ഫെബ്രുവരി 26-നാണ് താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. ഒരാഴ്ചയിലേറെ നീണ്ടുനിന്ന ആഘോഷപരിപാടികൾ അവസാനിച്ചത് മാർച്ച് നാലിന് നടന്ന റിസപ്ഷനോടെയും. അതിനിടെ രശ്മികയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ പുറത്തുവന്നിരിക്കുകയാണ്.

ഓഡിയോ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ആ ഓഡിയോയിൽ നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം മുടങ്ങാനുള്ള കാരണവും അമ്മ വിവരിക്കുന്നുണ്ട്. ആ ബന്ധത്തിൽ രശ്മിക നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അമ്മ വിവരിക്കുന്നത് കേൾക്കാം. രശ്മിക അഭിനയം ഉപേക്ഷിക്കണമെന്ന് രക്ഷിത് ഷെട്ടി ആഗ്രഹിച്ചിരുന്നുവെന്ന് സുമൻ പറയുന്നു. ഒരു സിനിമയിലെ ചുംബനരംഗത്തിൽ അഭിനയിച്ചപ്പോൾ പോലും രക്ഷിത് ദേഷ്യപ്പെട്ടിരുന്നുവെന്നും അതിൽ ആരോപിക്കുന്നു.

ആ കാലയളവിൽ രണ്ട് കുടുംബങ്ങൾക്കിടയിൽ ഉണ്ടായതായി പറയപ്പെടുന്ന സംഘർഷങ്ങളെക്കുറിച്ചും സുമൻ മന്ദാന സംസാരിക്കുന്നുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ വാദപ്രതിവാദങ്ങളായി വളർന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. അത്തരമൊരു നിമിഷത്തിൽ, രക്ഷിത് തന്നെ പിന്തുണയ്ക്കാതെ, പകരം തന്നോട് തർക്കിച്ചുവെന്ന് അവർ തുറന്നുപറയുന്നു. രശ്മികയുടെ അമ്മ മാപ്പുപറയണമെന്ന് രക്ഷിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.

''ഈ പെൺകുട്ടി ശരിയായി ചിന്തിക്കുന്നില്ലെന്ന് അവർ പറഞ്ഞു. പിന്നെ അവർ വന്ന് വെറുതെയൊരു സീൻ സൃഷ്ടിച്ചു. ആ സമയത്ത്, 'ആന്റി, വിഷമിക്കേണ്ട, ഞാൻ നിങ്ങളോടൊപ്പമുണ്ട്' എന്ന് പറയുന്നതിന് പകരം, രക്ഷിത് എന്നോട് തർക്കിച്ചു. എന്റെ മകൾ എന്ത് തെറ്റാണ് ചെയ്തത്? ക്ഷമ പറയാൻ അവന്റെ അമ്മ ആവശ്യപ്പെട്ടു. ഒരു കാരണവുമില്ലാതെ ഞാൻ എന്തിന് ക്ഷമ ചോദിക്കണം? എന്റെ ജീവിതത്തിൽ ഞാൻ പലരെയും സഹായിച്ചിട്ടുണ്ട്... എന്തായാലും രക്ഷിത്തും രശ്മികയും പിരിഞ്ഞത് നന്നായി''.

വിവാഹശേഷം അഭിനയം നിർത്തുമെന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി പ്രഖ്യാപിക്കണമെന്ന് രശ്മികയോട് രക്ഷിത് ആവശ്യപ്പെട്ടുവെന്നും അവർ ആരോപിക്കുന്നു. ഓഡിയോയുടെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രശ്മികയോ അമ്മയോ അതിനെക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.

2016-ൽ 'കിറിക് പാർട്ടി' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് രശ്മികയും രക്ഷിത് ഷെട്ടിയും പരിചയപ്പെടുന്നത്. രശ്മികയുടെ ആദ്യസിനിമയായിരുന്നുവത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. 2017-ൽ വിവാഹനിശ്ചയവും നടത്തി. എന്നാൽ, വിവാഹത്തിൽനിന്ന് തങ്ങൾ പിൻമാറുകയാണെന്ന് 2018-ൽ രക്ഷിത്തും രശ്മികയും ചേർന്ന് പ്രഖ്യാപിച്ചു. അന്ന് രശ്മികയ്ക്ക് 21 വയസ്സേയുള്ളൂ, സിനിമയിലെ തുടക്കകാലവും. രക്ഷിത് ഷെട്ടിക്ക് 35 വയസ്സും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi