ സീസണുകൾ താൻ നിരസിച്ചതിനെപ്പറ്റിയും പിന്നീട് ഷോയിൽ ചേർന്നതിനെപ്പറ്റിയും സഞ്ജീവ് തുറന്നുപറഞ്ഞു.

To advertise here,

2010-ലായിരുന്നു മാസ്റ്റർ ഷെഫ് ഇന്ത്യയുടെ ആദ്യ സീസൺ. ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പം ഷോയിലെ വിധികർത്താക്കളിൽ ഒരാളാകാൻ സഞ്ജീവിനെയും സമീപിച്ചു. അക്ഷയെക്കാൾ കൂടുതൽ പ്രതിഫലം വേണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ സഞ്ജീവ് ആ ഓഫർ നിരസിച്ചു. "അവർ ആദ്യം എന്നെ സമീപിച്ചപ്പോൾ എന്റെ നിബന്ധന അംഗീകരിച്ചില്ല. എനിക്ക് അക്ഷയ് കുമാറിനേക്കാൾ ഒരു രൂപ കൂടുതൽ വേണമെന്നതായിരുന്നു നിബന്ധന. ഇത് ആദ്യ സീസണായിരുന്നു, അത് ചെയ്യാൻ എനിക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ എന്നത് വ്യക്തമായിരുന്നു. പക്ഷേ അവർ അംഗീകരിച്ചില്ല. ഞാൻ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിച്ചില്ല. എന്റെ തീരുമാനത്തിൽ ഞാൻ സംതൃപ്തനായിരുന്നു."

നിർമ്മാതാക്കൾ നിരന്തരം അഭ്യർഥിച്ചിട്ടും അതിഥി വേഷം ചെയ്യാൻ പോലും സഞ്ജീവ് തയ്യാറായില്ല. "എന്നെ വിളിച്ചുകൊണ്ടിരുന്നു. സർ, ദയവായി ഒരു എപ്പിസോഡിന് വരണം എന്നൊക്കെയവർ പറഞ്ഞു. ഞാൻ ഇല്ലെന്ന് പറഞ്ഞു. മൂന്നാമത്തെ സീസൺ ആയപ്പോഴേക്കും, ഷോയ്ക്ക് മുന്നോട്ടുപോവാനായില്ല. "മൂന്നാമത്തെ സീസണായപ്പോഴേക്കും, അവർ പറഞ്ഞു, 'സർ, ഇത് ശരിയാകുന്നില്ല. ഞങ്ങൾക്ക് നിങ്ങളെ വേണം. താങ്കൾ പറയുന്നതെല്ലാം ഞങ്ങൾ ചെയ്യും'".

അങ്ങനെ 2013-ൽ, മൂന്നാമത്തെ സീസൺ മുതൽ സഞ്ജീവ് ഷോയുടെ ഭാഗമായി. സ്വന്തം നേട്ടത്തേക്കാൾ ഇന്ത്യയുടെ ഭക്ഷ്യ വിനോദ വ്യവസായത്തോടുള്ള വലിയ ആശങ്കയാണ് ഷോയിൽ ചേരാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് സഞ്ജീവ് വിശദീകരിച്ചു. "അന്ന്, ഞങ്ങൾ Food Food എന്ന പേരിൽ ഒരു ടിവി ചാനൽ നടത്തിയിരുന്നു, ഞാൻ തുടങ്ങിയതാണ്. മറ്റ് ഷെഫുമാരെയും പ്രശസ്തരാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. വ്യക്തിപരമായി എന്തു നേടുന്നു എന്നതിനേക്കാളും മുഴുവൻ അന്തരീക്ഷവും വലുതാക്കാൻ നിങ്ങൾ ശ്രമിക്കണം. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ തീരുമാനിച്ചു. അതാണ് ഞാൻ ഷോയിൽ ചേരാൻ കാരണം."

അക്ഷയ് കുമാറിനേക്കാൾ ഉയർന്ന പ്രതിഫലം ലഭിച്ചോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ചിരിയോടെ മറുപടി പറഞ്ഞു. "ഓ, തീർച്ചയായും അവർ നൽകി. അത് ചർച്ച ചെയ്യാനില്ലായിരുന്നു. എനിക്കത് നേടാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ എന്തു കാര്യം?" അക്ഷയ് കുമാർ ആദ്യ സീസണിന് ശേഷം ഷോയിൽ വിധികർത്താവായി ഉണ്ടായിരുന്നില്ല.

മുമ്പൊരു അഭിമുഖത്തിൽ അക്ഷയ് പ്രിയപ്പെട്ട കൂട്ടുകാരനാണെന്നു പറഞ്ഞ അദ്ദേഹം ഇത് തന്റെ മേഖലയായതുകൊണ്ടാണ് അധികം പൈസ ചോദിച്ചതെന്നും വിശദീകരിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi