'അവളെ ചുംബിച്ചില്ലെങ്കിൽ, ആരുടെ മകളെയും ചുംബിക്കാൻ അവകാശമില്ല', മഹേഷ് ഭട്ട് പറഞ്ഞു

'ഡാഡി' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് പൂജ ഭട്ട്. അത് സംവിധാനം ചെയ്തത് അവരുടെ അച്ഛനും സംവിധായകനുമായ മഹേഷ് ഭട്ട് തന്നെയാണ്. അതിനുശേഷം ദിൽ ഹെ കി മാൻതാ നഹീ, സഡക്, പ്രേം ദീവാനെ, ജാനം, ജുനൂൺ, പെഹലാ നഷാ, നാരാസ്, കഭി നാ കഭി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.
1991-ൽ റിലീസായ 'സഡക്' എന്ന സിനിമയും സംവിധാനം ചെയ്തത് മഹേഷ് ഭട്ട് തന്നെ. അതിൽ പൂജയുടെ നായകനായത് സഞ്ജയ് ദത്താണ്. അതിൽ നായകനും നായികയും ചുംബിക്കുന്നൊരു സീനുണ്ട്. ആ സീൻ അഭിനയിക്കാൻ സഞ്ജയ് തയ്യാറായില്ലത്രേ. അതിന്റെ പേരിൽ മഹേഷിന് ദേഷ്യമാവുകയും ചെയ്തു.
തന്റെ പോഡ്കാസ്റ്റായ 'ദ പൂജ ഭട്ട് ഷോ'യിൽ പൂജ ഇത് ഓർത്തെടുത്തു. ഇന്റിമേറ്റ് രംഗങ്ങൾ (intimate scenes) ചിത്രീകരിക്കുമ്പോൾ 'ഒരിക്കലും അത് അഭിനയമല്ല, മനോഭാവമാണ്' എന്ന് അച്ഛൻ തന്നോട് പറയാറുണ്ടായിരുന്നുവെന്നും പൂജ പറയുന്നു. സഞ്ജയ്‌ക്കൊപ്പം ചുംബനരംഗം ചിത്രീകരിക്കുമ്പോഴാണ് മഹേഷ് ഇത് പൂജയോട് പറഞ്ഞത്. ''ഞാൻ സഞ്ജയ് ദത്തിനെ ചുംബിക്കുന്നൊരു സീനുണ്ട്''. പക്ഷേ സഞ്ജയ് ഇതെല്ലാം നിരസിച്ചു. കാരണം, എന്നെയൊരു കുട്ടിയായിട്ടാണ് സഞ്ജയ് കണ്ടിരുന്നത്. ''ഞാനവളെ ചുംബിക്കാൻ പോകുന്നില്ല. എനിക്കവളെ ഒരു കുട്ടിയായിട്ടാണ് തോന്നുന്നത്''.
അതുകേട്ട മഹേഷ്, സഞ്ജയ് ദത്തിനെ 'ഹിപ്പോക്രൈറ്റ്' എന്നു വിളിച്ചുവെന്നും പൂജ ഓർക്കുന്നു. ''അച്ഛൻ പറഞ്ഞു, അവൻ തികഞ്ഞ കാപട്യക്കാരനാണ്. നിനക്ക് അവളെ ചുംബിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റൊരാളുടെയും മകളെ ചുംബിക്കാൻ അവകാശമില്ല''.
ഒട്ടേറെ സിനിമകളിൽ അഭിനയിച്ച പൂജ, പിന്നീട് സംവിധാനത്തിലേക്കും നിർമാണത്തിലേക്കും കടക്കുകയായിരുന്നു. തമന്ന, ദുശ്മൻ, ജിസ്മ് തുടങ്ങിയ സിനിമകളാണ് അവർ നിർമിച്ചത്. പാപ്, ഹോളിഡേ, ജിസ്മ് 2 തുടങ്ങിയവയാണ് അവർ സംവിധാനം ചെയ്ത സിനിമകളിൽ ചിലത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pooja Bhatt recounts a specific incident from the set of the 1991 movie Sadak. Sanjay Dutt refused to film a kissing scene with Pooja Bhatt because he viewed her as a child.