90-കളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു സഞ്ജയ് ദത്ത്-മാധുരി ദീക്ഷിത്ത് ജോഡിയുടേത്. 'സാജൻ' റിലീസായതോടെ അവർ പ്രണയത്തിലാണെന്ന വാർത്തകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു. അതിനൊപ്പം പരസ്പരം പ്രശംസിക്കാൻ ഇരുവരും മടിച്ചതുമില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരമെന്നാണ് ഒരഭിമുഖത്തിൽ സഞ്ജയെ മാധുരി വിശേഷിപ്പിച്ചത്. വലിയ മനസ്സുള്ള, തമാശകൾ പറയുന്ന വ്യക്തിയെന്നാണ് മാധുരി അന്ന് പറഞ്ഞത്. തന്നെ എപ്പോഴും ചിരിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മാധുരി പറഞ്ഞു.
സഞ്ജയുടെ ഭാര്യ റിച്ചാ ശർമ കാൻസർ ബാധിച്ച സമയമായിരുന്നു അത്. അവരാണെങ്കിൽ ചികിത്സയ്ക്കായി അമേരിക്കയിലും. മാധുരിയുമായുള്ള പ്രണയത്തിന്റെ പേരിൽ സഞ്ജയും റിച്ചയും അകന്നുവെന്നും അക്കാലത്ത് ടാബ്ലോയിഡുകൾ എഴുതിപ്പിടിപ്പിച്ചു. വിവാഹബന്ധം വേർപെടുത്തി സഞ്ജയ് മാധുരിയെ വിവാഹം കഴിക്കാൻ പോവുകയാണെന്നുവരെ വാർത്തകൾ പരന്നു. അപ്പോഴൊന്നും ഇരുവരും ആ വാർത്തകളോട് പ്രതികരിച്ചതേയില്ല. ഒരേയൊരു തവണയാണ് അതിനോട് സഞ്ജയ് പ്രതികരിച്ചത്. തങ്ങൾ പ്രണയത്തിലല്ലെന്നും ഈ വാർത്തകൾ വന്നപ്പോൾ താൻ മാധുരിയോട് ക്ഷമചോദിച്ചുവെന്നും സഞ്ജയ് വെളിപ്പെടുത്തി. എന്നാൽ, അതിനുശേഷവും അവർ പ്രണയത്തിലാണെന്ന വാർത്തകൾക്ക് ക്ഷാമമുണ്ടായില്ല.
അതിനിടെയാണ് സഞ്ജയ് അനധികൃതമായി ആയുധം കൈവച്ച കേസിൽ ജയിലിലാവുന്നത്. പല സിനിമകളുടെയും ഷൂട്ടിങ് പാതിവഴിയിൽ നിലച്ചു. അതോടെ മാധുരി സഞ്ജയിൽനിന്ന് അകന്നുവെന്നാണ് പറയപ്പെടുന്നത്.
ജയിലിൽനിന്ന് പുറത്തുവന്നശേഷം സഞ്ജയെ എങ്ങനെയൊക്കെ മാധുരി അവഗണിച്ചുവെന്ന് പറയുകയാണ് പ്രശസ്ത ഫിലിം ജേർണലിസ്റ്റ് ഹനീഫ് സവേരി. ''അന്ന് സഞ്ജയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിക്കാനായി സിനിമാപ്രവർത്തകർ ഒരുമിച്ചുചേർന്നു. എന്നാൽ, മാധുരി അതിൽനിന്ന് വിട്ടുനിന്നു. പിന്നീട് സിനിമയുടെ പ്രൊമോഷനുവേണ്ടി നിർമാതാവ് ഒരുപരിപാടി സംഘടിപ്പിച്ചു. സഞ്ജയ് ദത്ത് ജാമ്യത്തിലിറങ്ങിയ സമയമായിരുന്നുവത്. എന്തായാലും ആ പരിപാടിയിൽ പങ്കെടുക്കുമെന്ന് മാധുരി പറഞ്ഞു. വേദിയിലായിരുന്നു സഞ്ജയ് അടക്കമുള്ള സിനിമയുടെ അണിയറപ്രവർത്തകർ ഇരുന്നത്. മറ്റുള്ളവർക്ക് ഇരിക്കാനായി താഴെ കുറേ കസേരകളും. മാധുരി സെക്രട്ടറിക്കൊപ്പമാണ് വന്നത്. സ്റ്റേജിലേക്ക് പോകുന്നതിനുപകരം മാധുരി കസേരകളിലൊന്നിലിരുന്നു. സഞ്ജയും മാധുരിയും ഒരുമിച്ചുള്ള ഫോട്ടോയെടുക്കാനായി ഫോട്ടോഗ്രാഫർമാർ കാത്തിരുന്നു. പക്ഷേ അതൊന്നും സംഭവിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോൾ മാധുരി തിരിച്ചുപോവുകയും ചെയ്തു. മാധുരിക്ക് സഞ്ജയ്‌ക്കൊപ്പം ചിത്രമെടുക്കാൻ താത്പര്യമില്ലെന്ന കാര്യം ഉറപ്പായിരുന്നു''.
അവർ വിവാഹം കഴിക്കാൻ വരെ തീരുമാനിച്ചിരുന്നുവെന്നും ഹനീഫ് സവേരി പറയുന്നു. ''മകളുടെ വിവാഹം വേഗം നടക്കണമെന്ന് മാധുരിയുടെ അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ, സഞ്ജയ് അറസ്റ്റിലായതോടെ വേർപിരിയുന്നതാണ് നല്ലതെന്ന് അവർ തീരുമാനിച്ചു''. പിന്നീട് വർഷങ്ങൾക്കുശേഷമാണ് മാധുരിയും സഞ്ജയും സ്‌ക്രീനിൽ ഒരുമിച്ചത്. 'കളങ്ക്' എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നുവത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore the past relationship between Sanjay Dutt and Madhuri Dixit and how his arrest led to their separation
Published: 05 Oct 2025, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented