‘അത് എന്നോടൊപ്പം കല്ലറയിലെത്തും’ ജീവചരിത്രത്തെപ്പറ്റി ചോദിച്ചപ്പോൾ മടിക്കാതെ മറുപടി പറഞ്ഞ് സൽമാൻ

സംഭവബഹുലമാണ് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ജീവിതം. അദ്ദേഹത്തിന്റെ മികച്ച അഭിനയമുഹൂർത്തങ്ങളും വിവാദ പ്രണയങ്ങളും രോഗാവസ്ഥകളുമെല്ലാം ബോളിവുഡിൽ എന്നും ചർച്ചാവിഷയമായിട്ടുണ്ട്. കോഫി വിത്ത് കരണിലെ റാപ്പിഡ് ഫയറിൽ ആത്മകഥയെപ്പറ്റി സൽമാൻ നടത്തിയ തുറന്നുപറച്ചിൽ ശ്രദ്ദേയമാവുകയാണ്.
സൽമാന്റെ ജീവചരിത്രം എപ്പോഴെങ്കിലും സിനിമയാക്കുകയാണെങ്കിൽ, അത് സംവിധാനം ചെയ്യാൻ ആരെ തിരഞ്ഞെടുക്കുമെന്ന് റാപ്പിഡ് ഫയർ റൗണ്ടിൽ പങ്കെടുത്ത് കരിഷ്മ അദ്ദേഹത്തോട് ചോദിച്ചു. സൂരജ് ബർജാത്യ, കബീർ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഡേവിഡ് ധവാൻ എന്നിവരായിരുന്നു ഓപ്ഷനുകൾ. രസകരമായ ചോദ്യത്തിന് സൽമാന്റെ മറുപടി തികച്ചും അനുയോജ്യമായിരുന്നു.
“എന്റെ ജീവിതത്തെക്കുറിച്ച് ഒരു കോമഡി സിനിമയാണ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഡേവിഡ് ധവാൻ. ഒരു പരമ്പരാഗത ദുരന്ത പ്രണയകഥയാണ് നിർമ്മിക്കേണ്ടതെങ്കിൽ സഞ്ജയ് ലീല ബൻസാലി. മനോഹരമായ പ്രണയകഥകൾ മാത്രമായി ഒരു സിനിമ ചെയ്യണമെങ്കിൽ അത് സൂരജ് ബർജാത്യ ആയിരിക്കും.” തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ആക്ഷൻ നിറഞ്ഞ ഒരു പ്രണയകഥയാണ് വേണ്ടതെങ്കിൽ കബീർ ഖാൻ മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"പക്ഷെ, എന്റെ ജീവിതം ആസ്പദമാക്കി ഒരു ജീവചരിത്ര സിനിമ ഒരിക്കലും ഉണ്ടാകില്ല. എന്റെ ജീവിതം എന്നോടൊപ്പം കല്ലറയിലേക്ക് പോകും."-സൽമാൻ വ്യക്തമാക്കി.
അതേസമയം, 60-ാം വയസ്സിലും ശരീരം ഇത്രയും ഫിറ്റായിരിക്കുന്നത് താൻ പുലർത്തുന്ന അച്ചടക്കവും വർഷങ്ങളായി തുടർന്നുപോരുന്ന ജീവിതശൈലിയും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ മോശം കാര്യങ്ങൾ ത്യജിക്കുകയും നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധ പശ്ചാത്തലത്തിലുള്ള ‘മാതൃഭൂമി’, ആക്ഷൻ ത്രില്ലർ ചിത്രം ‘മോൺസ്റ്റർ’ എന്നിവയാണ് സൽമാന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. നിലവിൽ അദ്ദേഹം റിയാലിറ്റി ഷോ ‘ബിഗ് ബോസ് 20’ അവതരിപ്പിച്ചു വരികയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salman Khan stated that a biopic on his life will never be made and his secrets will go to the grave., He humorously assigned directors like David Dhawan, Sanjay Leela Bhansali, Sooraj Barjatya, and Kabir Khan for hypothetical biopics